കെട്ടഴിയുന്ന കാമനകൾ, മാഞ്ഞു പോകുന്ന ശരീര ദൂരം

shareeradhooram-p
SHARE
കെ.പി. രാമനുണ്ണി

ഡിസി ബുക്സ്

വില 120 രൂപ

ശരീരത്തിന്റെ സമൃദ്ധികളെ മലയാളത്തിൽ ആഘോഷിച്ച എഴുത്തുകാരിൽ മുൻനിരയിലാണ് കെ.പി.രാമനുണ്ണിയുടെ സ്ഥാനം. ചരമവാർഷികം, സൂഫി പറഞ്ഞ കഥ, ജീവിതത്തിന്റെ പുസ്തകം ഉൾപ്പെടെയുള്ള നോവലുകളിലും കഥകളിലും ശരീരാഘോഷങ്ങളുടെ സുലഭമായ വർണനകളുണ്ട്. എല്ലാ നിയന്ത്രണങ്ങളും നിസ്സാരമാക്കി കുതിച്ചുപായുന്ന ശരീര കാമനകളുടെ വസന്തോത്സവം തന്നെയായിരുന്നു വയലാർ പുരസ്കാരം നേടിയ ജീവിതത്തിന്റെ പുസ്തകം എന്ന നോവൽ. 

ശരീരത്തെ ആഘോഷിച്ച, കാമനകളെ തുറന്നുവിട്ട ഒരു എഴുത്തുകാരനു ജീവിതത്തിൽ നേരിടാവുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ്. ശരീരദൂരം എന്നത് നിയമവും തത്ത്വവും അടിസ്ഥാന മൂല്യവും നിർബന്ധവുമാക്കിയ കാലം. ഏറ്റവും പ്രിയപ്പെട്ടവരെ അവസാന നിമിഷം സ്പർശിക്കുന്നതിൽനിന്നുപോലും വിലക്കുന്ന മഹാമാരി. സ്വാഭാവികമായും മറ്റ് ഏത് എഴുത്തുകാരേക്കാളും അധികം ഇത് അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട് രാമനുണ്ണിയെ. അതുകൊണ്ടുതന്നെ കോവിഡിനെതിരെ അക്ഷരങ്ങളിലൂടെ പ്രതികരിക്കാൻ മുന്നിലെത്തിയതും അദ്ദേഹം തന്നെ. മഹാമാരി പ്രമേയമായി വരുന്ന നാലു കഥകളാണ് ഇക്കഴിഞ്ഞ വർഷം അദ്ദേഹം തുടർച്ചയായി എഴുതിയത്. അവയ്ക്കൊപ്പം മറ്റു നാലു കഥകൾ കൂടി ഉൾപ്പെടുത്തി പുതിയ സമാഹാരം പുറത്തിറങ്ങിയിരിക്കുന്നു. ശരീര ദൂരം എന്ന പേരിൽ തന്നെ. ‘ കോവിഡ് മഹാമാരി സൃഷ്ടിച്ച മനുഷ്യ ചരിത്ര വിഛേദത്തെ ഇന്ത്യയിൽ ആദ്യമായി ആവിഷ്കരിച്ച നാലു രചനകൾ’ എന്ന അപൂർവ വിശേഷണത്തോടെ. 

കോവിഡ് സൃഷ്ടിച്ച ആഘാതം മാറും മുൻപ് എഴുതിയതുകൊണ്ടാകും ഈ കഥകൾക്ക് സാഹിത്യ മൂല്യത്തേക്കാളേറെ സാമൂഹിക മൂല്യം കൈവന്നിരിക്കുന്നത്. മനുഷ്യരാശി മറ്റെല്ലാ വൈജാത്യങ്ങളും മറന്ന് നേരിടുന്ന ഒരു പ്രശ്നത്തെ വിലയിരുത്തകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതിൽ എഴുത്തുകാരൻ വിജയിക്കുന്നുണ്ടെങ്കിലും സാഹിത്യ ചരിത്രത്തിൽ മികച്ച കഥകളായി രേഖപ്പെടുത്താനുള്ള അവകാശവാദം ഉന്നയിക്കാൻ ഈ കഥകൾക്ക് ആകുന്നില്ല എന്നതു പരിമിതി തന്നെയാണ്. പരോക്ഷമെന്നതിനേക്കാൾ പ്രത്യക്ഷമായിത്തന്നെ കോവിഡിനെ നേരിടുകയാണ് ഈ കഥകൾ. പത്ര വാർത്തകൾ പോലെയോ മാഗസിൻ ലേഖനങ്ങൾ പോലെയോ ചിലപ്പോഴെങ്കിലും ഈ രചനകൾ മാറുന്നുമുണ്ട്. എങ്കിലും അവ ഉയർത്തിപ്പിടിക്കുന്ന മനുഷ്യത്വം എന്ന മൂല്യം തീർച്ചയായും അംഗീകരിക്കപ്പെടേണ്ടതുണ്ട്; അതു കേവലം ശരീര കാമനകളുടെ പേരിലാണെങ്കിലും. 

പ്രസിദ്ധനായ ഒരു ഡോക്ടർക്ക് കോവിഡ് ബാധിച്ചതിന്റെ ദയനീയ ചിത്രമാണ് ശരീരദൂരം എന്ന സമാഹരത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥ മലാഖ പറയുന്നത്. വിദേശത്തുനിന്ന് ഉന്നത ബിരുദങ്ങൾ നേടി കേരളത്തിലെത്തി പ്രഗത്ഭനായ അധ്യാപകനും ഡോക്ടറുമായി പേരെടുത്ത വിശ്വനാഥൻ കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നതോടെ സഹപ്രവർക്കുണ്ടാകുന്ന വികാര വിചാരങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അദ്ദേഹത്തെ ചികിത്സിക്കുന്നതിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിൽ ഒരാൾ പ്രിയ ശിഷ്യൻ തന്നെയാണ്. എന്നാൽ അവർക്കാർക്കും നിയന്ത്രിക്കാൻ കഴിയാതെ വിശ്വനാഥൻ കോവിഡിന് കീഴടങ്ങിക്കൊണ്ടിരിക്കുന്നു. ഏകമകൾ അമേരിക്കയിൽ വാക്സീൻ കണ്ടുപിടിക്കാനുള്ള ഗവേഷണത്തിലാണ്. ഭാര്യ അപകടത്തിൽ മരിക്കുക കൂടി ചെയ്തതോടെ ഏകനാണ് അദ്ദേഹം. നിരാശ്രയനും നിസ്സഹായനും. എന്നാൽ, രോഗത്തോടു പൊരുതുകയാണ് അദ്ദേഹം. പക്ഷേ, ഡോക്ടർമാർക്കുപോലും നിയന്ത്രിക്കാനാകാതെ വിശ്വനാഥൻ മരണത്തോട് അടുക്കുന്നതോടെ നഴ്സ് പാർവതി കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കാൻ തന്നെ തീരുമാനിക്കുന്നു. 

സാറിന്റെ അരികിലായി പാർവതി ഇരുന്നു. വിരലുകൾ പെറുക്കിയെടുത്ത് തന്റെ മടിയിൽവച്ച് തടവി. തന്നിൽനിന്ന് പ്രസരിക്കുന്ന ശരീരഗന്ധത്തെ മാസ്കിനിടയിലൂടെ കടത്തിവിടാൻ നല്ലപോലെ കുനിഞ്ഞു. അദ്ദേഹത്തിന്റെ വിടർമിഴികളെ പൂരിതമാക്കാൻ മുഖകമലത്തെ പാകത്തിൽ പിടിച്ചു. നിശ്വാസ സ്വരങ്ങളാൽ ചെവികളെ മുദ്രവച്ചു. 

പിപിഇ കിറ്റ് മാത്രമല്ല, ഉടുപുടകളും ഉരിഞ്ഞ് പൂർണ ആശീർവാദമായി മാറുകയാണ് നഴ്സ്! 

English Summary: Shareeradhooram book written by K P Ramanunni

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA
;