ADVERTISEMENT

‘ശ്യാം. കൃഷ്ണന്‍. ഇരുണ്ട ചര്‍മമുള്ളവന്‍. ചുരുണ്ട മുടിയുള്ളവന്‍. കിരീടത്തില്‍ മയിൽപീലി ധരിക്കുന്നവന്‍. മകര മത്സ്യാകൃതിയില്‍ രൂപപ്പെടുത്തിയിരിക്കുന്ന കര്‍ണാഭരണങ്ങള്‍ ധരിക്കുന്നവന്‍. കൈകളില്‍ ചന്ദനലേപം പുരട്ടുന്നവന്‍. മഞ്ഞപ്പട്ടുടയാടകള്‍ ധരിക്കുന്നവന്‍. കഴുത്തില്‍ വനപുഷ്പങ്ങള്‍ കൊണ്ടു തീര്‍ത്ത മാലയണിയുന്നവവന്‍. കാലില്‍ പാദസരങ്ങള്‍ അണിയുന്നവന്‍. ദിവസം മുഴുവന്‍ പുല്‍മേടുകളില്‍ കാലികളെ മേച്ചുനടക്കുന്നവന്‍ ആരാണോ അവന്‍. രാത്രി മുഴുവന്‍ ഓടക്കുഴലൂതുന്നവന്‍. ഗ്രാമത്തിലെ തെരുവില്‍ കാളക്കൂറ്റന്‍മാരുമായി മല്‍പിടുത്തം നടത്തുന്നവന്‍. നദീതീരങ്ങളില്‍ ഗോപികമാരുടെ ഒപ്പം നൃത്തം ചെയ്യുന്നവന്‍. സൂര്യനെ അക്ഷമനാക്കുന്നവനും നക്ഷത്രങ്ങളെ ചഞ്ചലമാക്കുന്നവനും ആരാണോ അവന്‍. ആര്‍ക്കുവേണ്ടിയാണോ തേനീച്ചകള്‍ പുഷ്പങ്ങളെ ഉപേക്ഷിക്കുന്നത്, അവന്‍. വരണ്ടുണങ്ങി വിണ്ടുകീറിയ ഭൂമിക്ക് ഇരുണ്ട മഴയെ ഗര്‍ഭം ധരിച്ച മഴമേഘങ്ങള്‍ എങ്ങനെയാണോ അതുപോലെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉള്ളവന്‍ ആരോ അവന്‍.’ വ്യാസനാണ് ഈ വിവരണം നടത്തുന്നത്. അതും തന്റെ മകനായ, നവജാതശിശുവിനോട്. അതോടെ കുട്ടി, വ്യാസന്റെ വിവരണം കൂടുതല്‍ വ്യക്തതയോടെ കേള്‍ക്കത്തക്കവിധത്തില്‍ ഭൂമിയുടെ അടുത്തേക്ക് താഴ്ന്നുവന്നു. എന്നോട് ഇനിയും കൂടുതല്‍ പറയൂ എന്ന് ആവശ്യപ്പെട്ടു. 

നവജാതശിശുവില്‍പോലും അദ്ഭുതവും ആകാംക്ഷയും കൗതുകവും താല്‍പര്യവും ജനിപ്പിക്കുന്നു ശ്യാമവര്‍ണ്ണനെക്കുറിച്ചുള്ള വിവരണം. അത് കുട്ടിയെ ഭൂമിയിലേക്ക്, ജീവിതത്തിലേക്ക് അടുപ്പിക്കുന്നു.  

ആ കുട്ടിയുടെ ജനനത്തിനും പ്രത്യേകതയുണ്ട്. ഗര്‍ഭപാത്രം പിന്നിട്ട് പുറത്തുവരാന്‍ ഏറെ സമയമെടുത്തു ആ കുട്ടി. അതോടെ, അമ്മ തന്റെ വീര്‍ത്ത വയറു നോക്കി വിലപിച്ചുകൊണ്ട് മാസങ്ങളും വര്‍ഷങ്ങളും കാത്തിരുന്നു. ഒടുവില്‍ താനാണ് അമ്മയുടെ വേദനയുടെ സ്രോതസ്സ് എന്നു മനസ്സിലാക്കി, ഉറങ്ങുന്ന അമ്മയുടെ ശരീരത്തില്‍നിന്നു കുട്ടി പുറത്തുവന്നു. നിശ്ശബ്ദമായി അവന്‍ നക്ഷത്രാങ്കിതമായ ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങി. അതോടെ, ‘എന്റെ മകനേ, നീ എവിടേക്കാണു പോകുന്നത്?’ എന്നു വിലപിച്ചുകൊണ്ട് വ്യാസന്‍ മകനെ തടഞ്ഞു. 

കഷ്ടപ്പാടുകളുടെ, വേദനകളുടെ ലോകത്തുനിന്ന് അകന്നുപോകുന്നു എന്നായിരുന്നു കുട്ടിയുടെ മറുപടി. അജ്ഞതയില്‍നിന്ന് ഉരുത്തിരിഞ്ഞ മായയാണ് ലോകമെന്ന് അവന്‍ മനസ്സിലാക്കിയിരുന്നു. വ്യാസന്റെ തന്നെ നിരന്തരമായ വേദോച്ചാരണങ്ങളില്‍നിന്നാണ് അടിസ്ഥാനപരമായ അറിവുകളിലേക്ക് കുട്ടി എത്തിയത്. ജനിക്കുന്നതിനുള്ള ഒരു ന്യായവും കാണാതെ മടങ്ങിപ്പോകാനായിരുന്നു അവന്റെ തീരുമാനം. തന്റെ മകന്‍ ജനിക്കുന്നതിനുമുമ്പു തന്നെ ഋഷിയായി മാറിയെന്നു വ്യാസന്‍ മനസ്സിലാക്കി. 

‘ഞാന്‍ നിന്നെ തടയുകയില്ല’. – അദ്ദേഹം പറഞ്ഞു. ‘പക്ഷേ, നീ വീണ്ടും ജന്‍മം എടുക്കാതിരുന്നാല്‍, ജീവിച്ചു മരണം നേരിടാതിരുന്നാല്‍ ഒരിക്കലും സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുകയില്ല. ഒരിക്കലും ‘അവനെ’ അറിയാനും കഴിയില്ല.’ 

അതോടെ അവന്‍ ആരാണെന്നായി കുട്ടി. അതിനു മറുപടിയായിട്ടാണ് ശ്യാമവര്‍ണ്ണനെക്കുറിച്ച് വ്യാസന്‍ വിവരിച്ചത്. വിവരണം കൂടുതല്‍ കേട്ടതോടെ വീണ്ടും വീണ്ടും കുട്ടിയുടെ ആകാംക്ഷ വര്‍ധിച്ചു. അതോടെ ആ കഥ വിശദമായി, വ്യക്തമായി താന്‍ പറയാമെന്നു വ്യാസന്‍ സമ്മതിച്ചു. 

16 അധ്യായങ്ങളായിട്ടായിരിക്കും ഈ കഥ പറയുന്നത്. ഭാഗവതം എന്നാണു പേര്. വിശക്കുന്നവനെ തീറ്റിപ്പോറ്റുന്ന, ഭയക്കുന്നവരെ സമാധാനിപ്പിക്കുന്ന,  അജ്ഞാനിയെ അറിവിലേക്കു നയിക്കുന്ന, പിതാവും മാതാവുമായ, മാതാവും പിതാവുമായ ഭഗവാന്റെ കഥ. ഭഗവാന്‍ സന്യാസിമാര്‍ക്ക് വിഷ്ണുവാണ്. ഗോപാലകര്‍ക്ക് ഗോവിന്ദനാണ്. രാജാക്കന്‍മാര്‍ക്ക് കൃഷ്ണനാണ്. പ്രണയത്തിനുവേണ്ടി കൊതിക്കുന്നവരുടെ ശ്യാം. 

ശ്യാം, ശ്യാം എന്ന് ആവര്‍ത്തിച്ചതോടെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ത്വര കുട്ടിയില്‍ ജനിച്ചു. അങ്ങനെ അവന്‍ കൃഷ്ണകഥ കേള്‍ക്കാന്‍, കൃഷ്ണനെ അറിയാന്‍ , ജീവിതത്തിലേക്കു തിരിച്ചുവരുന്നു. ആ കഥ, പൂര്‍ണ സൗന്ദര്യത്തോടും ഭക്തിയോടും പ്രണയത്തോടും കൂടി പറയുകയാണ് ദേവ്ദത് പട്നായ്ക്, ശ്യാമവര്‍ണ്ണന്‍ എന്ന പുസ്തകത്തില്‍. കൃഷ്ണനെക്കുറിച്ചുള്ള കഥകളും ഉപകഥകളും വിശ്വാസങ്ങളും ഇതിഹാസവും. വിവര്‍ത്തനം ശ്രീലത എസ്. 

English Summary : Book Review - Devdutt Pattanaik's Shyam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com