ADVERTISEMENT

കടല്‍ അതു മറ്റൊരു സംഭവമാണ് 

പറയുന്നതെന്തെന്നു മനസ്സിലാക്കാന്‍ 

ഒരു ജന്‍മം മതിയാവില്ല 

ഇത്ര കാലമായിട്ടും വാനത്തിനുപോലും 

മനസ്സിലായിട്ടില്ല 

തീരത്തെ പുണര്‍ന്നു ചുംബിക്കുകയാണോ 

പിണങ്ങി മടങ്ങി പിണക്കം മറന്ന് 

തിരികെ വരികയാണോ ? 

തീരം കൂടെ പോരാഞ്ഞിട്ടാണോ 

പാറയില്‍ തലയിടിച്ചു ചിതറുന്നത് 

അതോ പാറ അലിയാഞ്ഞിട്ടോ ? 

 

ഉത്തരമില്ലാത്ത ഈ ചോദ്യങ്ങളാണു കടലിനെ ഒരു സംഭവമാക്കുന്നത്. ഓരോ സ്ത്രീയേയും സവിശേഷ വ്യക്തിത്വങ്ങളാക്കുന്നത്.  പിടി തരാത്ത ഏതു പെണ്ണിനെയും കടല്‍ എന്നു വിളിക്കാം എന്ന സാഹചര്യം സൃഷ്ടിക്കുന്നതും. കടല്‍ മാത്രമല്ല, ഓരോ ജലാശയവും ഒരു പാഠമാണ്. ഇന്റേണല്‍ ഇല്ലാത്ത, ക്രെഡിറ്റ് ഇല്ലാത്ത, ഇന്നത്തെ കുട്ടികള്‍ പഠിക്കാത്ത പാഠം. കടലിനെ മാത്രമല്ല, ഓരോ ജലാശയങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നവയാണ് ബിന്ദു കൃഷ്ണന്റെ കവിതകള്‍. ആ ജലാശയങ്ങളെ സ്ത്രീകളായി തെറ്റായോ ശരിയായോ ധരിക്കുകയുമാവാം. തിരക്കുകളൊക്കെ മാറ്റിവച്ച്, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത്, 

ജലാശയങ്ങള്‍ക്കരികില്‍ കുറേ നേരം പോയിരിക്കുമ്പോള്‍ കേള്‍ക്കുന്ന ജലമര്‍മ്മരങ്ങളാണ് മൈലാഞ്ചിയമ്മ എന്ന കവിതാ സമാഹാരത്തെ ശ്രദ്ധേയമാക്കുന്നത്. സ്ത്രീ എന്ന നിലയില്‍ ആന്തരികമായി ഉള്‍ക്കൊള്ളുന്ന വെളിപാടുകളുടെ പുസ്തകമാക്കുന്നത്. 

 

ജീവിതത്തോടു ധീരമായി പൊരുതുകയും അനുഭവങ്ങളെ വെല്ലുവിളിക്കുകയും തന്റേതായ പ്രതികാരത്തില്‍ ചാരിതാര്‍ഥ്യം നേടുകയും ചെയ്യാറുണ്ട് പൊതുവെ പുതിയ കാലത്തിലെ സ്തീ കവിതകള്‍. വിജയമോ തോല്‍വിയോ എന്നു തീരുമാനിക്കാതെ ആത്മവിശ്വാസത്തോടെ നടത്തുന്ന യുദ്ധങ്ങളാണ് അവരുടെ നിലനില്‍പിന്റെ അര്‍ഥം തന്നെ നിശ്ചയിക്കുന്നത്. എന്നാല്‍ ജീവിതം ഒരു ടോം-ജെറി പോരാട്ടമാണെന്നു തിരിച്ചറിയുന്നുണ്ട് ബിന്ദു കൃഷ്ണന്‍. ടോം ഇല്ലെങ്കില്‍ ജെറിയില്ല; മറിച്ചും. 

 

നീയില്ലെങ്കില്‍ എന്താകുമായിരുന്നു എന്റെ ജീവിതം എന്ന ചോദ്യം ചോദിക്കുന്നത് ആരുമാകാം. ആരാണു ചോദിക്കുന്നതെന്നതിനേക്കാള്‍ ചോദ്യമാണു പ്രസക്തി. 

 

പുറത്തൊരാള്‍ കാത്തിരിക്കുന്നുണ്ട് എന്നതാണ് മറ്റേയാള്‍ക്ക് ആവേശം നല്‍കുന്നത്. കരുതല്‍ സൃഷ്ടിക്കുന്നതും. എപ്പോള്‍ വേണമെങ്കിലും വന്നുവീഴാവുന്ന കൈകളെക്കുറിച്ചുള്ള ഓര്‍മയാണ് ഊര്‍ജദായിനി. ഒടുവില്‍ പരസ്പരമുള്ള അതിദ്രുത കേളികള്‍. എന്നാല്‍ എപ്പോഴെങ്കിലും ശത്രു ചതഞ്ഞരഞ്ഞു കിടക്കുമ്പോള്‍ പ്രാര്‍ഥിക്കാറുമുണ്ട്: ദൈവമേ ഒന്നും വരുത്തല്ലേ.. 

കൂടിയ ക്രോധത്തോടെ ശത്രു വീണ്ടും വരുമ്പോള്‍ അവരുടെ ബന്ധം ത്രിമാനങ്ങള്‍ക്കപ്പുറത്താകുന്നു. നിന്നിലൂടെ ഞാന്‍ എന്നിലൂടെ നീ ജീവിതത്തിലൂടെയിങ്ങനെ ഓടിത്തിമിര്‍ക്കുന്നു തീരാത്ത തീരാത്ത കളികള്‍. 

 

സ്ത്രീകളുടെ ചമയങ്ങള്‍ ലളിതമല്ലെന്നും രൂപകങ്ങളാണെന്നും ഓര്‍മിപ്പിക്കുന്ന ഈ കവിതകള്‍ ഒട്ടുപൊട്ട് പോലുള്ള കവിതകളില്‍ 

എത്തുമ്പോള്‍ രൂപത്തിനും ഭാവത്തിനും അപ്പുറം നിലനില്‍പിന്റെ അടിസ്ഥാന സമസ്യകളെത്തന്നെ വിശകലനം ചെയ്യുന്നു. ഒരു 

ആഘാതമായല്ല, ചെറിയ നോവു മാത്രം സമ്മാനിക്കുന്ന ലഘു മുറിവിലൂടെയെന്നവണ്ണമാണ് ഈ കവിതകള്‍ വായനക്കാരിലേക്കു സംക്രമിക്കുന്നത്. അവരുടെ ഹൃദയത്തിന്റെ ഭാഗമാകുന്നത്. അവകാശവാദങ്ങളുടെ വായ്ത്താരികളില്ലാതെ നടക്കുന്ന ഹൃദയൈക്യം. 

 

ഭൂമിയില്‍ കറുത്ത പൂക്കളില്ല എന്നത് 

തെറ്റിധാരണയാണ്. 

തീര്‍ത്തും ഒറ്റപ്പെടുമ്പോള്‍, 

അപ്പോള്‍ മാത്രം , 

ചിലര്‍ക്കു കറുത്ത പൂക്കളെ 

കാണാനാകും. 

 

English Summary: Mailanchiyamma book by Bindu Krishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com