ഓര്‍മകളുണ്ടായിരിക്കണം; ഓര്‍മിപ്പിച്ച് അമേഠി അട്ടിമറി, സ്മൃതി ഇറാനിയുടെ വിജയഗാഥയും

dynasty-to-democracy
SHARE
അനന്ത് വിജയ്

വെസ്റ്റ് ലാന്‍ഡ് പബ്ലിക്കേഷന്‍സ്

വില 399 രൂപ

2017 ഒക്ടോബര്‍ 10. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് എന്നിവരെ സാക്ഷി നിര്‍ത്തി പാര്‍ട്ടി യോഗത്തില്‍ സ്മൃതി ഇറാനി പ്രസംഗിക്കുന്നു: 

സ്ഥാനാര്‍ഥി ആരു തന്നെയായാലും 2019 ലെ തിര‍‍ഞ്ഞെടുപ്പില്‍ അമേഠിയില്‍ താമര വിരിഞ്ഞിരിക്കും. 2014 ലെ തിര‍ഞ്ഞെടുപ്പില്‍ 23 ദിവസം മാത്രമാണ് സ്മൃതിക്ക് അമേഠിയില്‍ പ്രചാരണത്തിനു സമയം കിട്ടിയത്. എന്നിട്ടും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു പ്രഖ്യാപനം. 

മുന്‍ തിര‍ഞ്ഞെടുപ്പിലേക്കാള്‍ രാഹുലിന്റെ ഭൂരിപക്ഷം 80 ശതമാനത്തോളം കുറയ്ക്കാനും സ്മൃതിക്കു കഴിഞ്ഞിരുന്നു. 2009 ല്‍ അമേഠിയില്‍ ബിജെപിക്ക് ലഭിച്ചത് 37,570 വോട്ട്. 2014 ആയപ്പോഴേക്കും അത് 3,00,748 വോട്ടായി മാറിയിരുന്നു. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പിലും സ്മൃതി തന്നെയായിരിക്കും മണ്ഡലത്തിലെ സ്ഥാനാര്‍ഥി എന്ന ഉറപ്പു പോലുമില്ലാതിരുന്നിട്ടും തിരഞ്ഞെടുപ്പിന് രണ്ടു വര്‍ഷം മുന്‍പു തന്നെ അമേഠിയില്‍ വിജയം ബിജെപിക്കായിരിക്കും എന്നു പ്രഖ്യാപിക്കാന്‍ സ്മൃതിയെ പ്രേരിപ്പിച്ച ഒട്ടേറെ കാരണങ്ങളുണ്ട്. രാഷ്ട്രീയമായും സാമൂഹികമായും ആഴത്തില്‍ വിശകലനം ചെയ്യേണ്ട വസ്തുതകള്‍. 

രാഷ്ട്രീയക്കാരും പൊതുപ്രവര്‍ത്തകരും രാഷ്ട്രതന്ത്ര വിദ്യാര്‍ഥികളും പഠിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ട അമേഠി അട്ടിമറി എന്ന രാഷ്ട്രീയ പാഠത്തിന്റെ വിശകലനമാണ് പത്രപ്രവര്‍ത്തകന്‍ അനന്ത് വിജയിന്റെ പുതിയ പുസ്തകം. ഡൈനാസ്റ്റി ടു ഡമോക്രസി. ഇന്ത്യയില്‍ തന്നെ ഇതാദ്യമായിരിക്കും ഒരു പാര്‍ലമെന്റ് മണ്ഡലത്തിലെ അട്ടിമറിയെക്കുറിച്ചു മാത്രമായി ഒരു പുസ്തകം എഴുതപ്പെടുന്നത്. 

2014 ല്‍ മത്സരിക്കുമ്പോള്‍ സ്മൃതി അമേഠിയിലെ ജനങ്ങളോട് പറഞ്ഞിരുന്നു: ജയിച്ചാലും തോറ്റാലും താന്‍ ഇനി മണ്ഡലത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. കേവലം ഒരു രാഷ്ട്രീയപ്രവര്‍ത്തകയുടെ പ്രസ്താവന ആയിരുന്നില്ല അത്. രാഹുലിനോടു തോറ്റിട്ടും തിരഞ്ഞെടുപ്പ് കഴിഞ്ഞ് 15-ാം ദിവസം അവര്‍ അമേഠിയില്‍ തിരിച്ചെത്തി. അടുത്ത 5 വര്‍ഷം മണ്ഡലത്തില്‍ സജീവമായി ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ ജീവിതത്തിന്റെ ഭാഗമായി. എന്നാല്‍ സ്മൃതി ജനങ്ങള്‍ക്കൊപ്പം നിന്നതുകൊണ്ടുമാത്രമല്ല അമേഠിയില്‍ താമര വിരിഞ്ഞതെന്ന് അനന്ത് 

വിജയ് ചൂണ്ടിക്കാട്ടുന്നു. നെഹ്റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ അതിനു മുന്‍പ് ഒരു എതിര്‍ സ്ഥാനാര്‍ഥി പോലും ഗൗരവമായി പ്രചാരണം പോലും നടത്തിയിട്ടില്ല. നെഹ്റു കുടുംബത്തിനുവേണ്ടി പ്രചാരണം നയിക്കുന്ന ചില മധ്യവര്‍ത്തികളുടെ ഭരണം മാത്രമാണു നടന്നത്. അവര്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വോട്ടര്‍മാരെ പണവും സാരിയും കൊടുത്ത് സ്വാധീനിക്കും. എളുപ്പത്തില്‍ വിജയം സ്വന്തമാക്കും. ഇതില്‍ നിന്നു വ്യത്യസ്തമായി അമേഠിക്കുവേണ്ടി എന്തെങ്കിലും ചെയ്തത് രാജീവ് ഗാന്ധി മാത്രയിരുന്നത്രേ. എന്നാല്‍ അദ്ദേഹത്തിനു ശേഷം സോണിയ ഗാന്ധിയോ രാഹുലോ തിരഞ്ഞെടുക്കപ്പെടാന്‍ വേണ്ടി മാത്രമായിരുന്നു മണ്ഡലത്തില്‍ എത്തുന്നത്.

2014 നു ശേഷം ഇടയ്ക്കൊക്കെ രാഹുല്‍ അമേഠിയില്‍ എത്തിയിട്ടുണ്ട്. കാര്യമായ വികസനം ഇന്നും എത്തിനോക്കാത്ത, ജനങ്ങള്‍ നിത്യദാരിദ്ര്യത്തിലും അന്ധവിശ്വാസത്തിലും കഴിയുന്ന പ്രദേശത്തെ ഒരു ആശുപത്രി കോംപൗണ്ടില്‍ ക്യാംപ് ചെയ്ത് ഏതാനും പേരെ മാത്രം കണ്ട് തിരിച്ചുപോകും. എന്നാല്‍ സമൃതി ഇറാനി എന്ന തീപ്പൊരി നേതാവ് എത്തിയതോടെ കഥ മാറി. അവരും പാര്‍ട്ടിക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച നേതാക്കളും ഓരോ വീട്ടിലും കയറി. ജനങ്ങളുമായി നേരിട്ടു സംസാരിച്ചു. അതുപോലും ജനങ്ങള്‍ക്ക് പുതിയ അനുഭവമായിരുന്നു.  അതിനുമുന്‍പ് പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളാരും അവരെ നേരില്‍കാണാന്‍ മെനക്കെട്ടിട്ടില്ല. അവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയിട്ടില്ല. അവരുടെ കയ്യില്‍ നിന്ന് ഒരു ഗ്ലാസ്സ് വെള്ളം പോലും വാങ്ങിക്കുടിച്ചിട്ടില്ല. 

അമേഠിയിലെ അട്ടിമറിക്കുശേഷം രാഹുലിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന ചോദ്യം പിന്നീട് പല തവണ സ്മൃതിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. കണ്ടെങ്കിലും സംസാരിച്ചിട്ടില്ലെന്നായിരുന്നു മറുപടി. എന്നാല്‍ രാഹുലിനോട് എന്ത് പറയാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തില്‍ നിന്ന് അവര്‍ പലപ്പോഴും ഒഴിഞ്ഞുമാറി. എന്നാല്‍ ഒരു അഭിമുഖത്തില്‍ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു മറുപടിയായി സ്മൃതി പറ‍ഞ്ഞു: ആത്മാര്‍ഥമായിട്ടല്ലെങ്കില്‍ ഒരു ജോലിയും ചെയ്യരുത്.

അമേഠി അട്ടിമറിയാണു വിഷയമെങ്കിലും അനന്ത് വിജയിന്റെ പുസ്തകം ബിജെപി എന്ന കേഡര്‍ പാര്‍ട്ടി ഇന്ത്യ എങ്ങനെ കീഴടക്കി എന്ന രാഷ്ട്രീയ കഥ കൂടിയാണ്. ഒട്ടേറെ വളവുകളും തിരിവുകളും നാടകീയതകളുമുള്ള രാഷ്ട്രീയ ചരിത്രം. ഒരു നോവല്‍ പോലെ വായിച്ചുപോകാം; ഒപ്പം രാഷ്ട്ര തന്ത്രത്തെക്കുറിച്ചുള്ള വിലപ്പെട്ട പാഠങ്ങളും പഠിക്കാം. 

ദൈനിക് ജാഗരണില്‍ അസോഷ്യേറ്റ് എഡിറ്ററായ അനന്ത് ഹിന്ദിയിലെഴുതിയ പുസ്തകം ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്തിരിക്കന്നത് ദേത്ദത്ത ഭട്ടാചാര്‍ജി.

English Summary: Dynasty to Democracy: The Untold Story of Smriti Irani's Triumph Paperback book by Anant Vijay

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA
;