പ്രണയത്തിന്റെ പർവതശിഖരത്തിൽ മരണത്തിന്റെ മഞ്ഞ് വീണപ്പോൾ

ernest-hemingway-320
SHARE
ഏണസ്റ്റ് ഹെമിംഗ്‍വേ

മാതൃഭൂമി ബുക്സ്

വില 160 രൂപ

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വത ശിഖരമാണ് കിളിമന്‍ജാരോ. 19,710 അടി ഉയരമുള്ള, സദാ മഞ്ഞു മൂടിയ ഈ കൊടുമുടിയുടെ പടിഞ്ഞാറുഭാഗം ‘ദൈവത്തിന്റെ ഇരിപ്പിടം’ എന്നറിയപ്പെടുന്നു. ഏകദേശം അതിനടുത്തുതന്നെ ഒരു പുള്ളിപ്പുലിയുടെ തണുത്തുറഞ്ഞ അസ്ഥികൂടം കിടപ്പുണ്ട്. ആ പുള്ളിപ്പുലി അത്രയും ഉയരത്തില്‍ എന്തു തിരയുകയായിരുന്നുവെന്ന് ഇതുവരെ ആരും വിശദീകരിച്ചിട്ടില്ല. (കിളിമന്‍ജാരോയിലെ മഞ്ഞ്) 

ഉയരങ്ങളെ കാമിച്ച പുള്ളിപ്പോലെയായിരുന്നു ഹെമിംഗ്‍വേയുടെ ജീവിതവും. മഹാനായ ആ എഴുത്തുകാരനും ഉയരങ്ങളും ആഴങ്ങളും തേടി. അപകടങ്ങളെ അഭിമുഖീകരിച്ചു. സാഹസിക യാത്രകളെ പതിവാക്കി. ഒന്നിലധികം അപകടങ്ങള്‍ ജീവന്‍ ഭീഷണിയിലാക്കിയിട്ടും കൂസാതെ എഴുത്തും ജീവിതവും തുടര്‍ന്നു. സാഹിത്യത്തിലെ എക്കാലത്തെയും ഏറ്റവും വലിയ സാഹസികനായ ഹെമിംഗ്‍വേയുടെ അസാധാരണവും അപൂര്‍വവുമായ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്റെ എഴുത്തിന്റെ മൂലധനവും. ആഫ്രിക്കയിലെ ഏറ്റവും കൂടിയ പര്‍വത ശിഖരം അദ്ദേഹം തിരഞ്ഞെടുത്തു ജീവിതത്തിലെ ഏറ്റവും മികച്ച കഥ എഴുതാന്‍. ഒരു കഥയ്ക്കുവേണ്ടി എന്തിന് അദ്ദേഹം അവിടെ പോയി എന്ന് ഇന്നുവരെ ആരും വിശദീകരിച്ചിട്ടില്ല. അതോ അനുഭവങ്ങള്‍ തേടിയായിരുന്നുവോ അദ്ദേഹത്തിന്റെ യാത്ര. ഒരര്‍ഥത്തില്‍ അനുഭവവും എഴുത്തും തമ്മില്‍ അദ്ദേഹത്തില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. 

ജീവിതകാമനയുടെ കഥയാണ് കിളിമന്‍ജാരോയിലെ മഞ്ഞ്; മരണത്തിന്റെ തണുപ്പ് ഇത്രയും ആഴത്തില്‍ അനുഭവിപ്പിക്കുന്ന കഥകള്‍ ലോക സാഹിത്യത്തില്‍ തന്നെ വേറെയുണ്ടോ എന്നും സംശയം. വ്രണം ചലനശേഷിയും ജീവനും ഇല്ലാതാക്കിയ കാലുകളുമായി മരണത്തെ മുഖാമുഖം കാണുകയാണ് കഥയിലെ ഹാരി. കഴുകന്‍മാര്‍ അയാള്‍ക്കു ചുറ്റും വട്ടമിട്ടു പറക്കുന്നു. കഴുതപ്പുലി അയാളുടെ ടെന്റിനും ചുറ്റും ഇരുട്ടിന്റെ നിഴലായി കാത്തിരിക്കുന്നുണ്ട്. തന്റെ മരണനിമിഷത്തിനുവേണ്ടി മൃഗങ്ങള്‍ കാത്തിരിക്കുന്നതെന്ന് അയാള്‍ക്കറിയാം. 

പാരിസിന്റെ സുഖ സൗകര്യങ്ങള്‍ ഉപേക്ഷിച്ചാണു സമ്പന്നയായ കാമുകിക്കൊപ്പം അയാള്‍ കിളിമന്‍ജാരോയിലേക്കു വന്നത്. എന്നാല്‍ പ്രതീക്ഷയ്ക്കു വിപരിതമായി അയാളുടെ കാലുകള്‍ ചലനമറ്റു. വേദനയില്ലാതെ തുടങ്ങിയ അസുഖം ശരീരത്തിലേക്കു വ്യാപിച്ചുകൊണ്ടിരിക്കുന്നു. ദുര്‍ഗന്ധവും രൂക്ഷം. എന്നാല്‍ തങ്ങളെ രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ എത്തുമെന്നാണു കാമുകിയുടെ പ്രതീക്ഷ. സമതലത്തില്‍ തീ കൂട്ടി സഹായികളെക്കൊണ്ട് അവര്‍ വൈമാനികരുടെ ശ്രദ്ധ ക്ഷണിക്കുന്നു. എന്നാല്‍ എല്ലാം നിര്‍ഥകമെന്ന് ഹാരിക്ക് അറിയാം. 

ഏകാന്തതയില്‍, ഉയരത്തില്‍, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പര്‍വത ശിഖരത്തില്‍ വച്ച് യാത്ര പറയാന്‍ അയാള്‍ തയാറായിക്കഴിഞ്ഞു. അവളെ കൂടെ കൂട്ടിയതിന് ഒരു വേള അയാള്‍ ക്ഷമ പറയുന്നുമുണ്ട്. 

ഹാരി നിരാശയുടെ പ്രതീകമെങ്കില്‍ ശുഭപ്രതീക്ഷയാണു കാമുകിയെ നയിക്കുന്നത്. മരണമാണ് അയാളെ പ്രചോദിപ്പിക്കുന്നതെങ്കില്‍ ജീവിതവും വൈകി കണ്ടെടുത്ത പ്രണയവും അവളെ ഉന്‍മത്തയാക്കുന്നു. ജീവിതവും മരണവും തമ്മിലുള്ള സംഘര്‍ഷമാണ് കിളിമന്‍ജാരോയിലെ മഞ്ഞിനെ ഉദാത്തമായ കഥയാക്കുന്നത്. 

ഹെമിംഗ്‍വേയുടെ കഥകള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിരിക്കുന്നത് കഥാകൃത്തായ ബാബു ജോസ്. ഹെമിംഗ്‍വേയെ നേരിട്ടു കണ്ട അനുഭവം വിവരിക്കുന്ന ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ലേഖനം, നൊബേല്‍ സമ്മാനത്തിനു നന്ദി പറഞ്ഞുകൊണ്ട് നടത്തിയ പ്രസംഗം, റോബര്‍ട്ട് എമ്മെറ്റ് ഗിന ഹെമിംഗ്‍വേയുമായി നടത്തിയ അവസാന അഭിമുഖം എന്നിവയും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. 

English Summary: Ernest Hemingway, Thiranjedutha Kathakal, The short stories of Ernest Hemingway

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA
;