പുരുഷന്‍മാര്‍ ഏതു പ്രായത്തിലും മിസ്റ്റര്‍; മിസ് ആകേണ്ട സ്ത്രീകൾ മിസ്സിസ് ആകുന്നതെന്തുകൊണ്ട്

oru- feminist-manifesto-p
SHARE
ചിമമാന്‍ഡ എന്‍ഗോസി അദീച്ചി

ഡിസി ബുക്സ്

വില 120 രൂപ

ഒരു പുരുഷന്‍ വിവാഹിതനാണെങ്കിലും അല്ലെങ്കിലും അയാള്‍ മിസ്റ്റര്‍ ആയാണ് അറിയപ്പെടുന്നത്. സ്വാഭാവികമായും വിവാഹിതയാണെങ്കിലും അല്ലെങ്കിലും സ്ത്രീ അറിയപ്പെടേണ്ടത് മിസ് എന്നല്ലേ ? വിവാഹത്തെ അടിസ്ഥാനമാക്കി പുരുഷന്‍മാരില്‍ നിന്ന് പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ സ്ത്രീകളില്‍ നിന്നും പ്രതീക്ഷിക്കരുത് എന്നതാണു നീതിനിഷ്ഠമായ 

സമൂഹം ചെയ്യേണ്ടത്. വളര്‍ന്നുവരുന്ന ഓരോ പെണ്‍കുട്ടിയും അറിഞ്ഞിരിക്കേണ്ട പാഠമാണിത്. വളര്‍ച്ചയുടെ ഘട്ടത്തില്‍ കുട്ടികള്‍ തീര്‍ച്ചയായും അറിയേണ്ട പാഠം. 

ഇതുള്‍പ്പെടെ 15 നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയാണ് അറിയപ്പെടുന്ന നൈജീരിയന്‍ എഴുത്തുകാരിയായ ചിമമാന്‍ഡ എന്‍ഗോസി അദീച്ചി. പഴയൊരു കളിക്കൂട്ടുകാരി അദീച്ചിക്ക് അയച്ച കത്തില്‍ നിന്നാണ് ഈ നിര്‍ദേശങ്ങള്‍ രൂപപ്പെട്ടത്. മകള്‍ ജനിച്ച അവസരത്തില്‍, അവളെ എങ്ങനെയൊരു ഫെമിനിസ്റ്റായി വളര്‍ത്താം എന്നായിരുന്നു ചോദ്യം. അറിയില്ല എന്നൊരു മറുപടി മനസ്സില്‍ വന്നെങ്കിലും അതൊരു നിയോഗമായി അദീച്ചി സ്വീകരിച്ചു. ഫെമിനിസത്തെക്കുറിച്ച് ഒട്ടേറെ 

പ്രസംഗങ്ങള്‍ നടത്തിയ വ്യക്തി എന്ന നിലയില്‍ കടമയായി അവര്‍ സ്വീകരിച്ചു. അനുഭവങ്ങള്‍ നല്‍കിയ പാഠങ്ങളില്‍ നിന്നും നിരീക്ഷണങ്ങളില്‍ നിന്നും ഊറിക്കൂടിയ നിര്‍ദേശങ്ങള്‍ കത്തിന്റെ രൂപത്തിലാക്കി സുഹൃത്തിന് അയയ്ക്കുകയാണവര്‍. സത്യസന്ധവും പ്രാവര്‍ത്തികവുമായ സൂചനകളിലൂടെ ഫെമിനിസ്റ്റ് ചിന്തകളുടെ  രൂപരേഖ. നീതിതുല്യമായ സമൂഹം സ്ത്രീക്കും പുരുഷനും സമ്മാനിക്കാന്‍ പരസ്യമാക്കുന്ന നീതിബോധത്തിന്റെ വെളിപാട്. 

ഞാന്‍ ശ്രമിക്കാം, കൂട്ടുകാരി പറഞ്ഞു. ഞാനും ശ്രമിക്കാം, നിങ്ങളും ശ്രമിക്കണം: ആദീച്ചി പറയുന്നു. 

ഫെമിനിസത്തിന്റെ രൂപരേഖയെന്നതിനേക്കാള്‍ നീതിയിലധിഷ്ഠിമായ സമൂഹത്തിന്റെ അടിസ്ഥാനം എന്നു പറയാവുന്ന അദീച്ചിയുടെ വാക്കുകള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തത് ദിവ്യ എസ്. അയ്യര്‍. എംബിബിഎസ് ബിരുദം നേടിയ ശേഷം ഉയര്‍ന്ന റാങ്കോടെ ഐഎഎസില്‍ പ്രവേശിച്ച്, സര്‍ക്കാരില്‍ ഉന്നത പദവികള്‍ വഹിക്കുന്ന പ്രതിഭാശാലി. 

മാതൃത്വത്തില്‍ നീ അലിഞ്ഞുചേരുമ്പോഴും വെമ്പല്‍ കൊള്ളുമ്പോഴും നീ നീയല്ലാതെയാകരുത് എന്ന നിര്‍ദേശം ഇതിലൂടെ നീ സ്വീകരിക്കണം. നീ നിന്റെ കുഞ്ഞിനും കുടുംബത്തിനും നല്‍കുന്ന കരുതലും കരുത്തും നീയും അര്‍ഹിക്കുന്നു. നിന്റെ സ്വരം പാരില്‍ എന്നും മുഴങ്ങിക്കേള്‍ക്കാന്‍, എത്രയും പ്രിയപ്പെട്ടവള്‍ക്ക് ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ- ആമുഖത്തില്‍ ദിവ്യ എഴുതുന്ന വാക്കുകള്‍ക്ക് അദീച്ചിയുടെ ചിന്തകളോളം കരുത്തുണ്ട്. ഒരു ഫെമിനിസ്റ്റ് എന്നതിനേക്കാള്‍ ഉപരി തന്റേതായ ഇടം കണ്ടെത്തിയതിനാല്‍ തന്റേടി എന്നു വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന, ആര്‍ജവവും ആത്മാര്‍ഥതയും നിറഞ്ഞ വാക്കുകള്‍. 

അദീച്ചിയുടെ വാക്കുകള്‍ സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്‍മാര്‍ക്കും ബാധകമാണ്. തെറ്റിധാരണകള്‍ ഒഴിവാക്കാന്‍. മനോഘടനയിലെ പിഴവുകള്‍ തിരിച്ചറിയാന്‍. തന്നെത്തന്നെയും മറ്റുള്ളവരെയും എങ്ങനെ നോക്കിക്കാണണമെന്ന വെളിച്ചമുണ്ടാകാന്‍. 

അവള്‍ക്ക് മേക്കപ്പ് ഇഷ്ടമാണെങ്കില്‍ അത് ചെയ്തോട്ടെ. ഫാഷന്‍ ഇഷ്ടമാണെങ്കില്‍ നല്ലതുപോലെ ഒരുങ്ങിക്കോട്ടെ. ഇതുരണ്ടും ഇഷ്ടമല്ലെങ്കില്‍ അങ്ങനെയായിക്കോട്ടെ- അദീച്ചി പറയുന്നു. ഫെമിനിസ്റ്റായി വളര്‍ത്തണം എന്നതിനാള്‍ സ്ത്രൈണതയെ നിഷേധിക്കരുത്. ഫെമിനിസവും സ്ത്രീത്വവും പരസ്പര വിരുദ്ധമല്ല. അങ്ങനെ പറയുന്നതാണ് യഥാര്‍ഥ സ്ത്രീവിരുദ്ധത. ഫാഷന്‍, മേക്കപ് എന്നിവയെ കുറ്റബോധത്തോടെ കാണുന്ന സ്ത്രീകളുണ്ട്. എന്നാല്‍ സ്പോര്‍ട് കാറുകള്‍, ചില പ്രത്യേക കായിക വിനോദങ്ങള്‍ എന്നിങ്ങനെ ഒരു ഇഷ്ടത്തിന്റെയും പേരില്‍ പുരുഷന്‍മാര്‍ ലജ്ജിക്കണം എന്ന ധാരണയേയില്ല. വേഷവിധാനത്തില്‍ സ്ത്രീകള്‍ക്ക് ആശങ്കകളുണ്ടെങ്കിലും പുരുഷന്‍മാര്‍ക്ക് അങ്ങനെയില്ല. അണിഞ്ഞൊരുങ്ങിയാലും തന്റെ ബുദ്ധി, ഗൗരവം എന്നിവയെക്കുറിച്ചു സൃഷ്ടിക്കപ്പെടുന്ന അനുമാനങ്ങളെക്കുറിച്ച് പുരുഷന്‍മാര്‍ ആശങ്കപ്പെടുന്നില്ല. എന്നാല്‍ ലിപ്സ്റ്റിക് വേണോ വേണ്ടയോ എന്ന കാര്യത്തില്‍പ്പോലും സ്ത്രീകള്‍ക്ക് രണ്ടുവട്ടം ചിന്തിക്കേണ്ടിവരുന്നു. സ്നേഹം, ലൈംഗികത, വേഷം തുടങ്ങി വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇന്നത്തെ സ്ത്രീകള്‍ അനുഭവിക്കുന്നതും മാറേണ്ടതുമായ സാമൂഹിക യാഥാര്‍ഥ്യങ്ങളാണ് അദീച്ചി പറയുന്നത്. ഏതു സമൂഹത്തിനും ഏതു കാലഘട്ടത്തിലും പ്രസക്തമായവ. അമ്മമാര്‍ക്കുവേണ്ടിയാണ് അദീച്ചി എഴുതുന്നതെങ്കിലും അച്ഛന്‍മാര്‍ക്കും സമൂഹത്തിനു പൊതുവെയും പ്രയോജനപ്രദമാണ് ഓരോ നിര്‍ദേശങ്ങളും. 

English Summary: Ethrayum priyappettavalkku, Oru feminist manifesto book by Chimamanda Ngozi Adichie 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA
;