മരണകവാടത്തില്‍ കവിതയെന്ന പ്രേയസിയെത്തേടി ജോസഫിന്റെ ഓര്‍ഫ്യൂസ്

Orpheuse-p
SHARE
എസ്. ജോസഫ്

ഡിസി ബുക്സ്

വില 140 രൂപ

അതിസാധാരണ കാഴ്ചകളുടെയും അനുഭവങ്ങളുടെയും സാക്ഷ്യങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവയാണ് എസ്. ജോസഫിന്റെ കവിതകള്‍. അതേ വിശേഷണം പേറി അദ്ദേഹത്തിന്റെ പുതിയ കാവ്യസമാഹാരവും എത്തുന്നു: ഓര്‍ഫ്യൂസ്. അതിസാധാരണമെങ്കിലും അവഗണിക്കാനാവാത്ത വിധം ജോസഫിന്റെ കവിതകള്‍ കുറച്ചു നാളായി മലയാള സാഹിത്യ പരിസരത്തിലുണ്ട്. സാന്നിധ്യം രേഖപ്പെടുത്തി, സജീവമായ, വേറിട്ട കാവ്യവഴിയായി. 

ഇക്കാലത്ത് ജനങ്ങള്‍ കവികളെ കാര്യമാക്കാറില്ല എന്ന് ജോസഫ് എഴുതുന്നുണ്ട് കുറുപ്പ് എന്ന കവിതയില്‍. 

പുതുകവിത കൊച്ചുകാര്യങ്ങള്‍ക്ക് ഊന്നല്‍ 

കൊടുത്തു 

എന്തുചെയ്യാം അപ്പോള്‍ 

വലുതെല്ലാം ചാടിവന്നു എന്നും അദ്ദേഹം എഴുതുന്നു. 

കഥകളേക്കാള്‍, ലേഖനങ്ങളേക്കാള്‍, നോവലുകളേക്കാള്‍ ഹൃദയത്തില്‍ ആഴത്തില്‍ വേരുകളാഴ്ത്തുന്നതു കവിതകളാണ്. എന്നാല്‍, കവിത എന്നും ന്യൂനപക്ഷത്തിന്റേതു മാത്രമാണ്. സാധാരണയിലും കവിഞ്ഞ ഭാവുകത്വം വായനക്കാരില്‍ നിന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട് കവിതകള്‍. എന്നാല്‍, ആധുനികതയുടെ വരവോടെ കവികളുടെ എണ്ണം കൂടി; കവിതകളുടെയും. വാക്കുകള്‍ മുറിച്ചും മുറിക്കാതെയും വാചകങ്ങള്‍ വിഘടിച്ചും നീട്ടിയും പരത്തിയുമെഴുതിയും കവിതകള്‍ സുലഭമായി. ആധുനികതയെ ആനയിച്ച അയ്യപ്പപ്പണിക്കര്‍ തന്നെ ഒടുവില്‍ കവികളുടെ ബാഹുല്യത്തെക്കുറിച്ച്, കവിയരങ്ങുകളെ പരിഹസിച്ചു കവിതയെഴുതേണ്ടിവന്നു. 

ഗദ്യകവിതയ്ക്ക് ആസ്വാകരെപ്പോലെ തന്നെ വിമര്‍ശകരുമുണ്ട്. ശരി ഏതു പക്ഷത്താണെങ്കിലും ഗദ്യകവിതയില്‍  മികച്ച കവിതകളുമുണ്ട്. കെ.ജി.ശങ്കരപ്പിള്ള, ബാലചന്ദ്രന്‍ ചുള്ളിക്കാട് മുതല്‍ പി.എന്‍.ഗോപീകൃഷ്ണന്‍. വീരാന്‍കുട്ടി  ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ഗദ്യകവിതയില്‍ അദ്ഭുതം സൃഷ്ടിക്കുന്നുമുണ്ട്. ഏതു രൂപത്തിലാണെങ്കിലും ഭാവമാണു പ്രധാനം, കവിത വിനിമയം ചെയ്യുന്ന ഭാവുകത്വമാണ് അവസാനം  അവശേഷിക്കുന്നത്. 

അതിസാധാരണകളുടെ ആവരണമിട്ടുകൊണ്ടുതന്നെ ജോസഫിന്റെ അപൂര്‍വം കവിതകള്‍ അഗാധമായി ആകര്‍ഷിക്കുന്നുണ്ട്. 

പുലരിയില്‍ ഒരു കുയില്‍ക്കൂക്കു കേട്ടു 

ജനല്‍ തുറന്നപ്പോള്‍ പുറത്തു മഞ്ഞുണ്ട് 

വെളുത്ത മഞ്ഞിന്റെ അപേക്ഷയിങ്ങനെ

അകത്തു വന്നോട്ടെ അടുത്തിരുന്നോട്ടെ. 

എന്നാല്‍, ഒരു സമാഹാരത്തിലെ കവിതകളെല്ലാം പരതുമ്പോള്‍ അപൂര്‍വം കവിതകള്‍ മാത്രമാണ് ചെറിയ ആഘാതമെങ്കിലും സൃഷ്ടിക്കുക. 

റോബര്‍ട് ഫ്രോസ്റ്റിന്റെ പ്രശസ്ത കവിത ജോസഫ് വിവര്‍ത്തനം ചെയ്തതും പുതിയ സമാഹാരത്തിലുണ്ട്. കടമ്മനിട്ട മുതല്‍ ഒട്ടേറെ കവികള്‍ വിവര്‍ത്തനം ചെയ്ത കവിതയുടെ പുതുരൂപം. 

വനങ്ങള്‍ രമണീയം, ഗഹനം, കരിനീലം 

എനിക്കു പക്ഷേയുണ്ട് പാലിക്കാന്‍ വാഗ്ദാനങ്ങള്‍ 

ദുരങ്ങളൊരുപാടുണ്ടുറങ്ങും മുന്‍പേ താണ്ടാന്‍ 

ദുരങ്ങളൊരുപാടുണ്ടുറങ്ങും മുന്‍പേ താണ്ടാന്‍ 

English Summary: Orpheus book written by S Joseph

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;