പാക്കിസ്ഥാന്‍, ഇറാഖ്... അതിര്‍ത്തികള്‍ കടന്ന് മലയാള കഥ

sthalam-p
SHARE
പി.വി.ഷാജികുമാര്‍

ഡിസി ബുക്സ്

വില 140 രൂപ

അതിരുകളെക്കുറിച്ചുള്ള ഉല്‍കണ്ഠ ഷാജികുമാര്‍ എന്ന എഴുത്തുകാരന്റെ ഒഴിയാബാധയാണ്. അതിര്‍ത്തികള്‍ മനുഷ്യരെ വിഭജിച്ചതിന്റെ വേദനയും രോഷവും അദ്ദേഹത്തിന്റെ കഥകളില്‍ രൂക്ഷ വാങ്മയമായി ഇടം കണ്ടെത്തുന്നു. ഏറ്റവും പുതിയ കഥാ സമാഹാരമായ സ്ഥലത്തിലെ പ്രധാന കഥകളും ഇതേ വേദന കുറേക്കൂടി ആഴത്തില്‍, തീവ്രമായി പങ്കുവയ്ക്കുന്നു. 

ഇന്ത്യാ-പാക്ക് അതിര്‍ത്തിയിലെത്തിയപ്പോഴുള്ള സുരേശന്റെ അവസ്ഥ തന്നെ ഉദാഹരണം (കഥ സ്ഥലം). 

തന്റെ മുന്നില്‍ നീണ്ടും വളഞ്ഞും കിടക്കുന്ന കമ്പിവേലിയിലേക്ക് അവന്റെ കാഴ്ച ശൂന്യമായി. ഇവിടെ നിന്നാണു സ്ഥലം രണ്ടാവുന്നത്. ആളുകള്‍ രണ്ടാവുന്നത്. ജീവിതം രണ്ടാവുന്നത്. സ്നേഹം രണ്ടാവുന്നത്. മഞ്ഞിന്‍തുള്ളികള്‍ സൂര്യനുദിക്കുന്നതും കാത്ത് കമ്പിവേലികളില്‍ പറ്റിനിന്നു. ഉണങ്ങിയ വള്ളിച്ചെടികള്‍ കമ്പിവേലികളെ ചുറ്റിപ്പിടിച്ചു. 

മുത്തഛന്‍ തനിക്കുവേണ്ടി നീക്കിവച്ചിരിക്കുന്ന സ്ഥലം തേടി പാക്കിസ്ഥാനിലെ അബൂട്ടാബാദിലേക്കു വണ്ടികയറുന്ന സുരേശന്റെ കഥയാണു സ്ഥലം. കഷ്ടനഷ്ടങ്ങള്‍ സഹിച്ച് കത്തില്‍ പറയുന്ന സ്ഥലത്തെത്തുമ്പോള്‍ അവനെ കാത്തിരിക്കുന്നത് ക്രൂരമായ തിരിച്ചറിവ്. തിരിച്ചു നാട്ടിലേക്ക് അയാള്‍ വണ്ടികയറുന്നില്ല. അതിന്റെ കാരണം നേരത്തേതന്നെ അയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

തീവ്രവാദികള്‍ക്കു ചോരക്കൂറുള്ള സ്ഥലമാണ്, പെട്ടുപോയാല്‍ പെട്ടതു തന്നെ എന്ന ഉപദേശത്തിന് അയാള്‍ കൊടുത്ത മറുപടി: 

കൂടിപ്പോയാല്‍ വെടിവച്ചുകൊല്ലും, ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലില്ലല്ലോ. 

പാക്കിസ്ഥാനുമായി ഏതു നിമിഷവും ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചേക്കും, ലൈഫ് ലോങ് അവിടെത്തന്നെ കുടുങ്ങും എന്നു പേടിപ്പിച്ചവരോട്: 

സ്വന്തമായി ഒരു സെന്റ് സ്ഥലം പോലുമില്ലാത്ത ഞാനിവിടെയെന്തുണ്ടയുണ്ടാക്കാനാ ? എന്നാണു മറുപടി. 

ചോദിച്ചവര്‍ ഉത്തരം മുട്ടി ചോദിച്ചവരുടെ വഴിക്കു പോയി. 

സ്ഥലം പ്രസക്തമാകുന്നത് സ്ഥലമുള്ളവര്‍ക്കു മാത്രം. സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് എല്ലാ സ്ഥലവും ഒരു പോലെ. 

പാക്കിസ്ഥാന്‍ മാത്രമല്ല, ഇറാഖും ഷാജികുമാറിന്റെ കഥകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അക്കൗണ്ടിലെത്തുന്ന അമേരിക്കന്‍ ഡോളര്‍ സ്വപ്നം കണ്ട് ഇറാഖിലെ അമേരിക്കന്‍ പട്ടാളക്കാരെ സഹായിക്കാന്‍ പോകുന്ന മലയാളികളുടെ കഥയായ ആനന്ദത്തില്‍. ഇറാഖികളെ ദ്രോഹിക്കുന്നതിന്റെ ആത്മവ്യഥ ഒടുവില്‍ പരമാനന്ദമായി മാറുന്ന വൈരുധ്യം ഈ കഥയില്‍ കാണാം. ഇറാഖില്‍ നിന്ന് കിട്ടിയ കാശുകൊണ്ട് നാട്ടിലെത്തി നഗരത്തില്‍ ഒരു ഫിറ്റനസ് സെന്റര്‍ പോലും തുടങ്ങുന്നുമുണ്ട്. എന്നാല്‍ ഉറക്കം കിട്ടുന്നില്ല. അബുഗാരിബിലെ രാത്രികളില്‍ ആവര്‍ത്തിച്ചിരുന്ന ഇറാഖുകാരോടുള്ള അന്തമില്ലാത്ത ക്രൂരത നാട്ടില്‍ പുറത്തെടുക്കാനാവാത്തതുകൊണ്ടാണ് ഉറക്കം നഷ്ടപ്പെടുന്നതെന്നു കണ്ടെത്തുന്നുമുണ്ട്. 

അതിനായുള്ള ഒരുക്കത്തിലാണ്. അന്വേഷിച്ചുപോയപ്പോള്‍ എന്നെപ്പോലെ പലര്‍ക്കും ഈ പ്രശ്നമുണ്ടെന്ന്. വൈകാതെ, കഴിയുമെങ്കില്‍, ഈ ന്യൂ ഇയറില്‍ത്തന്നെ സംഭവം കുടങ്ങാനുള്ള പരിപാടിയിലാണ്. പേര് റജിസ്റ്റര്‍ ചെയ്തു. ആനന്ദം. എങ്ങനെയുണ്ട് ? 

രാഷ്ട്രീയമാണു ഷാജികുമാറിന്റെ ഏറ്റവും പുതിയ കഥകളുടെ അന്തര്‍ധാര. 

അധികാര രാഷ്ട്രീയം വ്യക്തിജീവിതത്തെ ശിഥിലമാക്കുന്നതിന്റെ ദയനീയത. നിരാധാരരും നിസ്സഹായരുമാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. സ്ഥലത്തു നിന്നും വീട്ടില്‍ നിന്നും  നിരന്തരം പലായനം ചെയ്യേണ്ടിവരുന്നവര്‍. അവരുടെ സങ്കടം ഉരുക്കിയൊഴിക്കുന്നവയാണ് ഈ കഥകള്‍. മനുഷ്യനെ ചങ്ങലയ്ക്കിടാന്‍, വേര്‍തിരിക്കാന്‍, വിഭജിക്കാന്‍ നടത്തുന്ന നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ നടത്തുന്ന പോരാട്ടം. രാഷ്ട്രീയ കഥകളെക്കാള്‍, ശ്രദ്ധേയവും സ്വാഭാവികവുമായ മനസ്സിനെ ആകര്‍ഷിക്കുന്നത്  ‘ മറഡോണ’ എന്ന കഥയാണ്. അരാഷ്ട്രീയമല്ല ഈ കഥയും. എന്നാല്‍ രാഷ്ട്രീയം അടിയൊഴുക്കാകുമ്പോഴും സരസമായും എന്നാല്‍ തീവ്രമായും ഒരു പെണ്ണിന്റെ ജീവിതം മറഡോണയിലൂടെ ആവിഷ്ക്കരിക്കപ്പെടുന്നു. മറ്റൊരു ഹിഗ്വിറ്റ പോലെ ഹൃദയസ്പര്‍ശി. 

English Summary: Sthalam book written by PV Shaji Kumar 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA
;