സൈലന്റ് വാലിയുടെ സമര ചരിത്രം; സമര വിജയത്തിന്റെയും

silent-valley-320x478
SHARE
സജി ജെയിംസ്

മാതൃഭൂമി ബുക്സ്

വില 240 രൂപ

സൈലന്റ് വാലി പ്രക്ഷോഭം ദേശീയ, രാജ്യാന്തര ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെ സജീവ സാന്നിധ്യം കൂടിയാണ്. പ്രത്യേകിച്ചും കവികള്‍. പ്രക്ഷോഭത്തിന്റെ ചൂടും ചൂരും ആവാഹിച്ച് എഴുതിയ കവിതകള്‍ അവര്‍ ഉറക്കെപ്പാടുകയും ജനം അതേറ്റെടുക്കുകയും ചെയ്തു. മരക്കവികള്‍ എന്ന പരിഹാസവും അവരെ തേടിയെത്തി. സുഗത കുമാരി, വിഷ്ണു നാരായണ്‍ നമ്പൂതിരി, ഒഎന്‍വി എന്നിവര്‍ മുന്‍നിരയില്‍ നിന്ന് സൈലന്റ് വാലിയെ സംരംക്ഷിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പ്രക്ഷോഭ കാലത്തെ കവിതകള്‍ സമാഹരിച്ചു പുസ്തകമാക്കിയപ്പോള്‍ ആമുഖത്തില്‍ വിഷ്ണു നാരായണ്‍ നമ്പൂതിരി എഴുതി: 

മരക്കവികള്‍ എന്ന പരിഹാസം. വിലക്കുകളുടെ മായാവിലാസം. ഞെരിക്കുന്ന സാമ്പത്തിക പരാധീനത. ഉത്തമ മനസ്സുകളുടെ ഉദാസീനത. നീതി സ്ഥാപിച്ചുകിട്ടിയാലും നിര്‍വഹണ വ്യവസ്ഥയുടെ ദയനീയമായ അപര്യാപ്തതയും നിഷ്ഫലതയും. അറിയപ്പെടുന്ന എല്ലാ രാഷ്ട്രീയ- അന്താരാഷ്ട്രീയ ഗൂഢാലോചനകളുടെയും ഏജന്റുമാരാണെന്ന ആരോപണം. എങ്കിലും ഈ യജ്ഞം മുടങ്ങുന്നില്ല. മുടക്കാന്‍ ഒട്ടനുവദിക്കുകയുമില്ല. കാരണം, ഇതു ഞങ്ങളെ പ്രസവിച്ച വസുന്ധരയുടെ അക്ഷയമായ ജീവിതത്തിന്റെ അവന്ധ്യമായ സംസ്കൃതിയുടെ, നിലനില്‍പിന്റെ പ്രശ്നമാണ്. ഇത് സമഷ്ടിയുടെ പ്രശ്നം. ഉദയത്തിന്റെ പ്രശ്നം. അമൃതത്തിന്റെ പ്രശ്നം. 

കേരളത്തിന്റെ സാമൂഹിക ചരിത്രത്തിലെ സുവര്‍ണ അധ്യായമാണ് സൈലന്റ് വാലി പ്രക്ഷോഭം. മലബാറിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനെന്നപേരില്‍ സ്ഥാപിക്കുന്ന ജല വൈദ്യുത പദ്ധതിയിലൂടെ നിശ്ശബ്ദ താഴ്‍വരയെ അപകടപ്പെടുത്താനുള്ള നീക്കത്തെ ചെറുത്തുതോല്‍പിച്ച ഐതിഹാസിക സമരത്തിന്റെ കഥ. 50 കോടി വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നു ശാസ്ത്രലോകം കണക്കുകൂട്ടുന്ന സൈലന്റ് വാലി എന്ന നിത്യഹരിത വനം ജൈവവൈവിധ്യത്തിന്റെ അപാരമായ ഖനി കൂടിയാണ്. ഈ താഴ്‍വരയെ സംരക്ഷിക്കാന്‍ കൈ കോര്‍ത്ത കേരളത്തിന്റെ കഥയാണ് സൈലന്റ് വാലി: ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം എന്ന സജി ജെയിംസിന്റെ പുസ്തകം. 

സൈലന്റ് വാലി സമരത്തിന്റെ വിത്ത് പാകിയവരില്‍ പ്രമുഖനാണ് കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബോട്ടണി പ്രഫസര്‍ ആയിരുന്ന എം.കെ. പ്രസാദ്. സഫര്‍ ഫത്തേഹള്ളി ചെയര്‍മാനായ ടാസ്ക് ഫോഴ്സിന്റെ കണ്ടെത്തല്‍ പ്രസാദ് മനസ്സിലാക്കിയതാണ് വഴിത്തിരിവായത്. കോളജിലെ സുവോളജി വകുപ്പ് അധ്യാപകനായ രാമകൃഷ്ണന്‍ പാലാട്ടുമായിച്ചേര്‍ന്ന് പ്രസാദ് സൈലന്റ് വാലി സന്ദര്‍ശിക്കുന്നു. രണ്ടു ദിവസം പകല്‍ വനത്തില്‍ പര്യടനം നടത്തിയ അദ്ദേഹം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുഖപത്രമായ ശാസ്ത്രഗതിയില്‍ ഒരു ലേഖനമെഴുതി. കേരളത്തിലെ പൊതു സമൂഹത്തിനു മുന്നില്‍ സൈലന്റ് വാലിയുടെ നിലനില്‍പുവാദം ആദ്യം അവതരിപ്പിച്ചത് ആ ലേഖനമായിരുന്നു. സൈലന്റ് വാലി: ഒരു ഇക്കോളജീയ സമീപനം എന്നായിരുന്നു തലക്കെട്ട്. 1977 ഒക്ടോബറില്‍ പ്രസിദ്ധീകരിച്ച ആ ലേഖനം, പദ്ധതി നടപ്പാക്കിയാല്‍ സംഭവിക്കാവുന്ന പാരിസ്ഥിതിക പ്രത്യഘാതങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ആദ്യത്തെ തുറന്ന സംവാദം കൂടിയായിരുന്നു. സൈലന്റ് വാലിയെ രക്ഷപ്പെടുത്തി നമുക്കു തന്നെ രക്ഷപ്പെടുക എന്ന വാക്കുകളോടെയാണ് ആ ലേഖനം അവസാനിച്ചത്. അവിടെനിന്നാണ് കേരളമാകെ, സമാനതകളില്ലാത്ത സമരം തുടങ്ങുന്നത്. വിജയിക്കുന്നതും. 

English Summary: Silent Valley book written by Saji James

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA
;