ADVERTISEMENT

‘‘അവൾ അരുളി ചെയ്തു എന്റെ ആഗമനത്തിനു മുന്നോടിയായി ഒരുവനെ ഞാൻ തിരഞ്ഞെടുക്കും. അവന്റെ ശരീരം എന്റേതെന്ന പോലെ പരിവർത്തനപ്പെടും. അവന്റെ ആത്മാവ് എന്റേതെന്നപോലെ പരിണാമപ്പെടും. ഞാൻ വരുന്നതിനു മുൻപ് പതിനേഴ് ദർശനങ്ങളിലൂടെ ഞാനവന് വഴി കാട്ടും. ബാബേൽ ഗോപുരത്തിലെ കൊത്തുപണികൾ പോലെ എന്റെ ലക്‌ഷ്യം അവനിൽ കൊത്തിവയ്ക്കപ്പെടും’’

വിപിൻദാസിന്റെ ‘അനാഹി’ ഇതുവരെയുള്ള മലയാള നോവലെഴുത്തുകളെ പൊളിച്ചെഴുതുന്ന മറ്റൊരു ആഖ്യാനമാണ്. ഡാൻ ബ്രൗണിന്റെ ‘ഡാവിഞ്ചി കോഡ്’ വായനയിൽ ഉണ്ടായ അന്വേഷണാത്മകമായ യാത്രകളെ ഓർമ്മിപ്പിക്കുന്നുണ്ട് സഹ്യന്റെയും നായികയായ ആരവല്ലിയുടെയും സത്യം തിരഞ്ഞുള്ള യാത്ര. 

 

ആകസ്മികമായാണ് സഹ്യന്റെ ശരീരത്തിന്റെ നോവ് അവശേഷിപ്പിച്ച് അജ്ഞാതമായ ഒരു ഭാഷയിലെ ചില അക്ഷരങ്ങൾ കൊത്തിവയ്ക്കപ്പെട്ടു തുടങ്ങുന്നത്. അതിനു മുൻപ് അവനു സ്വപ്ന ദർശനമുണ്ടാകാനും തുടങ്ങിയിരുന്നു. ആ അക്ഷരങ്ങൾ ഏതു ഭാഷയെന്നോ ഏതു മനുഷ്യരുടേതെന്നോ അവനു മനസ്സിലായതേയില്ല. ഭ്രമിപ്പിക്കുന്ന സ്വപ്നങ്ങളുടെ അർഥം പോലും കണ്ടെത്താനാകാതെ ഭ്രാന്തമായ ചിന്തകളോടെയാണ് അവൻ ഡോക്ടർ ശതപുരനെയും ആരവല്ലിയെയും കാണാൻ പോകുന്നത്. ഒരേ ദിവസം ജീവിതത്തിലേയ്ക്ക് കടന്നെത്തിയ രണ്ടു പേര്. അവരായി പിന്നെ അയാളുടെ ജീവിതത്തിലെ അർഥങ്ങൾ കണ്ടെത്തുന്നവർ. 

 

ലിലിത്ത് എന്ന സ്ത്രീ ദേവതാ സങ്കല്പമായല്ല ആദി സ്ത്രീ ആയാണ് അടയാളപ്പെട്ടിരിക്കുന്നത്. സത്യത്തിൽ ആരാണ് ലിലിത്ത്? ആദത്തിനൊപ്പം ചേരാനായി ദൈവം അവളെ അയച്ചുവെന്നാണ് പറയപ്പെടുന്നത്, എന്നാൽ ലിലിത്തിനു ദൈവത്തിനു തുല്യമായ സ്ഥാനമായിരുന്നു വേണ്ടിയിരുന്നത്. ദൈവമുണ്ടാക്കിയ ഒരു രൂപത്തിനൊപ്പം അവന്റെ അടിമയായി ജീവിക്കാൻ ഇഷ്ടമില്ലാതിരുന്ന ആദ്യ സ്ത്രീ. സോങ് ഓഫ് ദ സേജ് ൽ ഇങ്ങനെ കുറിക്കപ്പെട്ടിരിക്കുന്നു,

 

‘‘ദൈവസൗന്ദര്യത്തിന്റെ മാഹാത്മ്യം പ്രഘോഷിക്കുന്ന യതി, നാശകാരികളായ സകല മാലാഖമാരെയും, ഹറാംപിറന്ന ആത്മാക്കളേയും, ചെകുത്താന്മാരെയും, ലിലിത്തിനേയും, പെട്ടെന്നുള്ള ആക്രമണം കൊണ്ട് മനുഷ്യരെ ബോധഹീനന്മാരും ശൂന്യഹൃദയവും ആക്കുന്ന മറ്റെല്ലാവരേയും ചകിതരാക്കുകയും തോല്പിക്കുകയും ചെയ്യട്ടെ.’’

 

പുരുഷന്റെ അടിമയാകാൻ ഇഷ്ടമല്ലാതെ ദൈവത്തിനൊപ്പം സ്ഥാനം വേണമെന്നാഗ്രഹിച്ച ലിലിത്തിനെ നിശ്ശബ്ദയാക്കാൻ ഏറ്റവും നല്ല മാർഗ്ഗം അവളെ ദുർദ്ദേവതയാക്കി ചിത്രീകരിക്കുക തന്നെയായിരുന്നിരിക്കണം. ഏതു കാലത്തും സ്ത്രീകൾ അനുഭവിക്കുന്ന ഈ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകൾ തുടങ്ങുന്നത് ലിലിത്തിൽ നിന്ന് തന്നെയെന്ന് മിത്ത് പറയുന്നു. ആ കഥയാണ് വിപിൻ ദാസ് ‘അനാഹി’ എന്ന നോവലിന് വേണ്ടിയും ഉപയോഗിച്ചിരിക്കുന്നത്. ദൈവം സഹസ്രാബ്ധങ്ങളായി തടവിലിട്ടിരിക്കുന്ന ലിലിത്തിന്റെ സ്വാതന്ത്ര്യമാണ് സഹ്യനിലൂടെ നടപ്പാക്കേണ്ടത്. പക്ഷേ യഥാർത്ഥത്തിൽ ലിലിത്തിന്റെ ലക്ഷ്യമെന്താണ്? ഏതൊക്കെ വഴിയിലൂടെയാണ് അവൾ തന്റെ അധിപത്യമുറപ്പിക്കാൻ ശ്രമിക്കുന്നത്? എന്നതൊക്കെയിലൂടെയാണ് അനാഹി സഞ്ചരിക്കുന്നത്.

 

സഹ്യനും ആരവല്ലിയും പുതിയ തലമുറയിലെ ചെറുപ്പക്കാരാണ്. സഹ്യന്റെ ശരീരത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തുകയാണ് ആരവല്ലി. അയാളുടെ ശരീരത്തിൽ കൊത്തി വായിക്കപ്പെടുന്ന ഭാഷ നൂറ്റാണ്ടുകൾക്ക് മുൻപ് ലിലിത്ത് ലോകത്തിനായി സമർപ്പിക്കപ്പെട്ട ഭാഷയായിരുന്നു. പക്ഷേ അതെങ്ങനെയാവും ലോകത്തിന് മുഴുവൻ അജ്ഞാതമാക്കപ്പെട്ടത്? ഇതുപോലെ ഒരുപാട് ചോദ്യങ്ങളുടെ ഉത്തരമന്വേഷിച്ച് അവരിരുവരും ഒരുപാട് ദൂരം സഞ്ചരിക്കുന്നുണ്ട്. 

 

നിഗൂഡാത്മകതയും ഭ്രമവും ഭീതിയും ഒരുപോലെ സമ്മേളിപ്പിക്കുന്ന വായനയ്ക്ക് ഏറ്റവും മികച്ച ഭാഷാ പ്രയോഗമാണ് വിപിൻ അനാഹിയിൽ നടത്തിയിരിക്കുന്നത്. അതിന്റെ പ്രത്യേകത കൊണ്ട് തന്നെയാണ് പുസ്തകം വശ്യമായൊരു ഭംഗിയിൽ വായിക്കാനാവുന്നതും. ആദ്യ ഭാഗത്തെ കുറച്ച് വേഗക്കുറവിന്റെ പ്രശ്നങ്ങളെ അമ്പരപ്പിന്റെ അസ്വസ്‌തകളിലേയ്ക്ക് പതുക്കെ വായനക്കാരൻ എത്തുകയും അവിടെ എത്തിക്കഴിഞ്ഞാൽപ്പിന്നെ പുസ്തകം താഴെ വയ്ക്കാൻ ബുദ്ധിമുട്ടുന്ന തരം ഉദ്വേഗങ്ങളിലേയ്ക്ക് അത് സഞ്ചരിക്കുകയും ചെയ്യും. ഏതു ലോകമാണ് എഴുത്തുകാരൻ കഥ പറയാൻ ഉപയോഗിക്കുന്നതെന്നത് പോലും അജ്ഞാതമാണ്. 

 

പറഞ്ഞു കേട്ട ഒരു മിത്തിനെ ഫിക്ഷന്റെ അതീവ സുന്ദരമായ ആഴത്തിലും പരപ്പിലും മേയാൻ വിട്ട് പൂർണമായും സ്വതന്ത്രമായ ഒരു ലോകത്തിലും കഥയിലുമാണ് വിപിൻ ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ആ സ്വാതന്ത്ര്യത്തിന്റെ ലാഘവമില്ലായ്മ അനുഭവപ്പെടും. പലപ്പോഴും പലതും സത്യമാണോ എന്നറിയാനുള്ള ഗൂഗിൾ അന്വേഷണ പരീക്ഷണങ്ങളും വായനക്കാരൻ ഉറപ്പായും നടത്തി നോക്കിയേക്കാം. എന്ത് തന്നെയായാലും മലയാളത്തിൽ വ്യത്യസ്തമായൊരു പരീക്ഷണമാണ് അനാഹി. ലോകമുണ്ടായ കാലം മുതൽ അവതരിപ്പിക്കപ്പെട്ടിരുന്ന ഒരു മിത്തിന്റെ ആധുനികതാവാദം കൂടിയാണ് ഇതെന്ന് തോന്നുന്നു. 

നിങ്ങൾ കരുതിയതൊന്നുമല്ല സത്യം, അതെപ്പോഴും പാട്രിയാർക്കിയൽ ആയ ഒരു സമൂഹത്തിന്റെ തിരുവെഴുത്തുകൾ മാത്രമാണ് സത്യം അതിനപ്പുറത്തെവിടെയോ മറഞ്ഞിരിപ്പുണ്ടെന്നു വിപ്പിന്റെ ലിലിത്ത് ഓർമ്മിപ്പിച്ചു. ലിലിത്തിന്റെ പുസ്തകം ഇനിയും എഴുതപ്പെട്ടേക്കാം. ആരവല്ലി തർജ്ജമ ചെയ്ത ലിലിത്തിന്റെ പുസ്തകത്തിലെ വരികളോടെയാണ് അനാഹിയിലെ ഓരോ അധ്യായങ്ങളും ആരംഭിക്കുന്നത്. വിപിൻ പറഞ്ഞത് പോലെ ലോകമെങ്ങും കാണുന്ന ഒരു പെണ്മയുടെ അനുഭൂതി ഈ പുസ്തകം ഓർമ്മിപ്പിച്ചു. തീർച്ചയായും ലിലിത്തിന്റെ സ്വാതന്ത്ര്യ ദാഹവുമായി ഈ ലോകം പൊരുത്തപ്പെടും. വായനയ്ക്ക് പുതിയ വഴികൾ തുറക്കുന്നത് മാറ്റങ്ങളുണ്ടായിക്കൊണ്ടുമാണല്ലോ!

 

English Summary: Anahi, book written by Vipindas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com