ADVERTISEMENT

എങ്കിലും നീ 

വീടുണ്ടാക്കും ! 

നമ്മള്‍ നഗരമധ്യത്തില്‍വച്ചുകാണുമ്പോള്‍ 

വയല്‍ പോലുള്ള പുല്‍പ്പരപ്പിലിരുന്ന് 

പിടയ്ക്കുന്ന ഉച്ചവെയിലില്‍ മീന്‍പിടിച്ച് 

അതിനെ വെട്ടിക്കഴുകി 

എന്റെ സംസാരത്തിന്റെ 

മണ്‍ചട്ടിയില്‍ വേവാന്‍ വച്ച് 

വണ്ടികളുടെ ഇരമ്പവും 

ഇടയ്ക്കുവരുന്ന കാറ്റും കൊണ്ട് 

ഒരു വീടുണ്ടാക്കും ! 

 

‘പാര്‍പ്പ്’ കവിതയില്‍ സെബാസ്റ്റ്യന്‍ ആവിഷ്കരിക്കുന്ന നഗരവും ഗ്രാമവും തമ്മിലുള്ള അന്തരം ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അദ്ദേഹത്തിന്റെ എല്ലാ കവിതകളുടെയും ആധാരശ്രുതിയാണ്. കവിതയില്‍ സുഖമായും സന്തോഷമായും വീടുണ്ടാക്കി താമസിക്കുന്നവരെ എത്ര പെട്ടെന്നാണു സെക്യൂരിറ്റി വന്നു പുറത്താക്കുന്നത്. വീട് പൊളിക്കുന്നതും. നിമിഷങ്ങളുടെ മാത്രം ആയുസ്സില്‍ വാക്കുകള്‍ കൊണ്ടു കെട്ടുന്ന ഈ വീടുകളിലൂടെയാണു കവി സംസാരിക്കുന്നത്. 

 

തീവണ്ടി എന്ന കവിതയില്‍ പ്രണയത്തിലായിരുന്നപ്പോള്‍ ഇരുന്ന സിമന്റ് ബെഞ്ചുണ്ട്. എല്ലാം മാറി, സ്റ്റേഷന്‍ ആകെ പുതുക്കിയിട്ടും മാറാത്തത് ആ സിമന്റ് ബെഞ്ച് മാത്രമാണ്. അവിടെ പുതിയൊരു പെണ്‍കുട്ടി വന്ന് ഇരിക്കുന്നു. നിന്റെ ഓര്‍മ്മ നിറച്ച ഭാണ്ഡം എഴുന്നേറ്റു ! 

 

സ്ഥലത്തില്‍ നിന്നുള്ള നിഷ്കാസനം ഈ കവിതകളില്‍ പ്രധാന പ്രമേയമാണ്. പരിചയിച്ച വ്യക്തികളില്‍ നിന്നും സ്ഥലത്തുനിന്നുമുള്ള പലായനം. അതു പലപ്പോഴും നിര്‍ബന്ധിതമാകുന്നു. ഇഷ്ട സ്ഥലങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അകലെയാക്കപ്പെടുന്ന മനുഷ്യര്‍. അവരുടെ നിസ്സഹായാവസ്ഥ. 

 

മല കയറിപ്പോകുന്ന മരങ്ങളെക്കാണാം പലായനം എന്നുതന്നെ പേരിട്ട കവിതയില്‍. തീ വാളുകള്‍ നാളെ അവരെ അരിഞ്ഞുവീഴ്ത്തുമെന്ന് ആരാണു സൂചന നല്‍കിയതെന്ന് കവി അദ്ഭുതപ്പെടുന്നുണ്ട്. എന്തായിരിക്കാം അവയ്ക്കുണ്ടായ ഉള്‍വിളിയെന്നും. നഷ്ടങ്ങളുടെ വേദനയെ കവിതയില്‍ നിന്ന് അകറ്റി ഗദ്യഭാഷയിലാണു സെബാസ്റ്റ്യന്‍ അവതരിപ്പിക്കുന്നത്. ഒരേ സമയവും പരിമിതിയും ശക്തയുമുണ്ട് ആ ഭാഷയ്ക്ക്. 

ഉണങ്ങിയ മരത്തില്‍ 

ഉണങ്ങിയ ഒരു കിളി 

ആതു പാടുന്നില്ല. 

പാടാത്ത പക്ഷിയുടെ പാട്ടിന് ജീവന്‍ പകരുകയാണ് സെബാസ്റ്റ്യന്‍. ശ്വാസം മുട്ടിച്ച് ഇല്ലാതാക്കന്‍ ശ്രമിക്കുന്ന ശബ്ദത്തിന് ഉയിര്‍ കൊടുക്കാനുള്ള ശ്രമമാണു കവി നടക്കുന്നത്. ഒരൊറ്റ ഒച്ചയില്‍ മന്ത്രിക്കുന്ന കവിതകള്‍. 

 

ഒരു തരത്തിലും പുറത്തു കടക്കാനാവാത്ത, ചെറുതായ്, ചെറുതാകുന്ന ചത്വരങ്ങളിലേക്ക് പിന്‍വലിയുന്ന മനുഷ്യര്‍ പ്രകൃതിയില്‍നിന്നുകൂടിയാണ് അകന്നുപോകുന്നത്. നിലവിളിക്കുന്ന മണ്ണും മനുഷ്യരും സെബാസ്റ്റ്യന്റെ കവിതകളിലുണ്ട്. ആര്‍ദ്രത വറ്റിയ, വരണ്ട ഭാഷയില്‍ കവിത അതിജീവിക്കാന്‍ ശ്രമിക്കുകയാണ്. 

പുറത്ത് പൊടുന്നനെ ഞരക്കവും മൂളലും 

രാത്രി സന്ധ്യയെ വിഴുങ്ങുകയാണ് 

ചേക്കേറാന്‍ കൂട് തേടിയലഞ്ഞ കിളികള്‍ മാത്രം 

കരച്ചില്‍ പോലെ ഒരൊച്ച മാത്രം ! 

 

English Summary: Oru Ocha Mathram book written by Sebastian 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com