മരണത്തിന്റെ കുറിപ്പടി മടക്കിക്കൊടുത്ത് ജീവിതത്തിലേക്ക് നടക്കുന്നവര്‍

cancerinte-nal-vazhikal-book
SHARE
ദിവ്യലക്ഷ്മി

കറന്റ് ബുക്‌സ്

വില 65 രൂപ

ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കാന്‍ രോഗങ്ങള്‍ക്കു കഴിയും. താളത്തില്‍ പൊയ്‌ക്കൊണ്ടിരിക്കുന്ന ജീവിതത്തിലേക്ക് രോഗം കടന്നുവരുന്നതോടെ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാതെ പകച്ച് നില്‍ക്കേണ്ടി വരും. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളാണ് പിടിപെടുന്നതെങ്കില്‍ രോഗിയെ മാത്രമല്ല, അയാളുടെ കുടുംബത്തെയും ചുറ്റുമുള്ളവരെയും പോലും അതു ബാധിക്കുകയാണ്. മരണത്തിന്റെ നിഴലിലായിരിക്കും ജീവിതം പിന്നീടങ്ങോട്ട്. ഏതു നേരത്തു വേണമെങ്കിലും കണ്‍മുന്‍പിലുള്ളതെല്ലാം മറഞ്ഞ് ഇരുട്ട് പരക്കാം. അതുവരെ ഊര്‍ജ്വസ്വലരായി നടന്നിരുന്ന, പലരുടെയും ആശ്രയമായിരുന്നവരെ പിന്നീടങ്ങോട്ട് സഹതാപത്തോടെ നോക്കുന്ന സ്ഥിതിവിശേഷം കൈവരും. അമ്മയ്ക്ക് കാന്‍സര്‍ ബാധിച്ചപ്പോള്‍ ജീവിതത്തിലുണ്ടായ മാറ്റത്തിന്റേയും അദ്ഭുത രക്ഷപ്പെടലിന്റെയും അനുഭവമാണ് ദിവ്യലക്ഷ്മി കാന്‍സറിന്റെ നാള്‍ വഴികളിലൂടെ പങ്കുവയ്ക്കുന്നത്. വയറുവേദനയുടെ രൂപത്തില്‍ എത്തിയ കാന്‍സര്‍ ദിവ്യലക്ഷ്മിയുടെ അമ്മയെ കൈപിടിച്ചു കൊണ്ടുപോയത് ദീര്‍ഘനാളത്തെ ആശുപത്രിവാസത്തിലേക്കാണ്. 

കാന്‍സറാണെന്ന് തിരിച്ചറിയുന്ന സമയം ഒരു മനുഷ്യന് ഉണ്ടാകുന്ന ഞെട്ടല്‍ വലുതാണ്.  മരണം കുരുക്കിട്ടു കഴിഞ്ഞു, ഇനി ദിവസം നിശ്ചയിക്കുകയേ വേണ്ടൂ എന്ന ചിന്തയിലായിരിക്കും പലരും. ശാരീരിക വേദനകളേക്കാള്‍ മാനസികമായും വളരെ പെട്ടെന്നു തകര്‍ന്നടിയും. കാന്‍സര്‍ ആണെന്ന് അറിയുന്ന നിമിഷം ജീവിതം അവസാനിച്ചു എന്ന ചിന്ത അലട്ടാന്‍ തുടങ്ങും. ഇത്തരം ചിന്ത മനസ്സിനെ താറുമാറാക്കും. ഇതിന്റെ പരിണിത ഫലം വലുതായിരിക്കും. ചിന്തകളാണ് മനുഷ്യനെ ദുഷിപ്പിക്കുന്നത്. അത് ശാരീരിക പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. മരുന്നുകളൊന്നും ഫലിക്കാതെ വരുന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നു.

കാന്‍സര്‍ ബാധിച്ച ഒരു സ്ത്രീയും അവരുടെ കുടുംബവും കടന്നുപോയ വ്യഥകളുടെ നേര്‍ച്ചിത്രമാണ് കാന്‍സറിന്റെ നാള്‍ വഴികള്‍. ഐസിയുവില്‍ രോഗി മരണത്തോട് മല്ലടിക്കുമ്പോള്‍ അതേ വേദന തന്നെയാണ് പുറത്തു കാത്തു നില്‍ക്കുന്നവര്‍ക്കും അനുഭവിക്കേണ്ടി വരുന്നത്. ദൈവത്തെ വിളിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ലാത്ത നിമിഷങ്ങള്‍. പ്രാര്‍ഥനയിലൂടെ മാത്രം ആശ്വാസം കണ്ടെത്താന്‍ സാധിക്കുന്ന സമയം. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ദൈവത്തെ തിരയാന്‍ തുടങ്ങുന്നതും പലപ്പോഴും കാന്‍സര്‍ വാര്‍ഡിലെത്തുമ്പോഴാണ്. അദൃശ്യമായ ശക്തി തങ്ങളെ രക്ഷിക്കാനെത്തുമെന്ന വിശ്വാസം നല്‍കുന്ന പ്രചോദനം ചെറുതല്ല. 

മരണത്തിന്റെ താഴ്‌വരയിലൂടെ കടന്നുപോകുന്ന രോഗികളുടെ മനസ്സില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വല്ലാത്ത പരിവേഷമുണ്ട്. ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുന്നത് അവര്‍ക്ക് മാത്രമാണെന്ന തോന്നല്‍ ഉടലെടുക്കും. മരുന്നിനൊപ്പം ഇവര്‍ നല്‍കുന്ന മാനസിക പിന്തുണയും ഒരു രോഗിയുടെ അസുഖം ഭേദമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ലേക്‌ഷോര്‍ ആശുപത്രിയില്‍വച്ച് ഡോ. ഗംഗാധരനെ കണ്ടുമുട്ടുമുട്ടുമ്പോഴും ഇതേ അനുഭവമാണ് രോഗിക്കും ബന്ധുക്കള്‍ക്കുമുണ്ടാകുന്നത്.  ഡോക്ടറെ കാണുമ്പോള്‍ത്തന്നെ രോഗത്തിന്റെ തീവ്രത കുറയുന്നുവെന്നും സംശയങ്ങള്‍ ഇല്ലാതാകുന്നുവെന്നും അദ്ദേഹം ഒരു 'മാജിക്' ആണെന്നും എഴുത്തുകാരി പറയുന്നു. 

രോഗബാധിതരായി ആശുപത്രിയിലെത്തുന്ന ഓരോരുത്തര്‍ക്കും ഓരോ കഥ പറയാനുണ്ടാകും. വേദനയുടെ, കഷ്ടപ്പാടിന്റെ ആരുമറിയാത്ത കഥ. ആശുപത്രി മുറികളിലും വാര്‍ഡുകളിലും വരാന്തകളിലും ഇത്തരം നിരവധി കഥകള്‍ നിറഞ്ഞുനില്‍ക്കുന്നു. രണ്ട് വയസ്സുള്ള കുട്ടി മുതല്‍ 80 വയസ്സുള്ള വയോധികന്‍ വരെയുള്ളവരുടെ കഥകള്‍. കാന്‍സര്‍ എങ്ങനെയാണ് ഒരു കുടുംബത്തെ പതിയെ കാര്‍ന്നു തിന്നുന്നതെന്ന് കാന്‍സറിന്റെ നാള്‍വഴികള്‍ വരച്ചുകാണിക്കുന്നു. 

മരണത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയാലും എല്ലാം പഴയപോലെ ആകില്ല. ഓടി നടന്ന വരാന്തകള്‍, വീട്ടുമുറ്റങ്ങള്‍, നടവഴികള്‍ എന്നിവയെല്ലാം പഴയതുപോലെ തന്നെയാണെങ്കിലും രോഗത്തില്‍നിന്നു തിരിച്ചെത്തുന്ന ആള്‍ക്ക് അവയെല്ലാം പുതിയതാകും. ഓടിനടക്കാനോ സ്വച്ഛന്ദം വിഹരിക്കാനോ പിന്നീടൊരിക്കലും സാധിച്ചെന്നു വരില്ല. പലപ്പോഴും പരസഹായവും ആവശ്യമായി വന്നേക്കാം.  എന്നിരുന്നാലും മരണത്തിന്റെ കുറിപ്പടികള്‍ കീറിക്കളഞ്ഞ് വീണ്ടും ജീവിതം തുടരുന്നതുതന്നെ വലിയ അദ്ഭുതമാണ് . കാന്‍സറില്‍നിന്നുള്ള രക്ഷപ്പെടല്‍ പലര്‍ക്കും രണ്ടാം ജന്‍മമാണ്. പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന തുടക്കക്കാരന്റെ മനസ്സാകും രോഗമുക്തി നേടിയ ആള്‍ക്ക്. കാന്‍സര്‍ ബാധിച്ച ഒരാളുടെ ജീവിതം എത്തരത്തിലായിരിക്കുമെന്ന് സുവ്യക്തമായി പറഞ്ഞുപോകുകയാണ് കാന്‍സറിന്റെ നാള്‍ വഴികള്‍ എന്ന പുസ്തകം. ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന പുസ്തകം കാന്‍സര്‍ രോഗത്തിന്റെ ഭയാനക ഭാവം വരച്ചിടുന്നതിനൊപ്പം അതിനെ മറികടക്കുന്നതിന്റെ ആശ്വാസവും പകര്‍ന്നുനല്‍കുന്നു.

English Summary: Cancerinte Nalvazikal book written by Divyalakshmi 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA
;