സന്ധ്യയെ തേടുന്ന കന്യകമാർ, ഗന്ധർവൻമാരെ തേടുന്ന പ്രണയം, കവിതയുടെ നിലാവിൽ മെരാകി

meraki-book
SHARE
ഓതേഴ്സ് പ്രസ്

വില 295

സന്ധ്യയിൽ കന്യകമാർക്കു പുറത്തിറങ്ങാൻ വിലക്കുള്ള കാലം. പ്രണയം തേടി ഗന്ധർവ്വൻമാർ ഊര് ചുറ്റാനിറങ്ങുന്ന സമയമാണത്. ഗന്ധർവൻമാരുടെ കണ്ണിൽപ്പെടുന്നവർക്ക് പിന്നെ മോചനമില്ല. ആജീവനാന്തം പ്രണയത്തിന്റെ തടവറ അവർക്കുള്ളതാണ്. പുരാതനവും കാൽപനികവുമായ ഈ വിശ്വാസം ഇന്നുമുണ്ടായിരുന്നെങ്കിൽ ഒന്നുറപ്പാണ്. സന്ധ്യയ്ക്കുവേണ്ടി കന്യകമാർ കാത്തിരിക്കുമായിരുന്നു. സ്വപ്നത്തിലെ കാമുകനെ തേടി. ആ ആലിംഗനത്തിൽ സകലതും മറക്കാൻ. ആ പ്രണയത്തിൽ അസ്തിത്വത്തിന്റെ എല്ലാം ദുഃഖവും അലിയിക്കാൻ. ആ സ്പർശത്തിൽ ജീവിതത്തിന്റെ സന്തോഷം കണ്ടെത്താൻ. ഗോഡ്സ് ഇൻ ലവ് എന്ന മിനി ബാബുവിന്റെ കവിത ഗന്ധർവകഥയിലൂടെ വർത്തമാനകാലത്തിന് ഒരു പാരഡിയാവുകയാണ്. പ്രണയം നിഷേധിക്കപ്പെടുന്ന, സ്വാതന്ത്ര്യത്തിനു വിലക്കുകൾ നേരിടുന്ന, തടവറകൾക്കുള്ളിൽ ജീവിക്കേണ്ടിവരുന്ന സ്ത്രീകളുടെ സ്വാതന്ത്ര്യഗീതവും. മറ്റൊരു കവിതയിൽ രാത്രിയിലെ ചന്ദ്രനെ സൂര്യനായി കണ്ടു മതിമറിക്കുന്ന സ്ത്രീയെയും കവി അവതരിപ്പിക്കുന്നുണ്ട്. ഇന്നു രാത്രി ചന്ദ്രൻ എനിക്കു സൂര്യനായി പ്രത്യക്ഷപ്പെടും. ജൻമാന്തരങ്ങളായി പ്രണയത്തിലകപ്പെട്ട പെണ്ണിനെപ്പോലെ നിലാവിനെ ധ്യാനിക്കുന്ന സ്ത്രീ. അത്തരം രാത്രികളിൽ ആ സ്ത്രീക്ക് സ്വന്തമായി വ്യക്തിത്വമുണ്ട്. ആദരിക്കപ്പെടുന്നുണ്ട്. സ്വയം ആദരം നേടുന്നുണ്ട്. ജീവിതത്തിന്റെ ഉച്ചവെയിൽ നിലാവായി രൂപാന്തരം പ്രാപിക്കുന്നുണ്ട്. 

‘എത്രയോ മാസങ്ങളായി’ എന്ന അശ്വതി അരവിന്ദാക്ഷന്റെ കവിത പാൻഡമിക് കാലത്തെ ലോക്ഡൗൺ ജീവിതത്തെക്കുറിച്ചാണ്. മരിച്ചുവീണ പാതകളെക്കുറിച്ച്. സ്വന്തം ശരീരം ഉൾപ്പെടെ സ്വന്തമായതിൽ നിന്നെല്ലാം അകലം പാലിക്കേണ്ടിവന്ന കാലത്തിന്റെ ക്രൂരതയെക്കുറിച്ച്. അപ്പോഴും യാദൃഛികമായ ഒരു വൈകുന്നേരം കൽത്തീരത്തു നിൽക്കുമ്പോൾ ഒഴിഞ്ഞുമാറാനാവുന്നില്ല പ്രതീക്ഷയുടെ തണുത്ത തിരയടിയിൽ നിന്ന്. 

ഷഹീൻ നദീം എഴുതുന്നു: 

കാത്തിരിക്കൂ. 

ചിറകുകളിൽ പുതിയ കാറ്റിന്റെ ഊർജവുമായി 

നെടുവീർപ്പുകളുടെ പൊടിയിൽ നിന്ന് അവൾ

ഉയർന്നുവരും. 

മെരാകി ഒരു സാധാരണ കാവ്യ സമാഹാരമല്ല. 7 കവയത്രികളുടെ ഇംഗ്ലിഷ് കവിതകളുടെ അപൂർവ സമാഹാരമാണ്. ഹേമ ആർ.നായർ. മധുമതി രാജമ്മ. മിനി ബാബു. അശ്വതി അരവിന്ദാക്ഷൻ. നസ്നിൻ സുൾഫത്ത് നാസർ. ഷഹീൻ നദീം. ശാലിനി സോമനാഥ്. എഡിറ്റിങ് മിനി ബാബു, അശ്വതി അരവിന്ദാക്ഷൻ. 

മലയാളത്തിൽ ഏറ്റവും കൂടുതൽ എഴുത്തുകാരികൾ തങ്ങളുടെ സൃഷ്ടികൾ പ്രസിദ്ധീകരിച്ചത് ഒരുപക്ഷേ എഴുപതുകളിൽ ആയിരിക്കും. എന്നാൽ, അവരിൽ അപൂർവം പേർ മാത്രമാണ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് എഴുത്തിൽ തുടർന്നത്. വീണു പോയവരുണ്ട്. വീഴ്ത്തപ്പെട്ടവരുണ്ട്. ജീവിതത്തിൽനിന്നു വിരമിച്ചവരുണ്ട്. കാലം മാറിയപ്പോൾ പുതിയ നൂറ്റാണ്ടിൽ വീണു പോകാതെ എഴുതുന്ന പുതിയ എഴുത്തുകാരുടെ സുവർണകാലമാണിത്. പ്രതികൂല സാഹചര്യങ്ങളെപ്പോലും അനുകൂലമാക്കി എഴുത്തിന് ഊർജം കണ്ടെത്തുന്നവർ. ധീരമായി തന്നെത്തന്നെയും സമൂഹത്തെയും നേരിടുന്നവർ. വിലക്കുകളും വിലങ്ങുകളും ഇപ്പോഴുമുണ്ടെങ്കിലും പഴയ മൂർച്ചയില്ല. മുനയില്ല. എങ്കിലും പൂ വിരിച്ച പാതയല്ല എഴുത്തുകാർക്കു മുന്നിലുള്ളത്. പ്രത്യേകിച്ചും ഇംഗ്ലിഷിൽ എഴുതുന്ന മലയാളികൾക്ക്. ഇന്ത്യൻ ഇംഗ്ലിഷ് എഴുത്ത് എന്ന ലേബൽ പോലും ഉപേക്ഷിച്ച് സ്വന്തമായി വ്യക്തിത്വം നേടിയിട്ടുണ്ട് പുതിയകാല എഴുത്തുകാർ. അവരുടെ കവിതകൾ ഒരു പ്രത്യേക രാജ്യത്തെയോ, കാലത്തെയോ, സാഹചര്യത്തെയോ അല്ല അഭിസംബോധന ചെയ്യുന്നത്. മനുഷ്യരാശിയുടെ ഭാഗമാണവർ. ലോകത്തിന്റെ വേർപിരിയാത്ത ജീവിതഖണ്ഡം. ഓരോ വാക്കിലും ആത്മവിശ്വാസം നിറച്ച്, ഓരോ വരിയിലും കവിതയുടെ ജീവൻ പകർന്ന് അവർ എഴുതുന്ന കവിതകൾ കാലത്തെയും ലോകത്തെയും നേരിടുന്നു. എഴുത്തുകാരികൾക്ക് ആയുസ്സ് കുറവായ പഴയ കാലത്തോടുള്ള മധുര പ്രതികാരം കൂടിയാവുന്നു അവരുടെ എഴുത്ത്. 

മെരാകി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു; ജ്വലിക്കുന്ന വാക്കുകളിൽ, കവിതയുടെ കാന്തിയുമായി : 

സ്വപ്നം അകലെയെങ്കിലും

ചങ്ങലകളില്ലാതെ ഞാനവിടെയെത്തും. 

നിലനിൽപിനുവേണ്ടി മാത്രമല്ല എന്റെ പോരാട്ടം

ജീവനോടെ, ഉണർന്നുതന്നെ ഞാൻ നടന്നെത്തും. 

English Summary: Meraki an anthology of poems

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA
;