വസന്തത്തില്‍ മാത്രം പൂവിടാനല്ല ഞാന്‍ വന്നത്! അന്തമറ്റ സുകൃതഹാരങ്ങളുമായി വീണ്ടും ഉപഗുപ്തന്‍

orkkapurangal-kalpatta
SHARE
കല്‍പറ്റ നാരായണന്‍

ഡിസി ബുക്സ്

വില 80 രൂപ

നെടുമോഹ നിദ്രയില്‍ നിന്ന് നൊടിനേരത്തേക്ക് വായനക്കാരെ ഉണര്‍ത്തുന്നവയാണ് കല്‍പറ്റ നാരായണന്റെ കവിതകള്‍. ഇടിനാദം പോലെ, മിന്നല്‍ വെളിച്ചം പോലെ ചിന്താ ലോകത്തെ ഇരുട്ടിനെ തുളച്ചുകയറുന്ന വജ്രസൂചി. അപ്രതീക്ഷിതവും അയഥാസ്ഥിതികവുമായ ചിന്തകള്‍ക്കു കവിതയുടെ പരിവേഷം ചാര്‍ത്തി കല്‍പറ്റ അവതരിപ്പിക്കുന്നു. പാരമ്പര്യ വഴികളില്‍ നിന്നു വ്യത്യസ്തം. ഇനിയും അധികമാരും നടന്നിട്ടില്ലാത്ത വഴി. എന്നാലോ, ഏതു സഹൃദയനും പ്രവേശനമുള്ള ഇടം. 

അവിവാഹിത, വിധവയോടു ചോദിക്കുന്നു: 

ഞാനും നീയും തമ്മിലെന്തു വ്യത്യാസം. 

ഇരുവരും തനിച്ചുറങ്ങുന്നു. 

ഓര്‍മ്മയും പ്രതീക്ഷയും തനിച്ചാണെന്നു വിധവയുടെ മറുപടി. 

ഓര്‍മ്മ പ്രതീക്ഷയുടെ കൈ കയ്യിലെടുത്ത് പതുക്കെ തലോടിക്കൊണ്ടിരുന്നു. 

ആര് ആരെയാണ് ആശ്വസിപ്പിക്കുന്നതെന്ന് 

അറിയാറാവുന്നത് വരെ. 

അറിയാതാവുന്നത് വരെ. 

കുമാരനാശാന്റെ കരുണയെ ഉപജീവിച്ചാണ്, വാസവദത്ത ഉപഗുപ്തനോട് എന്ന കവിത സച്ചിദാനന്ദന്‍ രചിക്കുന്നത്. എനിക്കു നിന്റെ കരുണ വേണ്ടയെന്ന് വാസവദത്ത ഉപഗുപ്തനോട് ആ കവിതയില്‍ പറയുന്നുണ്ട്. നിന്റെ കണ്ണീരഭിഷേകം ഈ മാംസ പിണ്ഡത്തെ ദേവതയാക്കി മാറ്റില്ലെന്നും. 

നിനക്കു കഴിയുമായിരുന്നു എന്റെ ഉടല്‍ വസന്തമായിരുന്നപ്പോള്‍ എന്ന് ക്രൂരമായി ഓര്‍പ്പിക്കുന്നുമുണ്ട്. പൂമ്പൊടി വാരിപ്പൂശി കാറ്റിലുലഞ്ഞു വിളിച്ച കാലവും ഓര്‍മിപ്പിച്ച് വാസവദത്ത പറയുന്നു: എനിക്കാവശ്യം നിന്റെ പ്രണയമായിരുന്നു. 

പുനര്‍വിചാരണയില്‍ കവി വാസവദത്തയെ അഭിമുഖീകരിക്കുന്നു. നിന്റെ മാംസത്തിന്റെ പറ്റുപടിക്കാര്‍ ഇപ്പോഴും ശേഷിക്കുന്നുണ്ടോ എന്ന് ചോദിക്കുന്നു. നിന്റെ ദേഹമിരുന്നിടം അവര്‍ ഇപ്പോഴും ചുറ്റുപ്പറക്കുന്നുണ്ടോ എന്നും. 

വസന്തത്തില്‍ പൂവിടാന്‍ എത്രയോ പേര്‍ വന്നു. അവര്‍ക്ക് കണ്ണും മുലയും ചുണ്ടും കൊടുത്ത് വാസവദത്ത നേടിയത് ആനന്ദമായിരുന്നോ എന്നാണ് കവി ചോദിക്കുന്നത്. ആനന്ദത്തിന്റെയും പ്രണയത്തിന്റെയും 

കാത്തിരിപ്പിന്റെയും പ്രപഞ്ചത്തെ വീണ്ടും വിചാരണയ്ക്ക് വിധേയമാക്കുകയാണ് കല്‍പറ്റ. 

വാസവദത്തയില്‍ നീന്തിത്തുടിച്ചവര്‍ നൊടിനേരത്തെക്കെങ്കിലും ആ സ്ത്രീയെ അവരായി അംഗീകരിച്ചുവോ. അവരാകാന്‍ അനുവദിച്ചോ എന്ന ചോദ്യവും ഉയര്‍ത്തുന്നു. കല്‍പറ്റയുടെ ഉപഗുപ്തന്‍, വസന്തത്തില്‍ പൂവിടാന്‍ വന്ന ആരാധകനല്ല. അവരുടെ മോചനം അവരുടെ മാത്രം മോചനമല്ലെന്ന അവബോധം നേടിയ ഋഷിയാണ്. അതാണ് അയാളുടെ പ്രണയത്തെ വ്യത്യസ്തമാക്കുന്നത്. വാസവദത്തയ്ക്കു വേണ്ടി എരിഞ്ഞ ചിതയുടെ വെളിച്ചത്തെ വ്യത്യസ്തമാക്കുന്നത്. അന്തമറ്റ സുകൃതഹാരങ്ങളെ അന്തരാത്മാവിന് പ്രിയപ്പെട്ടതാക്കുന്നത്. പ്രണയം എന്തെന്ന് മനസ്സിലാക്കാത്ത ശിഷ്യരുടെ പേരില്‍ സച്ചിദാനന്ദന്‍ പരിതപിച്ചപ്പോള്‍, പ്രണയത്തിന്റെ നിറവില്‍ കല്‍പറ്റയുടെ ഉപഗുപ്തന്‍ വരും കാലത്തിനുവേണ്ടി വാസദവത്തയെ വീണ്ടെടുക്കുന്നു. ഉപഗുപ്തനെയും. 

ലോകാവസാനം എന്ന കവിതയ്ക്ക് പ്രവചനത്തിന്റെ സ്വഭാവമുണ്ട്. ഭൂമിയില്‍ അവശേഷിക്കുന്ന പുസ്തകങ്ങളായിരിക്കും പിന്‍വാങ്ങിയ ജീവിയുടെ ജീവിതത്തിന്റെ സങ്കീര്‍ണതകളായി മാറാന്‍ പോകുന്നത്. യുഗങ്ങള്‍ കൊണ്ടേ പുതിയൊരു ജീവിക്ക് അവയൊക്കെ വായിച്ചെടുക്കാന്‍ കഴിയൂ. 

അവനോളം കഠിനമായതിലൂടെ കടന്നുപോവുമ്പോഴേ, അവയ്ക്ക് ആ ജീവിതം സുഗ്രഹമാകൂ. എന്നാല്‍ വായിച്ചുതീരും മുമ്പേ ആ ജീവിയും നാശത്തിന്റെ വക്കിലെത്തും. 

ആര് എന്നു വായിക്കും ഭൂമിയിലെ ജീവിതം സമഗ്രമായി. ആധികാരികതയോടെ. ഒന്നും അവശേഷിപ്പിക്കാതെ? ആര്‍ക്കോ വായിക്കാന്‍ ഇന്ന് കവി എഴുതുകയാണ് ജീവിതത്തിന്റെ കവിത. കവിതയുടെ ജീവചരിത്രം. 

English Summary: Orkkappurangal book written by Kalpatta Narayanan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബിരിയാണി കണ്ടാൽ മനസ് ചാഞ്ചാടും! എനിക്ക് അനുഭവമുണ്ട് | Vijay Babu with Chef Saji Alex | Manorama Online

MORE VIDEOS
FROM ONMANORAMA
;