ADVERTISEMENT

വിജനമായൊരീ 

വഴിയരികത്ത് 

തണല്‍ത്തടാകമായ് 

പടര്‍ന്ന വൃക്ഷമേ 

കുറച്ചു നേരം നിന്‍ 

മടിയില്‍ ഞാനെന്റെ 

ശിരസ്സ് ചായ്ച്ചോട്ടെ, മിഴിയടച്ചോട്ടെ ! 

 

ഭാഷയില്‍ തണല്‍ത്തടാകമായി പടര്‍ന്ന വൃക്ഷമായാണു കാലടിക്കവിതകള്‍ 

മലയാളത്തിന്റെ മനം കവര്‍ന്നത്. തനതായ ഭാവുകത്വവുമായി അസ്തിത്വം നേടിയത്. കുറച്ചു നേരം മാത്രം ആ കവിതയുടെ മടിയില്‍ ശിരസ്സ് ചായ്ച്ചപ്പോഴേക്കും, മിഴിയടച്ചപ്പോഴേക്കും, ഗദ്യ കവിതയുടെ വരണ്ട ഭൂമിയിലെ വിജനമായ കൂട്ടിലേക്ക് കടന്നിരിക്കുന്നു മോഹനകൃഷ്ണന്റെ കവിതകള്‍. ഏറ്റവും പുതിയ സമാഹാരമായ നിറങ്ങളുടെ ക്രമം മാറിപ്പോയൊരു മഴവില്ലില്‍ എത്തുമ്പോള്‍ ഏറെക്കുറെ മിക്ക കവിതകളും ഗദ്യഭാഷയില്‍ അഭയം കണ്ടെത്തുന്നു. ശുദ്ധ കവിതയുടെ തണല്‍ത്തടാകം കൂടുതലായി വറ്റുന്നു. ശിരസ്സ് ചായ്ക്കാന്‍ കാത്തുവച്ച കവിതയുടെ ഒരു വന്‍മരം കൂടി ദുര്‍ബലമായ കൊമ്പായി മാറുന്നു. പ്രകൃതിയിലേക്കും പരിസ്ഥിതിയിലേക്കും മനുഷ്യത്വത്തിലേക്കും നീരുറവ തേടി കുഴിച്ചുപോകുമ്പോഴും, നഷ്ടം കവിതയ്ക്കു തന്നെ എന്നോര്‍മിപ്പിക്കുന്നു മഴയില്ലാത്ത ആകാശത്തെ മഴവില്ലായ ഓരോ കവിതയും. 

 

പഴയ സ്കൂളിന് പുറകില്‍... എന്ന കവിത ഏറ്റവും പുതിയ കാലടിക്കവിതകളിലേക്ക് തുറക്കുന്ന വാതിലാണ്. 

 

ഞങ്ങളുടെ പഴയ സ്കൂളിന് പുറകില്‍ 

വറ്റിപ്പോയൊരു പുഴയാണ്. 

ആ മുറിവിലൊരുനാളിറങ്ങി നടന്നു. 

 

പുഴയുടെ മറുകരയില്‍ മാന്തിത്തീര്‍ന്നൊരു കാട്. നെഞ്ച് ചവിട്ടിക്കടന്നു. കുന്നിന്റെയപ്പുറം കത്തിക്കരിഞ്ഞ കാട്. കനലില്‍ ചവിട്ടാതെ നടന്നു. പെട്ടെന്നു മുന്നില്‍ വന്ന ജീവിക്ക് പുലിയുടെ കണ്ണ്. ചെന്നായ നാക്ക്. പോത്തിന്റെ കൊമ്പ്. പാമ്പിന്റെ പല്ല്. കുതിരക്കുതിപ്പ്. കരടിമുരള്‍ച്ച. ജീവിയുടെ ഗുഹയില്‍ ചിതറിക്കിടന്നതെല്ലാം നഷ്ടസ്മൃതികള്‍. ഓര്‍മയും മറവിയും തിന്നതിന്റെ ബാക്കി. തോട്ടിലൊഴുക്കിക്കളഞ്ഞ പെന്‍സില്‍. ഒളിപ്പിച്ചുവച്ച കണ്ണുനീര്‍ക്കുപ്പി. എഴുതിക്കഴിയാത്ത നോട്ടുപുസ്തകം. കീറിയെറിഞ്ഞ കാലങ്ങള്‍. വീണു മറഞ്ഞ നാണ്യങ്ങള്‍. ഗുഹയില്‍ നിന്നു നോക്കിയാല്‍ കാണാം ദൂരെ സ്കൂള്‍. കരയാതിരുന്നാല്‍ കാതോര്‍ത്തു കേള്‍ക്കാം ചിരിയും കരച്ചിലും ചേര്‍ന്നൊരു പാട്ട്. 

 

കരയാതിരിക്കാന്‍ ആവുന്നില്ലല്ലോ എന്നതാണല്ലോ നമ്മുടെ വിധി. അങ്ങനെ, ആ പാട്ടും നമുക്കു നഷ്ടമാവുന്നല്ലോ. നമുക്കു നാം തന്നെ തീര്‍ത്ത ക്രൂര വിധി. 

 

ഒതുക്കിപ്പറയുന്ന കവിത ഇവിടെ പരത്തിപ്പറയുകയാണ്. സാന്ദ്രമായ കാടിന്റെ മൗനം നാടിന്റെ ബഹളമാവുന്നു. ഇരുത്തിച്ചിന്തിപ്പിക്കുന്ന വാക്കിന്റെ മൗനവും ധ്യാനവും പ്രാര്‍ഥനയും എവിടെയോ നഷ്ടമാകുന്നു. 

ഓര്‍മയില്‍ ഉറപ്പായി കുടിയേറാന്‍ കവിതയ്ക്ക് കരുത്തില്ലാതാകുന്നു. 

 

വഴിയറിയാതെ - 

യലഞ്ഞുനേടിയ 

മുറിവില്‍ തുമ്പികള്‍ 

മധുരം തേടുമ്പോള്‍ 

ഒരു മിടിപ്പിന്റെ 

കനവുമില്ലാതെ 

മനസ്സ് മായ്ച്ചോട്ടെ, 

മറന്ന് മാഞ്ഞോട്ടെ... 

 

English Summary: Nirangalude kremam maripoyoru mazhavillu book written by Mohanakrishnan Kaladi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com