ADVERTISEMENT

എങ്ങനുണ്ടാരുന്നെടാ സിനിമ ? 

നമ്മടെ മച്ചാൻ ഭഗത് ഭാസിൽ തകർത്താടി മോളേ, ഓഹ് സംഭവം തന്നെ. 

ങേ ആര് ? 

ഭഗത് ഭാസിൽ, കഴിഞ്ഞാഴ്ചയല്ലേ തൊണ്ടിമുതൽ ടിവിയിൽ വന്നത്. 

ഓ, ഫഹദ് ഫാസിൽ. 

ഇപ്പോ മനസ്സിലായി വഴിയിൽ കണ്ട പോസ്റ്ററിൽ കാവി മഷി കൊണ്ട് തിരുത്തിയ ‘ഫ’യുടെ അർഥം. 

 

ഭഗത് ഭാസിൽ എന്ന കഥയിലെ പെൺകുട്ടി കാണാൻ ആഗ്രഹിച്ചിരുന്നു ഫഹദ് ഫാസിലിന്റെ സിനിമകൾ. നിശ്ചയം കഴിഞ്ഞ പെണ്ണ്. കല്യാണം കഴിഞ്ഞിട്ടെങ്കിലും ഭർത്താവിന്റെ കൂടെ തിയറ്ററിൽ പോയി കാണാൻ ആഗ്രഹിച്ചിരുന്നു സിനിമകൾ. അങ്ങനെ, തനിക്കു ചുറ്റുമുള്ള സമൂഹത്തിന്റെ ഭാഗമാകാനും സാധാരണ ജീവിതം നയിക്കാനും. എന്നാൽ, അർധപട്ടിണിയും നിത്യദാരിദ്ര്യവുള്ള അവളുടെ ജീവിതം തിയറ്ററിൽ എത്താത്ത സിനിമ പോലെ പെട്ടിയിൽ ഉറങ്ങുന്നതിന്റെ കഥയാണ് സോണിയ റഫീക്ക്  ഭഗത് ഭാസിൽ എന്ന കഥയിൽ പറയുന്നത്. കവിത വായിക്കാതെ കവിത എഴുതി സമ്മാനം വാങ്ങിയ കുട്ടിയുടെ കഥ. ഈ കഥ ഉൾപ്പെടെ 9 പുതിയ കഥകളുടെ സമാഹാരമാണ് ഭഗത് ഭാസിൽ. മുഖ്യധാര മലയാള കഥാ സാഹിത്യത്തിൽ വേറിട്ട ഭാഷയും ഭാവനയും അവതരണവും കൈമുതലായുള്ള കഥാകാരിയുടെ ഏറ്റവും പുതിയ കഥകൾ. 

 

സാധാരണ പശ്ചാത്തലത്തിൽ, പരിചിതരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കഥകൾക്കൊപ്പം തീർത്തും വ്യത്യസ്തമായ ഭൂപ്രദേശങ്ങളും അവതരിപ്പിക്കാറുണ്ട് സോണിയ റഫീക്ക്. സിറിയയും തുർക്കിയും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ഉൾപ്പെടെയുള്ള രാജ്യങ്ങളും അഭയാർഥികളുടെ നിലവിളി മുഴങ്ങുന്ന അതിർത്തികളും 24 എന്ന കഥയിൽ കാണാം. സിറിയയിൽ ജനിച്ചുവളർന്ന നസ്ര എന്ന പെൺകുട്ടിയാണ് കേന്ദ്രകഥാപാത്രം. സ്വപ്നഭൂമിയിലേക്കു പോകാൻ കാത്തിരുന്ന  കുട്ടിക്ക് സുഹൃത്ത് അഭയ വാഗ്ദാനവുമായി എത്തുകയാണ്. പാക്കിസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെ, ഇസ്താംബുളിലെ ആഡംബര വീട്ടിൽ താൽക്കാലിക താമസത്തിനിടെ, നസ്ര കടന്നുപോകുന്ന അനുഭവങ്ങൾ സംഗീത ഉപകരണമായ സിപ്സിയുടെ തുളകളിലൂടെയാണ് സോണിയ എഴുതി മാത്രമല്ല വരച്ചും അവതരിപ്പിക്കുന്നത്. ഭാഗത് ഭാസിൽ എന്ന കഥയിലേപ്പോലെ, ദേശാതിർത്തികൾക്കപ്പുറം നസ്ര എന്ന പെൺകുട്ടിയും നയിക്കപ്പെടുന്നതു ചതിയിലേക്കും വഞ്ചനയിലേക്കും അനിശ്ചിതത്വം നിറഞ്ഞ ഭാവിയിലേക്കുമാണ്. കൈമേറ എന്ന കഥയിൽ, രണ്ടാം വർഷ ബിഎ ലിറ്ററേച്ചർ ക്ലാസ്സിലെ പെൺകുട്ടിയുടെ പ്രണയ ജീവിതത്തിന്റെ വ്യത്യസ്തമായ പര്യവസാനം വായനക്കാരെ ഞെട്ടിക്കുന്നു. സാഹിത്യത്തിനൊപ്പം ശാസ്ത്രത്തിലുള്ള അറിവാണു കഥാകാരിയെ പലപ്പോഴും വ്യത്യസ്തയാക്കുന്നത്. സാധാരണ കഥാകൃത്തുക്കൾ തൊടാൻ മടിക്കുന്ന വിഷയങ്ങൾ വിചിത്രമെന്നു തോന്നാവുന്ന ആഖ്യാനശൈലിയിൽ എഴുതിയ കഥകളുമുണ്ട്. സാധാരണ കഥകളിൽപ്പോലും അസാധാരണ അന്ത്യങ്ങൾ കഥാകാരി കാത്തുവയ്ക്കുന്നുണ്ട്. പെൺകുട്ടികൾ മാത്രമല്ല, പുരുഷൻമാരും പ്രധാന കഥാപാത്രമായി വരുന്ന കഥകളുണ്ട്. കാളിദാസൻ മികച്ച ഉദാഹരണം. 

സോണിയയുടെ കഥകൾ അനായാസ വായനയ്ക്കുള്ളതല്ല. വൈകാരികമെന്നതിനേക്കാൾ ബുദ്ധിപരമായാണ് കഥകൾ വായനക്കാരോടു സംവദിക്കാൻ ശ്രമിക്കുന്നത്. അലസ വായനയ്ക്കുള്ള വിഭവങ്ങളല്ലാത്ത കഥപരിസരമാണു മിക്ക കഥകളിലും. ശ്രദ്ധയോടെ, ഗൗരവത്തോടെ വായിക്കേണ്ട കഥകൾ. 

ആഖ്യാനവും ഘടനയും നിരന്തരം പരീക്ഷണങ്ങൾക്കു വിധേയമാക്കുന്നതിനാൽ, എന്നും പുതുമയുണ്ട് സോണിയയുടെ കഥകൾക്ക്. അപരിചിതമായ ഭൂപ്രദേശത്തേക്കുള്ള ക്ഷണമാണു മിക്ക കഥകളും. കണ്ടുപഴകിയ മുഖങ്ങൾ ഇവിടെയില്ല. വായിച്ചു പരിചയമായ സ്ഥലങ്ങളും ഇല്ല. കണ്ടുമുട്ടുന്ന മുഖങ്ങൾ ദൈനം ദിന കാഴ്ചയിൽ കാണുന്നവരുമല്ല. ഭാഷയിലെ വ്യത്യസതത ഭാവനയിലും നിലനിർത്തുന്നുമുണ്ട്. 

 

മയങ്ങുന്ന ബുദ്ധൻ എന്ന കഥയിൽ 20 വർഷത്തിനുശേഷം കഥ കണ്ടെടുത്ത് വീണ്ടും എഴുത്തിൽ സജീവമായ എഴുത്തുകാരിയും അവരുടെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുന്നയാളും തമ്മിലുള്ള ഒരു സംഭാഷണമുണ്ട്. 

ഇപ്പോ, എഴുതുന്ന കഥ ഏതാ ചേച്ചി ? 

ഇതൊരു പെണ്ണിന്റേം ചെക്കന്റേം കുറച്ചു സുന്ദര നിമിഷങ്ങൾ 

ചേച്ചിയുടെ എന്തെങ്കിലും അനുഭവം ? 

എനിക്കുണ്ടായതു മാത്രമേ എനിക്കെഴുതാൻ പാടുള്ളോ ? അങ്ങനൊന്നുമില്ല. അനുഭവിച്ചവന്റെ ചെരുപ്പണിഞ്ഞ് നടക്കാൻ പഠിച്ചാപ്പോരെ. അതിന് ഒരൽപം മനുഷ്യത്വം മതി. പിന്നെ അൽപം ഭാവന. ഇത്തിരി ഭ്രാന്ത്. 

 

Content Summary: Bhagat Bhasil book written by Sonia Rafeek

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com