സ്വയമുരുകുന്ന, അരുവിയായൊഴുകുന്ന ഉന്മാദരാഗം

literature-channel-bakker-methala-book-review-article-image-vertical-image
SHARE
ബക്കർമേത്തല

പ്രിന്റ് ഹൗസ് പബ്ലിക്കേഷൻസ്

വില 150 രൂപ

പൂർണ്ണതയിലെത്തലാണ് പ്രണയം. മറ്റൊരാഗ്രഹവുമില്ലാതെയുള്ള സ്വയം ഉരുകൽ, അഥവാ അരുവിയായി ഒഴുകൽ. പ്രണയത്തിന്റെ ആത്മീയഭാവത്തെ മേൽപറഞ്ഞ രീതിയിൽ വാഴ്ത്തിപ്പാടിയ കവിയാണ് ഖലീൽ ജിബ്രാൻ. മലയാള കവിതയിലും പ്രണയത്തിന്റെ ഉന്മാദലഹരി കത്തിപ്പടർന്ന കാലഘട്ടമുണ്ടായിരുന്നു. പ്രണയവും പ്രണയദുരന്തങ്ങളും കവിതയുടെ പ്രമേയപരിസരത്ത് നിലയുറപ്പിച്ച കാലം. കാൽപനികതയുടെ പിൻവാങ്ങലോടെ അത്തരം ഭാവാത്മകതയ്ക്ക് തിരശ്ശീല വീണു. ആധുനികതയുടെ വിചാരലോകവും അനുഭവപരിസരവും പ്രണയത്തെ സർഗപരമായ പുനർനിർമ്മിതിക്ക് വിധേയമാക്കി. ‘സ്നേഹമാണഖിലസാരമൂഴിയിൽ’ (കുമാരനാശാൻ) എന്ന് വാഴ്ത്തിപ്പാടിയ കാൽപനികലോകത്തുനിന്ന് ‘കൊമ്പുചുവന്നോരറവുമൃഗങ്ങൾക്കു പിമ്പേനടക്കുമ്പൊഴും നമ്മെ ബന്ധിപ്പതെന്താഭിചാരം, പ്രണയമോ പാപമോ? ( ബാലചന്ദ്രൻ ചുള്ളിക്കാട്) എന്ന സന്ദേഹത്തിലേക്ക് ആധുനികലോകത്തെ പ്രണയാനുഭവം എത്തിച്ചേർന്നു.

ഭാവാത്മകമായ ഇത്തരം ഉടച്ചുവാർക്കലുകൾ അരങ്ങേറപ്പെടുന്ന സാഹചര്യത്തിൽ  പ്രണയത്തിനായി സമർപ്പിക്കപ്പെട്ട കാവ്യസമാഹാരമാണ് ബക്കർമേത്തലയുടെ ‘പ്രണയത്തിന്റെ ഉന്മത്തഗീതങ്ങൾ’. പ്രണയത്തിന്റെ വൈകാരികതയും ആത്മസമർപ്പണവും അപനിർമ്മിതിയെ നേരിടുമ്പോഴും ഈ ആത്മഭാവത്തെ സമകാലത്തോട് ചേർത്തുവെക്കാൻ വ്യഗ്രതപ്പെടുന്ന കവിയെ ഈ പുസ്തകത്തിൽകാണാം. അക്ഷരാർത്ഥത്തിൽ വായനക്കാരെ ഉന്മത്തരാക്കുന്ന ഭാവാത്മകത ഓരോ കവിതയിലുമുണ്ട്. ആയതിനാൽ സമകാല കവിതയിൽ സവിശേഷസ്ഥാനം പിടിച്ചുപറ്റാനുള്ള അർഹത ഈ കവിതാസമാഹാരത്തിനുണ്ട്. 

“എത്ര ഉപേക്ഷിച്ചിട്ടും 

കൂടെപ്പോരുന്നു

നിന്റെ കണ്ണുകളിലെ നീലസമുദ്രം

ആർത്തലച്ചുകൊണ്ട്

എന്റെ പിന്നാലെ” എന്ന് വായിക്കപ്പെടുമ്പോൾ പ്രണയത്തിന്റെ ശക്തി വായനക്കാരെ കീഴ്പ്പെടുത്തുകതന്നെ ചെയ്യും. കുറുകിയ വാക്കുകളാൽ ആശയസംവേദനം ചെയ്യുവാനുള്ള കവിയുടെ സാമർത്ഥ്യം എടുത്തുപറയേണ്ടതുണ്ട്. വിസ്താരദോഷത്താൽ മനംമടുപ്പിക്കുന്ന ആഖ്യാനദോഷം ഈ കവിതകളിൽ ഇല്ലെന്നുതന്നെ പറയാം. അത്രമേൽ സൂക്ഷ്മവും ഘനീഭൂതവുമായ ശിൽപകൗശലം ബക്കറിന്റെ പ്രണയകവിതകളെ ആസ്വാദ്യകരമാക്കുന്നു.

കാൽപനികകാലത്തെ വെല്ലുന്ന തീക്ഷ്ണമായ പരികൽപനകളാണ് കവി വിഭാവനം ചെയ്യുന്നത്. വൈകാരികത ഭാവതീക്ഷ്ണതയായും ആശയസമ്പന്നത സുതാര്യതയായും ഈ കവിതകളെ അലങ്കരിക്കുന്നു. പ്രണയത്തെ തീവണ്ടിയായി സങ്കൽപിക്കുമ്പോൾ അതിലെ എല്ലാ ബോഗികളിലും ‘നീയും ഞാനു’മെന്ന രണ്ടേരണ്ടു യാത്രക്കാർ മാത്രം! പ്രണയത്തിന്റെ റെയിൽവേ സ്റ്റേഷനിൽനിന്നു പുറപ്പെടുന്ന വണ്ടി ചെന്നു നിൽക്കുന്നതോ പ്രണയത്തിന്റെ മറ്റൊരു റെയിൽവേ സ്റ്റേഷനിൽ! പ്രണയവിരുദ്ധരുടെ രാജ്യംവിട്ട് ഹൃദയചിഹ്നത്തിന്റെ ആകൃതിയുള്ള രാജ്യത്ത് പൗരത്വം തേടുന്ന കമിതാക്കളെ നാം കണ്ടുമുട്ടുന്നു. 

വൃക്ഷങ്ങളിലെ ഫലങ്ങളെ മധുരിപ്പിക്കാൻ മാസ്മരികതയുള്ള പ്രണയം മനുഷ്യരെ അന്യോന്യം ആഹൂതി ചെയ്യാനും പ്രേരിപ്പിക്കുന്നു. ജന്മങ്ങളിൽനിന്ന് ജന്മങ്ങളിലേക്ക് പ്രസരിച്ച് അത് മരണത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. പകരുന്ന പാത്രം ലോഹമെങ്കിൽ അതുപോലും ഉരുക്കുന്ന ലാവയായി പ്രണയം രൂപാന്തരപ്പെടുമെന്ന് കവി സ്ഥാപിക്കുന്നു. പ്രണയത്തിന്റെ സ്വർഗീയാനുഭവത്തെ കൽപനാ വിസ്മയത്തിലൂടെ സ്ഫുടീകരിക്കുവാനാണ് ശ്രമം. അതുവഴി സ്നേഹരഹിതമായി വരണ്ടുണങ്ങുന്ന സമകാലത്തിന്റെ മരുഭൂവിലേക്ക് കുളിർമഴ പെയ്യിക്കുവാൻ കവി ആഗ്രഹിക്കുന്നു. 

‘എന്റെ സ്വപ്നത്തിന് നിന്റെ പേരിടുന്നതാണ്’ യഥാർത്ഥ സ്നേഹം എന്ന് കവി കരുതുന്നു. ‘കിനാവുകളുടെ പുഴകളെല്ലാം നീയെന്ന കടലിലേക്ക്’ ഒഴുകിപ്പോകുന്നതായി സങ്കൽപിക്കപ്പെടുമ്പോൾ പ്രണയത്തിന്റെ ത്യാഗതീക്ഷ്ണത വ്യക്തമാകുന്നു. എന്നിൽനിന്ന് നിന്നിലേക്കുള്ള ഒരിക്കലും അടയാത്ത വഴിയാണ് പ്രണയമെന്ന് നിർവചിക്കപ്പെടുമ്പോൾ കാവ്യഭാവന വായനക്കാരുടെ ഹൃദയത്തിലും കൂടുവയ്ക്കുന്നു. ഓരോ പേജിലും രണ്ടും മൂന്നും കവിതകൾ കൊടുത്തിട്ടുണ്ട്. ‘ഒരു പ്രണയപെയ്ത്ത്’ എന്നാണ് രാധിക സി. നായരുടെ അവതാരികയുടെ ശീർഷകം. 

ഉത്തരാധുനികതയുടെ ബഹുസ്വരതകളിൽനിന്ന് വേറിട്ടൊരു ഭാവുകത്വം ബക്കറിന്റെ കവിതകളിൽ പ്രതിഫലിക്കുന്നു. ചിതറിത്തെറിക്കാത്ത ഭാവസമ്പുഷ്ടതയിലേക്ക് ഈ കവിതകൾ വായനക്കാരെ വലിച്ചടുപ്പിക്കുന്നു. കൽപനയാൽ മത്തുപിടിപ്പിക്കുന്നു. മാംസനിബദ്ധമല്ലാത്ത പ്രണയത്തെ തിരസ്കരിക്കുന്ന പുതുകാലത്തിന്റെ പാപബോധത്തെ പ്രച്ഛന്നമായി വിചാരണ ചെയ്യുന്നു. കാലത്തിനും ദേശത്തിനും വർഗത്തിനും അതീതമായ സ്നേഹത്തിന്റെ നിഷ്കളങ്കതയെ പുനർനിർമ്മിക്കുന്നു.

Content Summary: Pranayathinte unmatha geethangal book written by Bakkar Methala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;