മറക്കരുത് ഈ ചരിത്രം, നമ്മുടെ വീരപോരാളികളെയും

saving-the-world-from-hitler-book
SHARE
ആർ. പ്രസന്നൻ

മനോരമ ബുക്സ്

വില 200 രൂപ

രണ്ടാം ലോക യുദ്ധം തുടങ്ങുന്നത് ഇന്ത്യയുടെ ഒരു മുൻ ഭരണാധികാരി പുറപ്പെടുവിച്ച അന്ത്യശാസനത്തോടെയാണ്. ലോക യുദ്ധം അവസാനിച്ചുകൊണ്ടുള്ള കീഴടങ്ങൽ രേഖ സ്വീകരിച്ചത് പിന്നീട് ഇന്ത്യയെ ഭരിക്കാൻ നിയോഗിക്കപ്പെട്ടയാളും. അതേ, തുടക്കം മുതൽ അവസാനം വരെ രണ്ടാം ലോക യുദ്ധം, നേരിട്ടു പങ്കെടുത്ത മറ്റേതൊരു ജനതയുടേത് എന്നപോലെ അക്ഷരാർഥത്തിൽ ഇന്ത്യയുടെ യുദ്ധം കൂടിയായിരുന്നു.                       

സ്ഫോടനാത്മകമായ ഈ വെളിപ്പെടുത്തലോടെയാണ് ആർ. പ്രസന്നന്റെ ചരിത്ര പുസ്തകം തുടങ്ങുന്നത് - സേവിങ് ദ് വേൾഡ് ഫ്രം ഹിറ്റ്ലർ. തുടക്കത്തിലെ വരികളുടെ ശക്തിയും വിവരങ്ങളുടെ ആധികാരികതയും സമഗ്രതയും അവസാന വരി വരെ നിലനിർത്തുന്നു എന്നതാണ് പുസ്തകത്തിന്റെ പ്രത്യേക. പറഞ്ഞതും കേട്ടതും വായിച്ചതും അറിഞ്ഞതും പഠിച്ചതുമായ ചരിത്രത്തിന്റെ പുനർവായനയല്ല പ്രസന്നൻ നടത്തുന്നത്. ഏഴു പതിറ്റാണ്ടു മുൻപു നടന്ന യുദ്ധത്തിലെ അറിയപ്പെടാത്ത അധ്യായം എഴുതുകയാണ്. കാലം കാത്തിരുന്ന കാവ്യനീതി കൂടിയാണിത്. യുദ്ധത്തിൽ പങ്കെടുത്ത് ജീവൻ നഷ്ടമായ, മുറിവേറ്റ, അംഗവിഹീനരാക്കപ്പെട്ട, ജീവിതകാലം മുഴുവൻ വേദനകൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർക്കു വൈകിക്കിട്ടുന്ന നീതി. എത്രകാലം മൂടിവച്ചാലും സത്യം ഒരിക്കൽ പുറത്തു വരുമെന്ന പ്രഖ്യാപനം. 

രണ്ടാം ലോക യുദ്ധം തുടങ്ങുമ്പോൾ ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണാധികാരിയായിരുന്ന ലിൻലിത്ത്ഗോ രാജ്യത്തിന്റെ അഭിപ്രായമോ സമ്മതമോ ചോദിക്കാതെയാണ് ഇന്ത്യയും യുദ്ധത്തിൽ പങ്കെടുക്കുന്നു എന്നു പ്രഖ്യാപിക്കുന്നത്. അപ്പോഴും ഇന്ത്യ ചോദിച്ചത് ഒന്നുമാത്രം: സ്വയം ഭരണം. ഇന്ത്യൻ നേതാക്കളെ  ലിൻലിത്ത്ഗോ വിശ്വാസത്തിലെടുത്തില്ല. ഇന്ത്യയ്ക്ക് സ്വയംഭരണം നൽകണമെന്ന് ലണ്ടനിലെ സാമ്രാജ്യത്വ ശക്തിയോട് ഉപദേശിക്കാനുള്ള വിവേചന ബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പകരം, ജർമനിക്കെതിരെ ബ്രിട്ടൻ യുദ്ധം തുടങ്ങി മണിക്കൂറുകൾക്കകം ഇന്ത്യയും യുദ്ധത്തിൽ പങ്കെടുക്കുന്നു എന്നു പ്രഖ്യാപിക്കുകയായിരുന്നു.  ബ്രിട്ടനുമായി വിലപേശാനുള്ള സമയമല്ല ഇപ്പോൾ എന്നാണു യുദ്ധ പ്രഖ്യാപനത്തെക്കുറിച്ച് നെഹ്റു പറഞ്ഞത്. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച സുഭാഷ് ചന്ദ്ര ബോസ് യുദ്ധം ഇന്ത്യയ്ക്കു മുന്നിൽ തുറന്നിട്ട അവസരത്തെക്കുറിച്ചാണു പറഞ്ഞത്. ബ്രിട്ടൻ ലക്ഷ്യം വ്യക്തമാക്കിയതിനുശേഷം നയം വ്യക്തമാക്കാമെന്നു ഗാന്ധിജിയും അഭിപ്രായപ്പെട്ടു. എന്നാൽ, ഇന്ത്യയിൽ നൂറു കണക്കിനു പേർ അപ്പോൾ സൈന്യത്തിന്റെ ഭാഗമാകാൻ മുന്നോട്ടുവരികയായിരുന്നു. ആർക്കും തടയാൻ കഴിഞ്ഞില്ല ആ മുന്നേറ്റം. 1,60,000 പേരായിരുന്നു അന്ന് ഇന്ത്യൻ സൈന്യത്തിന്റെ അംഗബലം. അതിൽത്തന്നെ 16,000 പേർ ബ്രിട്ടിഷ് ഓഫിസർമാർ ഉൾപ്പെടെയുള്ളവർ. 

72,000 പേർ നാട്ടുരാജ്യങ്ങളിൽ നിന്നുള്ളവരും. എന്നാൽ, ലോകം കണ്ട ഏറ്റവും ഭീകരമായ യുദ്ധത്തിൽ നിർണായക പങ്കു വഹിച്ചത് ഇന്ത്യൻ സൈന്യമാണെന്ന് കണക്കുകൾ സഹിതം സ്ഥാപിക്കുന്നു പ്രസന്നൻ. ബ്രിട്ടിഷ് ഭരണാധികാരികൾ ഉൾപ്പെടെയുള്ളവർ പ്രശംസിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ സൈന്യത്തിന്റെ രണ്ടാം ലോക യുദ്ധത്തിലെ സേവനം വേണ്ടപോലെ രേഖപ്പെടുത്തപ്പെട്ടില്ല. ഉയർന്ന സൈനിക പുരസ്കാരങ്ങൾക്ക് പലരും അർഹരായിട്ടുണ്ട്. എന്നാൽ, പ്രതികൂല സാഹചര്യത്തിൽ അവർ പ്രകടിപ്പിച്ച ധൈര്യം, സമർപ്പണം, സാഹസികത എന്നിവയൊക്കെ സുവർണ ലിപികളിൽ എഴുതേണ്ടതാണ്. സൈനിക രംഗത്തുമാത്രമായിരുന്നില്ല ഇന്ത്യൻ സഹകരണം. അക്കാലത്ത് ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ഒട്ടേറെ വ്യവസായ ശാലകളും സ്ഥാപനങ്ങളും യുദ്ധ മുഖത്തു സഹായവും സേവനവും എത്തിക്കാൻ വേണ്ടിയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടിട്ടും, ലോക യുദ്ധത്തിൽ ആത്യന്തിക വിജയം ഉറപ്പാക്കിയത് ഇന്ത്യ. 

ലോക യുദ്ധത്തിന്റെ എല്ലാ മേഖലകളിലും ഇന്ത്യൻ സാന്നിധ്യമുണ്ടായിരുന്നു. ആഫ്രിക്കയിൽ. ഇറാഖിൽ. ഇറാനിൽ. ജപ്പാനെതിരെ അവർ മുന്നണിപ്പോരാളികളായി. മാതൃരാജ്യത്തിന്റെ കിഴക്കൻ അതിർത്തിയിൽ അവർ മഹാമേരു പോലെ നിറഞ്ഞുനിന്നു പോരാടി. യുദ്ധം ബ്രിട്ടൻ അംഗമായ ശക്തികൾക്ക് അനുകൂലമാക്കാൻ. നൂറ്റാണ്ടിന്റെ സമര വീര്യത്തിനൊടുവിൽ സ്വയം ഭരണം എന്ന ലക്ഷ്യം യാഥാർഥ്യമാക്കാനും. ലോക യുദ്ധത്തിലെ ഇന്ത്യൻ സാന്നിധ്യത്തിന്റെ ചരിത്രം പറയുമ്പോൾ തന്നെ ഒട്ടേറെ രസകരമായ വിവരങ്ങളും പുസ്തകം പങ്കുവയ്ക്കുന്നുണ്ട്. ഗാന്ധിജിയുമായി കരാറൊപ്പിട്ട ഇർവിൻ പ്രഭുവിന് ഒരു കൈ ഇല്ലായിരുന്നു എന്നതുൾപ്പെടെ. യുദ്ധഭൂമിയിലിരുന്നും കവിത രചിച്ച വേവൽ പ്രഭുവിനെ എങ്ങനെ മറക്കാൻ. ഒപ്പം ഹിറ്റ്ലർ, മുസ്സോളിനി ഉൾപ്പെടെയുള്ളവരുടെ ഗംഭീര ചിത്രങ്ങളും രേഖാചിത്രങ്ങളും. 

സ്ഥിതി വിവരക്കണക്കുകളും ആധികാരിക വിവരങ്ങളുമാണ് പുസ്തകത്തിന്റെ കരുത്ത്. തെളിയിക്കപ്പെട്ട രേഖകളുടെ കരുത്തില്ലാതെ ഒരു വരി പോലും പ്രസന്നൻ എഴുതുന്നില്ല. എന്നാൽ, ആവേശകരമായ കഥ പോലെ വായിക്കാമെന്നതാണ് പുസ്തകത്തിന്റെ പ്രത്യേകത.                    

ഇന്നും ഓരോ ഇന്ത്യക്കാരന്റെയും ആത്മാഭിമാനം ഉണർത്താൻ, രാജ്യത്തിന്റെ വിശ്വസ്തരായ ഭടൻമാരാണ് ഓരോരുത്തരും എന്ന് ഓർമിപ്പിക്കാൻ കഴിയുന്നുമുണ്ട്. വായിക്കുക മാത്രമല്ല, പുതു തലമുറയ്ക്കും പറഞ്ഞുകൊടുക്കേണ്ട ചരിത്രപാഠമാണിത്. ചരിത്രത്തിൽ നിന്നു കണ്ടെടുത്ത അമൂല്യ നിധി. ഓരോ ഭാരതീയനും വേണ്ടി. ലോകത്തിനു വേണ്ടി. ഏകാധിപത്യത്തിനും സാമ്രാജ്യത്തിനും എതിരെ ജനാധിപത്യത്തിനും സ്വയം ഭരണത്തിനും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിനും വേണ്ടി. 

Content Summary: Saving the World from Hitler book by R. Prasannan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA
;