ഒലീവിൻ ചില്ലയുമായി വരുന്നത് കഴുകനോ ? കറുത്ത കാലത്തിന്റെ വെളുത്ത കവിതകൾ

illa-varillini-book
SHARE
സച്ചിദാനന്ദൻ

ഡിസി ബുക്സ്

വില 199 രൂപ

ഊർധ്വൻ വലിക്കുന്ന ജനാധിപത്യത്തിനും ശാസ്ത്രത്തിനു പിടികൊടുക്കാത്ത മഹാമാരിക്കുമിടെ ആശങ്കയിലായ നിലനിൽപിന്റെ കവിതകളാണ് സച്ചിദാനന്ദന്റെ പുതിയ സമാഹാരത്തിൽ. മറ്റേതു കാലത്തേക്കാളും കൂടുതലായി മരണത്തിന്റെ സാന്നിധ്യം അറിഞ്ഞ ദിനങ്ങളിൽ, തിരക്കിട്ട് താൻ ജോലികൾ പൂർത്തിയാക്കുകയാണെന്ന് കവി പറയുന്നു. പിംഗളകേശിനിയായ മൃത്യുവിന്റെ ഉഛ്വാസം പിൻകഴുത്തിൽ അറിയുമ്പോൾ, ഏതു പുസ്തകവും അവസാനത്തെ പുസ്തകമാകാമെന്ന തിരിച്ചറിവുണ്ടാകുന്നു. നിസ്സംഗനും നിർഭയനുമായി ക്രൂര കാലത്തെ നേരിടുകയാണു കവി; അക്ഷരങ്ങൾ ആയുധമാക്കി. 

ജനാധിപത്യം നേരിടുന്ന അപകടഭീഷണിക്കൊപ്പം മതേതരത്വം നേരിടുന്ന വെല്ലുവിളികളുമുണ്ട്. നഷ്ടപ്പെടുന്ന സഹിഷ്ണുത. ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുകയും ഭരണഘടന വെല്ലുവിളിക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിൽ രാഷ്ട്രീയ കവിയാകുക എന്നതു നിയോഗമാണെന്നും സച്ചിദാനന്ദൻ തിരിച്ചറിയുന്നു. രാമനെ കേന്ദ്രകഥാപാത്രമാക്കുന്ന കവിതകളിലൂടെയാണ് ഈ ആശങ്കകൾ കവി ആവിഷ്കരിക്കുന്നത്. ഏതു രാമനു ജയ പാടണം എന്ന ചോദ്യത്തിൽ ഇതു വ്യക്തം. ആയുധം വെടിഞ്ഞ, കബീറിന്റെയും മഹാത്മാവിന്റെയും രാമനു ജയ പാടണമെന്നാണു കവി ആഗ്രഹിക്കുന്നത്. മിശിഹായും അള്ളായുമായുള്ള രാമനെ. 1973 മുതൽ രാമനെ കേന്ദ്രത്തിൽ നിർത്തി താൻ എഴുതിയ കവിതാപരമ്പരയിലെ അവസാന കവിതയും ഈ സമാഹാരത്തിലുണ്ട്; കലാശം എന്ന പേരിൽ. സീതയുടെ കണ്ണുകൾ പോലെ നീലയായ സരയുവിന്റെ കുളിരിലേക്ക് ഇറങ്ങിച്ചെല്ലുന്ന രാമനാണ് കലാശത്തിൽ. പശ്ചാത്താപ ഗ്രസ്തനായ, വെറും മനുഷ്യനായ രാമനെ ഓളക്കയ്യുകൾ നീട്ടി സ്വീകരിക്കുകയാണ് സരയു. 

ഹേ, കഴുകുക കല്ലോലിനീ, സരസ്വതീ, 

നീയെന്റെ പരരക്താമഗ്നമാമുടലാകെ !

ആറ്റുക നിൻ നീരിനാലെൻ തപ്ത ഹൃദന്തരം 

എത്തുക പ്രളയമായ് യാഗാഗ്നി കെടുത്തുവാൻ. 

രാമനെ ആഴത്തിലേക്കു നയിക്കുന്നത് ആരുടെ വിരലുകളാണെന്നു കവി ചോദിക്കുന്നു. പ്രേമം. വിഷാദം. ഭൂമി തൻ വാത്സല്യം. ജലത്തിന്നാഹ്ലാദം. ഭൂതത്തിൻ മരണം. അതോ, ഭാവി തൻ ജനനമോ. ഉത്തരം പറയേണ്ടത് കാലമാണ്. രാമനു ജയ പാടുന്ന കാലം. 

ലോക്ഡൗൺ വന്നപ്പോൾ വണ്ടികാത്തുനിന്നും നടന്നും മരിച്ചുവീണ കുടിയേറ്റതൊഴിലാളികളുടെ ദുരിതത്തിനൊപ്പം കർഷക സമരത്തിന്റെ തീക്ഷ്ണ ചിത്രങ്ങളും പല കവിതകളിലും ആവർത്തിക്കുന്നു. 

കൊള്ള ചെയ്യുന്ന കയ്യുകൾക്കാവില്ല

കണ്ണുനീരിന്റെ യുദ്ധം ജയിക്കുവാൻ 

കൊല്ലുമായുധങ്ങൾക്കു കഴിയില്ല 

മണ്ണു പച്ചയാക്കുന്നോരെ വെല്ലുവാൻ

സുഗതകുമാരിക്കുവേണ്ടി ആദ്യം സച്ചിദാനന്ദൻ കവിതയെഴുതുന്നതു പതിറ്റാണ്ടുകൾക്കു മുൻപാണ്. തന്റെ വാക്കുകൾ നിഷ്ഫലമാകുന്നുവനെന്ന ചിന്തയിൽ നിരാശയായി, ഇനി താൻ കവിതയെഴുതുന്നില്ലെന്ന് കവയത്രി പ്രഖ്യാപിച്ചപ്പോഴായിരുന്നു ആദ്യത്തെ ഇടപെടൽ. കൈ പിടിക്കുക, സോദരീ, സോദരീ എന്ന വരിയിൽ തുടങ്ങിയ കവിത കവയത്രിയെ കവിതയുടെ ശാദ്വലഭൂമിയിലേക്കു തിരിച്ചുകൊണ്ടുവരാൻവേണ്ടിയായിരുന്നു. ഇപ്പോഴിതാ, ഇനി ഒരിക്കലും അവർ തിരിച്ചുവരില്ലെന്ന് കവി അറിയുന്നു. കവിതയിലേക്കും ജീവിതത്തിലേക്കും. അനാഥരുടെ കൂരിരുട്ടിൽ സ്നേഹനിലാവായി ഉദിച്ചുനിന്ന സുഗതകുമാരി. കവിതയുടെ ചിരാതിനാൽ ആദിവാസിയുടെ മൺകുടിൽ കൊട്ടാരമാക്കിയ കവിയത്രി. മരുഭൂവിൽ നെല്ലിപ്പൂ വിടർത്തിയ, കടൽക്കോളിലും കൂസാതെ പോരാട്ടം നയിച്ച മണ്ണിന്റെയും മനുഷ്യന്റെയും കവി. മലയാളം എന്നും ഓർമിക്കുന്ന സുഗതകുമാരിയുടെ ചിതാഭസ്മത്തിൽ നിന്ന് മുളപൊട്ടുന്ന അരയാലും ആലിലകൾക്കു കീഴെ തപസ്സിരിക്കുന്ന തഥാഗതനെയും സ്വപ്നം കാണുകയാണ് സച്ചിദാനന്ദൻ. 

നീ, വനദുർഗ്ഗ, നിശാചരിയാം മഴ

യ്ക്കോമന, സഹ്യന്നു കാവലാം പാർവ്വതി.

പോവുകൊടുവിൽ നീ സ്വസ്ഥയായ്, നോവുകൾ

ഭൂമിയിൽ വിട്ടു, യുഗാസ്തമയത്തിന്റെ 

താരകേ, ഭാവി നീ പേറു,ന്നെനിക്കിന്നു

പോരുമൊരു നുള്ളു നിൻ ഭസ്മ,യായതിൽ 

ഞാനൊരാൽത്തൈ നടാം, നാളെയതിൻ കീഴെ

യാഗമിച്ചാലോ പുതിയ തഥാഗതൻ !

സമാഹാരത്തിന്റെ രണ്ടാം ഭാഗത്തിൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പരിഭാഷകളുമുണ്ട്. സംഘർഷഭരിതമായ കാലത്തെ ലോക കവികൾ പ്രതിഫലിപ്പിക്കുന്ന കവിതകൾ. ഒപ്പം പാബ്ലോ നെരൂദ വിവർത്തനവും. 

ഇല്ല, വരില്ലിനി

സച്ചിദാനന്ദൻ 

ഡിസി ബുക്സ് 

വില 199

Content Summary: Illa Varillini book by Satchidanandan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA