ADVERTISEMENT

വര്‍ഷം 1848. കോട്ടയത്തിനടുത്ത് പള്ളത്തെ വീട്ടില്‍ ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കുമൊപ്പം താമസിക്കുന്ന ഹെൻറി ബേക്കറിന് പതിവു ദിനം. അന്ന് അദ്ദേഹത്തെ കാണാന്‍ വിചിത്രവേഷധാരികളായ കുറച്ചുപേര്‍ വന്നു. അവര്‍ അഞ്ചു പേരുണ്ടായിരുന്നു. കൂടെ ഒരു സിറിയന്‍ ക്രിസ്ത്യാനിയും. മുണ്ടക്കയം ഭാഗത്തു നിന്നെത്തിയ മല അരയ വിഭാഗത്തില്‍പ്പെട്ട മൂപ്പന്‍മാര്‍. യജമാനനേ എന്നു വിളിച്ചുകൊണ്ട് ബേക്കറിനോട് അവര്‍ സങ്കടം ഉണര്‍ത്തിച്ചു. കൊമ്പുകുത്തി മുതല്‍ മേലുകാവ് വരെയുള്ള മലനിരകളിലാണ് അവര്‍ താമസിക്കുന്നത്. ഏലം, കുരുമുളക് ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും അവര്‍ കൊണ്ടുവന്നിട്ടുണ്ട്. ബേക്കര്‍ നടത്തുന്ന വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങള്‍ കേട്ടറിഞ്ഞാണ് വരവ്. ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരും മറ്റു സമുദായക്കാരും നിരന്തരമായി ചൂഷണം ചെയ്യുന്നു എന്നാണു പ്രധാന പരാതി. നിരക്ഷരത മുതലെടുത്ത് അധ്വാനത്തിന്റെ ഫലം ചുളുവില്‍ കൈക്കലാക്കുന്നു. കനത്ത നികുതി ചുമത്തുന്ന ഉദ്യോഗസ്ഥരുടെ ദ്രോഹം വേറെ. സമാധാനത്തോടെ ജീവിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥ. ചൂഷണവും അനീതിയും അവസാനിപ്പിക്കാന്‍ ബേക്കര്‍ സായിപ്പ് തങ്ങളെ സഹായിക്കണം എന്നാണ് ആ ഗോത്രവര്‍ഗ്ഗക്കാരുടെ കരളുരുകിയുള്ള അപേക്ഷ. 

 

ബേക്കര്‍ അവരുടെ അപേക്ഷയെക്കുറിച്ച് ആലോചിച്ചു. സ്വന്തം വിശ്വാസവും ദൈവങ്ങളെയും പോലും ഉപേക്ഷിക്കാന്‍ തയാറായി തന്റെ മുന്നിലെത്തിയവരുടെ ദയനീയ മുഖങ്ങളിലേക്കു നോക്കി. എന്നാല്‍ ഒരു തീരുമാനം എടുക്കാന്‍ മടിച്ചു. തനിക്കു കഴിയാവുന്ന രീതിയില്‍ അവര്‍ക്ക് സഹായം നല്‍കാമെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ വേണ്ടതെല്ലാം തങ്ങള്‍ക്കുണ്ടെന്നും ചൂഷണം അവസാനിപ്പിക്കുക മാത്രമാണു വേണ്ടതെന്നും അവര്‍ വ്യക്തമാക്കി. ബേക്കറിന്റെ മനസ്സു മാറിയില്ല. ആവശ്യത്തെക്കുറിച്ച് തനിക്കു ചിന്തിക്കേണ്ടതുണ്ടെന്നും തീരൂമാനം പിന്നീട് അറിയിക്കാമെന്നും പറഞ്ഞ് അവരെ മടക്കിയയച്ചു. നിരാശരായി മടങ്ങിയ മൂപ്പന്‍മാര്‍ ഒരു മാസത്തിനു ശേഷം തിരിച്ചുവന്നപ്പോഴും ബേക്കര്‍ സായിപ്പിന്റെ തീരുമാനത്തില്‍ മാറ്റം വന്നില്ല. അദ്ദേഹം പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിൽ നിന്ന് വ്യക്തമായ സന്ദേശം ലഭിച്ചിരുന്നില്ല. പുതിയ ഉദ്യമത്തിന് ആവശ്യമായ പണവും വന്നിട്ടില്ല. എന്നാല്‍, മൂപ്പന്‍മാര്‍ വീണ്ടും വന്നുകൊണ്ടിരുന്നു. അഞ്ചാമത് തവണ അവര്‍ എത്തിയത് ബേക്കറിന്റെ സമ്മതമില്ലാതെതന്നെ അദ്ദേഹത്തെ മലകളിലേക്കു കൊണ്ടുപോകാനുള്ള തീരുമാനവുമായാണ്. അപ്പോഴേക്കും ബേക്കറും ഉറപ്പിച്ചു കഴിഞ്ഞിരുന്നു അവരെ സഹായിക്കാം എന്ന്. 

 

നിശ്ചിത ദിവസം മുണ്ടക്കയത്തെ ഒരു പ്രദേശത്തു കണ്ടുമുട്ടാം എന്നവര്‍ തീരുമാനിച്ചു. അന്ന് സഹോദരന്‍ ജോര്‍ജിനൊപ്പം ബേക്കര്‍ തന്റെ യാത്ര തുടങ്ങി. അങ്ങനെ 1848 ലെ ഏതോ ഒരു ദിവസം മലയ അരയന്‍മാരുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക മാറ്റത്തിനു തുടക്കം കുറിച്ചു; വിശ്വാസ പരിവര്‍ത്തനത്തിനും. ഒരു വിശ്വാസ ത്യാഗത്തിന്റെ വിചിത്ര കഥ. എന്നാല്‍ ജാതി വിവേചനത്തില്‍നിന്ന് ജാതിയില്ലാ പ്രസ്ഥാനത്തിലേക്ക് അവര്‍ നടത്തിയ എടുത്തുചാട്ടം ക്രൂരമായ യാഥാര്‍ഥ്യങ്ങളിലേക്കാണ് നയിച്ചതെന്ന കഥ പിന്നീട് നമുക്ക് വായിക്കേണ്ടിവന്നു. ഈ ചരിത്ര പശ്ചാത്തലത്തില്‍ നിന്നാണ് ജോര്‍ജ് കെ. ജോര്‍ജിന്റെ ഇംഗ്ലിഷ് നോവല്‍ എരുമപ്പാറ തുടങ്ങുന്നത്. 

 

മല അരയന്‍മാരുടെ ജീവിതവും കൊമ്പുകുത്തി, മേലുകാവ്, മുണ്ടക്കയം, കോട്ടയം ഭാഗത്തെ മലനിരകളുടെ ജീവിതവും ചരിത്രപുസ്തകത്തില്‍നിന്നല്ല എഴുത്തുകാരന്‍ മനസ്സിലാക്കിയത്. അദ്ദേഹം ഈ മലനിരകളില്‍ തന്നെയാണു ജനിച്ചു വളര്‍ന്നത്. മക്കളില്‍ തന്നോടു മാത്രമാണ് അമ്മ ഗോത്ര വര്‍ഗ്ഗക്കാരുടെ പരമ്പരാഗത വിശ്വാസങ്ങളെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും പറഞ്ഞുതന്നതെന്നും അദ്ദേഹം ഓര്‍മിക്കുന്നു. ഓര്‍മകള്‍ അദ്ദേഹത്തില്‍ വളര്‍ന്നുകൊണ്ടിരുന്നു. പുഷ്പിച്ചുകൊണ്ടിരുന്നു. അവയില്‍നിന്ന് തനിക്ക് മുക്തിയില്ലെന്നു ബോധ്യമായതോടെ കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതുമായ മലനിരകളുടെ ജീവിതം ഏതാനും മനുഷ്യരുടെ കഥകളിലൂടെ  അദ്ദേഹം അവതരിപ്പിക്കുകയാണ്, 500 ല്‍ അധികം പേജുകളുള്ള എരുമപ്പാറ എന്ന ബൃഹദ് നോവലിലൂടെ. 

 

ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങളാണ് എരുമപ്പാറയുടെ കരുത്ത്; ഒട്ടേറെ കഥകളുള്ള ജീവിതങ്ങളും. ലളിതമെങ്കിലും മനോഹരമായ ഭാഷയില്‍ ജോര്‍ജ് ഒരു കാലഘട്ടത്തിന്റെ കഥ പറയുന്നു. ചരിത്രത്തിലെ നിര്‍ണായക സന്ധിയെക്കുറിച്ച് ഇതുവരെ കേട്ടതില്‍നിന്നു വ്യത്യസ്തമായ യാഥാര്‍ഥ്യം അവതരിപ്പിക്കുന്നു. സുവിശേഷ വേലയുടെ ആന്തരാര്‍ഥങ്ങളിലേക്കും മറച്ചുപിടിച്ച സത്യങ്ങളിലേക്കും കടന്നുചെല്ലുന്നു. അതാകട്ടെ വിവാദങ്ങള്‍ പോലും ക്ഷണിച്ചുവരുത്താവുന്ന അപ്രിയ സത്യങ്ങള്‍ തന്നെയാണ്. വിശ്വാസത്തിന്റെ കോട്ടയില്‍ ഇത്രകാലവും സുരക്ഷിതമായി വേലി കെട്ടി തിരിച്ച രഹസ്യങ്ങളിലേക്കുള്ള താക്കോല്‍. 

 

മല അരയ സമുദായത്തില്‍നിന്നുള്ള കുസുമം എന്ന പെണ്‍കുട്ടി തന്റെ ഇരുണ്ട ഭൂതകാലത്തെ പിന്നിലാക്കി യാഥാര്‍ഥ്യങ്ങളെ മുഖാമുഖം കാണുന്നതോടെ ആരംഭിക്കുന്ന എരുമപ്പാറ എന്ന നോവല്‍ കേരളം ഇനിയെങ്കിലും അറിയുകയും മനസ്സിലാക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ട ചരിത്രത്തിന്റെ പുനര്‍വായനയാണ്. 

 

Content Summary: Eruma Paaraa, The Tale of a Tribe Who Lost Their God book by George K George 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com