പവിഴമല്ലി പൂത്തുലഞ്ഞ പാട്ടുകളുടെ കഥ; പാട്ടുകാരന്റെയും

potrait
SHARE

എനിക്കെല്ലാം സംഗീതമാണ് 

ജെറി അമല്‍ദേവ് 

ഇന്ദുലേഖ പുസ്തകം 

വില 310 രൂപ 

വൈദികനാകാന്‍ പുറപ്പെട്ട ജെറി അമല്‍ദേവ് സെമിനാരി ജീവിതം പാതിവഴിയില്‍ നിര്‍ത്തി ബോംബെ (ഇന്നത്തെ മുംബൈ) യ്ക്കു തിരിക്കുന്നത് സംഗീതത്തിന്റെ വിളി കേട്ടാണ്. ബ്രഹ്മചര്യ വ്രതത്തോട് പൂര്‍ണ വിശ്വസ്തത പുലര്‍ത്താനാകുമെന്ന ഉറപ്പും ഇക്കാലത്ത് അദ്ദേഹത്തിനു നഷ്ടപ്പെട്ടിരുന്നു. അതോടെ, സെമിനാരിയിലെ അധികൃതരോട് മനസ്സിനെ അലട്ടിയ സംശയങ്ങള്‍ തുറന്നുപറഞ്ഞിട്ടാണ് അദ്ദേഹം പുറംലോകത്തേക്ക് ഇറങ്ങിയത്. 

ജെറിയെ വൈദികനായി കാണാന്‍ ആഗ്രഹിച്ച കുടുംബാംഗങ്ങളെ നിരാശപ്പെടുത്തിക്കൊണ്ട് അനിശ്ചിതമായ ഭാവിയിലേക്കായിരുന്നു യാത്ര. ബോംബെയില്‍ ഒരു ഒരു സ്ഥാപന ഉടമയുടെ കത്ത് തയാറാക്കുന്ന ജോലിയാണ് ആദ്യം ലഭിച്ചത്. മാസം 125 രൂപ ശമ്പളം. മനസ്സില്‍ നിറയെ സംഗീതവുമായി എന്നും വൈകിട്ട് നടക്കാനിറങ്ങും ജെറി. 

ഒരു ദിവസം കടല്‍ത്തീരത്തെ കാര്‍ട്ടര്‍ റോഡില്‍ കൂറ്റന്‍ ഗേറ്റിനു മുന്നില്‍ കണ്ണുടക്കി അദ്ദേഹം നിന്നു. മഹാനായ സംഗീതജ്ഞന്‍ നൗഷാദിന്റെ വീട്. ആഷിയാന. ചെറുപ്പം മുതല്‍ ജെറി പാടി കൈയ്യടി വാങ്ങിയതെല്ലാം നൗഷാദിന്റെ ഗാനങ്ങള്‍ പാടിയാണ്. ഗേറ്റ് തള്ളിത്തുറന്ന് പൂമുഖത്ത് ചെന്ന് കോളിങ് ബെല്ലില്‍ വിരലമര്‍ത്തി. നാലു പാളി വാതിലിന്റെ മുകളില്‍ ആ മുഖം കണ്ടു. വസൂരിക്കലയുള്ള മുഖത്ത് നറുംപുഞ്ചിരി. ഓ ദുനിയാ കേ രഖ് വാലേ തുടങ്ങിയ അനശ്വര ഗാനങ്ങളിലൂടെ ഇന്ത്യയെ ഇളക്കിമറച്ച സംഗീതചക്രവര്‍ത്തി.

 I am your fan, would like to talk to you 

ആരാധകന്റെ അഭ്യര്‍ഥന അദ്ദേഹം മാനിച്ചു. അടുത്ത അഞ്ചു മിനിറ്റ് അവര്‍ സംസാരിച്ചു. നൗഷാദ് ആവശ്യപ്പെട്ടതനുസരിച്ച് ഏതാനും പാട്ടുകള്‍ ജെറി പാടി. പിന്നണിഗായകന്‍ ആകണമെന്ന ആഗ്രഹം പറഞ്ഞു. റഫീ സാബ് രംഗത്തുള്ളിടത്തോളം അതു നടക്കില്ലെന്നായിരുന്നു ഉറച്ച മറുപടി. അതോടെ ഈണങ്ങള്‍ സൃഷ്ടിക്കുന്ന കാര്യം പറഞ്ഞു. അതും കേട്ടതോടെ വീണ്ടും കാണാം എന്നു പറ‍ഞ്ഞ് അന്നത്തെ കൂടിക്കാഴ്ച അവസാനിച്ചു. അടുത്ത 11 മാസം പല തവണ നൗഷാദിന്റെ വീട്ടിലെ നമ്പറിലേക്ക് ജെറി വിളിച്ചു. വീട്ടില്‍ ഇല്ല എന്ന മറുപടി മാത്രമാണു ലഭിച്ചത്. 

12-ാം മാസം നൗഷാദ് തന്നെയാണു ഫോണ്‍ എടുത്തത്. എനിക്കു സംഗീതമില്ലാതെ ജീവിക്കാന്‍ കഴിയില്ല. ഞാന്‍ മരണത്തിന്റെ വക്കിലാണെന്ന് ഹൃദയഭാരത്തോടെ ജെറി പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം പതറിയിരുന്നു. ആ വാക്കുകളിലെ ആത്മാര്‍ഥത നൗഷാദ് മനസ്സിലാക്കിയെന്നു തോന്നുന്നു. അടുത്ത ഞായറാഴ്ച വരൂ. ഒരു ടെസ്റ്റ് തരാം എന്നദ്ദേഹം പറഞ്ഞു. ടെസ്റ്റ് വിജയിച്ചതോടെ ജെറി അമല്‍ദേവ് നൗഷാദിന്റെ സഹായിയായി പ്രവര്‍ത്തനം തുടങ്ങി. മാസം 100 രൂപ ശമ്പളത്തില്‍. ഇന്ത്യന്‍ സിനിമയിലെ മികച്ച ഗായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരത്തിലേക്ക് വാതില്‍ തുറക്കുകയായിരുന്നു.

ലതാ മങ്കേഷ്കര്‍ ഉള്‍പ്പെടെയുള്ള ഗായകര്‍ക്ക് പാട്ടുകള്‍ പറഞ്ഞുകൊടുത്തും ചിട്ടപ്പെടുത്തിയും സംഗതത്തിന്റെ എല്ലാ മേഖലകളിലൂടെയുമുള്ള യാത്ര. സംഗീതത്തെക്കുറിച്ചു കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹം തീവ്രമായതോടെ അമേരിക്കയില്‍ പോയി പഠിക്കാന്‍ തീരുമാനിച്ചു. സംഗീതത്തില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ വിജയിച്ച് തിരിച്ചുവന്നതു കേരളത്തിലേക്ക്. 1978 -ല്‍ ‘ദ് ഗേള്‍ ഫ്രം ഇന്ത്യ’ എന്ന ഇംഗ്ലിഷ് സിനിമയ്ക്കു വേണ്ടി ചില പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരുന്നു. തൊട്ടടുത്ത വര്‍ഷം മമത എന്ന മലയാള ചിത്രത്തിലെയും പാട്ടുകള്‍ ഒരുക്കി. എന്നാല്‍, 1980 എന്ന വര്‍ഷമാണ് ജെറി അമല്‍ദേവ് എന്ന സംഗീത സംവിധായകനെ മലയാളത്തിന്റെ പ്രിയങ്കരനാക്കിയത്. മോഹന്‍ ലാല്‍ എന്ന നടന്റെ ഉദയം കൂടിയായ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ ക്കു വേണ്ടി തയാറാക്കിയ പാട്ടുകളിലൂടെ സംസ്ഥാന പുരസ്കാരം മാത്രമല്ല, മലയാളികളുടെ മനസ്സില്‍ അനശ്വരമായ ഇരിപ്പിടം കൂടിയാണ് അദ്ദേഹത്തിനു ലഭിച്ചത്. 

മഞ്ഞണിക്കൊമ്പില്‍, മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍, മിഴിയോരം നനഞ്ഞൊഴുകും... ഗൃഹാതുരത്വം തുളുമ്പുന്ന പാട്ടുകളിലൂടെ, വ്യത്യസ്ത ഓര്‍ക്കസ്ട്രേഷന്റെ ചടുല സൗന്ദര്യത്തിലൂടെ മഹാനായ ഒരു സംഗീതകാരന്റെ ജൈത്രയാത്രയുടെ തുടക്കം. 

വര്‍ഷം 12 സിനിമകള്‍ക്കു വരെ സംഗീതം ചെയ്ത ജെറി അമല്‍ദേവിന്റെ ക്രെഡിറ്റില്‍ മലയാളം ഒരിക്കലും മറക്കാത്ത ഗാനങ്ങളുണ്ട്. ഉയര്‍ച്ചകളും താഴ്ചകളുമുണ്ടായി അദ്ദേഹത്തിന്റെ സംഗീത ജീവിതത്തില്‍. ദേവരാജനും എം.കെ.അര്‍ജുനനും ബാബുരാജും കെ.രാഘവനും ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ സജീവമായിരിക്കുമ്പോള്‍ തന്നെയാണ് ജെറി അമല്‍ദേവും സ്വന്തമായൊരിടം സൃഷ്ടിച്ചതും തന്റെ ശബ്ദം വേറിട്ടു കേള്‍പ്പിച്ചതും. പി.ഭാസ്കരന്‍, ഒഎന്‍വി കുറുപ്പ്, ബിച്ചു തിരുമല, ശ്രീകുമാരന്‍ തമ്പി, കൈതപ്രം ഉള്‍പ്പെടെ പുതുതലമുറയിലെ ഗാന രചയിതാക്കള്‍ക്കൊപ്പം വരെ നീണ്ട നാലു പതിറ്റാണ്ടുകള്‍. ചലച്ചിത്ര ഗാനങ്ങളേക്കാള്‍ പ്രശസ്തി നേടിയ ഭക്തിഗാനങ്ങളും ലളിത ഗാനങ്ങളും ആല്‍ബങ്ങളും. 

സംഭവ ബഹുലമായ തന്റെ ജീവിതകഥ പറയുകയാണ് ജെറി അമല്‍ദേവ് എനിക്കെല്ലാം സംഗീതമാണ് എന്ന ആത്മകഥയില്‍. തന്റെ ജീവചരിത്രം പറയുന്നുണ്ടെങ്കിലും സംഗീതത്തിന്റെ ചരിത്ര പുസ്തകമാണ് ഈ ആത്മകഥ. സംഗീതം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട സാങ്കേതികതകള്‍ ഉള്‍പ്പെടെ ഹിന്ദി സിനിമാ ഗാനത്തിന്റെ സുവര്‍ണ ചരിത്രവും അദ്ദേഹം രേഖപ്പെടുത്തുന്നു. ഹൃദയം കവര്‍ന്ന ഗായകര്‍. അവരുടെ ദുരന്തത്തില്‍ കലാശിച്ച ജീവിതങ്ങള്‍. വ്യത്യസ്ത രാഗങ്ങള്‍. ഒപ്പം മലയാള ഗാനശാഖയുമായി ബന്ധപ്പെട്ട സന്തോഷവും സങ്കടവും ഉണര്‍ത്തുന്ന ഒട്ടേറെ ഓര്‍മകളും. 

ഓരോ സന്ദര്‍ഭത്തിനും പൂര്‍ണമായും യോജിക്കുന്ന മികച്ച ഗാനങ്ങളുള്ള  സിനിമ പോലെയാണ് ജെറി അമല്‍ദേവിന്റെ പുസ്തകം. ‘എനിക്കെല്ലാം സംഗീതമാണ്. എന്റെ ജീവനും എന്റെ പ്രപഞ്ചവും സംഗീതം തന്നെ. ഇപ്പോഴും ഞാനതു തുടര്‍ന്നുകൊണ്ടിരിക്കുന്നു’ : മിഴിയോരം നനച്ചും പൂവട്ടക തട്ടിച്ചിന്നിയും ചുണ്ടില്‍ പ്രകാശ നാളവുമായി തുടരുന്ന ആരാധനാ സംഗീത വേള. പവിഴ മല്ലി പൂത്തുലയുന്ന പാട്ടുകളുടെയും ജീവിതത്തിന്റെയും കഥ. 

English Summary : Enikellam Sangeethamanu Autobiography By Jerry Amaldev

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA