മുടിച്ചുരുളല്ല, മറുപടിയാണു വേണ്ടത്; ഒരു വാക്കു പോലും പറയാതെ എന്തിനെന്നെ ഉപേക്ഷിച്ചു?

gopa-book
SHARE
കെ. അരവിന്ദാക്ഷൻ

ഡിസി ബുക്സ്

വില 150 രൂപ

ഒരു പിടി മുടിച്ചുരുളുമായി കിടപ്പറയിലേക്കു നടന്നപ്പോൾ അവ സർപ്പക്കുഞ്ഞുങ്ങളായി ശരീരമാകെ ഇഴയുന്നതുപോലെ യശോധരയ്ക്ക് തോന്നി. അപമാനിതയായ, മലിനമാക്കപ്പെട്ട പഴന്തുണിക്കെട്ടുപോലെ നവജാതശിശുവായ രാഹുലന്റെ അരികിൽ അവർ കിടന്നു. പിന്നെ സിദ്ധാർഥനോട് മനസ്സു കൊണ്ട് മന്ത്രിച്ചു: 

സിദ്ധാർഥാ, ഒരു മുടിച്ചുരുളിലൂടെ നമ്മുടെ 13 വർഷത്തെ ജീവിതത്തെ നിനക്ക് കുഴിച്ചുമൂടാവാനാവില്ല. സിദ്ധാർഥാ, ജൈവിക വളർച്ചയില്ലാത്ത ഈ മൃതദേഹം നീയും ഞാനും തമ്മിലുള്ള ബന്ധത്തിന്റേതല്ല. ഇത് അപമാനത്തിന്റെ മൃതദേഹമാണ്. ഇതിന്റെ ദുർഗന്ധം എന്നെയൊരിക്കലും വേട്ടയാടില്ല. 

അപമാനിക്കപ്പെടത് താൻ മാത്രമല്ലെന്ന് ആ നിമിഷം യശോധര അറിഞ്ഞു. കാലങ്ങളായി പുരുഷൻ സ്ത്രീയുടെ നേരെ എയ്യുന്ന അവമതിയാണത്. പുരുഷൻ എന്നും സ്ത്രീയെ മാലിന്യമായിട്ടാണ് കാണുന്നത്. ഒരു മുടിച്ചുരുൾ ഓർമ്മയ്ക്കായി തന്ന് ഒരു ജീവിതത്തെത്തന്നെ ഒരു പുരുഷന് നിഷേധിക്കാം. ആ മുടിച്ചുരുൾ ഒരു ചെറിയ ചെപ്പിലാക്കി യശോധര എവിടെയോ വച്ചു. പിന്നീട് ഒരിക്കലും മൃതമായ അതിലേക്ക് തിരിഞ്ഞുനോക്കിയില്ല. 

ലോകത്തിന്റെ മനസ്സ് കീഴടക്കിയ വ്യക്തിയുടേതാണ് ആ മുടിച്ചുരുൾ. മഹാ ദുഃഖങ്ങളുടെ പൊരുളറിഞ്ഞ ത്രികാല ജ്ഞാനിയുടേത്. ഭാര്യ തന്റെ മകനെ പ്രസവിച്ച് ഒരാഴ്ച പോലും തികയുന്നതിനു മുമ്പ് യുവതിയായ അവരെയും പിഞ്ചോമനക്കുഞ്ഞിനെയും ഉപേക്ഷിച്ച് ജീവിതപ്പെരുവഴിയിൽ പൊരുൾ തേടി അലഞ്ഞ മഹാ മുനിയുടേത്. ഇന്നും ആരാധകരേറെയുള്ള ശ്രീ ബുദ്ധന്റേത്. 

കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാർഥൻ സുഹൃത്തിന്റെ കൈവശം കൊടുത്തയച്ചതാണ് മുടിച്ചുരുൾ. ഓർമ്മയ്ക്ക് സൂക്ഷിക്കാൻ. പിന്നെ കണ്ഠാഭരണങ്ങളും വാളും. അവ കൊട്ടാരത്തിൽ ഏൽപിക്കാനുള്ളതാണ്. രാജ്യവും കിരീടവും ഉപേക്ഷിച്ചതിന്റെ പ്രതീകം. മുടിച്ചുരുൾ 13 വർഷം നീണ്ട പ്രണയ സുരഭിലമായ ദാമ്പത്യത്തിന്റെ മൃതമായ ഓർമയും. 

ആദ്യം കണ്ട വ്യക്തിയിൽ നിന്ന് അയാളുടെ സാധാരണ വേഷം വാങ്ങി, പകരം തന്റെ രാജകീയ വസ്ത്രങ്ങൾ നൽകി സിദ്ധാർഥൻ നടന്നു. നിരഞ്ജന നദിയുടെ കരയിലുള്ള ഉരുവേല ഗ്രമത്തിലെ ബോധിവൃക്ഷച്ചുവട്ടിലേക്ക്. അന്നത്തെ രാത്രിയും പിന്നീടുള്ള എല്ലാ രാത്രികളിലും യശോധര ഒരു ചോദ്യം ചോദിച്ചുകൊണ്ടിരുന്നു. ലോകത്തിന്റെ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞ് ശാന്തി മന്ത്രമുരുവിട്ട ശ്രീ ബുദ്ധൻ ഒരിക്കലും ഉത്തരം പറയാൻ കൂട്ടാക്കാതിരുന്ന ചോദ്യം. 

എന്തുകൊണ്ട് നീ എന്നോട് യാത്രാമൊഴി ചൊല്ലാതെ നിന്റെ വഴി തേടി ഒറ്റയ്ക്കിറങ്ങിപ്പോയി. ഭൂമിയിൽ മറ്റാർക്കും അറിയാത്തൊരു രഹസ്യം നീ നിന്റെ നെഞ്ചകത്ത് കനലായി സൂക്ഷിച്ചിരുന്നോ ? 

എന്റെ ചോദ്യത്തിനുത്തരം പറയേണ്ടത് നീ തന്നെയാണ്. മറ്റാർക്കാണ് അതിന് ഉത്തരം പറയാനാകുക... യശോധര എന്ന ഗോപയുടെ സിദ്ധാർഥൻ എന്ന ബുദ്ധ ഭഗവാനോടുള്ള ചോദ്യത്തിന്റെ ഉത്തരം തേടുകയാണ് കെ. അരവിന്ദാക്ഷന്റെ ഗോപ എന്ന നോവൽ. 

ഉപേക്ഷിക്കപ്പെട്ട ഭാര്യയുടെ വിലാപം മാത്രമല്ല യശോധരയിൽ നിന്ന് ഉയരുന്നത്. പ്രേമം തിരസ്കരിക്കപ്പെട്ട കാമുകിയുടെ കണ്ണീര് മാത്രവുമല്ല. ഒരു ജീവിതം മുഴുവൻ ഇനി താൻ എങ്ങനെ തുഴയുമെന്നോർത്തുള്ള ആശങ്കയല്ല അവരെ അസ്വസ്ഥയാക്കിയത്. രാഹുലൻ എന്ന മകന്റെ ഭാവിയോർത്തുള്ള ചിന്തകളുമായിരുന്നില്ല. ഏതു കാലത്തെയും സ്ത്രീ പുരുഷനോട് ചോദിക്കാൻ കാത്തിരുന്ന ചോദ്യം മാത്രം. പ്രപഞ്ചത്തിന്റെ ജീവന്റെ സ്ത്രൈണതയുടെ പൊള്ളുന്ന ചോദ്യം. 

എന്തുകൊണ്ട് ഞങ്ങളുടെ കിടപ്പറയിൽ നിന്ന് എന്നോടരക്ഷരം ഉരിയാടാതെ ഇറങ്ങിപ്പോയി ? ഞാനവന്റെ മറുപാതിയല്ലേ. ഞാനില്ലെങ്കിൽ അവന് സിദ്ധിച്ച ബുദ്ധത്തം എങ്ങനെ പൂർണമാകും. 

ഗോപ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം കൂടിയുണ്ട്. മഹാപരിത്യാഗിയായ ബുദ്ധൻ മോക്ഷത്തിലേക്കുള്ള വഴി എന്തുകൊണ്ട് സ്ത്രീകൾക്ക് നിഷേധിച്ചു. ബുദ്ധ സംഘത്തിലേക്ക് സ്ത്രീകൾക്ക് അവസാനം പ്രവേശനം കൊടുത്തപ്പോഴും എന്തിന് നിബന്ധനകൾ മുന്നോട്ടുവച്ചു. സ്ത്രീയോടുള്ള അപരത്തം ബുദ്ധനായിട്ടും സിദ്ധാർഥനിൽ നിന്ന് അപ്രത്യക്ഷമായില്ലേ. 

ആഗ്രഹത്തെ ബുദ്ധൻ ഉപേക്ഷിച്ചു. കീഴടക്കി. പക്ഷേ, അർധപകുതിയായ ഗോപയെ, ഗോപയെന്ന സ്ത്രീയെ പരിത്യജിക്കാൻ ബുദ്ധന് എന്തവകാശമാണുള്ളത്. കാമത്തെ പൂർണമായും പരിത്യജിക്കാനാകാത്തതിന്റെ മറുപുറമാണത്. അങ്ങനെ സംശയിക്കാതിതിരിക്കാൻ ഗോപയ്ക്ക് ന്യായങ്ങളില്ല. എല്ലാ സ്ത്രീകളിലും ബാക്കി നിൽക്കുന്ന സംശയം. ബുദ്ധൻ സ്ത്രീയിൽ അപൂർണ്ണനോ ? 

Content Summary: Gopa book written by K. Aravindakshan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA
;