ADVERTISEMENT

കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുണ്ടോ? കുറ്റകൃത്യങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അത്തരത്തിലുള്ള ആളുകളെ കണ്ടെത്താന്‍ സാധിച്ചേക്കും. തീരാത്ത പകയോ വേദനകളോ ആളുകളെ കുറ്റകൃത്യങ്ങളിലേക്ക് കൊണ്ടുചെന്നെത്തിച്ചേക്കാം. വേദനിപ്പിച്ചവരെയും ഇല്ലാതാക്കാന്‍ ശ്രമിച്ചവരെയും വേട്ടയാടി കൊന്നൊടുക്കിയവരുടെ ധാരാളം കഥകളുണ്ട്. സീരിയല്‍ കില്ലര്‍മാര്‍ എല്ലാ നാട്ടിലും കാണും. അവരുടെ കൊലപാതകങ്ങള്‍ക്കു പിന്നില്‍ കൃത്യമായ കാരണങ്ങളും കണ്ടേക്കാം.

എന്നാല്‍, ഒരു കാരണവുമില്ലാതെ ആളുകളെ കൊല്ലുന്നതില്‍ ആഹ്ലാദിക്കുന്നവരുണ്ടാകുമോ? സഞ്ജയ് ഗസലിന്റെ സീക്രട്ട് സെവന്‍ എന്ന ക്രൈം നോവലിലെ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍ ഒരു കാരണവുമില്ലാതെ ആളുകളെ കൊന്നൊടുക്കുകയാണ്. നൂറുകണക്കിന്, ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലത്തില്‍ വര്‍ഷങ്ങളുടെ ഇടവേളകളില്‍ അയാള്‍ പലരെയും കൊന്നു തള്ളി; യാതൊരു തെളിവും അവശേഷിപ്പിക്കാതെ.

 

അഞ്ചു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചുപോയ കുട്ടി. അവനെ നോക്കാന്‍ ഏറെ ബുദ്ധിമുട്ടിയ അമ്മ. കഥ അവിടെ തുടങ്ങുകയാണ്. അബദ്ധത്തില്‍ ഒരാളുടെ മരണത്തിന് കാരണക്കാരനായ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍ അവിടെനിന്ന് ഓടി രക്ഷപ്പെട്ട് എങ്ങോട്ടെന്നില്ലാതെ അലഞ്ഞു. ഇതിനിടെ വീണ്ടും അയാള്‍ക്ക് ആളുകളെ കൊല്ലേണ്ട സാഹചര്യമുണ്ടാകുന്നു. അതു രക്ഷപ്പെടുന്നതിനുവേണ്ടിയുള്ള മാര്‍ഗമായിരുന്നു. എന്നാല്‍ രണ്ടു മൂന്നു കൊലപാതകം കഴിഞ്ഞതോടെ അയാള്‍ക്ക് ഹരം പിടിക്കുന്നു. ആളുകളുടെ അവസാനത്തെ പിടച്ചില്‍ അയാളില്‍ ലഹരിയായി അടിഞ്ഞുകൂടി. ബിഹാര്‍, മുംബൈ, മദ്രാസ്, തിരുവനന്തപുരം, കണ്ണൂര്‍...  അയാള്‍ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ പൊയ്‌ക്കൊണ്ടിരുന്നു. ചിലപ്പോള്‍ ആദ്യം കാണുന്ന ബസില്‍, ചിലപ്പോള്‍ കേട്ടുമാത്രം പരിചയമുള്ള ഇടത്തേക്ക്. ഓരോ തവണ നാടുവിടുമ്പോഴും അയാള്‍ ആരെയെങ്കിലും കൊലപ്പെടുത്തിയിരിക്കും. പൊലീസുകാര്‍ക്ക് വലിയ തലവേദനയും മാധ്യമങ്ങള്‍ക്ക് നിറച്ചെഴുതി ആഘോഷിക്കാനുള്ള മരുന്നും ഇട്ടുകൊടുത്തിട്ടായിരിക്കും അയാള്‍ സ്ഥലം വിടുക. എങ്ങനെയൊക്കെ, എവിടെയൊക്കെ അന്വേഷിച്ചാലും അയാളെ കണ്ടെത്താന്‍ സാധിച്ചെന്നു വരില്ല. പക്ഷേ, അയാള്‍ നിങ്ങളുടെ തൊട്ടരികില്‍ത്തന്നെ ഉണ്ടായിരിക്കാം. വേശ്യാലയത്തിലും ശ്മശാനത്തിലും വര്‍ക്ക് ഷോപ്പിലുമെല്ലാം ആര്‍ക്കും പിടികൊടുക്കാതെ സാധാരണക്കാരനായി ക്രിസ്റ്റഫര്‍ ജോലി ചെയ്തു.

 

ആരെ കൊല്ലണമെന്ന് ക്രിസ്റ്റഫറിന് പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ല. ഒപ്പം യാത്ര ചെയ്ത ആളായിരിക്കാം. ചിലപ്പോള്‍ ഒരുമിച്ച് മദ്യപിക്കുന്ന ആളാകാം. അതുമല്ലെങ്കില്‍ ഒപ്പം ജോലി ചെയ്യുന്ന ആളാകാം. ആരെ, എപ്പോള്‍, എങ്ങനെ കൊല്ലുമെന്ന് അയാള്‍ക്കു പോലും നിശ്ചയമില്ല. ഒരു കാര്യം ഉറപ്പായിരുന്നു. അയാള്‍ക്ക് ആരെയെങ്കിലുമൊക്കെ കൊല്ലണമായിരുന്നു. പുതിയ നാട്ടില്‍ പുതിയ മനുഷ്യനായി ക്രിസ്റ്റഫര്‍ പുതിയ ജീവിതം തുടങ്ങും. പുതിയ പേരും പുതിയ മേല്‍വിലാസവുമായിരിക്കും അയാള്‍ക്ക്. കഴുകന്‍ കണ്ണുമായി അയാള്‍ ആ നാടാകെ ഇരയെ തേടി നടക്കും. ലോകത്തിന് ഒരുപകാരവുമില്ലാത്ത ആളെയായിരിക്കും അയാള്‍ ചിലപ്പോള്‍ കൊല്ലാന്‍ തിരഞ്ഞെടുക്കുക, ചിലപ്പോള്‍ നാടിന് മുഴുവന്‍ വേണ്ടപ്പെട്ടവന്‍. കൊല ചെയ്യപ്പെടുന്ന ആളുകള്‍ തമ്മില്‍ പുലബന്ധം പോലും ഇല്ലായിരിക്കും. അല്ലെങ്കില്‍ അത് അങ്ങനെ സംഭവിച്ചു പോകുന്നതായിരിക്കാം. കാരണം അയാളുടെ ഇഷ്ടങ്ങള്‍ വിഭിന്നങ്ങളായിരുന്നു. പകല്‍ വെളിച്ചത്തിലും ഇരുട്ടിന്റെ മറവിലും അയാള്‍ കൊലപാതകം നടത്തി. പൊലീസിനോ അന്വേഷണ സംഘത്തിനോ യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് അയാള്‍ ഓരോ കൊലപാതകവും നടത്തിയത്. എന്തെങ്കിലും തെളിവുണ്ടായാല്‍ത്തന്നെ അതൊന്നും ഒരിക്കലും ക്രിസ്റ്റഫറിലേക്കെത്തിച്ചേരുകയുമില്ല. എവിടെ നിന്നോ പൊട്ടിവീണ് എവിടോക്കോ പോകുന്ന ഒരു മനുഷ്യന്‍. അയാള്‍ക്ക് സ്ഥിരമായി പേരോ മേല്‍വിലാസമോ ഉണ്ടായിരുന്നില്ല.  കൊലപാതകങ്ങളുടെ പിന്നില്‍ താനാണെന്ന് വിളിച്ചു പറയാന്‍ ക്രിസ്റ്റഫര്‍ തയാറെടുക്കുന്നു. മാധ്യമ പ്രവര്‍ത്തകയ്ക്കു നല്‍കുന്ന ഇന്റര്‍വ്യൂവിലൂടെയാണ് അയാള്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. പക്ഷേ അയാളുടെ വിളിച്ചുപറയലിനു പിന്നില്‍ മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. 

 

പല ഘട്ടത്തിലും വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് വമ്പന്‍ ട്വിസ്റ്റുകളിലൂടെയാണ് നോവല്‍ സഞ്ചരിക്കുന്നത്. ലളിതഭാഷയിലെ ആഖ്യാനത്തിലൂടെ ക്രിസ്റ്റഫര്‍ മാര്‍ട്ടിനെ വായനക്കാരന്റെ തൊട്ടടുത്തുതന്നെ നിര്‍ത്താന്‍ എഴുത്തുകാരന് സാധിക്കുന്നു. ഭീതിയോടുകൂടിയേ നോവല്‍ വായിക്കാന്‍ സാധിക്കൂ. കാരണം ക്രിസ്റ്റഫര്‍ ആരെ എപ്പോള്‍ എങ്ങനെ കൊല്ലും എന്ന് അറിയില്ല എന്നതുതന്നെ. ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകനായ ബിജു ഗോപിനാഥന്‍ ആണ് സഞ്ജയ് ഗസല്‍ എന്ന പേരില്‍ ക്രൈം നോവല്‍ എഴുതിയിരിക്കുന്നത്. ആകാംക്ഷാഭരിതമായ സംഭവവികാസങ്ങളിലൂടെ മുന്നേറുന്ന നോവല്‍ വായനക്കാരനെ ഭയത്തിലേക്ക് തള്ളിവിടും. ഒരു സീരിയല്‍ കില്ലറുടെ മാനസിക വ്യവഹാരം എത്തരത്തിലായിരിക്കാം എന്ന് വെളിവാക്കപ്പെടുകയാണ് ക്രിസ്റ്റഫര്‍ മാര്‍ട്ടിനിലൂടെ. യാതൊരു സങ്കോചവുമില്ലാതെ കൊല്ലാനും കൊള്ളയടിക്കാനും മനുഷ്യനു സാധിക്കുന്നതെങ്ങനെയെന്നു കൂടി വിശദമാക്കുകയാണ് നോവൽ.

 

Content Summary: Secret Seven book written by Sanjay Ghazal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com