ADVERTISEMENT

ഒട്ടേറെ വഴികളിലൂടെയാണ് ചരിത്ര രചന പൂർണമാകുന്നത്. വ്യത്യസ്ത തലങ്ങളിൽ, വ്യത്യസ്ത കാലങ്ങളിൽ, വിവിധ വഴികളിലൂടെ. പല കാലങ്ങളിലെ പല വ്യക്തികളിലൂടെ. കൈവഴികൾ പലതു ചേർന്ന്, നദികളായി, അവ പല വഴികളിലൂടെ ഒഴുകിച്ചേർന്ന് സമുദ്രത്തിലെത്തുന്നതു പോലെ. ലക്ഷ്യം പൂർണതയാണെങ്കിലും അത് എന്നെങ്കിലും സാധ്യമാകുമോ എന്ന പ്രശ്‌നവുമുണ്ട്. എന്നാൽ, അസാധ്യമായ സ്വപ്‌നത്തിലേക്കുള്ള പ്രയാണമാണ് ചരിത്രത്തെക്കുറിച്ചുള്ള ഓരോ വായനയും. വിനിൽ പോളിന്റെ അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം എന്ന പുതുമയുള്ള കൃതി ഇത്തരമൊരു സാഹചര്യത്തിലാണ് പ്രസക്തമാകുന്നത്. ഒട്ടേറെപ്പേരുടെ സംഭാവനകളിലൂടെ സമ്പന്നവും സമൃദ്ധവുമായ കേരള ചരിത്ര രചനാ ലോകത്ത് ഒരിക്കലും ചർച്ചയായിട്ടില്ലാത്ത ചില സംജ്ഞകൾ ചർച്ചയ്ക്കു വിധേയമാക്കുന്നതിലൂടെ. അടിമത്തം, അടിമക്കച്ചവടം എന്നിവയെക്കുറിച്ചാണ് വിനിൽ ചർച്ച ചെയ്യുന്നത്. 

 

ചരിത്ര രചനകളിൽ ഒരു കോലാഹലവും ഒരിക്കലും സൃഷ്ടിച്ചിട്ടില്ലാത്ത അടിമക്കച്ചവട സമ്പ്രദായത്തിനെ ബ്രിട്ടിഷ് സാങ്കൽപിക സൃഷ്ടിയെന്ന് പറഞ്ഞു മാറ്റി നിർത്തിയിരിക്കുകയായിരുന്നു ഇതുവരെയുള്ള ചരിത്രപാഠങ്ങളെല്ലാം. എന്നാൽ, ഇന്ത്യൻ മഹാസമുദ്രം കടന്നുപോയ അടിമകളെക്കുറിച്ചുള്ള ആഗോള അടിമത്ത പഠനങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത വിഭാഗമാണ് തെക്കേ ഇന്ത്യയിൽ നിന്നുള്ള പ്രത്യേകിച്ചും കേരളത്തിൽ നിന്നുള്ള അടിമകൾ. കോളനികാല മനുഷ്യക്കച്ചവടത്തെക്കുറിച്ചുള്ള പഠനങ്ങൾ പോലും കേരളത്തിൽ വിരളമാണ്. എന്നാൽ, ഡച്ച് കമ്പനിയുടെ കേരളത്തിലെ പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചുള്ള വിദേശീയരുടെ സൂക്ഷ്മ ഗവേഷണങ്ങൾ കേരളത്തിന്റെ അിടമത്ത ചരിത്രത്തിന് പുതിയ മുഖം നൽകിയിരിക്കുകയാണ്. 

കേരളത്തിൽ നിന്ന് യൂറോപ്യൻമാർ അടിമകളെ കണ്ടെടുത്തതിനെക്കുറിച്ച് ഒട്ടേറെ രേഖകളുണ്ട്. എന്നാൽ അതിനു മുമ്പു തന്നെ കേരളത്തിൽ അിടമത്തം നിലനിന്നിരുന്നു എന്നതാണ് യാഥാർഥ്യം. യൂറോപ്യൻമാർ അടിമത്തം പുതുതായി ആവിഷ്‌കരിക്കുകയായിരുന്നില്ല. മറിച്ച്, നിലവിലുള്ള വ്യവസ്ഥിതിയിൽ പങ്കാളികളാകുകയായിരുന്നു. ഈ പുതിയ സഖ്യം കേരളത്തിലെ അടിമക്കച്ചവടത്തിനെ ആഗോള അടിമത്ത വ്യവസ്ഥിതിയുമായി ബന്ധിപ്പിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ നിന്ന് ഒട്ടേറെപ്പേർ ആഫ്രിക്കയിലെ വിവിധയിടങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടു. കൊച്ചിയിൽ നിന്ന് അടിമയായി കടത്തിയ ഡെയ്മൻ എന്ന ആളുടെ പേരിലാണ് ഇന്നും ആഫിക്കയിലെ ഒരു സ്ഥലം അറിയപ്പെടുന്നതുതന്നെ. 

 

16-ാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗത്തിലാണ് അടിമക്കച്ചവടം വ്യാപകമായതെന്നും അയ്യായിരത്തിനും ആറായിരത്തിനും ഇടയിൽ അടിമകളെ ഇന്ത്യയിൽ നിന്ന് പോർച്ചുഗീസുകാർ വിറ്റിരുന്നതായും ആധികാരികമായ രേഖകൾ തന്നെയുണ്ട്. 

 

ഇന്ത്യയിൽ തന്നെ മറ്റൊരു ഭാഗത്തും നിലവിലില്ലാതിരുന്ന ഒന്നാണ് കേരളത്തിലെ ക്രൂരമായ ജാതി വ്യവസ്ഥിതിയും തീണ്ടലും തൊടീലും പൊലുള്ള ദുരാചാരങ്ങളും. ഇത്തരമൊരു സാമൂഹിക സ്ഥിതിയിൽ അടിമത്തം എങ്ങനെ നിലനിന്നു എന്നു ചോദിക്കുന്നവരുണ്ട്. എന്നാൽ അടിമകൾ വിൽക്കപ്പെടുന്നവരും അയിത്തം പേറുന്നവരുമായിരുന്നു. അടിമക്കച്ചവടം നടത്തുന്നതിന് തൊട്ടുകൂടായ്മ തടസ്സമേ ആയിരുന്നില്ല. തൊടായ്മ ഉള്ളതുകൊണ്ട് അടിമക്കച്ചവടം ഇല്ലാതാകുന്നുമില്ല. അടിമവ്യവസ്ഥയും അയിത്തവും ഒരുമിച്ചുകൊണ്ടുപോകുമ്പോളാണ് അതിന് സാമ്പത്തിക തലം ഉണ്ടാകുന്നതുപോലും. ആളുകളെ വിറ്റിരുന്നതും അതിനെ സാമ്പത്തിക സ്രോതസ്സാക്കി മാറ്റിയിരുന്നതും അയിത്തത്തിന്റെ പിൻബലത്തോടു കൂടിയായിരുന്നു. അയിത്ത സങ്കൽപം അടിമക്കച്ചവടത്തിലെ പ്രധാന ഘടകമായിരുന്നു. പ്രാദേശിക തലത്തിൽ ദൃഡമായി നിലനിന്നിരുന്ന മനുഷ്യക്കച്ചവട വ്യവസ്ഥയിലേക്ക് മധ്യകാലത്തോടു കൂടി പോർച്ചൂഗീസ്, ഡച്ച് തുടങ്ങിയ യൂറോപ്യൻ കമ്പനികൾ കടന്നുവരികയായിരുന്നു. 

 

അധിനിവേശകാലത്ത് യൂറോപ്യൻ മേൽനോട്ടത്തിൽ രൂപം കൊണ്ട അടിമക്കച്ചവട സമ്പ്രദായത്തിൽ നിന്നു വ്യത്യസ്തവും പഴക്കമുള്ളതുമായിരുന്നു കേരളത്തിൽ നിലനിന്ന അടിമക്കച്ചവട സമ്പ്രദായമെന്നു തെളിയിക്കുന്ന ശിലാലിഖിതങ്ങൾ, വട്ടെഴുത്തു, കോലെഴുത്ത് രേഖകൾ, മുളയിലെഴുതിയ രേഖകൾ, ഗ്രന്ഥവരികൾ, വായ്‌മൊഴി തുടങ്ങിയവ മറ്റൊരു ചരിത്രരചനയാണ് സാധ്യമാക്കുന്നത്. വേണാട്ടു രാജാവായിരുന്ന അയ്യനടി തിരുവടികളുടെ എഡി 849 ലെ തരിസാപ്പള്ളി ശാസനത്തിൽ അടിമക്കാശിനെക്കുറിച്ച് പരാമർശമുണ്ട്. അടിമകൾ കൊടുത്തിരുന്ന വരിപ്പണം എന്ന അർഥത്തിൽ അടിമക്കാശ് എന്ന പദം ഉപയോഗിച്ചിരുന്നു. അതേ രേഖയിൽ തന്നെ, കാർഷികാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന ആൾ അടിയാരെക്കുറിച്ചും പരാമർശമുണ്ട്. ഇതാണ് നിലവിൽ കണ്ടെടുക്കപ്പെട്ട ഏറ്റവും പഴയ രേഖ. 

 

സാമൂഹിക നീതിയുടെയും ചരിത്ര രചനാ രീതിയുടെയും തുല്യമായ വിതരണത്തിനുവേണ്ടി മുൻകാല ക്രൂരതകളുടെ ചരിത്രവത്കരണം അനിവാര്യമാണ്. അതുതന്നെയാണ് വിനിൽ പോൾ നിറവേറ്റുന്ന ധാർമിക കടമയും. അടിമ കേരളം, മിഷിനറി പ്രസ്ഥാനം എന്നീ രണ്ടു ഭാഗങ്ങളായി തിരിച്ച അധ്യായങ്ങളിലൂടെ മലയാളി അടിമകളുടെ ജീവിതം ഇതാദ്യമായി സമഗ്രമായി പരിശോധിക്കുന്നു. ദളിത് വിഭാഗ ചരിത്രത്തിന്റെ തെറ്റു തിരുത്തിയുള്ള പുനർവായന കൂടിയാണ് വിനിൽ നടത്തുന്നത്. 

 

Content Summary: Adimakeralathinte Adrushyacharithram Book by Vinil Paul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com