ADVERTISEMENT

ജ്ഞാനവും വിജ്ഞാനവും ഒന്നല്ല. ജ്ഞാനം വെളിച്ചമാണ്. വിജ്ഞാനം വെളിച്ചത്തെ നിർമിച്ചെടുക്കാനുള്ള ഉപകരണം മാത്രവും. വിളക്കു പോലെ. എണ്ണ പോലെ. വിജ്ഞാനം നിരന്തരം മാറിക്കൊണ്ടിരിക്കുന്നതാണെങ്കിൽ ജ്ഞാനം ശാശ്വതമാണ്. കൂടുതൽ വിജ്ഞാനം ജ്ഞാനത്തിലേക്കു നയിക്കും എന്നാണു പൊതുവിശ്വാസം. എന്നാൽ അത് ഉറപ്പു പറയാൻ പറ്റില്ല. ചിലപ്പോൾ നേരേ മറിച്ചാകാനും മതി. കൂടുതൽ ഉപകരണങ്ങളുള്ള ശിൽപി ശിൽപമുണ്ടാക്കാതിരിക്കുന്നതുപോലെ. 

 

ഇ.സന്തോഷ്കുമാറിന്റെ ജ്ഞാനഭാരം എന്ന നോവൽ കൈലാസ് പാട്ടീൽ എന്ന മനുഷ്യന്റെ ജീവിതകഥയാണ്. ഒപ്പം ഒരു പുസ്തക സഞ്ചയത്തിന്റെയും. പോയ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രപഞ്ചത്തെക്കുറിച്ചു മനുഷ്യനു മനസ്സിലാക്കാനായ സകല വിജ്ഞാനത്തെയും സംഗ്രഹിച്ച 12 ഭാഗങ്ങളുള്ള പുസ്തക സഞ്ചയത്തിന്റെ കഥ. പിന്നീട് ആ സഞ്ചയത്തിൽ നിന്ന് ഒരേയൊരു പുസ്തകത്തിലേക്ക്. അവിടെ നിന്ന് ഒരേയൊരു വിഷയത്തിലേക്ക്. അവിടെ നിന്ന് ഒരേയൊരു ബിന്ദുവിലേക്ക്. സ്ഥൂലത്തിൽ നിന്ന് സൂക്ഷ്മത്തിലേക്കുള്ള സഞ്ചാരം. അതിനിടെ കടന്നുപോകുന്ന കഥാപാത്രമാണ് കൈലാസ് പാട്ടീൽ. ഭുവൻ ദേശായ്. നരേഷ് ദേശായ്. അവരുടെ അനേകം വ്യവഹാരങ്ങളും സ്ഥലങ്ങളും വഴികളും യാത്രകളും മനുഷ്യരും ദീർഘമെന്നു തോന്നിക്കാവുന്ന ഇടവേളകളും. 

 

കേരളമല്ല ജ്ഞാനഭാരം എന്ന നോവലിന്റെ പശ്ചാത്തലം. മുംബൈയും കൊൽക്കത്തയും ഉൾപ്പെടെയുള്ള വൻനഗരങ്ങൾ. കേരളത്തിൽ നിന്നുള്ള ഒരു ചെറുപ്പക്കാരൻ ഔദ്യോഗിക ജീവിതത്തിന്റെ  ഭാഗമായി എത്തിപ്പെടുന്ന സ്ഥലങ്ങൾ. മുംബൈയിലെ താൽക്കാലിക താമസത്തിനിടെ അയാൾ പരിചയപ്പെടുന്ന ഒരു കഥാപാത്രമാണ് കൈലാസ് പാട്ടീൽ. പരിചയപ്പെടുമ്പോൾ തന്നെ പാട്ടീൽ വയോധികനാണ്. ഇടയ്ക്കിടെ വീണുപോകുന്ന മനുഷ്യൻ. വൻഗനരത്തിലെ അതിസമ്പന്നർ മാത്രം താമസിക്കുന്ന ഏരിയയിൽ പോഷ് ഫ്ലാറ്റിൽ താമസിക്കുന്ന ഏകാകി. പാട്ടീലിനെ പരിചയപ്പെടുന്നതോടെ എഴുത്തുകാരനായ മലയാളി ചെറുപ്പക്കാരന്റെ മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത് വലിയൊരു ലോകമാണ്. ഏതാനും വർഷം മാത്രം നീണ്ടുനിൽക്കുന്ന പരിചയം. വിരലിൽ എണ്ണാവുന്ന കൂടിക്കാഴ്ചകൾ മാത്രം. പാട്ടീൽ മറവി രോഗത്തിലേക്ക് മറയുന്നതിനു മുമ്പുള്ള ഇടവേള. ഒടുവിൽ  മരണത്തിനു കൂടി കീഴടങ്ങുന്നതോടെ അയാളുടെ കഥ എഴുതാൻ എഴുത്തുകാരൻ നിർബന്ധിതനാകുന്നു. കടമയോ നിയോഗമോ അല്ല. തീക്ഷ്ണമെന്നു പറയാവുന്ന ആഗ്രഹവുമല്ല. പിന്നെയെന്താണെന്നു ചോദിച്ചാൽ അതങ്ങനെ ലളിതമായി വിശദീകരിക്കാവുന്നതല്ല. 

കൈലാസ് പാട്ടീലീസിന്റെ അഥവാ 12 വോള്യങ്ങളുള്ള പുസ്തക സഞ്ചയത്തിന്റെ കഥയായ ജ്ഞാനഭാരം ഹൃദയഭേദകം എന്ന് ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം. ഒരു ജ്ഞാന വൃദ്ധനിലൂടെ ജീവിതത്തിന്റെ അർഥവും അർഥമില്ലായ്മയും തിരയുന്ന  നോവൽ മലയാളത്തിനു ലഭിച്ച അമൂല്യമായ നിധിയാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ അന്ധകാരനഴി ഉൾപ്പെടെയുള്ള നോവലുകൾ എഴുതിയ ഇ. സന്തോഷ്കുമാറിന്റെ മാസ്റ്റർപീസ്. 2021 ലെ ഏറ്റവും മികച്ച പുസ്തകങ്ങളിൽ ഒന്ന്. 

 

കൈലാസ് പാട്ടീലിന്റെ മരണത്തോടെയാണു നോവൽ തുടങ്ങുന്നത്. ഏറ്റവും ലളിതമായ രണ്ടു വാചകങ്ങളിൽ. 

കൈലാസ് പാട്ടീൽ മരിച്ചു. ഡച്ച് നഗരമായ ഹേഗിൽ വച്ചായിരുന്നു മരണം. 

പാട്ടീലിന്റെ മകൻ എഴുത്തുകാരനെ വാർത്ത അറിയിക്കുന്നു. മരണത്തിൽ തുടങ്ങുന്ന നോവൽ, ജീവിതത്തിലൂടെ വീണ്ടും മരണത്തിൽ അവസാനിക്കുമ്പോൾ ബാക്കിയാകുന്നത് ഇരുട്ടു നിറഞ്ഞ മുറിയിൽ വെളിച്ചം തിരയുന്ന ശിൽപിയിലാണ്. അയാൾ ആരാണ്. അല്ലെങ്കിൽ ആരല്ല ആ മനുഷ്യൻ എന്നും ചോദിക്കാം. ഓർമകളല്ലാതെ മറ്റെന്താണ് മനുഷ്യൻ എന്നു ചോദിക്കുന്നതുപോലെ. 

 

വിചാരപരമാണ് ജ്ഞാനഭാരം എന്ന നോവൽ; എന്നാൽ അങ്ങേയറ്റം വൈകാരികവും. ഹദയത്തിൽ വേദനയുടെ ഇടിമുഴക്കങ്ങൾ സൃഷ്ടിക്കുന്ന തിവ്രമായ കഥയാണ് കൈലാസ് പാട്ടീലിന്റേത്. ദയയും സ്നേഹവും പ്രതികാരവും സ്വാർഥതയും ദേശീയതയും  ഇഴുകിച്ചേരുന്ന കഥ. നമ്മുടെ രാജ്യത്തിന്റെ കഥ കൂടിയാണ്. നമ്മളിൽ പലരുടെയും കഥയുമാണ്. എന്നാൽ, കേവലം ജീവിത കഥയിൽ ഒതുങ്ങിനിൽക്കാതെ അടിസ്ഥാന സമസ്യകളിലേക്ക് നോവലിസ്റ്റ് സഞ്ചരിക്കുന്നു. തികച്ചും സ്വാഭാവികമായി. ജീവിതകഥയുടെ വളവുതിരിവുകളിലൂടെ  വീർപ്പുമുട്ടിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന പുസ്തകം അഗാധമായി ചിന്തകളുടെ വഴികൾ തുറന്നിടുന്നത് മലയാളത്തിൽ അപൂർവമാണ്. എന്നാൽ, ജ്ഞാനഭാരത്തിലൂടെ സന്തോഷ്കുമാർ, ബുദ്ധിജീവി നാട്യമില്ലാതെ, ജാഡയില്ലാതെ, ജീവിതം വ്യാഖ്യാനിക്കുന്നു. ആധുനിക മലയാള സാഹിത്യത്തിനു ലഭിച്ച ഏറ്റവും മികച്ച ഒരു പുസ്തകത്തിലൂടെ.

 

Content SummaryNjanabharam book written by E. Santhoshkumar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com