ADVERTISEMENT

മനുഷ്യനു സംഭവങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്നത് ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനമാണ്. ആദർശാത്മകമായ വ്യവസ്ഥയിൽ സ്വന്തം വിധി തീരുമാനിക്കാനും തിരഞ്ഞെടുക്കാനുമുള്ള അധികാരവും അവകാശവും കൂടി മനുഷ്യനു ലഭിക്കുമെന്നത് എന്നത്തെയും വലിയ ആഗ്രഹങ്ങളിലൊന്നാണ്. എന്നാൽ എത്രയൊക്കെ ആഗ്രഹിച്ചാലും സംഭവങ്ങളെ ഒരു പരിധിക്കപ്പുറം മനുഷ്യനു നിയന്ത്രിക്കാനാകുമോ. സംഭവങ്ങൾ മനുഷ്യനെയല്ലേ നിയന്ത്രിക്കുന്നത്. ഒരു മനുഷ്യനെ അതിശയിപ്പിക്കുന്ന സംഭവം അതിനകം തന്നെ മറ്റു മനുഷ്യർ അനുഭവിച്ചിട്ടുണ്ടാകും. മനുഷ്യസാധ്യതകളുടെ എല്ലാ ഫലങ്ങളും ഇതിനകം തന്നെ അനുഭവേദ്യമായിട്ടുണ്ട്. സംഭവിക്കുന്നതെല്ലാം, ഭയങ്കരമായിക്കോട്ടെ, ആഹ്ലാദകരമായിക്കോട്ടെ, പുതിയതല്ല. എന്നാൽ എല്ലാ അനുഭവങ്ങളും എല്ലായ്‌പ്പോഴും പുതിയതാണ്. ഓരോ ഇലയും ഓരോ മരവും അനന്യമാണെന്നതുപോലെ. ഓരോ മനുഷ്യനും അനന്യനാണ്. മനുഷ്യർ ഒരേ ജീവരക്തം പങ്കിടുന്നു. പക്ഷേ, ഓരോരുത്തരും രക്തത്തിൽ നിന്നു വലിച്ചെടുക്കുന്നത് വ്യത്യസ്തമായാണ്.

 

പുതിയ അനുഭവങ്ങൾ യഥാർഥത്തിൽ പുതിയതല്ലെങ്കിലും ഈ ലോകത്തിന്റെ തീരങ്ങളിൽ, തരംഗങ്ങൾക്കുമേൽ തരംഗങ്ങളായി തലമുറകൾ മാറിമറിഞ്ഞെത്തുന്നവർക്ക് ഓരോന്നും നവ്യാനുഭവാണ്. ജീവിതത്തിൽ സ്വയം കണ്ടെത്താൻ ഒരു വഴിയേയുള്ളൂ. വഴിയിൽ കാലിടറാതിരിക്കാനും ഒരു വഴിയേയുള്ളൂ. കടമയുടെ ശബ്ദം സശ്രദ്ധം കേൾക്കുക. അവനവനെക്കുറിച്ചു ചിന്തിക്കുന്നതിലൂടെ വഴി തെറ്റുകയാണ്. കൂടെയുള്ള സഹോദരനെ ശ്രദ്ധിച്ചിട്ടുണ്ടോ. സുഹൃത്തിനെ...കാമുകിയെ... ചുറ്റുമുള്ള ലോകത്തെ. രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പാണ് എന്ന പുസ്തകത്തിലൂടെ പരീസിൽ ജനിച്ച് സെനഗലിൽ വളർന്ന ഡേവിഡ് ദിയോപ് എന്ന എഴുത്തുകാരൻ ഓർമിപ്പിക്കുന്നത് ലോകത്തിന്റെ തുടക്കം മുതലുള്ള ചോദ്യമാണ്. എന്റെ സഹോദരന് കാവലാളാര്,  ഞാനോ എന്ന ആ പഴയ ചോദ്യം. അവനെവിടെ എന്ന് എന്നോടു തന്നെയോ ചോദിക്കേണ്ടത്. അതെന്റെ കടമയാണോ.

 

ഒരുമിച്ചു വളർന്ന രണ്ടു സെനഗൽ സൈനികർ. സൈന്യത്തിൽ ചേരുന്നതിനു മുൻപും അവർ ഒരുമിച്ചായിരുന്നു. പ്രണയിച്ചതുപോലും ഒരേ കാമുകിയെ. യുദ്ധത്തിനു മുമ്പ് അവസാനമായി കാമുകി അവർക്കു സമ്മാനിച്ചതും ഒരേ അനുഭവം തന്നെ. ഒരു കാമുകിക്ക് കാമുകനു നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം. ഏറ്റവും അവിസ്മരണീയം. എന്നാലോ ഏറ്റവും വേദനാജനകവും. ഫ്രഞ്ച് ഭാഷയിൽ എഴുതിയ ദിയോപിന്റെ നോവലിന്റെ യഥാർഥ പേര് സഹോദരൻ എന്നാണ്. ആത്മീയ സോദരൻ എന്ന്. എന്നാൽ ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്ത അന്ന മോസ്‌കോവാകിസ് നോവലിലെ തന്നെ ഒരു വാചകം ഇംഗ്ലിഷ് പരിഭാഷയ്ക്കു തലക്കെട്ടാക്കുകയായിരുന്നു. മലയാളത്തിലേക്കു മൊഴിമാറ്റം നിർവഹിച്ച മാങ്ങാട് രത്‌നാകരനും അതേ തലക്കെട്ടാണു നിലനിർത്തിയിരിക്കുന്നത്. നാടകീയവും ചിന്തിപ്പിക്കുന്നതും ഇതുവരെയുള്ള എല്ലാ മനുഷ്യാനുഭവങ്ങളെയും പുതിയൊരു വെളിച്ചത്തിൽ വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നതുമായ ശീർഷകത്തിൽ.

 

ഞങ്ങൾ ഞങ്ങളുടെ പേരുകൾ കൊണ്ടു പരസ്പരം പുണർന്നു എന്നു സൗഹൃദത്തെക്കുറിച്ചു പറഞ്ഞതുപോലെയാണ് നോവലിലെ സുഹൃത്തുക്കളും. അവർ സുഹൃത്തുക്കൾ മാത്രമല്ല സഹ സൈനികർ കൂടിയുമാണ്. ആൽഫ ദിയ. മാദെംപ ദിയോപ്. ജീവിതത്തിലെന്നപോലെ പ്രണയത്തിലും മരണത്തിലും ഒരുമിച്ച ധീര സൈനികർ.

യുദ്ധത്തെക്കുറിച്ച് ഇതിനോടകം എത്രമാത്രം എഴുതിക്കഴിഞ്ഞിരിക്കുന്നു. എത്രയോ പുസ്തകങ്ങൾ. ചിത്രങ്ങൾ. നാടകങ്ങൾ. ചലച്ചിത്രങ്ങൾ. ഉജ്വലമായ പ്രഭാഷണങ്ങൾ. എന്നിട്ടും  ദിയോപിന്റെ രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പ് എന്ന പുസ്തകം അനന്യമാണ്. ആരൊക്കെയോ കടന്നുപോയതും അനുഭവിച്ചതുമായ സംഭവങ്ങൾ ഓരോ പുതിയ മനുഷ്യനും പുതുതായി അനുഭവിക്കുന്നതുപോലെ.

 

ഒന്നാം ലോക യുദ്ധകാലത്ത് യൂറോപ്പിലെ വിവിധ യുദ്ധമുഖങ്ങളിലേക്ക് ഫ്രാൻസ് അയച്ചത് ഒന്നരലക്ഷത്തോളം സൈനഗൽ പൗരൻമാരെയാണ്. സൈനികരായി. സെനഗലിൽ നിന്നു മാത്രമല്ല, ഫ്രാൻസിന്റെ കോളനികളായ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ നിന്ന്. എവിടെനിന്നോ വന്ന് സ്വന്തം രാജ്യത്ത് ആധിപത്യമുറപ്പിച്ച സ്വയം പ്രഖ്യാപിത യജമാനൻമാർക്കുവേണ്ടി ബലിയാടുകളാക്കപ്പെട്ടവർ. 30,000 ൽ അധികം പേർ യുദ്ധത്തിൽ ഇല്ലാതായി. എന്നാൽ അവർ മാത്രമല്ല, ഫ്രാൻസ് എന്ന കൊളോണിയൽ ശക്തിക്ക് ഒരു ഉത്തരവാദിത്വവുമില്ലാത്ത ആ സൈനികർ ഒന്നടങ്കം വിസ്മൃതരായി. ചരിത്രത്തിൽ നിന്നും ഭൂപടത്തിൽ നിന്നുതന്നെയും. ജർമനിക്കാരെ ഭയപ്പെടുത്താൻ ഫ്രാൻസ് അഴിച്ചുവിട്ട കിരാതൻമാരായിരുന്നു സെനഗൽ സൈനികർ. ഫ്രഞ്ച് സൈനികർക്കു നൽകിയിരുന്നത് റൈഫിൾ മാത്രമാണ്. എന്നാൽ സൈനഗൽ സൈനികർക്കു മാത്രം ഒരു കയ്യിൽ റൈഫിളും മറുകയ്യിൽ വാളും നൽകി. കൊന്നുതള്ളുക എന്നതു മാത്രമായിരുന്നു അവർക്കു നൽകപ്പെട്ട മന്ത്രം. കൊല്ലുക, കൊല്ലപ്പെടുക.ആൽഫ ദിയയുടെ ചാരത്താണ് മാദെംബ ദിയോപ് മരിച്ചത്. ജീവിതത്തിലെന്നപോലെ മരണത്തിന്റെ ദീർഘനിമിഷങ്ങിലും ആൽഫ സഹോദരന്റെ കാവലാളായിരുന്നു. എന്നിട്ടും മാദെംബയുടെ അവസാനത്തെ ആഗ്രഹം നിറവേറ്റാനായില്ല. അതെങ്ങനെ കഴിയും ആൽഫയ്ക്ക്. ആ നിസ്സഹായതയിൽ നിന്നാണ് രാത്രിയിൽ എല്ലാ രക്തത്തിനും നിറം കറുപ്പ് എന്ന നോവൽ ജൻമമെടുക്കുന്നത്.

ജീവിതത്തിൽ എല്ലാവരും അന്യമാകുന്ന സാഹചര്യത്തിൽ, ഒരു സാഹചര്യവും ആശാവഹമല്ലെന്നു തീർച്ചയായിക്കഴിയുന്ന പരിതസ്ഥിയിൽ നിരീശ്വവാദി പോലും ദൈവമേ എന്നു വിളിച്ചേക്കാം. നെഞ്ചുപൊട്ടി, കരളുരുകി, കണ്ണീർവാർത്ത് ഒറ്റയായെന്ന ഉറപ്പിൽ അതുവരെയും അറിയാതിരുന്ന സാന്നിധ്യത്തെ അറിയുന്നപോലെ. ആത്മാവിലും ശരീരത്തിലും നഗ്നനായി. എല്ലാ തെറ്റുകളും കുറ്റവും ഏറ്റുപറഞ്ഞുകൊണ്ട്. കണ്ണീരു കൊണ്ട് കഴുകി വെടിപ്പാക്കിയ മനസ്സുമായി. സ്വന്തം രക്തത്തെ തിരിച്ചറിയുന്നപോലെ.

 

എനിക്കറിയാം. ഞാൻ മനസ്സിലാക്കുന്നു. ഞാൻ അങ്ങനെ ചെയ്യരുതായിരുന്നു. ദൈവമേ, നീ എന്റെ വിളി കേൾക്കുന്നുണ്ടോ. എന്റെ കരച്ചിലെങ്കിലും. അവനു കാവലാളാര് എന്നു നീ ചോദിച്ചു. ഞാനോ എന്നു ഞാൻ അതിശയിച്ചു. ഇപ്പോഴിതാ, ഞാൻ ആണയിട്ടു പറയുന്നു, അവനു കാവലാളാകേണ്ടിയിരുന്നതു ഞാൻ തന്നെയാണ്. അവനെ തിരിച്ചെടുത്തതുപോലെ നീ എന്നെയും തിരിച്ചെടുക്കുമോ. നിന്റെ പൂന്തോട്ടത്തിൽ വീണ്ടുമൊരിക്കൽ ഞങ്ങൾക്ക് ഒരു കുട്ടിക്കാലം കൂടിയുണ്ടാകുമോ. അവനെ ഞാൻ കാത്തുകൊള്ളാം. ഇത് എന്റെ ജീവന്റെ സത്യം.

 

Content Summary: At Night All Blood is Black book by David Diop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com