ADVERTISEMENT

‘‘ദേശ്മുഖ്, നിങ്ങളുടെ മകൻ എന്റെ പെങ്ങളെ പിഴപ്പിച്ചു’’ ഭഗവാന്റെ വാക്കുകൾ പീരങ്കിയിൽ നിന്നുയർന്ന ഉണ്ടകൾ പോലെ ഗർജിച്ചു. ദേശ്മുഖും ആയമ്മയും യുദ്ധക്കുറ്റവാളികളെപ്പോലെ അവിടെ നിന്നു.

 

‘‘ദേശ്മുഖ്, നിങ്ങൾ എന്റെ പെങ്ങളെ മരുമകളായി സ്വീകരിക്കണം. ഭാഗീ നീ, അകത്തുപൊയ്ക്കോള്ളൂ’’. ഭാഗി പേടിച്ചു വിരണ്ടു. ഭഗവാൻ വീണ്ടും പറഞ്ഞു. 

 

‘‘നിന്നോടാണു പറഞ്ഞത് അകത്തു കയറാൻ. നീ ഈ വീട്ടിലെ മരുമകളായി ജീവിക്കും. ദേശ്മുഖ് എന്റെ പെങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ വീടു ഞാൻ കത്തിച്ചു ചാമ്പലാക്കും’’.

ഭാഗി ആയമ്മയുടെ അടുത്തു ചെന്നു നിന്നു. ആയമ്മ അവളെ ചേർത്തുനിർത്തി. 

 

ഭഗവാൻ ആവേശം കൊണ്ട് പുറത്തേക്കിറങ്ങി. ഭഗവാൻ അവന്റെ പെങ്ങളെ ദേശ്മുഖിന്റെ വീട്ടിൽ മരുമകളായി വാഴിച്ചു എന്ന വാർത്ത നാട്ടിൽ കാട്ടുതീ പോലെ പരന്നു. നാട് ഒന്നടങ്കം ഇളകി ദേശ്മുഖിന്റെ വീട്ടിലെത്തി. ദേശ്മുഖ് വായടഞ്ഞ കഴുകനെ പോലെ നിന്നു. വീടിനു പുറത്ത് ആൾക്കൂട്ടം തടിച്ചുകൂടി. കഴുകന്മാരുടെ എണ്ണം കൂടി കൂടി വന്നു. അവൻ ഭാഗിയെ തൊഴിത്തിൽ കെട്ടിയിട്ടു. നാട്ടിലെ പ്രമാണിമാർ ദേശ്മുഖിന്റെ വീട്ടിൽ യോഗം കൂടി.

 

‘‘മഹാരിച്ചിക്കു വയറ്റിലുണ്ടായി എന്നു പറഞ്ഞ് മരുമകളായി വാഴിക്കാൻ പറ്റുമോ? വീട്ടിനകത്തു കയറ്റിയതു തന്നെ വലിയ അപരാധമായിപോയി. നാട്ടിലെ ചെറുപ്പക്കാരുടെ കയ്യിലിരിപ്പു കൊണ്ട് വയറ്റിലുണ്ടാവുന്ന ആദ്യത്തെ മഹാരിച്ചിയാണോ ഇവൾ. ഗർഭം അലസിപ്പിച്ച് കിട്ടണ കാശുകൊണ്ട് മിണ്ടാണ്ട് വീട്ടിൽ പോയിരിക്കട്ടെ. അതല്ല പെറണമെന്നുണ്ടെങ്കിൽ പെറ്റ് ഗ്രാമത്തിനു പുറത്തുപോയി വെപ്പാട്ടിയായി ജീവിക്കട്ടെ. അല്ലാതെ അവൾക്ക് തീനും കുടീം കൊടുത്ത് വീട്ടിൽ പൊറുപ്പിക്കാൻ പറ്റില്ല’’ – ഗ്രാമമുഖ്യൻ വെട്ടിമുറിച്ചപോലെ കാര്യം പറഞ്ഞു. 

 

‘‘മഹാറുകൾക്ക് അഹങ്കാരം കൂടിയിരിക്കുകയാണ്. അവരെ ഒരു പാഠം പഠിപ്പിക്കു തന്നെ വേണം’’.ആളഉകൾ ഒരേസ്വരത്തിൽ പറഞ്ഞു..

ആരോ ചിലർ ഭാഗിയെ തൊഴുത്തിൽനിന്നു പിടിച്ചിറക്കി.

വഴി മാറൂ വഴി മാറൂ. മരുമകൾ വരുന്നു എന്നു പറഞ്ഞു കൊണ്ട് ആളുകൾ അവളെ കളിയാക്കി. ഒരുത്തൻ അവളുടെ വസ്ത്രം വലിച്ചഴിച്ചു. 

പിന്നീട് ഓരോരുത്തരായി വസ്ത്രം വലിച്ചുകീറി. നിമിഷനേരം കൊണ്ട് അവൾ നഗ്നയായി. വീടിനു മുമ്പിൽ വച്ച്തന്നെ അവളെ അപമാനിച്ചു. 

 

ഭാഗി അലറികരഞ്ഞുകൊണ്ട് ഓടി. ആൾക്കൂട്ടം അവളുടെ പിന്നാലെ ഓടി. ആൾക്കൂട്ടം ഭീംനഗറിലേക്കു കടന്ന് ഭഗവാന്റെ കുടിൽ ആക്രമിച്ചു. 

കുടിലിന്റെ വാതിലടച്ചു. അടുത്തനിമിഷം ഭഗവാന്റെ കുടിലിനു തീവച്ചു. ആളുകൾ ഭഗവാന്റെ കണ്ണുചൂഴ്ന്നെടുത്തു. സ്കൂളുകൾ വിട്ട് കുട്ടികൾ വരുന്ന സമയമായിരുന്നു. തെരുവിലെ കുട്ടികളെല്ലാം ഭഗവാന്റെ വീടിനു മുന്നിൽ ഒത്തുകൂടി. കത്തുന്ന കുടിലുകളിൽ നിന്നു തീയും പുകയും ഉയരുന്നു. ഭഗവാൻ കുട്ടികളുടെ ശബ്ദം തിരിച്ചറിഞ്ഞു. തന്റെ വേദന മറന്നു. അയാൾ ഒരു പട്ടാളക്കാരന്റെ ശൗര്യത്തോടെ ചാടി എഴുന്നേറ്റു. ഭഗവാൻ കുട്ടികൾക്കു മാർച്ച്പാസ്റ്റിനുള്ള നിർദേശം നൽകി. കുട്ടികളെല്ലാം ഒരേ മനസ്സോടെ തയാറായി.

 

ഭഗവാന്റെ നിർദേശം ആകാശം തുളയ്ക്കുന്നതായിരുന്നു. കുട്ടികൾ യുദ്ധത്തിനുള്ള തയാറെടുപ്പുമായി തെരുവിലേക്കിറങ്ങി.

 

(ഭഗവാന്റെ പോരാട്ടം– ശരൺകുമാർ ലിംബാളെ)

 

ഇന്ത്യൻ ദലിത് സാഹിത്യത്തെക്കുറിച്ചു പറയുമ്പോൾ ശരൺകുമാർ  ലിംബാളെ മുഖ്യധാരയിൽ തന്നെയുണ്ടാകും. ഇന്ത്യയിലെ ജാതിവ്യവസ്ഥയ്ക്കെതിരെ  സംസാരിക്കുന്നതാണ് ലിംബാളെയുടെ സൃഷ്ടികളെല്ലാം. ലോകം ഫൈവ് ജിയുടെ കാലത്തെത്തുമ്പോഴും ഇന്ത്യയിലെ ദലിത് വിഭാഗം അനുഭവിക്കുന്ന ജാതിവെറിയുടെ നേർച്ചിത്രങ്ങളായിട്ടുള്ള, അദ്ദേഹത്തിന്റെ 10 കഥകൾ ചേർത്ത് തൃശൂർ ബുക്കർമീഡിയ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘ദളിത് ബ്രാഹ്മണൻ’ എന്ന പുസ്തകം ഇതിനോടകം തന്നെ കേരളത്തിൽ ഏറെ ചർച്ചയായി. മറാത്തിയിൽ എഴുതിയ കഥകൾ ഡോ.എൻ.എം.സണ്ണിയാണു മലയാളത്തിലേക്കു മൊഴിമാറ്റിയിരിക്കുന്നത്. 

 

ദലിതർ ഇപ്പോഴും എപ്പോഴും അനുഭവിക്കുന്ന സഹനങ്ങളാണ് ലിംബാളെ ഭാഷയിലേക്കു മാറ്റുന്നത്. അതിൽ കൂട്ടിച്ചേർക്കലോ സാഹിത്യം ചേർക്കലോ ഇല്ല. പച്ചയായ കാര്യങ്ങൾ എഴുതുകയാണ്. ഒരു ജനതയുടെ ആകുലതകളും നൊമ്പരങ്ങളും എഴുതുമ്പോൾ എങ്ങനെ അതിൽ കൂട്ടിച്ചേർക്കലുണ്ടാകും? വായനക്കാരനെ തൃപ്തിപ്പെടുത്താൻ വേണ്ടി ഈ എഴുത്തുകാരന് ഒന്നും അധികമായി പറയേണ്ടി വരുന്നില്ല.

 

രചയിതാവിന്റെ വ്രണിതഹൃദയരക്തം ഇറ്റുവീഴുന്നത് ഓരോ കഥയിലും കാണാൻ കഴിയും. ഭഗവാൻ എന്ന മുൻസൈനികന്റെ ജീവിതമാണ് ഭഗവാന്റെ പോരാട്ടം എന്ന കഥ. മറ്റു പട്ടാളക്കാരെപ്പോലെ സൈന്യത്തിൽനിന്നു വിടുതൽ വാങ്ങിപ്പോന്നതല്ല അയാൾ. ഇന്ത്യാ–പാക് യുദ്ധത്തിൽ മുറിവേറ്റതുകൊണ്ട് സൈന്യത്തിൽ പറഞ്ഞുവിട്ടതാണ് അയാളെ.

 

ദലിതരായി ജനിക്കുന്നതിലൂടെ ഇന്ത്യയിൽ ഒരു സമുദായം അനുഭവിക്കേണ്ടി വരുന്ന പീഡനങ്ങളുടെ നേർസാക്ഷ്യങ്ങളാണ് ഭഗവാന്റെ പോരാട്ടം, ആത്മകഥ, നീചജാതി മുതലായവ. എങ്ങനെ ഒരാൾ സ്വയം അടിമത്തം സ്വീകരിക്കാനും കീഴടങ്ങി ജീവിക്കാനും പരിശീലിപ്പിക്കപ്പെടുന്നു എന്ന കാര്യമാണ് ‘ദലിത് ബ്രാഹ്മണൻ’ എന്ന കഥയിൽ പറയുന്നത്.

 

പ്രണയത്തിൽ പോലും കാണുന്ന ജാതീയത ‘നീചജാതി’യിൽ പച്ചയായി ആവിഷ്ക്കരിക്കുകയാണ്. 

‘‘എനിക്കു ഭ്രാന്ത് പിടിച്ചു. നീലുവിനും നീലുവിന്റെ അച്ഛനും ഒരേ മാനസികാവസ്ഥയാണ്. ലൈംഗികസുഖത്തിനു വേണ്ടിയാണ് അവർ ഞങ്ങളെ സ്നേഹിക്കുന്നത്. നീലുവിന്റെ അച്ഛൻ ജന്മിയുടെ അധികാരം ഉപയോഗിച്ച് വശത്താക്കുന്നു. നീലു സ്നേഹം നടിച്ച് കരവലയത്തിൽ ഒതുക്കുന്നു. ഞങ്ങൾ അതു പ്രണയമാണെന്നു തെറ്റിദ്ധരിച്ച് വീണുപോകുന്നു. എന്റെ ഞരമ്പുകളിൽ രക്തം ഇരച്ചുകയറി. എന്റെ രക്തത്തിൽ നാഗം ഫണം വിടർത്തിയായി. നീലുവിന്റെ നഗ്നമേനിയിൽ... ഇഴയാൻ തോന്നി. അവളുടെ ശരീരത്തിൽ തുപ്പണമെന്നു തോന്നി. അവളുടെ നേരേ നോക്കുമ്പോൾ എനിക്കു മൃതശരീരമാണ് ഓർമ വരുന്നത്...ശരൺ... ഞാൻ നിന്നെ സ്നേഹിക്കാൻ പാടില്ലായിരുന്നു. നമുക്കു പിരിയാം. നമ്മൾ തമ്മിലുള്ള വിവാഹം നടക്കില്ല. നീ നിന്റെ ജാതിയെക്കുറിച്ച് എന്താണു ചിന്തിക്കാത്തത്? സ്വന്തം ജാതിയുടെ പരിമിതികൾ മനസ്സിലാക്കി എന്നെ മറക്കണം’’. 

 

നീലുവിന്റെ വാക്കുകൾ മനസ്സിൽ മുറിവുണ്ടാക്കി. അമ്മയുടെ നിലവിളി ഓർമ വന്നു. അച്ഛന്റെ ദയനീയമായ മുഖം മുന്നിൽ തെളിഞ്ഞുനിന്നു. 

 

(നീചജാതി)

 

ഇന്ത്യയിൽ നടക്കുന്ന ദലിത് മുന്നേറ്റത്തിന് ചൂടും ആവേശവും പകരാൻ സഹായിക്കുന്നതാണ് ശരൺകുമാർ ലിംബാളെയുടെ കൃതികൾ എന്ന് വരികൾക്കിടയിലൂടെ വായനക്കാരനു ബോധ്യപ്പെടും. 

 

Content Summary: Dalith Brahmanan book written by Sharankumar Limbale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com