ADVERTISEMENT

മോശയുടെ പെട്ടകത്തിൽ നിന്ന് രണ്ടുപക്ഷികളെ പുറത്തേക്കയച്ചു. കാക്കയെയും പ്രാവിനെയും. കാക്ക തിരിച്ചുവന്നില്ല. പ്രാവ് കൊക്കിൽ ഒലീവിലയുമായി തിരിച്ചുവന്നു. (വെളുത്തപ്രാവും ഒലീവിലയും അതോടെ പ്രതീകപദവി കൈവരിച്ചു). ആ നീണ്ട രാവ് അവസാനിച്ചിരിക്കുന്നു; വെള്ളപ്രാവിന്റെ കൊക്കിലെ ഒലീവില മോശയോടു പറഞ്ഞു. രാപകലുകളെക്കുറിച്ചുള്ള ഒരു ദൃഷ്ടാന്തകഥയുമാവാം ഈ ഇരുപക്ഷികളെക്കുറിച്ചുള്ള കഥ. പ്രളയത്തിന്റെ ഇരുണ്ടരാത്രി കഴിഞ്ഞ് ലോകം വെളുത്തതിന്റെ കഥ. പ്രഭാതത്തിൽ പക്ഷികൾ മരങ്ങളിൽ നിന്ന്, കോഴി മുറ്റത്തുനിന്നു പറയുന്നത് ലോകം വീണ്ടും ജീവിതസജ്ജമായി എന്നാണ്. ഒഴുകുന്ന പുഴ പോലും പുലർന്നതിന്റെ ആഹ്ലാദത്തിലാണ്.  നേരം വെളുത്താൽ മതിയായിരുന്നു എന്ന്  രോഗികൾ കാത്തിരുന്നത് പകൽ എന്ന അഭയത്തെയായിരുന്നു. പുലർന്നാൽ വഴികൾ തെളിയുമ്പോൾ പല വഴികളും തെളിയുന്നു. നേരം വെളുത്താൽ മതിയായിരുന്നു എന്നു വിചാരപ്പെട്ട കഠിനമായ വർഷകാലരാത്രികളിലൊന്നിന്റെ സങ്കൽപമായിരുന്നോ നോഹയുടെ കഥ?

 

‘കറുപ്പ് ഇരുട്ടല്ല, വെളുപ്പ് വെളിച്ചവുമല്ല’ എന്ന് കൽപ്പറ്റ നാരായണൻ എഴുതുമ്പോൾ പ്രത്യക്ഷത്തിൽ നാം കാണുന്നതിനപ്പുറമുള്ള ഒരു കാഴ്ചയിലേക്കാണു നാം പോകുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം കറുപ്പ് വെറും കറുപ്പാണ്. ദുഃഖത്തിന്റെ നിറം. വെളുപ്പ് പ്രത്യാശയുടെ, സന്തോഷത്തിന്റെ, പ്രതീക്ഷയുടെ നിറം. വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും പ്രായോഗിക വൈവിധ്യങ്ങൾ കുമാരനാശാനിലൂടെയും ബഷീറിലൂടെയും ആറ്റൂരിലൂടെയും വ്യക്തമാക്കിത്തരികയാണ് അദ്ദേഹം. അന്നേരം ഇരുട്ടിന് വെളിച്ചം കൂടിവരികയും വെളിച്ചം കൂടുതൽ പ്രകാശിക്കുകയും ചെയ്യുന്നു. കാഴ്ചയുടെ മറ്റൊരു വശത്തിലൂടെയുള്ള യാത്രയാണ് കൽപ്പറ്റ നാരായണന്റെ ‘കറുപ്പ് ഇരുട്ടല്ല, വെളുപ്പ് വെളിച്ചവുമല്ല ’ എന്ന കൃതി.

 

വെളിച്ചത്തിന്റെ നിറമാണ് (ചിലപ്പോൾ) താരതമ്യേന വെളുപ്പ്. ഇരുട്ടിന്റെ നിറമാണ് (ചിലപ്പോൾ) താരതമ്യേന കറുപ്പ്.എന്നാൽ അധികാരമുള്ള വെളുത്തവൻ വെളുപ്പിനെ വെളിച്ചത്തിന്റെ നിറമാക്കി. കറുപ്പിനെ ഇരുട്ടിന്റെ നിറമാക്കി. വെളുപ്പ് വെളിച്ചവുമായി ബന്ധപ്പെട്ട എല്ലാ സമ്മതങ്ങളുടെയും പ്രതിനിധിയായി. കറുപ്പ് ഇരുട്ടുമായി  ബന്ധപ്പെട്ട എല്ലാ നിഷേധങ്ങളുടെയും. സമാധാനവും ശാന്തിയും വെള്ളപ്രാവുകളെ പറത്തി. നിരാശയും കോപവും കരിങ്കൊടി കാട്ടി. 

കാലാന്തരത്തിൽ വെളുപ്പിന് ‘സദ്’ എന്ന അദൃശ്യമായ ആമുഖം കിട്ടി. കറുപ്പിന് ‘ദുർ’ എന്ന അദൃശ്യമായ ആമുഖവും. ദുർമന്ത്രവാദം ബ്ലാക്ക് മാജിക്കായി. കള്ളപ്പണവും കരിഞ്ചന്തയും കരിന്തിരിയും കരിയിലയും കറുപ്പിന്റെ അഴക് കെടുത്തി. അജ്ഞതയ്ക്കും ദുരൂഹതയ്ക്കും കറുപ്പെന്ന നിറമായി. ‘കറുത്തപുക’ മിത്തുകളിൽ അപകടം സൂചിപ്പിച്ചു. ‘വെളുത്തപുക’ പ്രത്യാശ കാട്ടി. വെളുപ്പ് എല്ലാ വെളിച്ചങ്ങളുടെയും പ്രതിനിധിയായി. കറുപ്പ് എല്ലാ പാപഭാരങ്ങളെയും ചുമന്നു. വെളുത്തവൻ കറുത്തവനെ അപരിഷ്കൃതനാക്കി. അടിമയാക്കി. മൃഗത്തിനും മനുഷ്യനും ഇടയ്ക്കുള്ള കണ്ണിയാക്കി. സകല അഴുക്കുകളെയും അവനെക്കൊണ്ട് ചുമപ്പിച്ചു. കറുപ്പ് ഇരുട്ടിൽപ്പെട്ടവന്റെ, വഴിമുട്ടിയവന്റെ, പ്രത്യാശയറ്റവന്റെ യാതനകളുടെ ഭാരമൊക്കെ ചുമന്നു. വെളുത്തവൻ വെളിച്ചത്തിൽ എത്തിയവന്റെ, പോം വഴി തെളിഞ്ഞവന്റെ, ക്ലേശങ്ങൾ നീങ്ങിയവന്റെ സൗഭാഗ്യങ്ങളുടെ മുഴുവൻ അവകാശിയായി. ലോകം അവന്റെ അവകാശമായി. 

കാഴ്ചയിൽ നിന്ന് ഉൾക്കാഴ്ചയിലേക്കാണ് ഗ്രന്ഥകാരൻ നമ്മെ കൊണ്ടുപോകുന്നത്. വയനാട്ടിലെ കാലവർഷത്തെക്കുറിച്ചു പറയുമ്പോൾ ‘‘ പഴയകാലത്തെ വയനാട്ടിലെപ്പോലെ നീണ്ട കഠിനമായ കാലവർഷം ഇന്ത്യയിൽ തന്നെ മറ്റൊരിടത്തുമുണ്ടായിരുന്നില്ല. ‘കാല’വർഷം തന്നെയായിരുന്നു അത്. എത്രപേരെയാണ് ഓരോ വർഷകാലവും ജീവിതത്തിൽ നിന്നും മാറ്റിപ്പാർപ്പിച്ചത്! അസ്വസ്ഥതയ്ക്ക് ഇത്ര അസ്വസ്ഥത മറ്റെവിടെയും ഇല്ലാത്തതുപോലെ അഴകിന് ഇത്ര അഴകും മറ്റെവിടെയുമുണ്ടാവില്ല.. നാട്ടിൽ ചെറിയ പൂക്കൾ വിരിയിക്കുന്ന ജമന്തി ഇവിടെ ഡാലിയ പൂക്കൾ വിരിയിക്കുന്നു. താഴെ നാട്ടിൽ ഒരംഗുലം മാത്രം വലിപ്പമുള്ള തേരട്ടയ്ക്ക് വയനാട്ടിൽ സ്വപ്നത്തിലെ പോയിതീരാത്ത തീവണ്ടിയുടെ വലുപ്പമുണ്ട്. എന്നിലെ കുഞ്ഞാലീസ് അതിലൊരു കോച്ചിൽ കയറിപ്പറ്റി ലോകസഞ്ചാരം ചെയ്യാൻ തോന്നിയാൽ അദ്ഭുതമില്ല.

 

നായികമാരുടെ വെർജിനിറ്റി ടെസ്റ്റ്

 

എന്തുകൊണ്ട് നായകന്മാർ നിലനിൽക്കുമ്പോൾ മലയാള സിനിമയിൽ നായികമാർ മാത്രം മാറുന്നു?

അതതു കാലത്ത് നിലവിലുള്ള മാനദണ്ഡമനുസരിച്ചുള്ള ശരീരസൗന്ദര്യമാണ്, അതു മാത്രമാണ്, പെൺകുട്ടിക്ക് നടിയാവാനുള്ള യോഗ്യത. ഏതാണ്ടൊരു വധുവിനെ തിരഞ്ഞൈടുക്കുമ്പോലെയാണ് പുതുമുഖനടിയെ സിനിമക്കാർ തിരഞ്ഞെടുക്കുന്നത്. വെർജിനിറ്റി ടെസ്റ്റ് നടത്താത്തത് നിവൃത്തിയില്ലാത്തതുകൊണ്ടു മാത്രമാണ്. അഭിനയശേഷി മുഖ്യമല്ല. വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രങ്ങൾ കുറവായതിനാൽ ഇതൊരു പ്രശ്നവുമല്ല. അപരിചിതത്വവും അമ്പരപ്പുമൊക്കെ ചിലിപ്പോഴെങ്കിലും സൗകര്യവുമാകാറുണ്ട്. കരിയറിന് ഏറ്റവും കുറഞ്ഞ ആയുർദൈർഘ്യം ചലച്ചിത്രനടിമാർക്കാണെന്ന് പറയാം. പതിനാറോ പതിനേഴോ വയസ്സിൽ തുടങ്ങി ഇരുപത്തിയഞ്ച്ഇരുപത്തിയാറ് വയസ്സാകുമ്പോഴോ വിവാഹിതയാവുന്നതോടെയോഅവൾ തീർന്നു. ഇരുപത്തിയൊന്നു വയസ്സിൽ പ്രായം ചോദിക്കുന്നവരോട് അവൾ നുണ പറഞ്ഞുതുടങ്ങുന്നു. നായകനടന്മാർക്ക് ഇതൊന്നും പ്രശ്നമല്ല. നടികളുടെ മൂന്നോ നാലോ തലമുറയ്ക്കൊപ്പം ഈ അങ്കിളുമാർക്ക് അഭിനയിക്കാനാവും. 

കാണികളുടെ ദേവദാസിയാണ് ഓരോ ചലച്ചിത്രനായികനടിയും. അവൾ വിവാഹിതയാകുന്നതോ ആരുടെയെങ്കിലും സ്വന്തമാവുന്നതോഅഭിനയേതരമായ എന്തെങ്കിലും താൽപര്യങ്ങൾ അവൾ പ്രകടിപ്പിക്കുന്നതോ കാണി സഹിക്കുകയില്ല. അവൾ ശരീരസൗന്ദര്യതരമായ ഒരു സ്വത്വത്തിലും തിളങ്ങരുതെന്ന് കാണിക്ക് നിർബന്ധമുണ്ട്. സുന്ദരിക്കല്ലാതെ നായികാകഥാപാത്രമാവാനോ നായികനടിയാവാനോ അനുവാദമില്ല. കുട്ട്യേടത്തി എന്ന എം.ടി.വാസുദേവൻനായർ ചിത്രം മാത്രമാണ് ഈ പൊതുനിലപാടിനെ ശക്തമായി ചോദ്യം ചെയ്തിട്ടുള്ളത്. 

നായകനടന്മാർ വാങ്ങുന്ന പ്രതിഫലവും നായികനടിമാർ വാങ്ങുന്ന പ്രതിഫലവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നായികയുടെ വിലക്കുറവിനെക്കൂടിയാണ് അതു സൂചിപ്പിക്കുന്നത്. എങ്കിലും നായകനടന്മാരാണ് എല്ലാ പണംവാരി ചിത്രങ്ങളുടെയും നിദാനമെന്നും പറഞ്ഞുകൂടാ. അധ്യാപിക, ഭാര്യ, തുലാഭാരം, ചെമ്മീൻ, ശാലിനി എന്റെ കൂട്ടുകാരി എന്നീ ചിത്രങ്ങളെല്ലാം വലിയ സാമ്പത്തികലാഭമുണ്ടാക്കിയവയാണ്. 

വിടനാവാനും വില്ലനാവാനും കള്ളനാവാനും കൊലപാതകിയാവാനും സ്വാതന്ത്ര്യമുണ്ട് സിനിമയിലെ നായകന്. ‘ദൃശ്യ’ത്തിലെ നായകന്റെ സ്ഥാനത്ത് ഒരു നായികയെ സങ്കൽപ്പിച്ചുനോക്കൂ. സിനിമ നാലുദിവസമോടില്ല. കള്ളിയാവാനും കൊലപാതകിയാവാനും വില്ലനാവാനും നേതൃത്വം വഹിക്കുവാനും രക്ഷകനാകാനും ഒന്നുമുള്ള സ്വാതന്ത്ര്യം നായികയ്ക്കില്ല. 

ഗോപി, തിലകൻ, നെടുമുടി വേണു, ജഗതിശ്രീകുമാർ, കരമന, മോഹൻലാൽ, മമ്മൂട്ടി, മുരളി തുടങ്ങി ഇന്ത്യയിലെ ഏറ്റവും മികച്ച ഈ നടന്മാർക്ക് കിടനിൽക്കാൻ പോന്ന നായികനടിമാർ നമുക്കുണ്ടായോ?നടികളിൽ നിന്ന് സിനിമയതു പ്രതീക്ഷിച്ചതുമില്ല. 

കാഴ്ചയ്ക്കിടെ കാണാതെപോകുന്നതാണ് കൽപ്പറ്റ നാരായണൻ കാണുന്നത്. ആ കാഴ്ചക്കിടെ ബഷീറും ആറ്റൂരും വൈലോപ്പിള്ളിയും കുമാരനാശാനും കടന്നുവരും. ഓരോ കാഴ്ചയും ഉൾക്കാഴ്ച സമ്മാനിച്ചുകൊണ്ടാണ് നമ്മെ ചിന്തിപ്പിക്കുക. ആ ചിന്തയ്ക്കു തിരികൊളുത്താൻ കെൽപ്പുള്ളതാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനവും.

 

English summary : Karuppu iruttalla veluppu velichavumalla- Book written Kalpatta Narayanan 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com