ADVERTISEMENT

കഴിവുകളെക്കുറിച്ചുള്ള തിരിച്ചറിവും ആത്മവിശ്വാസവും ഏതൊരു കലാകാരന്റെയും കരുത്താണ്. എന്നാൽ, പരിമിതികളെക്കുറിച്ചുള്ള ശരിയായ അറിവ് പരാജയങ്ങളിൽ നിന്നു രക്ഷപ്പെടുത്തും എന്നു മാത്രമല്ല, കൂടുതൽ ഉയരങ്ങളിലേക്കു പോകാനും സഹായിക്കും. ദീർഘകാലം ഇഷ്ട മേഖലയിൽ തലയുയർത്തിനിന്ന് നേട്ടങ്ങൾ സ്വന്തമാക്കിയവരെല്ലാം ഇത്തരക്കരാണ്. കഴിവുകൾക്കൊപ്പം പരിമിതികളും തിരിച്ചറിഞ്ഞവർ. പോരായ്മകളെ വിജയത്തിനുള്ള ഇന്ധനമാക്കിയവർ. മുന്നോട്ടുള്ള കുതിപ്പിന് സ്വന്തം കണ്ണീരും വേദനയും ചവിട്ടുപടിയാക്കിയവർ. ഇന്ത്യ മുഴുവൻ അറിയപ്പെട്ട, ലോകത്തെങ്ങുമുള്ള ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഗായകനായ എസ് പി ബാലസുബ്രഹ്‌മണ്യവും നേട്ടങ്ങൾക്കൊപ്പം കോട്ടങ്ങളും തിരിച്ചറിഞ്ഞ വ്യക്തിയാണ്. എസ്പിബിയെ ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട ഗായകനാക്കിയ ശങ്കരാഭരണം എന്ന ചിത്രത്തിന്റെ അണിയറക്കഥ തന്നെ ഏറ്റവും മികച്ച ഉദാഹരണം.

 

1980 ഫെബ്രുവരി രണ്ടിനാണ് ശങ്കരാഭരണം എന്ന തെലുങ്കു സിനിമ റിലീസ് ചെയ്യുന്നത്. ഭാഷയും സംസ്ഥാനവും കടന്ന് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ചിത്രം സൂപ്പർ ഹിറ്റായി. പാട്ടുകൾ സർവകാല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ഇപ്പോഴും മുന്നേറുന്നു. സിനിമയിൽ പാടാൻ ബാലമുരളീ കൃഷ്ണയെയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. കർണാടക സംഗീതത്തിൽ അധിഷ്ഠിതമായ സിനിമയ്ക്ക് അദ്ദേഹത്തേക്കാൾ മികച്ച തിരഞ്ഞെുപ്പ് വേറെയില്ലായിരുന്നു. എന്നാൽ അദ്ദേഹം ചിത്രത്തിൽ വലിയ താൽപര്യം കാണിച്ചില്ല. പറ്റില്ല എന്നു തീർത്തുപറഞ്ഞതുമില്ല. ഷൂട്ടിങ് വൈകുമെന്നായപ്പോഴാണ് അണിയറക്കാർ എസ്പിബിയെ സമീപിക്കുന്നത്. ശാസ്ത്രീയസംഗീതം അഭ്യസിച്ചിട്ടില്ലാത്ത പാട്ടുകാരനെ. എന്നാൽ, തനിക്കീ പാട്ടുകൾ പാടാൻ കഴിയുമെന്ന് തോന്നുന്നില്ല എന്നായിരുന്നു എസ്പിബിയുടെ മറുപടി. വാർധക്യത്തിലെത്തിയ വ്യക്തിയാണു ചിത്രത്തിലെ നായകൻ. അദ്ദേഹത്തിന്റെ സ്വരവുമായി തന്റെ ശബ്ദം ചേർന്നുപോകുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം തീർത്തുപറഞ്ഞു. സംവിധായകൻ കെ. വിശ്വനാഥൻ എസ്പിബിയുടെ അച്ഛനെ സമീപിച്ചു. ബാലു ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലെന്നും ആത്മവിശ്വാസമില്ലാതെ പാടിയാൽ എങ്ങനെ ശരിയാകും എന്നുമായിരുന്നു അദ്ദേഹത്തിന്റെയും ചോദ്യം. ഒടുവിൽ സംഗീത സംവിധായകൻ പുകഴേന്തിയാണ് ബാലുവിന് ആത്മവിശ്വാസം പകർന്ന് സമ്മതം നേടിയെടുത്തത്.

എം.വി. മഹാദേവനും പുകഴേന്തിയും ചേർന്ന് പാട്ടുകൾ ചിട്ടപ്പെടുത്തി ബാലുവിന് അയച്ചുകൊടുത്തു. വേണ്ടത്ര സമയമെടുത്ത് പാടിപ്പഠിക്കാൻ.

 

ബാലു അവിശ്രമമായി പരിശ്രമിച്ചു. ഏതു പാട്ടും അനായാസമായി കേട്ടു പാടുന്ന അദ്ദേഹം ശങ്കരാഭരണത്തിനു വേണ്ടി രാവും പകലും അധ്വാനിച്ചു. സ്വയം പാടി തൃപ്തി വന്നപ്പോൾ മാത്രമാണ് അദ്ദേഹം സമ്മതം അറിയിച്ചത്.

ആദ്യ ആഴ്ച സിനിമയ്ക്ക് ശരാശരി കളക്ഷൻ മാത്രമായിരുന്നു. പുതിയ ചിത്രം തിയറ്ററിലിടാൻ തീരുമാനിക്കുന്ന സമയത്താണ് ചിത്രത്തിലെ പാട്ടുകളുമായി തിയറ്ററിനു സമീപത്ത് കച്ചേരി നടത്താമെന്ന ആശയം വന്നത്. പാട്ടുകൾ കേട്ട് ആവേശത്തോടെ ജനം തിയറ്ററിലേക്ക് ഓടി. അങ്ങനെ ചുണ്ടുകളിൽ നിന്ന് ചുണ്ടുകളിലേക്ക് പാട്ടുകളും സിനിമയും പ്രവഹിച്ചു. തുടർച്ചയായി 25 ആഴ്ചകളോളമാണ് ശങ്കരഭാരണം ഓടിയത്. ഡബ്ബിങ് ഇല്ലാതെതന്നെ ബാംഗ്ലൂരിൽ ചിത്രം ഓടിയത് ഒരു വർഷത്തോളം. ദേശീയ പുരസ്‌കാരത്തിലേക്കാണ് ചിത്രം എസ്പിബിയെ എത്തിച്ചത്. ശാസ്ത്രീയ സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാത്ത ഗായകന്റെ പാട്ടുകൾ ശാസ്ത്രീയ സംഗീത സദസ്സുകളിലെ ഇഷ്ട ഇനമാകുക കൂടിയായിരുന്നു.

 

രാഗം മൂളാനുള്ള ഓടക്കുഴൽ മാത്രമായിരുന്നില്ല എസ്പിബിയുടെ ഹൃദയം. നൻമകളുടെ സുഗന്ധം ആ ഹൃദയത്തിൽ നിന്ന് ഹേമന്തത്തിലെ ഇളംകാറ്റ് പോലെ പ്രവഹിച്ചു. 

 

രാത്രി കാലങ്ങളിൽ, ഗാനമേളകളുടെ കോലാഹലങ്ങൾ, പാടിത്തകർത്ത പാട്ടുകൾ, ചുമലിലേക്കു വന്നുവീഴുന്ന പൂമാലകൾ, വില കൂടിയ ഷാളുകൾ. ആഘോഷരാവുകൾക്കുശേഷം വണ്ടി കയറി പോകവേ ഇരുൾ വീണ തെരുവുകളിൽ പീടികക്കോലായകളിൽ തളർന്നുറങ്ങുന്ന പാവങ്ങളെ കാണുമ്പോൾ അദ്ദേഹം വാഹനം നിർത്താൻ പറയും. പുതയ്ക്കാനൊരു കീറത്തുണി പോലുമില്ലാതെ, കൊതുകിന്റെയും തണുപ്പിന്റെയും ആക്രമണങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ആ ശരീരങ്ങൾ അനാഥമായി കിടക്കുന്നത് എസ്പിബിയുടെ ഹൃദയത്തെ വേദനിപ്പിക്കും. തനിക്കു ലഭിച്ച വില കൂടിയ പട്ടുഷാളുകൾ ഉറങ്ങുന്ന അനാഥരെ ഉണർത്താതെ അദ്ദേഹം എത്രയോ തവണ പുതപ്പിച്ചിട്ടുണ്ട്. എന്നിട്ട് ചുണ്ടിലൊരു മന്ദഹാസത്തോടെ വാഹനത്തിലേക്കു തിരികെനടക്കും. എസ്പിബിയുടെ പാട്ടു കേൾക്കുമ്പോൾ അതേ മന്ദഹാസം തന്നെയല്ലേ കേൾവിക്കാരുടെ ചുണ്ടിലും വിരിയുക. അവരുടെ മുഖത്തെയും പ്രകാശമാനമാക്കുന്നത് ആ നൻമ തന്നെ. സ്‌നേഹവും കാരുണ്യവും തന്നെ.

 

എസ്പിബിയെക്കുറിച്ച് പല ഭാഷകളിൽ പല പുസ്തകങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും സമഗ്രം എന്നു വിശേഷിപ്പിക്കാവുന്നതാണ് കെ.പി. സുധീരയുടെ എസ്പിബി പാട്ടിന്റെ കടലാഴം എന്ന കൃതി. രജനീകാന്തും കമൽ ഹാസനും ഉൾപ്പെടെയുള്ളവരുടെ അനുസ്മരണങ്ങളും സംഗീത ജീവിതയാത്രയുടെ വിശദ വിവരങ്ങളും ഉൾക്കൊള്ളുന്ന പുസ്തകം. മഹാഗായകന്റെ പ്രശസ്ത ഗാനങ്ങളുടെ സ്വതന്ത്ര തർജ്ജമയും ഈ പുസ്തകത്തിൽ വായിക്കാം.

എസ്പിബിയുമായി സുധീരയ്ക്കുള്ള വ്യക്തിപരമായ ബന്ധമാണ് കൃതിയുടെ ആധികാരികതയ്ക്കു മാറ്റുകൂട്ടുന്നത്. പല വിവരങ്ങളും മഹാഗായകനിൽ നിന്നു തന്നെ ലഭിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തിലും പാട്ടുകളിലും ഗവേഷണം നടത്തുന്നവരിൽ നിന്നു ലഭിച്ച വിവരങ്ങളും കൂടിയായപ്പോൾ പാട്ടുകളെ സ്‌നേഹിക്കുന്ന, നല്ല കലാകാരനാകണമെങ്കിൽ നല്ല മനുഷ്യനാകണം എന്നും പഠിപ്പിച്ച എസ്പിബിയെക്കുറിച്ച് ഇന്ത്യൻ ഭാഷകളിറങ്ങിയ ഏറ്റവും മികച്ച പുസ്തകം മലയാളത്തിൽ നിന്നുതന്നെയായി.

 

Content Summary: SPB: Pattinte Kadalazham book written by K.P. Sudheera

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com