വഴി കാണിക്കാൻ വന്ന നക്ഷത്രങ്ങൾ വഴി തെറ്റിക്കുന്നുവോ, മുൾക്കുരിശുമായി മലയിറങ്ങി ഇനി എങ്ങോട്ട്?
മാതൃഭൂമി ബുക്സ്
വില 100
Mail This Article
ജീവിതത്തിന്റെ ദുരന്തം മരണമാണെന്നത് തെറ്റിധാരണ മാത്രമല്ലേ. മരണത്തിലേക്കടുക്കുന്നു എന്നോർമിപ്പിക്കുന്ന വളർച്ചയുടെ ഘട്ടത്തിലെ ഓരോ നിമിഷവുമല്ലേ യഥാർഥ ദുരന്തം. വളർച്ച തകർച്ചയിലേക്കു തന്നെയാകുമ്പോൾ ആരാണു വളരുന്നത്. എങ്ങോട്ട്. നിഷകളങ്കതയുടെ ബാല്യത്തിൽ നിന്ന് കൗതുകത്തിന്റെ കൗമാരത്തിലേക്ക്. സാഹസികതയുടെ യൗവ്വനത്തിലേക്ക്. ആശങ്കകളുടെ മധ്യവയസ്സിലേക്ക്. തിരിച്ചറിവുകളുടെ വാർധക്യത്തിലേക്ക്. കണ്ടു കണ്ടിരിക്കുമ്പോൾ തീർന്നുപോകുന്ന കാലങ്ങൾ. യുഗങ്ങൾ. ഇതിനിടെ എന്നോ ഒരിക്കൽ മുഖാമുഖം നിൽക്കുന്ന നിഷ്‌കളങ്കതയും വാർധക്യവുമാണ് ഇ. സന്തോഷ്‌കുമാറിന്റെ കുന്നുകൾ നക്ഷത്രങ്ങൾ എന്ന ചെറുനോവലിലെ ശക്തമായ പ്രമേയം. 2014 ൽ പ്രസിദ്ധീകരിച്ച് സഹൃദയരുടെ ഇഷ്ടം നേടിയ കൃതിയുടെ മൂന്നാം പതിപ്പാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാലമേറുമ്പോൾ രുചി കൂടുന്ന അപൂർവതയുടെ മാധുര്യവുമുള്ള എഴുത്തിന്റെ സാഫല്യം.
മൂന്നു യുദ്ധങ്ങളിൽ പങ്കെടുത്ത പട്ടാളക്കാരന്റെ വാർധക്യത്തിലാണ് നോവലിലെ കുട്ടി അയാളെ കാണുന്നത്. അതു നേരത്തേ നിശ്ചയിച്ചുറപ്പിച്ച കൂടിക്കാഴ്ച ആയിരുന്നില്ല. തികച്ചും യാദൃഛികം എന്ന ക്ലീഷേയിൽ പോലും ഒതുങ്ങാത്തത്. എന്നാൽ, മുന്നോട്ടുള്ള അയാളുടെ യാത്രയെ തടയുക എന്ന കൃത്യമായ ലക്ഷ്യം ഉണ്ടായിരുന്നു താനും. അയാളെ തടയുകയായിരുന്നില്ല ആരെങ്കിലും തടയുക എന്നേ കുട്ടി ആഗ്രഹിച്ചിരുന്നുള്ളൂ. ഇരയായത് അയാളാണെന്നു മാത്രം. ഒറ്റ കൂടിക്കാഴ്ച കൊണ്ടു പിരിയേണ്ടവരായിരുന്നില്ല അവർ. ആദ്യത്തെ കൂടിക്കാഴ്ചയെത്തുടർന്നുണ്ടായ കുറ്റബോധത്തെത്തുടർന്ന് കുട്ടി അച്ഛന്റെ സഹായത്തോടെ അയാളെ തിരഞ്ഞുപോകുന്നു. അതയാളെ കൂടുതൽ അറിയാൻ ഇടവരുത്തുന്നു. അതുവരെ അയാൾ മാത്രം അനുഭവിച്ചിരുന്ന അറിവിന്റെ ഭാരം അങ്ങനെ കുട്ടിയിലേക്കും അച്ഛനിലേക്കും വായനക്കാരിലേക്കും പടരുന്നു.
ബന്ധങ്ങൾ എത്രമാത്രം ലളിതമാണ്, സങ്കീർണവും. അങ്ങേയറ്റം ശുദ്ധമായ ബന്ധങ്ങളിൽ എവിടെനിന്നില്ലാത്ത വിഷം കലുരുമ്പോൾ എന്തൊരു ചൂടും ചൂരും മൂർച്ചയുമാണ് വാക്കുകൾക്ക്. പ്രതികാരം കൂടി കരുത്തു പകരുന്ന പ്രവൃത്തികൾ. മൂർച്ചയേറിയ നോട്ടങ്ങൾ. വേദനിപ്പിക്കുന്ന വാക്കും നോക്കും. എത്രയും പ്രിയപ്പെട്ടവർ എത്രമാത്രം അകലേക്കു പോകുന്നു. അപ്പോഴും തിരിച്ചുവിളിക്കാൻ കൈ ഉയർത്താതിരിക്കുക. അതൊരു ദുരന്തമായും കുറ്റബോധമായും ഏറ്റുവാങ്ങുക. പിന്നെയും ജൻമദീർഘമായ ജീവിതത്തിന്റെ ഒറ്റയടിപ്പാതയിൽ തനിച്ചായിപ്പോകാതെ പിടിച്ചുനിൽക്കാനും മുന്നോട്ടുപോകാനുമുള്ള ശ്രമം.
ഓർമ്മകൾ, പായൽപ്പച്ച
പടരും സായന്തനം
കുന്നുകൾ മീതേ, നാനാ-
നിറങ്ങൾ, ശലഭങ്ങൾ.
കുസൃതിയുടെ കാലത്ത് കുറ്റബോധത്തിനു പ്രസക്തിയില്ല. ഗൂഢാലോചനയോ കരുതിക്കൂട്ടി നടത്തുന്ന ആക്രമണമോ ആയിരുന്നില്ല താനും. എന്നാലും കുട്ടിക്ക് അതിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ആവുന്നില്ല. അങ്ങനെയാണ് അവരുടെ അന്വേഷണം ആരംഭിക്കുന്നത്. മനുഷ്യർ തമ്മിലുള്ള ബന്ധത്തിന് വലിയ അടരുകളുണ്ടെന്നും ഉടുപ്പുകൾ പോലെ നാം ധരിക്കുന്ന വാക്കുകൾക്കും ചിരിക്കും അപ്പുറത്ത് ഉടയാടകളഴിഞ്ഞുപോയ ശരീരത്തിന്റെ മണവും മടുപ്പും ബാക്കിനിൽക്കുന്നുവെന്ന കണ്ടെത്തൽ എത്ര ഭീകരമാണ്. എല്ലാം പഴയതുപോലെതന്നെയെന്ന് അഭിനയിക്കുമ്പോഴും ഉള്ളിലെവിടെയോ ദഹിക്കാതെ കിടക്കുന്ന വെറുപ്പും കാലുഷ്യവും. അരനൂറ്റാണ്ടിലേറെ ഒപ്പം പൊറുത്തിരുന്ന, സഹിച്ചിരുന്ന രണ്ടു വലിയ ഏകാന്തതകൾ. വലിയ രണ്ടു നിശ്ശബ്ദതകൾ. കാലം ചെല്ലുന്തോറും വലുതായി, വലുതായി വന്ന വിള്ളലുകൾ. മൂന്നു യുദ്ധങ്ങളിൽ മുന്നണിയിൽ നിന്നു പോരാടി വിജയിച്ച സൈനികന്റെ ജീവിതപ്പോരാട്ടത്തിലെ പരാജയം. കുറ്റബോധത്തിന്റെ ആവശ്യമേയില്ലെന്നാണ് അയാൾ കുട്ടിയോടും പിതാവിനോടും പറയുന്നത്. ഏറ്റവും വലിയ കുറ്റവാളിക്കു മുന്നിൽ നിസ്സാരമായ കുറ്റബോധത്തിന് എന്തു പ്രസക്തി. എന്നാലോ അയാളെ ആർക്കു കുറ്റപ്പെടുത്താനാവും.
എപ്പൊഴോ ശിശിരത്തിൽ മഞ്ഞുതുള്ളികൾ വാഴ് വിൻ,
നാരകത്തോപ്പിൽ നമ്മെ നനച്ചു സ്‌നാനം ചെയ്തു
എത്രയും ക്ഷണം, ചുറ്റും
കണ്ണുകൾ തുറന്നു നാം
നോക്കുന്നു, ലോകത്തിന്റെ ചുറ്റളവുകൾ മാറി,
ദിക്കുകൾ സ്വയം മാഞ്ഞു
ചിലപ്പോൾ, അപൂർവം ചിലപ്പോൾ, ഒരു മനുഷ്യൻ അൽപായുസ്സ് മാത്രമുള്ള ചില നേട്ടങ്ങൾക്കും സ്വാർഥതകൾക്കും സ്വകാര്യതകൾക്കും വലിയ വില കൽപിക്കുന്നു. അതിലൊന്നുമില്ല എന്ന് അറിയാമായിരുന്നിട്ടു കൂടി. അത്തരം ചില ദുർബല നിമിഷങ്ങളിൽ അയാളുടെ നിയന്ത്രണങ്ങൾ തകരുന്നു. അയാൾ പിടിവിട്ട് വെറും നിസ്സാരതകളിലേക്കു വീണുപോകുന്നു.
തുമ്പികൾ ചിറകറ്റു
വീഴുന്ന നേരം കൊണ്ടേ
തിരുന്നു, കുട്ടിക്കാലം.
മഹാപാപത്തിന്റെ കൊടുംതീയിൽ ഉരുകിത്തീരുന്ന ജീവിതം. ഒരിക്കൽ വെറുത്ത, അസഹനീയമെന്നു തോന്നിയ വെറുപ്പിന്റെ വാക്കുകൾ ഒരിക്കൽക്കൂടി കേൾക്കാനുള്ള കാത്തിരിപ്പ്. കുട്ടി ആഗ്രഹിച്ചതും അതുതന്നെയാണ്. ശിക്ഷ. അതു വാക്കുകളുടെ രൂപത്തിലോ അടിയായോ മർദനമായോ എന്തുമാകും. ശിക്ഷ ആ കുട്ടിയെ പാപത്തിന്റെ ചിന്തയിൽ നിന്നു മോചിപ്പിക്കുമായിരുന്നു. ഏറ്റുപറയാൻ എത്തുന്ന പാദങ്ങൾ, അതിലുമെത്രയോ കൊടിയ പാപത്തിന്റെ ചൂടിൽ വെന്തുരുകുന്നു. കഠിനമായ ശകാരം, ശാപം, ദണ്ഡനം പോലും പ്രതീക്ഷിച്ചു നിൽക്കുമ്പോൾ മാന്ത്രിക ജലത്തിനുവേണ്ടിപ്പോലും കൊതിച്ചുപോകുന്നു. തളിച്ച്, ശ്വാസമൂതിക്കൊടുത്ത്, വീണ്ടും ജീവിപ്പിക്കാനാവുമെന്ന പ്രതീക്ഷയിൽ.
ബസ് സാവധാനം മലയിറങ്ങിത്തുടങ്ങി. നല്ല തണുപ്പുണ്ടായിരുന്നു. ഉയരം കൂടിയ മരങ്ങളിൽ ചേക്കാറാനെത്തുന്ന പക്ഷികളുടെ ശബ്ദം അവർ കേട്ടു. സന്ധ്യയായിരുന്നു അപ്പോൾ.
അമ്പരപ്പൊരു കയം,.
വീണു നാമതിൽ മേലെ,
സാക്ഷികൾ കണക്കപ്പോൾ
കുന്നുകൾ നക്ഷത്രങ്ങൾ.
ഒരു പതിറ്റാണ്ട് അല്ലെങ്കിൽ 8 വർഷം എന്നത് കാലഗണനയിൽ വലിയ ദൈർഘ്യമേറിയതല്ല. എന്നാൽ, ഒറ്റവായനയ്ക്കപ്പുറം നീണ്ടു നിൽക്കാത്ത കൃതികളുടെ ലോകം വിപുലമാകുമ്പോൾ തന്നെയാണ് 8 വർഷം മുൻപ് ആദ്യമായി പ്രസിദ്ധീകരിച്ച കുന്നുകൾ നക്ഷതങ്ങളെപ്പോലെ എല്ലുറപ്പുള്ള, കാതലുള്ള, വളരുന്ന രാത്രിക്കൊപ്പം സാന്ദ്രമാകുന്ന നിലാവു പോലെ മനസ്സ് നിറയ്ക്കുന്ന കൃതികൾ ജീവിക്കുന്നതും അതിജീവിക്കുന്നതും. ഇപ്പോൾ മൂന്നാം പതിപ്പ് വീണ്ടും വായിക്കുമ്പോൾ ആദ്യവായനയുടെ ആവേശമല്ല, മുൻകാല വായനകൾ അപൂർണമാണെന്ന തിരിച്ചറിവാണ് അവശേഷിക്കുന്നത്. വർഷങ്ങൾക്കു ശേഷം വീണ്ടും വായിക്കാൻ സൂക്ഷിക്കുവയ്ക്കുന്ന കൃതികളിൽ അനായായം സ്ഥാനം നേടുന്നു കുന്നുകൾ നക്ഷത്രങ്ങൾ. വൈകാരിക താരള്യത്തിനപ്പുറം ജീവിതത്തെ ഉഴുതുമറിക്കുന്ന ചിന്തകൾ ആവിഷ്‌കരിക്കാനും നമ്മുടെ മലയാളം പര്യാപ്തമാണെന്ന് ഉറപ്പിക്കുന്ന കൃതി. 100 പേജുകളിൽ താഴെ, ഒറ്റയിരുപ്പിൽ വായിക്കാവുന്ന ജീവിതത്തിൽ നിന്നു വലിച്ചുചീന്തിയ ഒരേട്. ഈ നക്ഷത്രങ്ങൾ മലയാള സാഹിത്യത്തിന്റെ ആകാശത്തെ തീളക്കം കൂട്ടുന്നു. ജ്വലിക്കുന്ന വാക്കുകളുടെ, പുറമേ വെളുത്ത മനസ്സിന്റെ അകത്തെ കറുത്ത ഇടനാഴിയിലേക്കു മിന്നൽ പോലെ പായിക്കുന്ന വെളിച്ചമാകുന്നു ഈ ചെറിയ, വലിയ കൃതി.
Content Summary: Kunnukal Nakshathrangal book written by E. Santhosh Kumar