ADVERTISEMENT

ഊര് കയ്യടക്കി വാഴുന്നവൻ എന്നാണ് ഊരാളി എന്ന വാക്കിനർഥം. ചേര-ചോള-പാണ്ഡ്യ രാജാക്കൻമാരുടെ ഭരണകാലത്ത്, രാജാക്കൻമാരെ യുദ്ധങ്ങളിൽ സഹായിച്ചിരുന്നത് ഊരാളി ഗോത്രത്തിലെ പുരുഷൻമാരായിരുന്നു. എന്നാൽ, ആദി ദ്രാവിഡ സംസ്‌കാരത്തിന്റെ മികവുറ്റ ശേഷിപ്പുകളിൽ ഒന്നായ ഊരാളി ഗോത്രം ജനിച്ചു ജീവിച്ച മണ്ണിൽ അനാഥരാക്കപ്പെട്ട്, ആട്ടിയോടിക്കപ്പെട്ട് കാട്ടിലും മേട്ടിലും അലയുന്നതിന്റെ ചരിത്രമാണ് കൊളുക്കൻ എന്ന നോവൽ. ഊരാളി ഭാഷയിൽ, അതേ ഗോത്രത്തിൽ നിന്നുള്ള എഴുത്തുകാരി എഴുതുന്ന നോവൽ.

 

കൊളുക്കൻ എന്നാൽ നനഞ്ഞ മണ്ണ് എന്നാണർഥം. ഊരാളികൾക്ക് സ്ഥിരമായി ഒരിടത്ത് തങ്ങുന്ന പതിവുണ്ടായിരുന്നില്ല. പുതിയ നീർത്തടം കണ്ടെത്തി താമസം തുടങ്ങി വിത്തുവിതച്ച് പുത്തരിയും കഴിഞ്ഞാൽ പുതിയ ഇടം തേടി യാത്രയാകും. അനന്തമായ യാത്രകൾ അവരുടെ ജീവിതം കൂടിയാണ്. എന്നാൽ വിതച്ച വിത്ത് പാകമാകാൻ പോലും അനുവദിക്കാതെ അവരെ ബലം പ്രയോഗിച്ച് ഓടിച്ചുവിട്ട ക്രൂരതയുടെ ചരിത്രം കൂടിയാണ്  പറയപ്പെടാത്ത ചരിത്രം. കൊളുക്കൻ എന്ന നോവലിൽ പുഷ്പമ്മ പറയുന്നത് ഇതുവരെയുള്ള ചരിത്രകാരൻമാർ അറിയാതെപോയതും സൗകര്യപൂർവം മറച്ചുവച്ചതുമായ കഥയാണ്. പൊടിപ്പും തൊങ്ങലുമില്ലാതെ, ആദിവാസികളുടെ ജീവിതം അവരുടെ ഭാഷയിൽ, സത്യസന്ധമായും ആത്മാർഥമായും എഴുതുക എന്ന ദൗത്യം. ഇവിടെ കൂട്ടിച്ചേർക്കലുകളില്ല. സൗകര്യപൂർവം ആരെയും വിട്ടുപോകുകയോ വിസ്മരിക്കുകയോ ചെയ്യുന്നില്ല. സത്യത്തോടും ചരിത്രത്തോടും നീതി പുലർത്തിയാണ് എഴുതുന്നത്. തെറ്റിധാരണകൾ നീക്കാനും മാറാലകൾ മാറ്റി ചരിത്രം അനാവൃതമാക്കാനും.

 

കൊളുക്കന്റെ രചനയ്ക്കു വേണ്ടി ഇറങ്ങിത്തിരിച്ചപ്പോൾ പുഷ്പമ്മ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഊരാളി ഗോത്രത്തിൽ നിന്നുതന്നെയായിരുന്നു. പലരോടും വിഷയത്തെക്കുറിച്ച് സംസാരിച്ചു. എന്നാൽ പുതിയ ജീവിത സൗകര്യങ്ങളുടെ പൊലിമയിൽ ജീവിക്കുന്ന പലർക്കും പഴയ കാലത്തെക്കുറിച്ചു സംസാരിക്കാൻ താൽപര്യമേ ഉണ്ടായിരുന്നില്ല. സ്വന്തം വംശത്തിലുള്ളവർ പോലും നൽകിയത് വാസ്തവ വിരുദ്ധമായ കാര്യങ്ങളും നിറം പിടിപ്പിച്ച സത്യങ്ങളും. കാലം മനുഷ്യനെ മാറ്റിത്തീർത്തിരിക്കുന്നു എന്നതിന് ഇതിലും വലിയ ഉദാഹരണം വേണ്ട. എന്നാൽ, ഊരാളികളുടെ മുൻകാല ജീവിതരീതി, കൃഷി, ആചാരങ്ങൾ, അനുഭവങ്ങൾ, അവർ നേരിട്ട യാതനകൾ എന്നിവ വർഷങ്ങൾ നീണ്ട തപസ്യയിലൂടെ കണ്ടെത്തി ഏറ്റവും സത്യസന്ധമായി അവതരിപ്പിക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് പുഷ്പമ്മ ഇവിടെ നിറവേറ്റുന്നത്.

 

പൂവരശ് എന്ന സ്ഥലത്ത് നീലൻ എന്ന വൃദ്ധനും ഭാര്യ കരിക്കിയും താമസിക്കുന്ന കാലം. അവർക്കുണ്ടയ മക്കളെല്ലാം വിവിധ രോഗങ്ങളാൽ മരിച്ചതോടെ അവർ ഒറ്റപ്പെട്ടു. എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി അവർ ജീവിച്ചുകൊണ്ടിരുന്നു. ഒരിക്കൽ നീലന്റെ ഭാര്യ പള്ളപ്പുറത്ത് ആയി. വീട്ടിലയാൾ തനിച്ചും. ഭാര്യ മാറിയിരുന്ന രണ്ടാം ദിവസം അയാൾ പാത്തും പതുങ്ങിയും പള്ളപ്പുറത്തിനു സമീപമെത്തി.

 

കരിക്കിയേ, കരിക്കീ, നിന്റെ കൊട്ടുകോല് എവിടെവച്ചപ്പം?  ആരും കാണില്ലെന്ന് ഉറപ്പു വരുത്തി അയാൾ ചോദിച്ചു.

കരിക്കിക്ക് ദേഷ്യം കൊണ്ട് കണ്ണു കാണാതായി.

നിങ്ങക്കെന്നതാ മനിച്ചോനെ കിറുക്കു പിടിച്ചോ

കൊട്ടുകോലിനുവേണ്ടി അയാൾ വീണ്ടും നിർബന്ധം പിടിച്ചുകൊണ്ടിരുന്നു. കരിക്കിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.

അന്റെ വിരലുകൊണ്ട് തട്ടിനതാ ആ ചെത്തം കേക്കിനത്. നിങ്ങള ഒരു കോല്. നെല്ലും അരിയും തിരിവാനത് നല്ലത്. നിങ്ങക്കറിയണ്ടല്ലോ. അവർ ചിരി മറച്ചുപിടിച്ചു മാടത്തിനു നേർക്കു നടന്നു. എന്റെ വിരലു കൊണ്ട് തട്ടുന്നതാണ് ആ ശബ്ദം കേൾക്കുന്നത്. നെല്ലും അരിയും വേർതിരിഞ്ഞു കിട്ടാൻ അതെളുപ്പമാണെന്നാണ് കരിക്കി പറഞ്ഞത്.

കരിക്കിയുടെ നേർക്കു നോക്കാൻ കഴിയാതെ നാണക്കേടിൽ മുഖം മറച്ച് നീലൻ നടക്കുന്നു. ഭാര്യയുടെ മുന്നിൽ ചെറുതായിപ്പോയതിന്റെ ഭാവം അയാളുടെ മുഖത്തുണ്ടായിരുന്നു.

 

ഊരാളികളിലെ സ്ത്രീകളുടെ ജീവിതതാളത്തിന്റെ ശബ്ദം അവരുടെ കുടുംബങ്ങളിലെ പുരുഷൻമാർ പോലും അറിഞ്ഞിരുന്നില്ല എന്നു തെളിയിക്കുന്ന ഒരു സംഭവം മാത്രമാണിത്.

 

കാടിന്റെ ഭാഗമായി ജീവിച്ച ഊരാളികളുടെ ജീവിതത്തെ പുകഴ്ത്തി, എല്ലാം വെള്ള പൂശാനുള്ള ശ്രമമല്ല പുഷ്പമ്മ നടത്തുന്നത്. കുടുംബ വ്യവസ്ഥയുടെ മറവിൽ അവരുടെയിടയിൽ നിലനിന്നിരുന്ന അനാചാരങ്ങളും സ്ത്രീ വിരുദ്ധതയുമെല്ലാം ഭാവനയുടെ നിറം ചേർക്കാതെ എഴുതുന്നുമുണ്ട്. ലൈംഗികമായ കീഴടക്കലുകൾ, ശൈശവ വിവാഹം, മന്ത്രവാദം ഉൾപ്പെടെയുള്ളവയും മർദനങ്ങളും ദുരിതങ്ങളും എന്നും സഹിക്കാൻ വിധിക്കപ്പെട്ട സ്ത്രീകളുടെ തീരാത്ത നോവും കൊളുക്കാൻ തീവ്രമായി ആവിഷ്‌കരിക്കുന്നു.

 

ഗോത്രപാരമ്പര്യവും ജീവിതവും എല്ലാ വ്യത്യസ്തതയോടും കൂടി ഇത്രമാത്രം തീവ്രമായും സത്യസന്ധമായും ഇതിനു മുമ്പ് മലയാളത്തിൽ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല എന്നു ബോധ്യപ്പെടുത്തുന്ന കൃതി കൂടിയാണ് കൊളുക്കൻ.

 

Content Summary: Kolukkan Novel written by Pushpamma

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com