ADVERTISEMENT

മനുഷ്യൻ പല തട്ടിലാണ് ജീവിക്കുന്നത്. ജാതി കൊണ്ടും ജെണ്ടർ കൊണ്ടും അവർ വ്യത്യാസപ്പെട്ടിരിക്കുന്നു. പക്ഷേ ഏറ്റവും പ്രധാനം മനുഷ്യർ രണ്ടു തരമായി സമൂഹത്തിൽ തിരിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. അത് സൗകര്യങ്ങൾ ഉള്ളവനും അതില്ലാത്തവനും എന്നാണ്. അതിൽ ജാതിയോ ലിംഗമോ ഒന്നും പ്രസക്തമല്ല, എന്നാൽ എല്ലാം അതിലുണ്ട് താനും. സാമ്പത്തികമായും സാമൂഹികമായും ഉയർന്ന ജീവിത രീതി ഉള്ളവർക്ക് മറ്റൊരു തരത്തിൽ ജീവിക്കുന്നവർ എന്നാൽ അടിമയാക്കി ആസ്വദിക്കാനുള്ളവരാണ്. അവരെക്കൊണ്ട് എന്തും ചെയ്യിക്കാം. അങ്ങനെയൊരാളാണ് പിച്ചൈ. ജി ആർ ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവൽ സ്കാവഞ്ചർലെ കഥാനായകൻ. തിരുവനന്തപുരം മ്യൂസിയം ആണ് കഥ പരിസരം. ജന്മ നാടായ കൊല്ലത്തേക്കാൾ ഏറ്റവും കൂടുതൽ അടുപ്പമുള്ള ഇടമെന്ന നിലയിൽ ഇന്ദുഗോപനു തിരുവനന്തപുരം സ്വന്തമാണ്, അതുകൊണ്ട് തന്നെ അനേകം തവണ കയറിയിറങ്ങി നടന്ന മ്യൂസിയം അദ്ദേഹത്തെ കൗതുകപ്പെടുത്തുക എന്നതും സ്വഭാവികം. 

 

മ്യൂസിയം പൊലീസ് സ്റ്റേഷൻ, മ്യൂസിയം, സൂ ഇത്രയും സ്ഥാപനങ്ങൾ അടുത്തായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് തിരുവനന്തപരം മ്യൂസിയം. അവിടുത്തെ ഒരു എസ് ഐ, മ്യൂസിയത്തിലെ വെറ്റിനറി സർജൻ, എന്നിവരുടെ അടുപ്പത്തിന്റെ പുറത്താണ് പിച്ചൈ എന്നയാൾ അവിടെ സ്കാവഞ്ചർ ആയി ജോലിക്ക് ചേർന്നത്. സത്യത്തിൽ സ്വന്തം ഇഷ്ടത്തിന് ചേർന്നതല്ല, അയാൾ അവിടെ ചേർക്കപ്പെട്ടു പോയതാണ്. മ്യൂസിയത്തിലെ ഉരഗങ്ങളുടെ വിസർജ്യങ്ങൾ എടുത്തു മാറ്റി അവയെ പരിപാലിച്ച് വൃത്തിയാക്കുക എന്ന ജോലിയാണ് സ്കാവഞ്ചറുടേത്. അത്രയെളുപ്പമല്ല ഈ ജോലിക്ക് ആളെക്കിട്ടാൻ, കാരണം ഉരഗങ്ങളുടെ നിർണയിക്കാനാകാത്ത സ്വഭാവം തന്നെ. പക്ഷേ മ്യൂസിയം സ്റ്റേഷനിലെ എസ്ഐ പ്രാണ കുമാർ സ്റ്റേഷനിൽ വന്ന മോഷണ കേസിൽ പ്രതിയാക്കപ്പെട്ട പിച്ചൈ എന്നയാളെ വെറ്റിനറി സർജന് അടിമയാക്കി നൽകുന്നു. ജാതി പരമായി തോട്ടിയായ പിച്ചൈയ്ക്ക് എവിടെ ചെന്നാലും അയാളുടെ ജോലി മാറ്റപ്പെടുന്നില്ല, അവസ്ഥയും. മാത്രമല്ല അവിടെ മ്യൂസിയത്തിൽ അയാളെ വിളിക്കുന്നത് പോലും ‘പിച്ച’ എന്ന് മാത്രമാണ്. അവനവനു തോന്നുന്നത് പോലെ ഒരു മനുഷ്യനെ മാറ്റിയെടുക്കുന്ന അവസ്ഥ. 

 

കഥ തുടങ്ങുന്നത് പ്രാണകുമാറിന്റെ മരണത്തോടെയാണ്. അതിന്റെ അന്വേഷണത്തിലൂടെയാണ് നോവൽ വായിക്കപ്പെടുന്നതും. കുറ്റാന്വേഷണം എന്ന സങ്കേതം ഉപയോഗിച്ച് സമൂഹത്തിലെ പല നീതികളെക്കുറിച്ചാണ് ഇന്ദുഗോപൻ പറഞ്ഞു വയ്ക്കുന്നത്. പിച്ചൈക്ക് ഒരു പ്രണയമുണ്ട് അങ്ങ് കേരളത്തിന് പുറത്ത്. ജാതിയുടെ അതി തീവ്ര പിടിയിൽ പെട്ട് പോയ ഒരു പ്രണയമായിരുന്നു അവരുടേത്. വീട്ടുകാർ വേറെ വിവാഹം കഴിപ്പിച്ചപ്പോഴും അവൾ കാത്തിരിക്കുകയാണ്, പട്ടാളത്തിലെ ആക്രമണങ്ങളിൽ അയാൾ മരണപ്പെടുമ്പോഴും അവൾ കാത്തിരിപ്പ് തുടരുകയാണ്. ഒടുവിൽ സിദ്ധൻ ഉണ്ണി എന്ന സഹ പട്ടാളക്കാരനാണ് പച്ചൈയുടെയും ജ്ഞാനാംബികയുടെയും പ്രണയത്തിനു വേണ്ടി ശബ്ദമുയർത്തുന്നത്. അതിനു എത്ര പേരോടാണ് അയാൾക്ക് പോരാട്ടം നടത്തേണ്ടി വരുന്നത്!

 

എയർഫോഴ്‌സിലുള്ള ഒരു പട്ടാളക്കാരനായ സുഹൃത്തിന്റെ അനുഭവമാണ് സ്കാവഞ്ചർ എന്ന് ഇന്ദുഗോപൻ പറയുകയുണ്ടായി. നോവൽക്കഥകളെ യാഥാർഥ്യവുമായി ബന്ധപ്പെടുത്തി പറയാനുള്ള ഇന്ദുഗോപൻ മാജിക് സ്കാവഞ്ചറിലും കാണാനാകും. അങ്ങനെയൊരു കഥയെ തനിക്കേറെ പരിചയമുള്ള മ്യൂസിയം പരിസരങ്ങളിൽ ചേർത്ത് വയ്ക്കുക മാത്രമല്ല അദ്ദേഹം ചെയ്തിരിക്കുന്നത്, അതിൽ കൃത്യമായ രാഷ്ട്രീയവും സന്നിവേശിപ്പിച്ചിരിക്കുന്നു. 

 

എല്ലാത്തരം ജോലികളും ചെയ്യുന്നവനാണ് പിച്ചൈ. മൃഗങ്ങളുടെ വിസർജ്യം കോരുന്നതുൾപ്പെടെ, പ്രസവമെടുക്കാനുള്ള സഹായങ്ങൾ നല്കുന്നതുൾപ്പെടെ എല്ലാം. മൃഗങ്ങളെ കൃത്യമായി പഠിക്കാനും അയാൾക്കായിട്ടുണ്ട്. എല്ലാവരും ഭയന്ന് വിറച്ചിട്ടും മ്യൂസിയത്തിലെ പുലിയുടെ കൂട്ടിലേക്ക് അയാൾ ധൈര്യമായി കയറിച്ചെല്ലുന്നതൊക്കെ ആ മനസിലാക്കലിന്റെ ഭാഗമാണ്. മനുഷ്യരെ മാത്രമേ ഒരുപക്ഷേ അയാൾക്ക് മനസിലാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടാകൂ. എന്തുകൊണ്ടാണ് പ്രാണകുമാറിന്റെ കൊലപാതകം പിച്ചൈയുടെ തലയിലായത്?

അത് സ്വാഭാവികമാണ്, ഒന്നാമത് അയാൾ അടിമയാകാൻ കാരണം പ്രാണകുമാർ ആയിരുന്നു എന്നതാണ് രണ്ടാമത് അയാളൊരു തോട്ടി ആയിരുന്നു എന്നതും. കുറ്റങ്ങളെല്ലാം അല്ലെങ്കിലും കെട്ടിവയ്ക്കപ്പെടുന്നത് ചോദിക്കാനും പറയാനും ആരുമില്ലാത്ത മനുഷ്യന്റെ തലയിലാകുമല്ലോ. സി ഐ അച്യുത് ശങ്കറാണ് പ്രാണകുമാർ കേസ് അന്വേഷിക്കുന്നത്. ഒന്നിച്ചു ഒരുമുറിയിലുണ്ടായിരുന്നു എന്ന കുറ്റത്തിൽ നിന്നാണ് പിച്ചൈ കുറ്റവാളിയാക്കപ്പെട്ടു തുടങ്ങുന്നത്. ആരാണ് പ്രാണകുമാറിന്റെ യഥാർഥ കൊലയാളി എന്ന യാഥാർഥ്യത്തിലേക്കുള്ള അന്വേഷണത്തിനിടയിൽ പിച്ചൈ എന്നമനുഷ്യനും പതിയെ അനാവരണം ചെയ്യപ്പെടുന്നു. 

 

ഇന്ദുഗോപന്റെ കഥകളിലെല്ലാം ഉള്ളത് പോലെ തന്നെ വായനക്കാരുമായി നേരിട്ട് സംവദിക്കുന്ന ഭാഷയും ശൈലിയുമാണ് സ്കാവഞ്ചറിലും. അതുകൊണ്ട് തന്നെ പിച്ചെയുടെ ഒപ്പം വായനയിൽ ഉടനീളം സഞ്ചരിക്കാം. സാമൂഹികമായ ചേരി തിരുവുകളുടെ നേർക്കാഴ്ചകൾ അനുഭവിക്കുകയും ചെയ്യാം. പിച്ചൈ ചെയ്യുന്ന ജോലിയുടെ രൂക്ഷത വളരെ കുറച്ചു പേജുകളിൽ ആണെങ്കിൽപ്പോലും മനസ്സിൽത്തട്ടി തന്നെ അനുഭവപ്പെടുന്നുണ്ട്. ഇപ്പോഴും തിരുവനന്തപുരം മൃഗശാലയിൽ അങ്ങനെയൊരു പോസ്റ്റുണ്ടെന്നു കേൾക്കുന്നു. ആ മനുഷ്യരുടെയും ജോലികൾക്ക് പിച്ചൈയുടേതുമായി വ്യത്യാസമുണ്ടാകില്ല. അപ്പോൾ നോക്കൂ പല കഥകളിൽ നിന്നും ഒറ്റ കഥയിലേക്ക് എഴുത്തുകാരൻ വന്നത്, അത് മനുഷ്യന്റേതാണ്. കുറ്റാന്വേഷണത്തിന്റെ നിഗൂഢ സ്വഭാവത്തിനൊപ്പം സമൂഹത്തിന്റെ ‘പാട്രിയാർക്കിയൽ’ സ്വഭാവവും ഇതിൽ പ്രതിഫലിക്കുന്നു.

 

Content Summary: Scavenger book written by GR Indugopan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com