പിരിയാറാവുന്തോറും അഴക് ആളിക്കത്തി അവൾ, ഈ നെറ്റി കടന്ന് ഞാനെങ്ങനെയാണു പോവുക?

kalppatta–kavithakal-book
SHARE
കൽപറ്റ നാരായണൻ

സാഹിത്യ പ്രവർത്തക സഹകരണ സംഘം

വില 190 രൂപ

വാക്കുകളുടെ കലയിലെ നിത്യാദ്ഭുതമാണ് കവിത. നിരന്തര നിഗൂഢതയും ദുരൂഹതയും. എന്നാലോ, ഇഷ്ടക്കാർക്ക് ഏറ്റവുമിണങ്ങുന്നതും ഏറ്റവും ലളിതവും. ആയിരം പേജ് നീളുന്ന നോവൽ വായിച്ചാലും തൃപ്തിയാകാത്ത മനസ്സ് രണ്ടു വരിയിൽ തറഞ്ഞുനിൽക്കുമ്പോൾ ഉറപ്പായിക്കഴിഞ്ഞു, ഇതാ കവിത. വായിക്കണമെന്നുണ്ട്, എന്നാലോ വായിച്ചു തീരുന്നില്ല. പുസ്തകം കയ്യിലോ മേശയിലോ. മനസ്സ് ഏതേതോ ലോകങ്ങളിൽ പിടിവിട്ടു പായുന്നു. ആഹ്ലാദമുണ്ട്. അദ്ഭുതമുണ്ട്. തേടിയത് കണ്ടെത്തിയതിന്റെ നിറവെളിച്ചം. എന്നാലും ഇനിയുമിനിയും വായിക്കണമെന്ന ആവേശവും. ഉറപ്പിച്ചോളൂ. അതു കവിത തന്നെ. അതിന്റെ രൂപം ചികഞ്ഞുനോക്കേണ്ടതില്ല. താളമോ വൃത്തമോ തേടി തളരേണ്ടതില്ല. എത്തിയയിടം വീട് പോലെ, ആദ്യം കണ്ടവൾ ആദ്യത്തെയും അവസാനത്തെയും കാമുകിയാകും പോലെ. ദൈവത്തെ നേരിട്ടു കണ്ടെത്തിയപോലെ. അതെന്തൊരു അനുഭൂതിയാണ്. ഏറ്റവും നിസ്സാരമായ ജീവിതത്തിലെ ഏറ്റവും ഗൗരവതരമായ പ്രവൃത്തിയായി കവിതാ വായന. വെറുതെയല്ല, മലയാളത്തിലെ ഏറ്റവും പുതിയ കവിത എഴുതുന്നത് കൽപറ്റ നാരായണനാണെന്ന് ജയമോഹൻ എഴുതുന്നത്.

ഖസാക്കിന്റെ ഇതിഹാസം ഏതു രീതിയിലാണോ മലയാളത്തെ ഉടച്ചുവാർത്തത് ഒരുപക്ഷേ അതിലും ആഘാതത്തിലാണ് ജയമോഹന്റെ നൂറു സിംഹാസനങ്ങൾ കേരളത്തെ പിടിച്ചുകുലുക്കിയത്. ആനഡോക്ടറും മിണ്ടാച്ചെന്നായ ഉൾപ്പെടെ പിന്നീട് വന്ന കഥനങ്ങളും. ഇതെന്താ നോവലോ ആഖ്യാനമോ അനുഭവോ എന്ന അദ്ഭുതത്തിനൊപ്പം ഇങ്ങനയല്ലേ മലയാളം എഴുതേണ്ടതെന്ന തിരിച്ചറിവൂ കൂടി നൽകി കേരളത്തിന്റെ അതിർത്തിയിൽ ജനിച്ച് കേരളത്തിൽ നിന്നു പുറത്തായ ജയമോഹൻ നൽകിയ തിരിച്ചറിവ്. എഴുത്തിന്റെ കരുത്ത് തിരിച്ചുപിടിച്ചു മലയാളത്തിനു നവതാരുണ്യം നൽകിയ ജയമോഹന് ഉറപ്പുണ്ട് പുതു കവിതയ്ക്ക് വെള്ളവും വെളിച്ചവും നൽകുന്ന കൽപറ്റയുടെ പ്രതിഭയിൽ. സച്ചിദാനന്ദനിലൂടെ തുടങ്ങി, കെ,.ജി. ശങ്കരപ്പിള്ളയിലൂടെ വളർന്ന്, ടി.പി. രാജീവനിലൂടെ ശക്തിപ്രാപിച്ച്, പി.എൻ. ഗോപീകൃഷ്ണനിലൂടെ തുടരുന്ന മലയാളത്തിലെ ഏറ്റവും പുതിയ കവിതയിലെ നിത്യവിസ്മയമാണ് കൽപറ്റ. ഏതെങ്കിലും ഒരു കാലത്തോ പ്രസ്ഥാനത്തിലോ തലമുറയിലോ തളയ്ക്കാനാവാത്ത ഒറ്റയാന്റെ ഉൾക്കരുത്ത്. കാതൽബലം. ജയമോഹനെ മാറ്റിനിർത്തിയാൽ അധികം വാഴ്ത്തുകളൊന്നും ലഭിച്ചിട്ടില്ല കൽപറ്റയ്ക്ക്. തൂവലായി ചൂടാൻ അംഗീകാരങ്ങളും അധികമൊന്നുമില്ല. ആരും കാണുന്നില്ലേ, അറിയുന്നില്ലേ എന്ന ആശങ്ക വേണ്ട. എന്നാൽ, അംഗീകരിക്കാൻ മടിക്കുന്നതിന്റെ പിന്നിലെ ഗൂഢാലോചന തിരിച്ചറിയുകയും വേണം. കൽപറ്റ എല്ലാവരുടെയും കവിയല്ല, എന്നാൽ എല്ലാവരുടെയും കവിയാകേണ്ട പ്രതിഭയാണ്. ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉയരുന്നുണ്ട്. ഒരു കാലം വന്നേക്കും, അന്ന് ഈ കവിയെ ജ്ഞാനസ്‌നാനം ചെയ്ത് ഇതാ ഒരു കവി എന്നു വിളിച്ചുപറയുമ്പോൾ, അഭിമാനിക്കാൻ ഇന്ന് മാറിനിൽക്കുന്നവരും ഉണ്ടാകും എന്ന് ഉറപ്പ്.

വായിച്ചുതീരാത്തവയാണ് കൽപറ്റയുടെ കവിതകൾ. അദ്ദേഹത്തിന്റെ പല കവിതകളും ഇനിയും വായിച്ചുതീർന്നെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഒരു കവിത പോലും പൂർണാക്കാൻ പലപ്പോഴും കഴിയാറുമില്ല. ചില വാക്കുകളിൽ, വരികളിൽ തട്ടിത്തടഞ്ഞു നിൽപാണ്. മുന്നോട്ടു പോവാനാവുന്നില്ല. പിന്നോട്ടും. കാത്തിരുന്ന വരികളിൽ എത്തിയ ബോധോധയ ചിന്തയോടെ പുസ്തകം, അടച്ച്, കവിത മറന്ന് ആ വരികൾ തെളിച്ച ലോകാന്തരങ്ങളിലേക്ക് സഞ്ചരിക്കുമ്പോൾ കവിതയാണ്, കവിത തന്നെയാണ് ഇഷ്ടവും അനിഷ്ടവും സുഖവും ദുഖവും, അടുപ്പവും വിരഹവുമെന്ന് തിരിച്ചറിയാൻ മാത്രം കഴിയുന്നു.

അരിയിടുമ്പോൾ

ഓരോ അമ്മയും

അറിയാതെ ഒരു പിടികൂടി അധികമിടുന്നു.

ഇപ്പോഴവന്

പഴയപോലെ മതിയോ  

അവർ വളരുകയാണ്, എന്ന വരിയിലെത്തുമ്പോൾ എന്തൊക്കെയോ പൊട്ടിത്തകരുന്നുണ്ട്. പിന്നീട് ഒരിക്കലും കൂട്ടിവയ്ക്കാനാവാത്തത്. കൂട്ടിയോജിപ്പിക്കാനാവാത്തത്. ഇനിയൊരിക്കലും രക്ഷ കിട്ടാത്ത വേദനയുടെ കനൽക്കട്ടെ സ്വയമേ എടുത്തുവച്ചപോലെ.

മരിച്ചെന്നു കരുതി

കുഞ്ഞുങ്ങൾക്ക്

വളരാതിരിക്കാനാവുമോ  

ഓരോ വരിയും ഒരു കവിതയാണ്. ഓരോ വാക്കും ഒരു വാക്യമാണ്. അല്ല, വാക്കും വരികളുമെല്ലാം ഇതുവരെ വായിച്ച എല്ലാ കവിതയും ഇനി വായിക്കാനിരിക്കുന്ന അക്ഷരങ്ങളുമാണ്. ഒരു ആശയത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും ആദർശത്തിന്റെയും ഒന്നിന്റെയും ഒരു ഭാരവുമില്ലാതെയാണ് കൽപറ്റക്കവിത അവതരിക്കുന്നത്. അതു പെട്ടെന്നാണ് പ്രത്യക്ഷപ്പെടുന്നത്. ശൂന്യതയിൽ നിന്നെന്നവണ്ണം. എന്നാലോ, ഒരിക്കൽ ആവേശിച്ചാൽ തിരിച്ചുപോക്കില്ല താനും. കൂടെയുണ്ടെന്നു പറയുകയല്ല, കൂടെ നടക്കുക തന്നെയാണ്. മറക്കാനാവില്ല എന്നg മന്ത്രിക്കാൻ പോലുമാവുന്നില്ല. വേറെ എന്തെല്ലാം പറയാനുണ്ട് ഇനിയെന്നും കൂടെയുള്ള ഈ കവി സുഹൃത്തിനോട്.

വായിച്ചു വായിച്ച് ആശ്വസം എന്ന കവിത മനപാഠമായിട്ടുണ്ട്. എന്നാലോ വീണ്ടും വീണ്ടും വായിക്കാതിരിക്കാനാവുന്നില്ല താനും. ഓരോ തവണ വായിക്കുമ്പോഴും മറന്നുവച്ചതോ, മാറ്റിവച്ചതോ ആയ എന്തൊക്കെയോ വീണ്ടും വീണ്ടും ഉണരുന്നു. അറിയുന്നു. ആ അറിവിൽ തപിക്കുന്നു. ഉരുകുന്നു. ഇല്ലാതാകുന്നു. വീണ്ടും ഉയിരു തേടുന്നു.

ഇനിയെനിക്ക്

എത്തിയേടത്തുറങ്ങാം.

ഞാനെത്തിയാൽ മാത്രം കെടുന്ന

വിളക്കുള്ള വീട്

ഇന്നലെ കെട്ടു.

ആൽബേർ കമ്യുവിന്റെ ഔട്ട്‌സൈഡർ വായിച്ച നാൾ മുതലേ പതം വരുത്തിയ മനസ്സാണ്. അമ്മ മരിച്ചത് ഇന്നോ ഇന്നലെയോ. എനിക്കറിയില്ല. അയാൾ തന്നെയല്ലേ നിത്യമായി ഉറങ്ങിക്കിടന്ന അമ്മയുടെ അരികിലിരുന്ന് സുഖമായി ഉറങ്ങിയത്. അന്നത് നാണക്കേടായി തോന്നിയില്ല. അഭിമാനം പോലും തോന്നി. അസ്തിത്വ വേദനയുടെ ആഴക്കയം എത്ര പെട്ടെന്നാണ്, ഏറ്റവും ലളിതമായ വാക്കുകളും വരികളും കൊണ്ടാണ് കൽപറ്റ പൊളിച്ചുകളയുന്നത്. മനസ്സിൽ താരള്യം നിറയ്ക്കുന്നത്.

ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതുവരെ

തല തുവർത്തണ്ട.

ആരും ഇഴ വിടർത്തി നോക്കില്ല.

ഇനിയെനിക്ക്

കിണറിന്റെ ആൾമറയിലിരുന്ന്

ഇറക്കംതൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം.

പാഞ്ഞെത്തുന്ന ഒരു നിലവിളി

എന്നെ ഞെട്ടിച്ചുണർത്തില്ല.

ഭൂമിയിൽ ശരീരവേദനകൊണ്ടല്ലാതെ ദുഖം കൊണ്ട് ഇനിയാരും കരയുകയില്ലെന്ന് വായിക്കുമ്പോൾ, വായിച്ചുനിർത്തുകയല്ല, തുടങ്ങുകയാണ്. എത്രയോ വായനകൾക്ക് വാതിൽ തുറന്നിട്ടാണു കൽപറ്റ ഓരോ കവിതയും നമുക്കു തരുന്നത്. പിരിയാറുവുന്തോറും അഴക് ആളിക്കത്തുന്ന കാമുകി.

വിയർപ്പ് പൊടിഞ്ഞുതുടങ്ങിയ ഈ നെറ്റി കടന്ന് ഞാനെങ്ങനെയാണ് പോവുക. എഴുതിയാൽ തീരാത്ത ആസ്വാദനക്കുറുപ്പ് എന്ന് ഇതിനെ വിശേഷിപ്പിക്കാതിരിക്കാം. കൽപറ്റയുടെ കവിതകൾക്ക് ആമുഖം വേണ്ട. അവതാരികയും. അദ്ദേഹത്തിന്റെ കവിതകൾ ഞാൻ എഴുതാൻ കൊതിച്ചവയാണ്. എന്നെപ്പോലെ എത്രയോപേർ. എല്ലാം മോഷ്ടിച്ചു കവിതയാക്കിയ ഈ കവിക്ക് മാപ്പില്ല. അസൂയയുടെ ഒരു ഹസ്തദാനം മാത്രം.

ആലിംഗനത്തിന്റെ ഈ ചുരുക്കെഴുത്ത്. 

അഭിനന്ദനത്തിന്റെ ഈ ഫോസിൽ. 

മധ്യസ്ഥൻമാരുടെ ഈ ഇഷ്ടമാധ്യമം.

Content Summary: Thiranjedutha Kavithakal book written by Kalpatta Narayanan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA