ADVERTISEMENT

 ചരിത്രത്തിനും ജീവിതത്തിനും തീ പിടിക്കുമ്പോള്‍ സാമൂഹിക പ്രതിഭാസങ്ങളെല്ലാം രാഷ്ട്രീയവൽക്കരിക്കപ്പെടും. സാമൂഹികാസ്തിത്വത്തിന്‍റെ ഭാഗമാണ് എഴുത്തുകാരിയുടെ/എഴുത്തുകാരന്‍റെ അസ്തിത്വം എന്നതിനാല്‍ സര്‍ഗ്ഗാത്മകതയില്‍ രാഷ്ട്രീയം സന്നിവേശിക്കപ്പെടും. വളരെ മനോഹരവും ലളിതവുമായ ഒരു വാക്യത്തില്‍ ലെനിൻ ഇതു വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കില്‍ രാഷ്ട്രീയം നിങ്ങളില്‍ ഇടപെടുമെന്നാണ് ലെനിന്‍ പറഞ്ഞത്. ഇളവൂര്‍ ശ്രീകുമാറിന്‍റെ ‘ഉടല്‍ത്തിറ’ ഒരു രാഷ്ട്രീയനോവലാണ്. വര്‍ഗീയ ഫാസിസത്തിനെതിരെയുള്ള സര്‍ഗപ്രതിരോധവും പെണ്‍സ്വത്വത്തിന്‍റെ  ഉയിര്‍ത്തെഴുന്നേല്‍പുമാണ് നോവലിന്‍റെ ആന്തരിക ഘടനയിലുള്ളത്. 

ചരിത്രത്തെ അതിന്‍റെ ആഴങ്ങളില്‍നിന്നും ഖനനം ചെയ്‌തെടുക്കുന്ന ആനന്ദിന്‍റെ രചനാതന്ത്രം നോവലിസ്റ്റ് അവലംബിക്കുന്നുണ്ട്. ഇതിനർഥം ആനന്ദിനെ ഇളവൂര്‍ ശ്രീകുമാര്‍ അനുകരിക്കുന്നുവെന്നല്ല. ആനന്ദും ജോർജ് ഓര്‍വെല്ലും ഉള്‍പ്പെടെയുള്ള പല എഴുത്തുകാരും പല ക്ലാസിക് കൃതികളും നോവലിന്‍റെ ബോധതലത്തില്‍ വര്‍ത്തിക്കുന്നുണ്ട്. കഥയുടെ ക്രമാനുഗതമായ വളര്‍ച്ചയിലെ അനിവാര്യഘടകങ്ങളാണിവ. അതായത് നോവലിലെ ഒരു സന്ദര്‍ഭത്തെ വായനക്കാരുടെ മനസ്സിലെ അവിസ്മരണീയ ലിഖിതമാക്കുവാന്‍ വിഖ്യാത എഴുത്തുകാരുടെ ചില ആശയങ്ങളും കൃതികളും നോവലിസ്റ്റ് ഉപയോഗിക്കുന്നുണ്ട്. വിപുലമായ ഒരു വായനാലോകത്തിന്‍റെ ഉടമയ്ക്കു മാത്രമേ ഇത്തരമൊരു രചനാതന്ത്രം കരഗതമാവുകയുള്ളു. വില്‍ഹം റീഹിന്‍റെ ‘ഫാസിസത്തിന്‍റെ ആള്‍ക്കൂട്ട മനശ്ശാസ്ത്രം’ എന്ന കൃതിയെ നോവലിസ്റ്റ് പരാമര്‍ശിക്കുന്നുണ്ട്. ഈ കൃതിയില്‍ അദ്ദേഹം പങ്കുവയ്ക്കുന്ന നിരീക്ഷണങ്ങള്‍ വര്‍ത്തമാനകാല ഇന്ത്യയെ സംബന്ധിച്ചും അന്വർഥമാണ്. വര്‍ത്തമാനകാല ഭാരതത്തിന്‍റെ പരിച്ഛേദമായി ‘ഉടല്‍ത്തിറ’ എന്ന നോവലിനെ വായിച്ചെടുക്കാം. 

 

നോവലില്‍ ഇജാസ് അഹമ്മദ് പറയുന്നു. ‘‘ഇന്ന് ഇന്ത്യയെന്ന് പറഞ്ഞാല്‍ ഒരു ജനതയല്ല. ഒരു ഭരണകൂടമാണ്. ഭരണകൂടം ആജ്ഞാപിക്കുന്നു ജനങ്ങള്‍ അനുസരിക്കുന്നു.’’ ഫാസിസം ഇന്ന് പൂക്കളങ്ങളെ മുഴുവന്‍ കൊലക്കളമാക്കുന്നു. ഭൂമിയുടെ ആര്‍ദ്രതകളിലും ആകാശത്തിന്‍റെ നീലിമയിലും ചെഞ്ചോര പുരട്ടുന്നു. ഫാസിസത്തിന്റെ അധിനിവേശം എങ്ങനെയാണ് അദൃശ്യമായി കടന്നുവരുന്നതെന്നാണ് ഇജാസ് അഹമ്മദ് എന്ന കഥാപാത്രത്തിലൂടെ നോവലിസ്റ്റ് വെളിവാക്കുന്നത്. ഫീസ് വർ‌ധനയ്‌ക്കെതിരെയും പൗരത്വബില്ലിനെതിരെയും തിളച്ചുമറിഞ്ഞ് പോരാട്ടത്തിന്‍റെ ലാവയൊഴുകിയ ജെഎന്‍യു പ്രക്ഷോഭവും നോവലിന്‍റെ പശ്ചാത്തലമാകുന്നുണ്ട്. ഇസ്‌ലാമോഫോബിയയുടെ ഇരകളാക്കപ്പെടുന്നവരുടെ സ്വത്വസംഘര്‍ഷങ്ങളും നോവല്‍ ചര്‍ച്ച ചെയ്യുന്നു. പ്രക്ഷോഭകാരികളെ പലരെയും കാണാതാകുന്നതും പതിവു സംഭവമാണ്.

 

ഇജാസ് അഹമ്മദ് ഒരു തീവ്രവാദിയാണോ എന്ന സ്ഥിരീകരണമില്ലാതെയാണ് നോവല്‍ അവസാനിക്കുന്നത്. എന്നാല്‍ ഇജാസ് അഹമ്മദ് ജെസീനയോട് പലപ്പോഴായി നടത്തുന്ന സംവാദങ്ങള്‍ സമകാലിക ഇന്ത്യന്‍ യാഥാർഥ്യത്തിന്‍റെ ധൈഷണികമായ വായനയാണ്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഇജാസിന്റെ നിരീക്ഷണം ഉദാഹരണം. ‘‘സ്വാതന്ത്ര്യത്തിന്‍റെ വിപരീതം പാരതന്ത്ര്യം അല്ല. സ്വാതന്ത്ര്യം തന്നെയാണ്. ഒരുപക്ഷേ ഇതൊരു കോണ്‍ട്രഡിക്‌ഷനായി തോന്നാം. ഉദാഹരണമായി, എനിക്ക് എന്‍റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്‍റെയീ സ്വാതന്ത്ര്യത്തെ കടന്നാക്രമിക്കാനുള്ള സ്വാതന്ത്ര്യം നിനക്ക് കിട്ടുമ്പോള്‍ രണ്ട് സ്വാതന്ത്ര്യവും വിപരീതങ്ങളാകുന്നു.’’

 

നോവലിസ്റ്റിന്‍റെ ആഖ്യാനപാടവം അതിന്‍റെ ഉത്തുംഗതകളില്‍ ജ്വലിക്കുന്നത് അംബുനായരുടെ തീവണ്ടിയാത്രയിലും ബോംബെയുടെ ജീവിതക്കാഴ്ചകളിലുമാണ്. 1970 കളുടെ ഉത്തരാര്‍ധത്തിലാണ് ഗള്‍ഫ് കുടിയേറ്റം കേരളത്തിന്‍റെ ഹരമാകുന്നത്. ഗള്‍ഫിലേക്കുള്ള പ്രധാനപ്പെട്ട ഇടത്താവളങ്ങളിലൊന്നായിരുന്നു ബോംബെ. ഒപ്പം മണ്ണിന്‍റെ മക്കള്‍വാദം ഉയര്‍ത്തി ശിവസേന ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രചാരണവും ആക്രമണങ്ങളും അഴിച്ചുവിട്ട സമയവും. അന്നത്തെ ബോംബെയുടെ അനുഭവലോകം വായനക്കാരെ അനുഭവിപ്പിക്കുവാന്‍ നോവലിസ്റ്റിന് കഴിഞ്ഞു. 

കാരുണ്യവും പരിസ്ഥിതിപ്രേമവും വിപണിവല്ക്കരിക്കപ്പെട്ട ഉപഭോഗകാലത്തിന്‍റെ ഉത്തമദൃഷ്ടാന്തമാണ് ജയ്ന്‍ പ്രഭാകര്‍ എന്ന കഥാപാത്രം. വേട്ടക്കാര്‍ക്കൊപ്പം നായാടുകയും ഇരകള്‍ക്കൊപ്പം ഓടുകയും പ്രഹസനമാകുന്ന ചാനല്‍ ചര്‍ച്ചാമുറികളില്‍ സര്‍വരക്ഷകരായി അവതരിക്കുകയും ചെയ്യുന്ന വ്യാജബിംബങ്ങളുടെ ജ്വലിക്കുന്ന പ്രതീകമാണ് ജയ്ന്‍ പ്രഭാകര്‍. ജയ്ന്‍ പ്രഭാകറിന്റെ കാപട്യത്തെ ആദ്യന്തം തിരിച്ചറിയുന്ന നെഗറ്റീവ് സുന്ദരേശന്‍റെ പാത്രസൃഷ്ടിയും പ്രശംസനീയമാണ്. 

 

സ്ത്രീകള്‍ ചിത്രപ്പണി ചെയ്ത മാംസക്കൂനകളല്ലെന്നും പെണ്‍മയ്ക്ക് അവരുടേതായ സ്വത്വത്തിന്‍റെ നിറവുണ്ടെന്നും ഉടല്‍ത്തിറയിലെ സ്ത്രീകഥാപാത്രങ്ങള്‍ കാലത്തോട് വിളംബരം ചെയ്യുന്നു. പ്രണയത്തിന്‍റെ വ്യതിരിക്തമായ മാനങ്ങള്‍ ഈ നോവലിലുണ്ട്. ഇജാസ് അഹമ്മദിന്‍റെ ആദര്‍ശാത്മകതയില്‍ അഭിരമിച്ചാണ് ജസീന കുര്യാക്കോസ് അയാളുമായി പ്രണയത്തിലാകുന്നത്. പക്ഷേ ഇജാസിന്‍റെ വിപ്ലവാത്മകത തീവ്രവാദത്തിലേക്ക് വഴിമാറിയെന്ന തിരിച്ചറിവില്‍ ജസീന ജീവിതത്തിന്‍റെ പ്രായോഗികതയിലേക്ക് സഞ്ചരിക്കുകയാണ്. പ്രണയഭംഗത്തില്‍ ബലി കഴിക്കാനുള്ളതല്ല ജീവിതമെന്ന് ജസീന തന്നെ സാക്ഷ്യപ്പെടുത്തുന്നു. പെണ്‍സ്വത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ ശക്തിഗാഥയാണ് അനീഷ സൈഗാളിന്‍റെ മനോഘടനയിലുള്ളത്. സ്ത്രീ അബലയല്ല പ്രബല തന്നെയാണെന്ന് അനീഷയുടെ വ്യക്തിത്വം ഉച്ചത്തില്‍ ഉദ്ഘോഷിക്കുന്നു. 

 

ഫാസിസത്തിന്‍റെ ഇരുള്‍നിലങ്ങളില്‍ ഭയാശങ്കകളോടെ ജീവിക്കുന്നവരുടെ കരള്‍വിലാപങ്ങള്‍ ഉടല്‍ത്തിറയില്‍ വായിച്ചെടുക്കാം. എഴുത്തുകാരന്റെ ദര്‍ശനമെന്താണെന്ന്, എഴുത്ത് രാഷ്ട്രീയം തന്നെയാണെന്ന് നോവലിസ്റ്റ് ഇജാസ് അഹമ്മദിലൂടെ വിളിച്ചുപറയുന്നുണ്ട്. ‘‘ഏതു കാല്പനിക കൃതിയിലും അതുണ്ടാകുന്ന കാലത്തിന്‍റെ രാഷ്ട്രീയം പ്രതിഫലിക്കും. എത്ര ഒഴിവാക്കി നിര്‍ത്തിയാലും അബോധപരമായി അതു സംഭവിക്കും. പൊളിറ്റിക്‌സിലെ സാഹിത്യത്തിനല്ല, സാഹിത്യത്തിലെ പൊളിറ്റിക്‌സിനാണ് പ്രസക്തി. ചുരുക്കിപ്പറഞ്ഞാല്‍ പൊളിറ്റിക്‌സില്ലെങ്കില്‍ സാഹിത്യമില്ല.’’

 

പെരും നുണകളുടെ മഴക്കാലം നിറയുന്ന സത്യാനന്തരകാലത്തില്‍ ഉടല്‍ത്തിറ സമ്പൂര്‍ണമായും ഒരു രാഷ്ട്രീയ നോവലാണ്. കറുത്ത കാലത്ത് പാട്ടുകളുണ്ടാകുമോ? ഉണ്ടാകും. കറുത്ത കാലത്തെക്കുറിച്ചുള്ള പാട്ടുകളെന്ന ബ്രഹ്ത്തിന്‍റെ നിരീക്ഷണത്തിന് അനുരൂപമാണ് ഉടല്‍ത്തിറ എന്ന നോവല്‍. എന്തുകൊണ്ട് ഉടല്‍ത്തിറ ഒരു രാഷ്ട്രീയ നോവലാകുന്നു എന്ന ചോദ്യത്തിന്‍റെ ഉത്തരം നോവലില്‍ത്തന്നെ ഒരിടത്ത് കുറിച്ചിട്ടുണ്ട്. ''പ്രതിരോധവും കലാപങ്ങളും ആള്‍ക്കൂട്ടത്തിന്‍റേത് മാത്രമാണെന്നാണ് നമ്മള്‍ കരുതുന്നത്. യഥാര്‍ത്ഥത്തില്‍ ചിത്രകലയില്‍, സിനിമയില്‍, സാഹിത്യത്തില്‍ തുടങ്ങി എല്ലാ മേഖലകളിലും ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ അധികാരവല്ക്കരണത്തിനെതിരായ പ്രതിരോധം നടക്കുന്നുണ്ട്. കവിതയിലും കഥകളിലും അത് സജീവമാണ്. പക്ഷേ അലസവായനയുടെയും നിഷ്‌ക്രിയാസ്വാദനത്തിന്‍റെയും സഹയാത്രികരായ നമ്മള്‍ അതൊന്നും ശ്രദ്ധിക്കാറില്ല. ശ്രദ്ധിച്ചാല്‍ത്തന്നെ അവഗണിക്കും. പീഡിതന്‍റെ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ഇന്ധനമാണ് പ്രതിരോധാത്മക കലയും സാഹിത്യവും.''

ഉടല്‍ത്തിറ എന്ന നോവല്‍ കെട്ടകാലത്തിന്‍റെ ഇരുളില്‍ തെളിയുന്ന പ്രതിരോധാഗ്നിയാണ്. ജീര്‍ണസംസ്‌കൃതിയുടെ ചുടലകള്‍ക്ക് തീ കൊളുത്തുവാനുള്ള കനല്‍ ഈ നോവല്‍ വായനക്കാരന്‍റെ ഹൃദയത്തില്‍ വിതറുന്നുണ്ട്. ആര്‍ജ്ജിതവും സമ്പന്നവുമായ വായനാസംസ്‌കൃതിയുടെ നിലപാട്തറയിൽ‌ നിന്നുകൊണ്ടാണ് ഇളവൂര്‍ ശ്രീകുമാര്‍ ഈ നോവല്‍ രചിച്ചിരിക്കുന്നത്. മറ്റൊർഥത്തില്‍, സുശിക്ഷിതരായ വായനാ സമൂഹത്തെയാണ് ഈ നോവല്‍ കാത്തിരിക്കുന്നത്. അങ്ങനെ പറയുമ്പോള്‍ത്തന്നെ ആധുനികതയുടെ മുഖമുദ്രയായിരുന്ന ധൈഷണികതയുടെ ദുര്‍ഗ്രഹതകളൊന്നുമില്ലാതെ ഋജുവും ലളിതവുമായ ആഖ്യാനമാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. 

 

Content Summary: Udalthira book written by Elavur Sreekumar

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com