ADVERTISEMENT

നിമിഷങ്ങൾക്കുള്ളിൽ കറുത്ത മേഘങ്ങൾ കൊണ്ട് ആകാശം മൂടി. വിദൂരതയിലേക്കു നോക്കി അലക്സാണ്ടർ പറഞ്ഞു: ‘ഇത് എന്റെ നിമിഷം. ചെവിയോർക്ക്, ദിഗന്ധങ്ങളിൽ ഒരു കുതിരയുടെ കുളമ്പടി കേൾക്കുന്നു. എനിക്കുള്ള കൽപനയുമായി അശ്വാരൂഢന്റെ വരവ്. ’

 

ദൂരെനിന്ന് അടുത്തടുത്തു വരുന്ന അശ്വത്തിന്റെ കുളമ്പൊച്ചകൾ ആകാശത്തിലെ മേഘപാളികൾക്കിടയിൽ നഷ്ടപ്പെട്ടു. പിന്നെ ഇരുട്ടും നിശബ്ദതയും ബാക്കിയായി.പടിഞ്ഞാറൻ ആകാശത്തിന്റെ വക്കിൽ നിന്നിരുന്ന സായാഹ്ന സൂര്യൻ മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ കണ്ണിൽ അസ്തമിച്ചു.

 

പെരുമ്പടവം ശ്രീധരന്റെ ‘അശ്വാരൂഢന്റെ വരവ്’ എന്ന നോവൽ അവസാനിക്കുന്നത് ഇങ്ങനെയാണ്. രോഗ ബാധിതനായ അലക്സാണ്ടർ ചക്രവർത്തി തന്റെ ഇന്നലെകളുടെ കണക്കെടുത്തു നടത്തുന്ന യാത്രയാണ് ഈ നോവലിലെ പ്രമേയം. ഇത് അലക്സാണ്ടറുടെ മാത്രം കഥയല്ല. ഒരു കാലഘട്ടത്തിന്റെ കൂടിയാണ്. നിസ്സഹായരായ മനുഷ്യർ, അവരുടെ ചിന്തകൾ,  അവരെത്തിച്ചേരുന്ന ദർശനങ്ങൾ എന്നിവയൊക്കെ ഇതിലൂടെ കടന്നു വരുന്നു. ഗ്രീക് തത്വചിന്തകരിൽ ഏറ്റവും ഉന്നതനായ അരിസ്റ്റോട്ടിലിന്റെ ശിഷ്യന്റെ വഴി പടയോട്ടങ്ങളുടെയും രക്തപ്പുഴകളുടെയുമായിരുന്നു. ഇതിനിടയിലും  തത്വചിന്തയും കവിതയും സംഗീതവും നൃത്തവും പ്രണയവുമൊക്കെ അദ്ദേഹം മനസ്സിൽ സൂക്ഷിച്ചിരുന്നു. ജ്ഞാനിയായ ഡയോജനീസ്, തെരുവുഗായകൻ ഷിറാസ്, നർത്തകി കലിക്‌സേന, ഭാര്യ റൊക്സാന, പ്രിയപ്പെട്ട പടക്കുതിരയായ ബ്യൂസിഫാലസ് എന്ന, സേനാധിപൻ ടോളമി എന്നിവരൊടൊക്കെയുള്ള അലക്സാണ്ടറുടെ ആത്മബന്ധം നോവലിസ്റ്റ് ഒരു രേഖാ ചിത്രം പോലെ വരച്ചു കാണിക്കുന്നു. 

 

എന്തുകൊണ്ട് അലക്സാണ്ടർ

 

ദസ്തേവിസ്കി, ശ്രീനാരായണ ഗുരു എന്നിവരുടെ ജീവിതത്തെ അനുയാത്ര ചെയ്ത ‘ഒരു സങ്കീർത്തനം പോലെ’, ‘നാരായണം’  എന്നീ നോവലുകളുടെ തുടർച്ചയാണ് ‘അശ്വാരൂഢന്റെ വരവ്’ . എന്തുകൊണ്ട് അലക്സാണ്ടർ? അതെപ്പറ്റി പെരുമ്പടവം ശ്രീധരൻ പറയുന്നു:

‘ഊരിപ്പിടിച്ച നാളുമായി മാസിഡോണിയയിൽ നിന്നു സൈന്യവുമായി പുറപ്പെട്ട് എട്ടു വർഷംകൊണ്ടു ലോകത്തിന്റെ മുക്കാൽ ഭാഗത്തോളം കീഴടക്കിയ അലക്സാണ്ടർ യുദ്ധങ്ങളിൽ കൊന്നൊടുക്കിയ മനുഷ്യരുടെ സംഖ്യ ഞെട്ടിപ്പിക്കുന്നതാണ്. പോയേടത്തൊക്കെ കൊലക്കളങ്ങൾ സൃഷ്ടിച്ച അലക്സാണ്ടർ എങ്ങനെ മഹാനായി. ആറോ ഏഴോ ജീവചരിത്രം വായിച്ചിട്ടും ആ ചോദ്യം എന്നിൽ ബാക്കിയായി. അലക്സാണ്ടറെ  മഹാനെന്നു വാഴ്ത്തിക്കൊണ്ടിരിക്കുന്ന ചരിത്രത്തോടും ചരിത്രകാരോടും ഞാൻ വിയോജിക്കുന്നു. മരണം ഉറപ്പായ സന്ദർഭത്തിൽ കിടയ്ക്കക്കരികിൽ നിന്നവരോട് തന്റെ മൃതദേഹം സ്വർണംകൊണ്ടുണ്ടാക്കിയ ശവപ്പെട്ടിയിൽവച്ച് അലക്സാണ്ട്രിയയിൽ കൊണ്ടുപോയി സംസ്കരിക്കണമെന്ന് അപേക്ഷിക്കുന്ന ഒരു അലക്സാണ്ടറുണ്ട്. തന്റെ ശൂന്യമായ കൈകൾ ശവപ്പെട്ടിയുടെ പുറത്തേക്കിടണമെന്നും  ജീവിതത്തിൽ നിന്ന് ഒന്നും കൊണ്ടുപോകുന്നില്ലെന്നു ലോകത്തെ ബോധ്യപ്പെടുത്തണമെന്നും അപേക്ഷിച്ച അലക്സാണ്ടറിനെ ജീവിതത്തിന്റെ രണ്ടറ്റവും കണ്ട ഒരാളെന്ന നിലയിൽ നാം തിരിച്ചറിയുന്നു. 

 

അനാഥമായ ബാല്യങ്ങളുടെ കഥ

 

അലക്സാണ്ടർ എന്ന മനുഷ്യൻ ഹൃദയത്തിൽ സഹിക്കുന്ന ആത്മവ്യഥകളും ആത്മ സംഘർഷങ്ങളുമാണ് എന്നെ ആകർഷിച്ചത്. കുടുംബ ബന്ധങ്ങളിലെ തകർച്ച ഒരു വ്യക്തിയുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന അന്വേഷണം കൂടിയാണ് ഈ നോവൽ. മാസിഡോണിയൻ രാജാവ് ഫിലിപ്പ് രണ്ടാമന്റെയും ഒളിംപിയ രാജ്ഞിയുടെയും മകനാണ് അലക്സാണ്ടർ. അച്ഛന്റെയും അമ്മയുടെയും ദാമ്പത്യത്തിലെ സ്വരച്ചേർച്ച ഇല്ലായ്മയും സ്നേഹ വിശ്വാസങ്ങൾ ഇല്ലായ്മയും കണ്ടു വളർന്ന ബാല്യമാണ് അലക്സാണ്ടറുടേത് അദ്ദേഹം പറയുന്നു.ഈ രംഗം നോവലിലെ ഒരധ്യായത്തിൽ ചിത്രീകരിക്കുന്നത് ഇങ്ങനെയാണ്

‘ കൊട്ടാരത്തിനകത്ത് യുദ്ധം! രാജാവും രാജ്ഞിയും തമ്മിൽ! രാജ്ഞിമാരുടെ സ്ഥാനത്ത് പിതാവിനു വേറെയും കാമുകിമാരുണ്ടായിരുന്നു. അതിനെ എന്റെ അമ്മ നേരിട്ടത് ഞാൻ മഹാരാജാവിന്റെ മകനല്ലെന്നു പറഞ്ഞുകൊണ്ടായിരുന്നു. എന്റെ പിതാവിന്റെ സ്ഥാനത്ത് അമ്മ സിയൂസ് ദേവനെ സങ്കൽപിച്ചു. അന്ന് എന്നെപ്പോലെ അനാഥനായി വേറൊരു ചെറുപ്പക്കാരനുണ്ടായിരുന്നോ മാസിഡോണിയയിൽ.’ 

അലക്സാണ്ടറുടെ ഈ വിലാപം കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങളിലൂടെ കടന്നു പോകുന്ന എല്ലാ ബാല്യങ്ങളുടെയും വിലാപമാണെന്ന് പെരുമ്പടവം പറയുന്നു.

 

ഹിമവാന്റെ തലപ്പൊക്കം

അലക്സാണ്ടറുടെ പടയോട്ടങ്ങൾ അവസാനിക്കുന്നത് ഇന്ത്യയുടെ അതിർത്തിയിലാണ്. അവിടെ പോറസ് എന്ന രാജാവിനെ പരാജയപ്പെടുത്തിയെങ്കിലും മുന്നോട്ടുപോകാൻ അദ്ദേഹത്തിനാവുന്നില്ല. ബുദ്ധിസം ഉൾപ്പെടെയുള്ള ഭാരതീയ ദർശനങ്ങളുടെ ഔന്നിത്യത്തെയാണ് ഹിമവാന്റെ തലപ്പൊക്കത്തിൽ അദ്ദേഹം ദർശിച്ചതെന്ന് നോവലിൽ നമുക്കു വായിച്ചെടുക്കാം‘ ഭാരതത്തിലേക്കു കടന്നില്ല, ഹിന്ദുക്കുഷ് പർവത നിരകളും സിന്ധു ഗംഗാ നദികളും എന്നോടു പറഞ്ഞു മടങ്ങിപ്പോകാൻ. സൂര്യൻ ആദ്യം ഉദിച്ചത് ഭാരതത്തിന്റെ ആകാശത്തിലാണ്. എന്റെ ഗുരുനാഥൻ അരിസ്റ്റോട്ടിൽ പറയാറുണ്ടായിരുന്നു.പ്രപഞ്ച നിഗൂഢതകളുടെ രഹസ്യങ്ങൾ അന്വേഷിച്ചു പോയ ഋഷികളുടെ നാടാണതെന്ന് നാശനഷ്ടങ്ങൾക്കിടയിൽ നിൽക്കുമ്പോഴും ആ രാജ്യത്തിന്റെ മനസ്സിൽ ഒരു പ്രാർഥനയുണ്ടായിരുന്നു. ധർമം ജയിക്കട്ടെ എന്ന്. യുദ്ധങ്ങൾ അവർക്ക് ധർമം വീണ്ടെടുക്കാനുള്ള യജ്ഞങ്ങളായിരുന്നു. ’

കവിത തുളുമ്പുന്നതും ലളിതവുമായ ആഖ്യാന ശൈലി പെരുമ്പടവത്തിന്റെ മറ്റു നോവലുകളെ എന്ന പോലെ ‘അശ്വാരൂഢന്റെ വരവി’നെയും മികച്ച വായനാനുഭവമാക്കുന്നു. മനോരമ ബുക്ക്സ് ആണ് പ്രസാധകർ വില 160 രൂപ. ആർട്ടിസ്റ്റ് ജി. ഗോപീകൃഷ്ണന്റെതാണ് വരകൾ .

 

English Summary : ‘Ashwaroodante Varavu’ book written by Perumbadavam Sreedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com