ADVERTISEMENT

ജോണീ, വേനൽ വറുതിയിൽ മഴ മേഘങ്ങൾ തേടിവരുന്ന മീവൽ പക്ഷികളെപ്പോലെ ചരിത്രസന്ധികളിലൂടെ കറങ്ങിത്തിരിഞ്ഞ് നിന്നെക്കാണാൻ ഞങ്ങൾ വീണ്ടും വരും. ഈ പുഴയുടെ ലാളിത്യവുമായി അന്നും നീയിവിടെ ഉണ്ടാവണം. നീ ഞങ്ങളുടെ വിറകൊള്ളുന്ന കന്യകാത്വമാണ്. ഞങ്ങൾക്കു പറയാൻ കഴിയാതെപോയ പുരുഷസൂക്തമാണ്. 

 

മാധവേട്ടന്റെ വാക്കുകൾ ജോണി അക്ഷരം പ്രതി അനുസരിച്ചിരിക്കുന്നു. തെളിവ് ‘ഐരാവതിയിലെ കല്ലുകൾ’ എന്ന കഥാസമാഹാരം. 

ഒരു കാലത്ത് എന്റെ കൂട്ടുകാർ ചുമന്നുനടന്നിരുന്ന ഐഡിയോളജിയെക്കുറിച്ചുള്ള കുറ്റബോധങ്ങളും നമ്മുടെയൊക്കെ ജീവിതത്തെക്കുറിച്ചുള്ള വിഷാദാത്മകത്വവും ഒന്നും ഞാൻ ഉപേക്ഷിക്കുന്നില്ല. ഞാനാർജിച്ച പിതൃസ്വത്ത് പോലെ അവയുടെ സൂക്ഷിപ്പുകാരനായി ഞാൻ ഇവിടെത്തന്നെയുണ്ടാവും എന്ന വാഗ്ദാനം. ജനങ്ങൾ, വൃക്ഷങ്ങൾ, ഭൂവിഭാഗങ്ങൾ എല്ലാം കണ്ട് ഞാൻ ആർത്തിപിടിച്ചു നടന്നു. എന്നിട്ടും ആ യാത്രയിൽ ആകെ അവശേഷിച്ചത് എന്റെ കുപ്പായക്കീശയിലെ ചെളി മാത്രമാണ് എന്ന തിരിച്ചറിവ്. ഒരോ വാക്കിലും കന്യകാത്വം വിറകൊള്ളുന്നു. ആഴത്തിന്റെ മൗനമായി പുരുഷസൂക്തം ഉയിർക്കൊള്ളുന്നു. പുഴയുടെ ലാളിത്യം പരൽമീൻ പോലെ പിടയ്ക്കുന്നു. എന്നോ പൊലിഞ്ഞുപോയ നക്ഷത്രത്തിൽ നിന്നുള്ള വെളിച്ചമായി ഇന്നും മനസ്സിൽ നിന്ന് അപൂർവമെങ്കിലും അന്യാദൃശ തിളക്കത്തോടെ ഉയിർത്തെണിക്കുന്ന വാക്കുകൾ ആരിലൊക്കെയോ എത്തിച്ചേരുന്നു, സ്വാധീനിക്കുന്നു. മായാത്ത മുദ്രകൾ അവശേഷിപ്പിക്കുന്നു. മനുഷ്യത്വത്തിന്റെ സാഹോദര്യം സ്ഥാപിക്കുന്നു. 

 

ഏറ്റവും നല്ല ഹൃദയങ്ങൾ കൂടി, ഇത് ഞാനെന്റെ വേദനയുടെയും നിരാശയുടെയും ആഴങ്ങളിൽ നിന്ന് പറയുകയാണ്, ജീവിതമെന്താണെന്നു മറന്നുപോകുന്നു. 

എന്തിനു വേണ്ടി എന്ന ചോദ്യം മറന്നുപോകുന്നു. സ്വന്തം ചുമതലകളും ഹൃദയവും വിറ്റ് പിച്ചളപ്പാത്രങ്ങളും ഇലക്ട്രിക് ബൾബുകളും വാങ്ങിക്കൂട്ടുന്നു. 

ഇതിനുമാത്രം ഈ സുഖങ്ങളിൽ എന്താണുള്ളതെന്നു ചോദിക്കാൻ മാത്രം അവർക്ക് വളരാമായിരുന്നു. എന്തുകൊണ്ടവർ അങ്ങനെ ചെയ്യുന്നില്ല. 

കത്തുന്നു. 

കത്തിക്കുന്നു. 

കത്തിക്കപ്പെടുന്നു. 

 

1971 ലാണ് കെ.യു. ജോണിയുടെ ‘ജെറുസലേമിന്റെ കവാടങ്ങൾ അകലെയാണ്’ എന്ന കഥ മലയാളത്തിലെ പ്രശസ്ത വാരികയിൽ പ്രസിദ്ധീകരിക്കുന്നത്. വർഷങ്ങൾക്കു ശേഷം 2015 ൽ ആദ്യ നോവൽ ‘ഭൂമധ്യരേഖയിലെ വീട്’ പ്രസിദ്ധീകരിച്ചു. ഇപ്പോൾ ആദ്യത്തെ ചെറുകഥാ സമാഹാരവും. ജറുസലേം ഉൾപ്പെടെ അടുത്ത കാലത്തുവരെയെഴുതിയ 37 ചെറു കഥകളുടെ സമാഹാരം. രണ്ടു കൃതികൾ മാത്രം. എണ്ണിയെടുക്കാവുന്ന വാക്കുകൾ. എന്നാൽ, രണ്ടേ രണ്ടു പുസ്തകങ്ങളിലൂടെ ജോണി കൈവരിച്ച നേട്ടം ചെറുതല്ല. നല്ല വായനക്കാരുടെ ന്യൂനപക്ഷം അദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആഘോഷത്തിന്റെ ആരവത്തിൽ താൽപര്യമില്ലാത്തതുകൊണ്ടുമാത്രം ആൾക്കൂട്ടത്തിൽ തനിയെ നടന്നിട്ടും എഴുത്തിന്റെ കരുത്തു കൊണ്ടു മാത്രം സ്വന്തം ഇടം നേടി അദ്ദേഹം തന്റെ സാന്നിധ്യം ശക്തമായി അടയാളപ്പെടുത്തുകയാണ്. 

 

ചെറുകഥയെ ഒരിക്കലും നീണ്ടകഥയാക്കാത്ത എഴുത്തുകാരനാണ് ജോണി. ഒരിക്കൽപ്പോലും അദ്ദേഹം കഥ പറയുന്നുമില്ല. ഒതുക്കിവയ്ക്കാനോ, അടിച്ചമർത്താനോ കഴിയാതെ വേട്ടയാടുന്ന മനുഷ്യാവസ്ഥകൾ ഏറ്റവും കുറഞ്ഞ വാക്കുകളിൽ പറയുക മാത്രമാണ്. കഥയേക്കാൾ കഥയുടെ അന്തരീക്ഷം സൃഷ്ടിക്കുന്ന ജോണിയുടെ കഥകൾ ജീവിതത്തിനു പുറത്തല്ല. മനുഷ്യരുടെ, പ്രകൃതിയുടെ, സമൂഹത്തിന്റെ അന്തർനേത്രമാവുകയാണ്. അവയിൽ തുടിക്കുന്നത് അളക്കാനാവാത്ത, അതിരുകളില്ലാത്ത ഭാവപ്രപഞ്ചം. 

 

വിലപ്പെട്ട, അമൂല്യ വസ്തുക്കളാണ് അദ്ദേഹത്തിന് വാക്കുകൾ. വികാരവിചാരങ്ങളുടെ ആഴക്കയത്തിൽ നിന്ന് മുങ്ങിയെടുക്കുന്ന മുത്തുകൾ. ആത്മാർഥതയും വിശ്വസ്തതയും പ്രതിബദ്ധതയും തുടിക്കുന്നത് തൊട്ടറിയാം. കണ്ടറിയാം. വായിച്ചറിയാം. 

 

ഏതുകാലത്തെയും ഏതു ദേശത്തെയും ഏതു മനുഷ്യന്റെയും അടിസ്ഥാനപരമായ വ്യഥകളാണ് അദ്ദേഹം എഴുതുന്നത്. ഓരോരുത്തർക്കും അവരവരെത്തന്നെ കാണാവുന്ന കടലിന്റെ കണ്ണാടി. അതിവിദൂരകാലത്തെക്കുറിച്ചാണ് അദ്ദേഹം എഴുതുന്നതെന്ന ആക്ഷേപത്തിൽ കഴമ്പില്ല. പ്രണയവും പ്രണയ പരാജയവും ഒരു കാലത്തിന്റേതു മാത്രമല്ലല്ലോ. ആദർശങ്ങളാൽ പ്രചോദിപ്പിക്കപ്പെട്ട ജീവിതം ചിലർക്കു മാത്രം അവകാശപ്പെട്ടതല്ലല്ലോ. ജീവിതോത്സാഹത്തിന്റെ ആഘോഷയാത്രയിൽ എല്ലാവരും അണിചേർന്നിട്ടും അവർക്കൊപ്പം ചേരാനാവാതെ, ഇതെല്ലാം എന്തിനു വേണ്ടി എന്ന ചോദ്യം ഒരിക്കലും പൂർണമായി ഇല്ലാതാകുന്നില്ലല്ലോ. ജീവിതം ഒത്തുതീർപ്പും പൊരുത്തപ്പെടലും മാത്രമാകുമ്പോഴും ചില ചോദ്യങ്ങൾ ചോദിച്ചും ഓർമപ്പെടുത്തിയും തിരിച്ചറിവുകളുമായി ചിലർ ബാക്കിയാകുന്നുണ്ട്. അവരാണ് യഥാർഥ വായനക്കാർ. വായനയിൽ ജീവിക്കുന്നവർ. അവർക്കുവേണ്ടിയാണ് ജോണി എഴുതുന്നത്. 

 

ഏറ്റവും നല്ല കഥകൾ ആത്മകഥകളല്ലെങ്കിൽ മറ്റെന്താണ്. ആഴത്തിൽ അറിയാത്ത അനുഭവങ്ങളൊന്നും ആരെയും നല്ല എഴുത്തുകാരാക്കുന്നുമില്ലല്ലോ. ജോണിയുടെ കഥകൾ ഏറ്റവും ലളിതമായും സമഗ്രമായും പൂർണമായും ആത്മകഥ തന്നെയാണ്. എന്നാൽ അത് എഴുത്തുകാരന്റെ മാത്രം കഥയല്ല. അടിയന്തരാവസ്ഥക്കാലത്ത് തീപിടിച്ച ചെറുപ്പം ബാധ്യതയായല്ലാതെ ഉത്തരവാദിത്തമായി കൊണ്ടുനടന്ന ഒരു കൂട്ടം ചെറുപ്പക്കാരുടേത് മാത്രമല്ല. പ്രണയിക്കുകയും പരാജയപ്പെടുകയും പ്രണയം കെടാത്ത തീ പോലെ ഉള്ളിൽ കൊണ്ടുനടക്കുകയും ചെയ്തവരുടേതു മാത്രമല്ല. ചിന്തിക്കുന്ന, ആലോചിക്കുന്ന, ജീവിതം എന്ന വ്യഥയുടെ പങ്കുപറ്റുന്ന എല്ലാ ദൗർഭാഗ്യവാൻമാരുടെയും ജീവചരിത്രം കൂടിയാണ്. 

 

ഇല്ല, വിട്ടുതരില്ല എന്നു നിലവിളിച്ചുകൊണ്ട് അവളുടെ വിധിയെ തടുക്കാൻ വീനസ്സിനെ തള്ളിമാറ്റി അയാൾ മുമ്പോട്ടോടി. 

അവളെത്തൊടാൻ കഴിയും മുൻപ് അഗ്നിത്തൂണുകളായിമാറിയ ഉഷസ്സിന്റെ കിരണങ്ങൾ അവളെ ക്ഷീരപഥത്തിലേക്കു വലിച്ചുകൊണ്ടുപോയി. അവളുടെ നിലവിളി ആകാശക്കോണുകളിൽ നിന്ന് വളരെനേരം കേൾക്കാമായിരുന്നു. 

പതുക്കെപ്പതുക്കെ നേരം വെളുക്കുകയായിരുന്നു. 

ഒടുവിൽ കാലത്തിന്റെ മഹാവൃക്ഷം പൂത്തുമറിഞ്ഞപ്പോൾ 

വർഷങ്ങളുടെ മൗനം കുടിച്ചുവറ്റിച്ച വല്ലാത്തൊരു ദിവസം അവളുടെ ഫോൺകോൾ അയാളെത്തേടിവന്നു. 

എന്റെ പ്രണയമേ, അങ്ങെവിടെയാണിപ്പോൾ. 

ആ ചോദ്യത്തിന് മറുപടി പറയാൻ അയാൾ യാതൊരു കാരണവശാലും തയാറെടുത്തിരുന്നില്ല. 

ഞാൻ വിളിക്കുന്നത് കേൾക്കുന്നില്ലേ ? 

 

Content Summary : Iravathiyile Kallukal, book by KU Johny

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com