വാക്കുകൾ തിരിച്ചു തരൂ, സ്‌നേഹിക്കാനെങ്കിലും

vakkukal-e-santhosh-kumar
SHARE
ഇ. സന്തോഷ്‌കുമാർ

മാതൃഭൂമി ബുക്‌സ്

വില 150 രൂപ

15 വർഷത്തിനു ശേഷമായിരുന്നു കൂടിക്കാഴ്ച. അപ്രതീക്ഷിതം എന്നു പറഞ്ഞുകൂടാ. എന്നാൽ ആകസ്മികം. എന്നെങ്കിലും എവിടെവച്ചെങ്കിലും കണ്ടേക്കാം എന്നതൊരു പ്രതീക്ഷയല്ലാതെ മനസ്സിൽ ഉണ്ടായിരുന്നിരിക്കാം. പക്ഷേ, ഒരിക്കൽപ്പോലും വിളിച്ചില്ല. കൂടിക്കാണാൻ ശ്രമിച്ചില്ല. കാലം മൗനത്തിന്റെ തോണിയേറിപ്പൊയ്‌ക്കൊണ്ടിരുന്നു. എങ്ങോട്ടെന്നില്ലാതെ. എന്തിനെന്നില്ലാതെ. സന്തോഷകരം എന്നു വിശേഷിപ്പിക്കാനാവില്ലെങ്കിലും സഹനീയമായ വിവാഹബന്ധം തകരാൻ കാരണം അയാൾ കൂടിയായിരുന്നില്ലേ. അതൊരു കുറ്റാരോപണമൊന്നുമല്ല. കാരണം അയാളേക്കാൾ അവൾ തന്നെയായിരുന്നു കാരണം എന്നുപറയേണ്ടിവരും. വിശദീകരിക്കാൻ സമയം ഉണ്ടായിരുന്നു. അവസരങ്ങൾ ഉണ്ടായിരുന്നു. നിങ്ങൾ കരുതുന്നുപോലെയല്ല കാര്യങ്ങൾ. തെറ്റിധാരണയാണ്. എന്നെ വിശ്വസിക്കൂ എന്നു വിശ്വസനീയമായി പറയാമായിരുന്നു. എന്നാൽ അങ്ങനെ ഒരു ശ്രമവും ഒരിക്കലും ഉണ്ടായിട്ടേയില്ല. ഭർത്താവ് വിട്ടുപോയിട്ടുപോലും. 

അപ്പോഴും കാരണക്കാരൻ എന്നു വിശ്വസിക്കുന്ന വ്യക്തിയോട് ഒരു വാക്കുപോലും പറഞ്ഞില്ല. അയാൾ അതറിഞ്ഞിട്ടുണ്ട് എന്ന് വ്യക്തം. എന്നാൽ, ഇടപെടാനോ സാഹചര്യങ്ങൾ വ്യക്തമാക്കാനോ ഒരിക്കലും ശ്രമിച്ചില്ല. കൂടുതലായി കാണാനും ശ്രമിച്ചില്ല. അവരുടെ കൂടിക്കാഴ്ചകൾക്ക് തടസ്സമില്ലാത്ത ഘട്ടത്തിൽ അവർ കൂടുതൽ അകലുകയായിരുന്നു.. മനസ്സുകൊണ്ടോ ശരീരം കൊണ്ടോ. ഇക്കഴിഞ്ഞ വർഷങ്ങളത്രയും ഒരേ കടലിലെ രണ്ടു ദ്വീപുകൾ പോലെ പരസ്പരം അറിയുന്നുണ്ടെങ്കിലും തമ്മിൽ കാണാതെ, അടുക്കാതെ, ഒരേ ജലത്തിൽ നിന്നുള്ള ജീവശ്വാസത്തിൽ അവർ ഒഴുകിക്കൊണ്ടിരുന്നു. അതോ നിശ്ചലമായി നിലകൊള്ളുകയോ. നീണ്ട 15 വർഷങ്ങൾ. മുറിയുടെ ബല്ലടിക്കാതെ കതകിൽ തുടർച്ചയായി മുട്ടിയത് എന്തുകൊണ്ടായിരിക്കും. മഴയിൽ നനഞ്ഞിട്ടും വെള്ളത്തുള്ളികൾ തുടച്ചുകളയാതെ പൊടുന്നനെ മുമ്പിൽ വന്നു നിന്നപ്പോൾ അവർക്കിടയിൽ വാക്കുകളുടെ സമൃദ്ധി ഉണ്ടായിരുന്നില്ല. എന്നാൽ തീരെ ദുർല്ലഭം എന്നും പറഞ്ഞുകൂടാ. എന്നാൽ മുറിയിലേക്കു ക്ഷണിച്ചില്ല. 

പുറത്തേക്കിറങ്ങുകയായിരുന്നു. റസ്റ്റോറന്റിലേക്ക്. അവിടെയെത്തിയപ്പോഴും, ഒരിക്കൽ അടുത്ത സുഹൃത്തുക്കളേക്കാൾ കൂടുതൽ അടുക്കുകയും പിന്നീട് അകലുകയും ചെയ്ത അവർക്കിയിൽ ഉണ്ടാകേണ്ട ഊഷ്മളതയോ ആവേശമോ ഉണ്ടായില്ല. കാലത്തിന്റെ ഭിത്തിയിൽ അടയാളവാക്യം പോലെ അതു കുറിച്ചുവച്ചിട്ടുണ്ടായിരിക്കാം. അത്രമേൽ സ്വാഭാവികമായി അവർ ആ കൂടിക്കാഴ്ച അനുഭവിച്ചു. എത്രയോ കാര്യങ്ങൾ പറയാനുണ്ടായിരുന്നു. പറയാമായിരുന്നു. എന്നാൽ വാക്കുകൾ ഒളിച്ചുകളിച്ചു. വല്ലപ്പോഴും മാത്രം എടുത്തുപയോഗിക്കുന്ന കൗതുകവസ്തുക്കൾ പോലെ. അധികം ഉപയോഗിച്ചാൽ വീണു പൊട്ടിയേക്കാമെന്ന പളുങ്കുപാത്രങ്ങൾ പോലെ. മൗനത്തിലൂടെ അവർ പറയുകയായിരുന്നോ. നിശ്ശബ്ദതയിലൂടെ സംവദിക്കുകയായിരുന്നോ. അതോ ദ്വീപുകളായി തുടരുകതന്നെയായിരുന്നോ. പാടിപ്പഴകിയ വിഷാദഗാനം അയാൾ അപ്പോൾ മൂളി. അവൾ ആവശ്യപ്പെട്ടപ്പോൾ ലജ്ജയോടെ അയാൾ ആ പാട്ട് പാടാൻ തുടങ്ങി. അവർക്കു മാത്രം കേൾക്കാവുന്ന ഒച്ചയിൽ. മറ്റാർക്കും അറിയാനാവാതെ. എപ്പോഴോ, അവളും ആ പാട്ടിനൊപ്പം ചേർന്നു. അയാൾ അതറിഞ്ഞോ ആവോ. ഒരുമിച്ചുള്ള പാട്ടിൽ അവർ കൂടുതൽ അടുക്കുകയായിരുന്നോ. അവർ തമ്മിലുള്ള അകലത്തെക്കുറിച്ച് കൂടുതൽ ബോധ്യപ്പെടുകയായിരുന്നോ. ഒരുപക്ഷേ പാടിയപ്പോഴും അവർ മൗനത്തിൽതന്നെയായിരിക്കാം. അവർക്കിടയിൽ നിശ്ശബ്ദതയുടെ ആഴത്തിലുള്ള കിടങ്ങ് അപ്പോഴുമുണ്ടായിരിക്കാം. അവർ അതറിഞ്ഞോ ആവോ. 

ഒരേ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടുപേർ. അയാൾ ഏറെ പ്രശസ്തനായിരുന്നെങ്കിലും താരശോഭ അസ്തമിച്ച് വല്ലപ്പോഴും കിട്ടുന്ന റോളുകൾകൊണ്ട് സംതൃപ്തിപ്പെടുന്ന നായകൻ. നായികമാർക്കു ശബ്ദം കൊടുത്ത് അതിപ്രശസ്തയല്ലെങ്കിലും അനിവാര്യയായി അവളും. ഇവരിലൂടെ ബന്ധങ്ങൾക്കിടയിലെ മൗനത്തെ അന്വേഷിക്കുകയാണ് ഇ. സന്തോഷ്‌കുമാർ വാക്കുകൾ എന്ന നോവലിൽ. റോസി എന്ന റോസലിന്റെ ആത്മഗതത്തിന്റെ ഭാഷയിൽ. വിചാരങ്ങളുടെ ഏകാന്തശ്രുതി. അതിവിദൂരത്തിൽ നിന്ന് കാറ്റിൽ അലയടിച്ചെത്തുന്ന വിഷാദഗാനത്തിന്റെ അവ്യക്തധാര. 

സ്‌നേഹമെന്ന കൂട്ടിൽ എവിടെയാണ് മൗനം കുടിപാർക്കുന്നത്. കലപിലകൾക്കിടയിൽ, കൂട്ടുചേരലുകൾക്കിടയിൽ മൗനത്തെ ആർക്കെങ്കിലും എന്നെങ്കിലും എപ്പോഴെങ്കിലും കണ്ടുപിടിക്കാനാവുമോ എന്നു തോന്നാം. അങ്ങനെയും ജീവിതങ്ങളുണ്ട്. കൂടെയുള്ളുപ്പോഴും കൂടെയില്ലാത്തവർ. അകലെയാകുന്തോറും അടുത്തടുത്ത് കുടികൊള്ളുന്നവർ. കാലത്തിന്റെ അങ്ങേയറ്റത്തും ഇങ്ങേയറ്റത്തുമായി അധിവസിക്കാൻ വിധിക്കപ്പെട്ടവർ. അവർക്ക് മൗനത്തേക്കാൾ ചേരുന്ന ഭാഷയുണ്ടോ. നഷ്ടപ്പെട്ട വാക്കുകൾക്കുവേണ്ടിയല്ല അവരുടെ തപസ്സ്. വാക്കുകൾ എങ്ങനെ കൈമോശം വന്നു എന്ന അന്വേഷണവുമല്ല. ഇല്ലാതായ വാക്കുകൾകൊണ്ട് അവർക്ക് ഒന്നും ഖനനം ചെയ്യാനുമില്ല. അവർക്ക് പരസ്പരം പറയാൻ, സംവദിക്കാൻ, ഇനിയൊരിക്കലും ഉണ്ടാകാനിടയില്ലാത്ത കൂടിക്കാഴ്ചയിൽ കൈമാറാൻ വാക്കുകളേ ഉണ്ടാകണമെന്നുമില്ല. വിനിമയം ചെയ്യപ്പെടാൻ ദൃശ്യമായതോ അദൃശ്യമായതോ ഒന്നുമില്ലെന്നിരിക്കെ, അവരെ കൂട്ടിയിണക്കുന്ന മൗനം അവർക്കിടയിൽ മറ്റൊരു ഭാഷയാകുന്നു. സമാന്തരമായ മറ്റൊരു വഴി. ഒരു ബന്ദുവിലും കൂട്ടിമുട്ടാത്തത്. അകലം കൂടുകയോ കുറയുകയോ ചെയ്യാത്തത്. എങ്ങോട്ടെന്നോ എത്രനാളെന്നോ ആശങ്കപ്പെടാതെ. മുന്നോട്ടെന്നോ പിന്നോട്ടെന്നോ വിചാരമില്ലാതെ. 

വാക്കുകൾ റോസലിനെ വിട്ടുപോയശേഷം അയാൾ അവളെ പതിവായി വിളിക്കാൻ തുടങ്ങി. ഒരു വാക്കുപോലും തനിക്ക് തിരിച്ചുകിട്ടില്ലെന്ന ബോധ്യത്തോടെ. താൽക്കാലികമാണെന്നും മാറുമെന്നും ആശ്വസിപ്പിച്ചു. വിശ്വസിപ്പിച്ചു. വിദഗ്ധ ചികിത്സകളുടെ മേൽനോട്ടം വഹിച്ചു. 

വാക്കുകൾ അവൾക്കുള്ളിൽ ശ്വാസം മുട്ടുകയൊന്നും ആയിരുന്നില്ല. എത്രയോ പേർക്ക് നിർലോഭം നൽകിയ വാക്കുകൾ അവയുടെ കൂടിനെ ഉപേക്ഷിച്ചപ്പോഴും ആരും തലതല്ലിയലച്ചില്ല. കൂടിന്റെ ആഴികൾക്കുള്ളിൽ ശ്വാസംമുട്ടിപ്പിടഞ്ഞില്ല. എന്തുകൊണ്ടെന്നോ എങ്ങനെയെന്നോ ആശങ്കപ്പെട്ടില്ല. 

ആരുടെയോ ബലിഷ്ഠകരങ്ങളിൽ നിന്നു കുതറിമാറുന്നതുപോലെ ഞാൻ കുടഞ്ഞു. ശരീരത്തിൽ നിന്നു കെട്ടുകൾ പൊട്ടിപ്പോകുന്നതുപോലെയുണ്ടായിരുന്നു. മൗനത്തിന്റെ ഒരു പർവതം കയറിയിറങ്ങിയിരിക്കുന്നു. കടൽപ്പരപ്പിൽനിന്നു തല നീട്ടുന്ന വാക്കുകളുടെ കുഞ്ഞുദ്വീപുകൾ കണ്ടു. ഒരു വലിയ തുരങ്കം കടന്നുവന്നിരിക്കുന്നു. വാക്കുകളുടെ പ്രകാശം മുഖത്തുവീഴുന്നതു സഹിക്കാനാകാതെ നിലത്തു കുമ്പിട്ടിരുന്നു. 

പിന്നെ മറന്നുപോയതെന്തോ തിരിച്ചെടുക്കുംപോലെ സ്വന്തം ഒച്ചയിൽ കരഞ്ഞു. കരച്ചിലിന്റെ ശബ്ദം പോലും അപരിചിതമായി തോന്നിയിരുന്നു. മറ്റാരോ ശബ്ദിക്കുകയാണെന്നതുപോലെ കണ്ണുകളിലെ നനവൊപ്പിച്ച് ശബ്ദം ക്രമീകരിക്കുകയാണെന്നു സംശയിച്ചു. 

വികാരങ്ങൾക്കും വിചാരങ്ങൾക്കും വാക്കുകൾ നഷ്ടപ്പെട്ട ആ ഇടവേള ആയിരിക്കണം അവർ ക്ഷമയോടെ കാത്തിരുന്നത്. നീണ്ട 15 വർഷം. പരസ്പരം പാകപ്പെടാൻ. പൂർണമായും മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ. വാക്കുകൾ ഇല്ലാതെയും സ്‌നേഹം പറയാമെന്നു ബോധ്യപ്പെട്ട വർഷങ്ങൾ. അകലെയെവിടെയോ ആയിരിക്കുമ്പോഴും ആശങ്കകൾ ആക്രമിക്കാത്ത ജീവിതം. . 

മൗനത്തേക്കാൾ സമൃദ്ധമായി സ്‌നേഹം വിനിമയം ചെയ്യാനാവുമോ. അടുപ്പത്തെ മൊഴിമാറ്റാനാവുമോ. കൂടെയുണ്ടെന്ന് ഉച്ചത്തിലുച്ചത്തിൽ പറയാനാവുമോ. ഉയരത്തിൽ തല നീട്ടിയിട്ടും ഭൂമിയുടെ മാറിൽ തലചായ്ക്കാൻ ചാഞ്ഞുവരുന്ന ശിഖരങ്ങൾ പോലെ. മൗനത്തിന്റെ നേർത്ത കാറ്റിൽ ഇലകൾ കൊണ്ടു മണ്ണിനെ തൊട്ടുരുമ്മുന്നപോലെ. 

അയാളുടെ വാക്കുകളിലെ കുറ്റബോധത്തിന്റെ ധ്വനി എനിക്കു തൊട്ടറിയാമായിരുന്നു. രണ്ടടി കൂടി ഇറങ്ങിയപ്പോൾ ഞാൻ അയാളുടെ അരികിലെത്തി. 

ഞങ്ങൾ പരസ്പരം നോക്കി. 

അയാളുടെ കണ്ണുകൾ നനയുന്നത് എനിക്കു കാണാമായിരുന്നു. 

ഞാൻ അയാളുടെ നേർക്കു കൈ നീട്ടി. പതുക്കെ ആ കൈകളിൽ തൊട്ടു. നേർത്ത വിയർപ്പ് പറ്റിയ കൈത്തലം സ്പർശിച്ചപ്പോൾ തണുക്കുന്നുണ്ടെന്ന് എനിക്കു തോന്നി. 

ആ തണുപ്പിൽ മുറുകെ പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു....

Content Summary: Vakkukal book written by E Santhosh Kumar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS