ബ്ലെയ്ഡ്, റേസർ, കത്തി.. ഇതിലും ഭീകരമായി ഒരു പെൺകുട്ടിയോടും ആർക്കും ഒന്നും ചെയ്യാനാകില്ല

pen-sunnath-500
SHARE
അനിത ശ്രീജിത്ത്

കറന്റ് ബുക്‌സ്, തൃശൂർ

വില 250 രൂപ

നിങ്ങൾക്കറിയുമോ ഒരു റേസർ ബ്ലെയ്ഡിന്റെ മൂർച്ച. അതിലൂടൊന്നു വിരലോടിക്കാമോ. നിങ്ങളുടെ ലോലമായ വിരൽത്തുമ്പ് മുറിഞ്ഞുപോകും അല്ലേ. അപ്പോൾ ചിന്തിക്കാനാകുമോ വെറും കുട്ടിയായ പത്തോ പന്ത്രണ്ടോ വയസ്സുള്ള ഒരു പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിലൂടെ പച്ചയ്ക്ക് ബ്ലെയ്ഡ് കടത്തിയിറക്കി അറുത്തറുത്ത് അവളുടെ യോനീതടം മുഴുവൻ ഛേദിച്ചുകളയുമ്പോഴുള്ള വേദന. 

ബ്ലെയ്ഡ്, റേസർ. കത്തി. ഗോത്രസംസ്‌കാരം എന്ന പേരിൽ സ്ത്രീകളുടെ, പെൺകുഞ്ഞുങ്ങളുടെ അന്തസത്തയെ അല്ല, ആത്മാവിനെ മുറിച്ചെറിയുന്ന ആ വസ്തുവിനെ ഞാൻ പേടിക്കുന്നു. അതൊരു ചെറിയ പേടിയല്ല. ഒരു പെൺകുട്ടിയെ അതല്ലാതാക്കിത്തീർക്കുന്ന ഉൾപിളരുന്ന ഭീതിയാണ്. അതിന്റെ പേര് യോനീഛേദനം എന്നല്ലാതെ മറ്റെന്താണ്. അതിലും ഭീകരമായതൊന്നും സ്ത്രീകളോടും കുട്ടികളോടും ഒരു മനുഷ്യനും മൃഗത്തിനും ചെയ്യാനാകില്ല. ഒരുവളെ ഒറ്റയടിക്ക് കൊന്നുകളയുന്നത് എത്ര നിസ്സാരമായിരിക്കും എന്ന് എനിക്കു തോന്നുന്നു. 

ആഫ്രിക്കയിലെ ആയിരക്കണക്കിനു ഗോത്രങ്ങളിൽ ഒന്നിൽനിന്നുള്ള അകെയോ ഇവാലുവ എന്ന പെൺകുട്ടി ഇതു പറയുമ്പോൾ അവളുടെ കണ്ണുകളിൽ ക്രൗര്യം പൂണ്ട ഒരു വന്യമൃഗത്തിന്റെ നിഴലനക്കം കാണാമായിരുന്നു. കൊടിയ വേദനയിൽ നിന്ന് ഉടലെടുത്ത പകയുടെ തിളക്കം അതിൽ ലയിച്ചുകിടന്നു. 

ഇതുപോലെ കൊടിയ വേദനയുടെ കൊടുമുടി കയറി ദുരിതവും ദുഃഖവും ശാരീരിക പരാധീനതകളുമായി ജീവിക്കുന്ന ലക്ഷക്കണക്കിനു സ്ത്രീകളാണ് ലോകത്തുള്ളത്. ഇവരുടെ വേദനയും സമാനതകളില്ലാത്ത ദുരന്തവും ഇതാദ്യമായി ഒരു മലയാള നോവൽ ധീരമായി പ്രതിഫലിപ്പിക്കുന്നു. അനിത ശ്രീജിത്തിന്റെ പെൺസുന്നത്ത്. അവിശ്വസനീയമായി തോന്നിയേക്കാവുന്ന സംഭവങ്ങളിലൂടെ, അപരിചിതമായ ഭൂമികയിലൂടെ സഞ്ചരിച്ച് ഉൾത്തലങ്ങളെപ്പോലും സ്പർശിക്കുന്ന വേദനയെ കടഞ്ഞെടുക്കാനാണ് അനിത ശ്രമിക്കുന്നത്. വിശ്വസനീയമായ കഥയിലൂടെ, മനസ്സിനെ സ്പർശിക്കുന്ന വാക്കുകളിലൂടെ, ആ അനുഭവം എല്ലാ തീക്ഷ്ണതയോടെയും ഈ നോവൽ അവതരിപ്പിക്കുന്നുണ്ട്. വസ്തുതകളും യാഥാർഥ്യവും അവയായിത്തന്നെ അവതരിപ്പിക്കാതെ, കൂടുതൽ ശക്തമായി അവതരിപ്പിക്കാൻ നോവലിന്റെ ആവരണം അനിതയെ സഹായിച്ചിരിക്കുന്നു. എന്നാൽ അതിനു വേണ്ടി കലയെ ബലി കൊടുത്തിട്ടുമില്ല. ചെറിയ പരിമിതികളും ദൗർബല്യങ്ങളും ചൂണ്ടിക്കാണിച്ചാൽപ്പോലും ധീരമായ ശ്രമമാണ് പെൺസുന്നത്ത് എന്ന നോവൽ. ലക്ഷ്യം നിറവേറിയ ധീരമായ, സാഹസികമായ, എടുത്തുപറയേണ്ട പരിശ്രമം. 

ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യൻ രാജ്യങ്ങളിലായി 200 മില്യൻ പെൺകുഞ്ഞുങ്ങളിലും സ്ത്രീകളിലുമായി ലിംഗഛേദനം നടക്കുന്നു എന്ന പൊള്ളുന്ന അറിവിൽ നിന്നാണ് 2015 ൽ അനിത ഗവേഷണം ആരംഭിക്കുന്നത്. സ്ത്രീകൾക്കുമേൽ നടക്കുന്ന ഭീകരമായ അവകാശ ലംഘനം. കർശനമായ നിയമങ്ങൾ ഉണ്ടായിട്ടും പുരുഷന്റെ കേവല ലൈംഗിക സുഖത്തിന് തൃപ്തി നൽകുന്ന രീതിയിൽ പെൺകുഞ്ഞുങ്ങളെ പ്രാകൃതമായി വെട്ടിയൊരുക്കുന്ന പ്രക്രിയ. അതീവ ഗൗരവമുള്ള ഈ പ്രശ്‌നമാണ് അനിതയുടെ ആദ്യനോവൽ പ്രമേയമാക്കിയിരിക്കുന്നത്. 

പ്രാകൃതമായ ആചാരങ്ങൾ നിലനിൽക്കുന്ന ആഫ്രിക്കയിലെ ഒരു ഗോത്രവർഗ്ഗ സമൂഹത്തിൽ എത്തിപ്പെട്ടു എന്നു വിചാരിക്കുക. അസംഖ്യം അസംബന്ധങ്ങൾ നിറഞ്ഞ വിചിത്രമായ സംഭവ പരമ്പരകളുടെ നൂൽപ്പാലത്തിലൂടെ നടക്കുക. അതാണ് ഈ നോവലിന്റെ ഉള്ളടക്കം. വായിക്കുമ്പോൾ മടുപ്പ് തോന്നാം. അറപ്പ് തോന്നാം. എന്നാലും വായിച്ചു മടുക്കരുത് എന്ന് നോവലിസ്റ്റ് പറയുന്നത് വെറുതെയല്ലെന്ന് ഓരോ താളും ഓർമിപ്പിക്കുന്നു. വായിച്ചുമടുത്താലും പോകരുതെന്നുള്ള അപേക്ഷ ആത്മാർഥമാണെന്ന് ബോധ്യപ്പെടുത്തുന്ന വാക്കുകൾ. ഇതൊരു യാത്രയാണെങ്കിൽ, ആ യാത്രയിൽ കൂടെച്ചേരേണ്ടത് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഓരോ വ്യക്തിയുടെയും കടമയാണെന്ന് ഓർമിപ്പിക്കുന്നു പെൺസുന്നത്ത്. നോവൽ എന്ന മാധ്യമത്തിലൂടെ ഇത്ര ശക്തമായ ഒരു ആക്രമണം നയിക്കാമന്നും അതിന്റെ വിശ്വാസ്യത വലുതാണെന്നും കൂടി തെളിയിക്കാനും കഴിഞ്ഞിരിക്കുന്നു. 

പങ്കാളികൾ ആഹ്ലാദത്തോടെ നടത്തിയ ഒരു യാത്രയ്ക്കിടെ അപ്രതീക്ഷിത സംഭവങ്ങളെത്തുടർന്ന് ഒരു ഗോത്രവർഗ വിഭാഗത്തിന്റെ തടവിലാകുന്ന മലയാളി യുവതിയുടെ അനുഭവങ്ങളിലൂടെയാണ് കഥ തുടങ്ങുന്നത്. പേരുകളോ സ്ഥല സൂചനയോ തരാതെയാണ് കഥ മുന്നോട്ട്. എന്നാൽ അതൊന്നും പരിമിതിയായി തോന്നാത്ത രീതിയിൽ ക്രൂരമായ അനുഭവങ്ങളുടെ തീച്ചൂളയിലേക്കാണ് നോവൽ കടക്കുന്നത്. കണ്ട ഓരോ കാഴ്ചയും, കേൾവിയും ഇന്നേവരെ ചിന്തിച്ചിട്ടുപോലുമില്ലാത്ത അനുഭവങ്ങളിലേക്കു നയിക്കുന്നു. ഏതു ദേശമെന്നോ ഏതു ഭാഷയെന്നോ ഉള്ള അങ്കലാപ്പുകൾ പോലുമില്ലാതെ ഒന്നിനു പിറകെ ഒന്നായി എത്തുന്ന സംഭവങ്ങൾ. 

അന്യവും അപരിചിതവുമായ ഒരു ദേശത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അന്ധവിശ്വാസങ്ങളും ഭൂമിശാസ്ത്രവും ഒരിക്കൽപ്പോലും പിഴവുകളില്ലാതെ അനിത നോവലിൽ അവതരിപ്പിക്കുന്നു. നദിയ മുറാദിന്റെ ലാസ്റ്റ് ഗേൾ പോലെ ആത്മാവിഷ്‌ക്കാരത്തിന്റെ തീവ്രഭാഷയിലാണ് നോവൽ എഴുതിയിരിക്കുന്നത്. എന്നാൽ ഒരിക്കൽപ്പോലും ഗവേഷണ പ്രബന്ധത്തിന്റെ വസ്തു സ്ഥിതി കഥനത്തിലേക്കോ വിരസതയിലേക്കോ പോകാതെ കഥയുടെ കേന്ദ്രത്തിൽ വായനക്കാരെ പിടിച്ചുനിർത്താനും കഴിയുന്നു. 

ഒരു മലയാളി യുവതിയുടെ അനുഭവങ്ങൾ മാത്രമല്ല ഈ പുസ്തകത്തിന്റെ കരുത്ത്. അകെയോ ഇവാലുവ എന്ന പെൺകുട്ടി. ജെമി ഫെർണാണ്ടസ് എന്ന ഒളിപ്പോർ വനിത. പ്രണയവും പ്രതികാരവും വിപ്ലവത്തോടുള്ള പ്രതിബദ്ധതയുമാണ് ജെമിയെ വ്യത്യസ്തയാക്കുന്നത്. ഒരിക്കലും മറക്കാനാകാത്ത കഥാപാത്രമാക്കുന്നതും. പോളും സ്റ്റീവും. പ്രിയപ്പെട്ടവർ ഇനിയൊരിക്കലും ഭേദമാകാത്ത മുറിവുകളിലൂടെ കടന്നുപോയി എന്നറിഞ്ഞിട്ടും ഒരിക്കൽപ്പോലും പിന്നോട്ടുപോകാതെ, വിശ്വാസ്യതയുടെ മന്ത്രച്ചരടിൽ സ്‌നേഹം കോർത്തുകെട്ടി കൂടെനിൽക്കുന്ന ജിത്തു എന്ന യുവാവ്.  ഒരേസമയം വൈയക്തികവും എന്നാൽ വസ്തുനിഷ്ഠവുമാണ്. അതിലേറെ, തീവ്രമായ കഥയുടെ ഇഴയടുപ്പമാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്. എത്ര തീക്ഷ്ണമാണെങ്കിലും സാമൂഹിക പ്രശ്‌നങ്ങളെ മുൻനിർത്തി രചിക്കുന്ന നോവലുകൾക്ക് പൊതുവെ സംഭവിക്കാവുന്ന ഒരു ചതിക്കുഴിയിലേക്കു വീഴുന്നില്ല. അടിമുടി ഭാവനയുടെ കരുത്ത് നിറഞ്ഞുനിൽക്കുന്നു. എന്നാൽ അത് യാഥാർഥ്യം എന്ന സൂര്യന്റെ സ്നേഹപ്രഭാവം മഞ്ഞുതുള്ളിയിൽ പ്രതിഫലിക്കുന്നതുപോലെയാണ് അനുഭവപ്പെടുന്നത്. അതിശയിക്കാനില്ല കുറഞ്ഞകാലം കൊണ്ട് നോവൽ രണ്ടാം പതിപ്പിൽ എത്തിയതിൽ.  ഇനിയും കൂടുതലായി മലയാളികൾ ഈ പുസ്തകം വായിക്കുമെന്നുമുറപ്പ്. 

എന്റെ റിസർച് എന്നുകേട്ട് നിങ്ങൾ തെറ്റിധരിച്ച സമയം കൊണ്ടല്ല ഈ നോവൽ എഴുതിയത്. ആരും കൂടെനിന്ന് ഒരുക്കിത്തന്ന ഒന്നുമില്ല ഇതിൽ. അൽപനേരം പോലുമില്ല. സ്വസ്ഥമായി ഇരുന്നു ചെയ്‌തോട്ടെ എന്നു കരുതി നീക്കിവയ്ക്കാൻ ആരുടെയും സമയമോ സന്ദർഭങ്ങളോ ക്ഷമയോ പരിഗണനയോ ഒന്നുമില്ല ഇതിൽ. 

അനിതയുടെ വാക്കുകളും വിശ്വാസപ്രമാണങ്ങളും ലയിച്ചുചേരുന്ന ഈ നോവൽ, തീക്ഷ്ണമായ അനുഭവത്തിന്റെ കടലാഴം എന്നതിനേക്കാൾ മാരകവുമാണ്. ഇതു വായിച്ചു മടുക്കാനുള്ള നോവലല്ല. അറപ്പോ വെറുപ്പോ തോന്നേണ്ടതുമല്ല. ഉറപ്പായും വായിച്ചിരിക്കേണ്ട നമ്മുടെ കാലത്തിന്റെ, നമ്മുടെ തന്നെ കഥയാണ്. മടിക്കാതെ വായിക്കാം. അഭിനന്ദിക്കാം. ഈ ലോകം എത്ര ക്രൂരമാണെന്നും ക്രൂരത ഒഴിവാക്കാനുള്ള കടമ നമ്മളിൽ ഓരോരുത്തരിലും നിക്ഷിപ്തമാണെന്നും കൂടി ഓർമിപ്പിക്കുന്നു പെൺസുന്നത്ത്. 

നീ വെട്ടിമാറ്റിയ ഞാൻ തളിർത്തുവളർന്നിരിക്കുന്നു. ഒരു കടലുപോലെ എന്നിലെ ഞാൻ വളർന്നുവലുതായിരിക്കുന്നു. നീ കപ്പലേറി വന്ന വെറും നിയാകമൻ മാത്രമാണ്. എന്നിൽനിന്നും മുത്തും പവിഴവും പേരറിയാ സസ്യങ്ങളും കോടാനുകോടി മത്സ്യങ്ങളെയും നീ അപഹരിച്ചു. ഇപ്പോൾ തിരയിളക്കം നിന്ന കടലാണു ഞാൻ. നീ കവർന്നെടുത്തതിന്റെ നൂറിരട്ടി ഉള്ളകങ്ങളിൽ ഞാൻ പെറ്റുകൂട്ടുന്നത് ഈ നിശ്ശബ്ദതയിലാണ്. ഇനി ഒരിക്കലും നിന്റെ കപ്പിലിന് വന്നടുക്കാൻ പറ്റാത്ത ദൂരേക്ക് ഈ കടലിനെ എന്റെ കാറ്റ് ഒഴുക്കിക്കൊണ്ടുപോകുകയാണ്. എന്നേക്കുമായി. 

Content Summary: Pen Sunnath book written by Anitha Sreejith 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS