ADVERTISEMENT

ഏലിസൺ കഥ പറഞ്ഞുനിർത്തി. എന്നിട്ട് മകനോട് ചോദിച്ചു

നിനക്ക് എന്തര് പിടികിട്ടി ?

ഒരടി വാക്കി വക്കണോന്ന്. 

ഒരടി മാത്തറമല്ല മോനേ. ഒരെലയും ബാക്കിവെക്കണം. അഭിമാനം വിറ്റുതിന്നരുത്. 

 

അടി അഭിമാനമായി കരുതുന്നവനാണ് ചട്ടമ്പി. കൊടുക്കുന്നതു മാത്രമല്ല വാങ്ങിക്കുന്നതും. അല്ലെങ്കിൽ തന്നെ അടി വാങ്ങിക്കാത്ത ചട്ടമ്പികളുണ്ടോ. വി. ഷിനിലാലിന്റെ 

‘അടി ’ചട്ടമ്പികളുടെ കഥയാണ്. ചട്ടമ്പിത്തരങ്ങൾ ഒന്നുമില്ലെങ്കിലും ജാത്യാ(ദുര)ഭിമാനത്തിന്റെ ഇരയായി അപമാനിക്കപ്പെട്ടപ്പോൾ തിരിച്ചടിച്ച കീഴാളന്റെയും. ചരിത്രം തമസ്‌കരിച്ച ചട്ടമ്പികളുടെ കഥയിലൂടെ ഒരു കാലത്തെ പുനരാനയിക്കുന്നതിനൊപ്പം ആ കാലത്തിനു സ്വന്തമായുണ്ടായിരുന്ന ഭാഷയെയും സംസ്‌കാരത്തെയും സ്വഭാവത്തെയും വൈചിത്ര്യങ്ങളെയും കൂടി അരങ്ങത്തു നിർത്തുന്നു. ഒരർഥത്തിൽ മുഖ്യധാരാ സാഹിത്യത്തിനു പുറത്താണ് അടിയുടെ കിടപ്പ്. അതുതന്നെയാണ് ഒരു നോവൽ എന്ന നിലയിൽ അടിയുടെ പ്രസക്തിയും. 

 

ആഗോളവൽക്കരണത്തിനും മുമ്പാണ് ചട്ടമ്പികൾ നാൽക്കവലകൾ ഭരിച്ചിരുന്നത്. ഗോത്രത്തലവന്റെ സ്ഥാനം കൂടി ലഭിച്ച ചട്ടമ്പിമാരും ഉണ്ടായിരുന്നു. ഭൂരിപക്ഷ ജാതിയിൽ നിന്നു മാത്രമേ പ്രാദേശിക ചട്ടമ്പികൾ ഉയർന്നുവന്നുള്ളൂ. അല്ലാതെ വളരാൻ ശ്രമിച്ച ധിക്കാരങ്ങൾ വീശുവാളിലോ കഠാരിയിലോ അകാലത്തിൽ ഒടുങ്ങി. വാഴ്ത്തപ്പെട്ടവരും ഇകഴ്ത്തപ്പെട്ടവരുമായ നാട്ടുചട്ടമ്പികളും കൂടി സൃഷ്ടിച്ചെടുത്തതാണ് നാടിന്റെ സാംസ്‌കാരിക ചരിത്രം. പല പരിവേഷങ്ങളിൽ നിറഞ്ഞാടിയവർ. അംഗീകൃത ഭ്രാന്തൻ എല്ലാ നാട്ടിലുമുണ്ടെന്നപോലെ, ചട്ടമ്പിയുമുണ്ടായിരുന്നു ഓരോ നാടിനും. സാംസ്‌കാരിക ചരിത്രത്തിൽ കയറിക്കൂടിയവർ വിരലിൽ എണ്ണാവുന്നവർ പോലുമില്ല. ഒരിക്കൽ മാത്രമെങ്ങാനും ആരോ ചിലർ യാഥാർഥ്യങ്ങളും അതിലധികം ഭാവനയും കൂട്ടിക്കുഴച്ച് വാമൊഴിയായി പറഞ്ഞ് തലമുറയ്‌ക്കൊപ്പം നിയോഗം നിറവേറ്റി വിടവാങ്ങിയവർ. അവർ സൃഷ്ടിച്ച നിയമങ്ങളും ധിക്കരിച്ച ചട്ടങ്ങളും. അവർ പോറ്റിയ സ്ത്രീകളും അവരെപ്പോലും വരച്ച വരയിൽ നിർത്തിയ തന്റേടികളായ പെണ്ണുങ്ങളും. അവരിൽ ഒരാളായിരുന്നു കുണുക്കത്തി രായമ്മ. 

 

‘അമ്മേണ അണ്ണാ, നല്ല ഒരു പള്ള് നൂറടീര കൊണ ചെയ്യും’ എന്നാണ് കുണുക്കത്തി രായമ്മയുടെ സുചിന്തിതമായ അഭിപ്രായം. അങ്ങനെ എത്രയോ പേർ.... 

അടിയുടെ മറ്റൊരു അടരിൽ ഇ. ഫിലിപ്‌സ് എന്ന പീലിപ്പോസുണ്ട്. അയാളുടെ ജീവചരിത്രം കൂടിയാണ് ഈ നോവൽ. പൊലീസാവണം എന്ന ആഗ്രഹം ആസക്തിയായി അയാളിൽ നിറച്ചത് അച്ഛൻ ഏലിസണാണ്. കഥകളിലൂടെ. ചട്ടമ്പിമാരുടെ തീരാത്ത വീരശുര പരാക്രമങ്ങളിലൂടെ. എന്നാൽ, എങ്ങനെയോ, ഒരു ചട്ടമ്പിയെ വേട്ടയാടുന്ന ഭീതി അയാളെയും ഏതോ വിധത്തിൽ അടിമയാക്കി എന്നു വേണം വിചാരിക്കാൻ. 

 

എസ്‌ഐ ആയിരുന്ന കാലത്ത് തന്നെ ആരോ പുറംതലയിൽ അടിക്കാൻ കയ്യോങ്ങുന്നതായി അയാൾക്കു തോന്നുമായിരുന്നു. അത് വെറുമൊരു തോന്നലാണോ എന്ന സംശയത്തിൽ ടപേന്ന് വെട്ടിത്തിരിഞ്ഞ് പിന്നലോട്ട് നോക്കും. അതൊരു തോന്നൽ മാത്രമായിരുന്നു. എന്നാൽ തോന്നൽ ആവർത്തിച്ചതുകൊണ്ട് തോന്നലാണോ അത് എന്നറിയാൻ വെട്ടിത്തിരിഞ്ഞുള്ള നോട്ടവും ആവർത്തിച്ചുകൊണ്ടിരുന്നു. അതോടെ പീലിപ്പോസ് എന്ന എസ്‌ഐക്ക് തലവെട്ട് എന്നൊരു പേരും കൂടി വീണു. ഇരട്ടപ്പേരിനും ഇപ്രകാരം സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും മുറതെറ്റാതെ ലഭിച്ചുപോന്നു. എന്നാൽ പിലീപ്പോസിനെ സല്യൂട്ട് അടിക്കാൻ തയാറാകാതിരുന്ന ഒരു എഎസ്‌ഐ ഉണ്ട്. കൃഷ്ണൻ തമ്പി. സല്യൂട്ട് ഒഴിവാക്കാൻ ഒറ്റമാർഗമേയുള്ളൂ. ഒന്നുകിൽ എഎസ്‌ഐ ലീവ് എടുക്കുക. അല്ലെങ്കിൽ എസ്‌ഐ ലീവ് എടുക്കുക. രണ്ടുപേരും ഒരുമിച്ചുണ്ടാകാൻ പാടില്ല. എന്നാൽ, ചട്ടമ്പിക്കഥകൾ കേട്ടുവളർന്ന, ചട്ടമ്പിത്തരം എന്തെന്നു മനസ്സിലാക്കിയ പീലിപ്പോസ്,  കൃഷ്ണൻ തമ്പിയുടെ ദുരഭിമാനം തീർത്തുകൊടുക്കുന്നുണ്ട്. ഒടിയനെ അടിയനാക്കിക്കൊണ്ട്. 

 

തെക്കൻ തിരുവിതാംകൂറിലെ ഒരുകാലത്തെ അങ്ങേയറ്റം പ്രാദേശികമായ ഭാഷയാണ് അടിയുടെ കരുത്ത്. വരേണ്യതയെ വാക്കിലും നോക്കിലും പ്രവൃത്തികളിലും അടിച്ചുവീഴ്ത്തുന്ന വീരസ്യം കൂടിയുണ്ട് അടിയുടെ പ്രത്യേകതയായി പറയാൻ. 

ചട്ടമ്പിമാരുടെ സംഭവബഹുലമായ ജീവിതത്തിലൂടെ, ജാതി വ്യവസ്ഥയുടെ കോലം കെട്ട രൂപങ്ങൾ മുടിയഴിച്ചാടിയ കാലത്തിന്റെ സൂക്ഷ്മമായ ചരിത്രം കുറഞ്ഞ വാക്കുകളിൽ രേഖപ്പെടുത്തുന്നതിലൂടെ, ഷിനിലാൽ, ഇന്നും തുടരുന്ന ജാതി വർണ വ്യവസ്ഥയുടെയും നഗര പരിഷ്‌ക്കാരത്തിന്റെയും ഉന്നത സാംസ്‌കാരിക മൂല്യങ്ങളുടെയും പൊള്ളത്തരം കൂടിയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്. 

 

സംസ്‌കാരത്തെക്കുറിച്ച്, പോയ കാലത്തിന്റെ മൂല്യങ്ങളെക്കുറിച്ച് അഭിമാനിക്കുന്നവർ വാ തോരാതെ പറയുന്നത് കേട്ടിരിക്കുന്നത് പുതിയ ഗുണ്ടാസംഘങ്ങൾ കൂടിയാണ്. ക്വട്ടേഷൻ ഗ്യാങ്ങുകൾ കൂടിയാണ്. ലഹരിയിൽ കുഴഞ്ഞുപോയ അവരുടെ കാലുകളും രക്തം കട്ടപിടിച്ച കൈകളും. 

ചട്ടമ്പി ആയിരിക്കെത്തന്നെ, ചട്ടമ്പിത്തരത്തിന്റെ എല്ലാ വൈകല്യങ്ങളും നിലനിർത്തുമ്പോൾ തന്നെ, എത്ര നിഷ്‌കളങ്കരായിരുന്നു അവർ എന്നതും മറ്റൊരു വെളിപാടാണ്. ചട്ടമ്പികൾ ഒരു കൂട്ടം ആയിരുന്നില്ല. ഒറ്റയ്‌ക്കൊറ്റയ്ക്ക് നിൽക്കാൻ കെൽപുള്ളവരായിരുന്നു. ഒരാൾ വാഴുമ്പോൾ മറ്റൊരാൾക്ക് വാഴാനുള്ള സ്ഥലം പോലും ഇല്ലാതിരുന്ന കാലത്ത് തോറ്റും ജയിച്ചും പിടിച്ചടിക്കിയും നാട് ഭരിച്ച നൻമയുടെ കഥ കൂടിയാണ് അവരുടെ ജീവിതം. ഷിനിലാലിന്റെ അടി എന്ന നോവലും. സർവോപരി ജീവിതത്തിന്റെ മൂലാധാരമായ കഥകളിലാണ് അടിയുടെ പൈതൃകം കുടികൊള്ളുന്നത്. കഥ പറയുകയും കഥ കേൾക്കാൻ ആഗ്രഹിക്കുകയും ചെയ്ത മനസ്സിന്റെ നിഷ്‌കളങ്കതയിൽ. 

 

Content Summary: Adi, book written by V Shinilal

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com