ADVERTISEMENT

തീപ്പെട്ടിക്കൂടു പോലെയുള്ള റെയിൽവേ ക്വാർട്ടേഴ്സുകൾ, അവ ഓരോന്നും പപ്പാതി മുറിച്ചതു പോലെ ഒരു ചുമരിന്റെ അപ്പുറവുമിപ്പുറവുമായി രണ്ടു കുടുംബങ്ങൾ . ഭാഷ കൊണ്ട് പരസ്പരം അന്യത്വം കൈവന്നു പോയവർ . തീവണ്ടിയുടെ അടുക്കി വെച്ച ബോഗികൾക്കുള്ളിൽ ഞെരുങ്ങിക്കൂടി ലക്ഷ്യസ്ഥാനം സ്വപ്നം കണ്ടു കഴിയുന്നവരെപ്പോലെ ഒരേ ദിശയിൽ ഒരേ കാഴ്ചകൾ കാണുന്നവർ .

 

ലക്ഷ്യസ്ഥാനത്തേക്കുള്ള കുതിപ്പിൽ സ്വപ്നം നിറച്ച ഭാണ്ഡത്തേക്കാൾ ഓർമ്മകളുടെ വിഴുപ്പുഭാണ്ഡത്തിന്റെ ഭാരം താങ്ങാനാവാത്ത പാവം മനുഷ്യർ. ആദ്യമിറങ്ങിപ്പോയവർ ഭാഗ്യവാന്മാർ, വിയർപ്പിൽ കുതിർന്ന മനുഷ്യ ശരീരങ്ങളുടെ പുഴുത്ത മണത്തോടൊപ്പം വിസർജ്യങ്ങളുടെ ദുർഗ്ഗന്ധവും ഇവിടെ നിങ്ങളെ കാത്തിരിക്കുന്നുണ്ട് എന്ന ഭീതിയിൽ ഇടയ്ക്കിറങ്ങാനാവാതെ കൈകാലിട്ടടിക്കുന്നവരാണ് ഓരോരുത്തരും .  

 

ആനന്ദം കണ്ടെത്താനുള്ള അന്വേഷണത്തിലാണെല്ലാവരും . അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ എന്ന നോവൽ  സി വി ബാലകൃഷ്ണനും ആളോഹരി ആനന്ദം സാറാ ജോസഫും എഴുതിയിട്ടുണ്ട്. ക്ലേശഭരിതമായ ജീവിതത്തെ ആനന്ദത്തിന്റെ മാർഗ്ഗത്തിലേക്കെത്തിക്കുന്നതിനുള്ള വഴികൾ തേടി ഹതാശരാകുകയും എന്നാൽ അന്വേഷണം നിർത്താതെ തുടരുകയും ചെയ്യുന്ന മനുഷ്യരുടെ ജീവിതം തന്നെയാണ് ഇവയിലെല്ലാം ആഖ്യാനം ചെയ്യപ്പെടുന്നത്. 

 

 ജിസ ജോസിന്റെ ' ആനന്ദ ഭാരം ' എന്ന നോവലിന് ആനന്ദം എന്ന സംജ്ഞ ഏതു രീതിയിലാണ് യോജിക്കുക എന്ന ആശയക്കുഴപ്പം തീർച്ചയായും വായനക്കാരിൽ ഉണ്ടാകാതിരിക്കില്ല. വിധിവശാൽ വന്നു ചേർന്ന ജീവിതം എഴുതി വെച്ച തിരക്കഥ പോലെ അഭിനയിച്ചു തീർക്കുന്നവരാണ് ഓരോരുത്തരും . ഏതെങ്കിലും ഒരു സീനിൽ ഒരൽപമെങ്കിലും മാറ്റം വരുത്തിയിരുന്നെങ്കിൽ ജീവിതം അനായാസേന ജീവിച്ചു തീർക്കേണ്ടവരായിരുന്നു അവർ. പക്ഷേ സ്വയം തീരുമാനമെടുക്കാൻ കഴിയുന്നവരല്ല, അല്ലെങ്കിൽ അതിനായി ഒരിക്കലും ശ്രമിക്കുകയില്ല അവരാരും  തന്നെ എന്ന നിസ്സഹായതാബോധം അവരെ മാത്രമല്ല, വായനക്കാരേയും വേട്ടയാടിക്കൊണ്ടിരിക്കുന്നു.

 

കുടുംബം എന്ന നുകം കഴുത്തിൽ ആഭരണം പോലെ അണിയുകയും കഴുത്തിളക്കാനായില്ലെങ്കിലും തങ്ങൾ ആനന്ദത്തിലാണ് എന്ന് വൃഥാ ഭാവിക്കുകയും ചെയ്യുന്ന സ്ത്രീകൾ ജിസ ജോസിന്റെ മുദ്രിതയിലും കഥാപാത്രങ്ങളാകുന്നു. ആൺകുട്ടിയെ അവന്റെ കഴിവുകൾക്കും പ്രാപ്തിയ്ക്കു മനുസരിച്ച് ഏതറ്റം വരെയും വിദ്യാഭ്യാസം ചെയ്യിക്കുകയും സാമൂഹ്യ സ്ഥാപനങ്ങളിൽ മേധാവിത്വമുള്ള ജോലികളിൽ പ്രതിഷ്ഠിക്കാനും ശ്രമിക്കുന്ന മാതാപിതാക്കൾ പെൺകുട്ടികളുടെ കഴിവുകളെ അദ്ധ്യാപനം, രോഗീപരിചരണം എന്നിവയിൽ തളച്ചിടാൻ ആഗ്രഹിക്കുന്നു. അദ്ധ്യാപികയാകാനും നഴ്സുമാരാ കാനും തയ്യാറെടുക്കുന്ന പെൺകുട്ടികളെ വീട്ടിലും ഇതേ ജോലി തന്നെ കാത്തിരിക്കുന്നു. കുടുംബത്തിന്റെ ഭദ്രത അവളുടെ കൈകളിലാണ്. പഠന കാലയളവിൽ മാത്രം അവളനുഭവിച്ചിരുന്ന ഇത്തിരി സ്വാതന്ത്ര്യം പോലും വിവാഹത്തോടെ ഇല്ലാതാകുന്നു. ആവർത്തന വിരസമായ അടുക്കളപ്പണികളും കുടുംബാംഗങ്ങളുടെ പരിചരണവുമാണ് അവളുടെ ആനന്ദമായി സമൂഹം വകവെച്ചു കൊടുക്കുന്നത്. ഒരിക്കലും ഏറ്റെടുക്കാൻ ആർക്കും താല്പര്യമില്ലാത്ത മഹത്തായ ഈ ആനന്ദ ഭാരമാണ് രത്നമേഖലയെപ്പോലെ ഈ ഭൂമിയിൽ ജനിക്കുന്ന അനേകശതം സ്ത്രീകളേയും കാത്തിരിക്കുന്നത്.

 

ജിസ ജോസിന്റെ മൂന്നാമത്തെ നോവലാണ് ആനന്ദഭാരം. മുദ്രിത , ഡാർക്ക് ഫാന്റസി എന്നീ നോവലുകൾ വായനക്കാർ ഏറ്റെടുത്തവയായിരുന്നു. ഡാർക്ക് ഫാന്റസി ഒരു ക്രൈം ത്രില്ലറാണ്. മുദ്രിതയെന്ന ആദ്യ നോവലും ഒരു അന്വേഷണത്തിന്റെ കഥയായിരുന്നു. സ്ത്രീകൾ മാത്രമുള്ള ഒരു ഗ്രൂപ്പിനായി ഒരു വിനോദയാത്ര ഒറീസ്സയിലേക്ക് പ്ലാൻ ചെയ്ത മുദ്രിത എന്ന സ്ത്രീയെക്കുറിച്ചുള്ള അന്വേഷണം. പരസ്പരം അന്നുവരെ കാണാത്ത പത്തു സ്ത്രീകൾ ചേർന്ന് മുദ്രിതയുടെ പ്ലാനനുസരിച്ചുള്ള യാത്ര നടത്തുന്നു. അവിസ്മരണീയമായ ആ അനുഭവം അവർക്ക്  സമ്മാനിച്ച മുദ്രിത മാത്രം യാത്രയിൽ പങ്കു ചേരാനായി എത്തിയില്ല. പിന്നീട് മുദ്രിതയെ കണ്ടെത്താനായി വനിത എന്ന പോലീസ് ഉദ്യോഗസ്ഥ നടത്തുന്ന അന്വേഷണം വിനോദ യാത്രയിൽ ഒത്തു ചേർന്ന സ്ത്രീ ജീവിതങ്ങളുടെ പൊള്ളിപ്പിടയ്ക്കുന്ന ഭൂതകാല മുറിവുകളുടെ തുറന്നെഴുത്തുകളാണ്.

മുദ്രിതയ്ക്കായുള്ള അന്വേഷണം എങ്ങുമെത്താതെ ഒരു പ്രഹേളികയായി അവശേഷിക്കുന്നുണ്ട്. ഒരു ഡിറ്റക്ടീവ് നോവൽ കൂടാതെ ഡിറ്റക്ടീവ് സ്വഭാവമുള്ള ചില കഥകളും ഈ കഥാകാരി എഴുതിയിട്ടുണ്ട്. ഉള്ളി തൊലി പൊളിക്കുന്നതു പോലെ മുദ്രിതയുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ഒന്നും വിടാതെ താൻ അന്വേഷിച്ചു കണ്ടെത്തും എന്ന് പോലീസുദ്യോഗസ്ഥയായ വനിത അവകാശപ്പെടുന്നുണ്ട്. എന്നാൽ തൊലി പൊളിച്ചു കഴിഞ്ഞാൽ അവശേഷിക്കുന്നത് കണ്ണിലെ നീറ്റൽ മാത്രമാണ് , അവരോരുത്തരും താൻ തന്നെയാണല്ലോ എന്ന ഉത്തമബോദ്ധ്യത്തിലേക്ക് വായനക്കാരെ എത്തിക്കാനുള്ള ആഖ്യാന കൗശലമാണ് ജിസ ജോസിന്റെ മിടുക്ക്. മുദ്രിതയിലെ പത്തു പെണ്ണുങ്ങളും പത്തു കഥകളാണ്. ആ കഥകളെ കൂട്ടിച്ചേർത്തു കൊണ്ട് ആയിരത്തൊന്നു രാവുകളിലെ ഷെഹ്റസാദിനെപ്പോലെ നോവലിസ്റ്റ് നമ്മെ ഉറങ്ങാൻ സമ്മതിക്കാതെ ഉണർത്തിയിരുത്തുന്നു.

 

ജിസ ജോസിന്റെ കഥാപാത്രങ്ങൾ പേരുകളുടെയും അവരുടെ ആന്തരിക സ്വഭാവത്തിന്റെയും പ്രത്യേകത കാരണം  വായനക്കാരുടെ മനസ്സിൽ മാഞ്ഞു പോകാതെ നിലയുറപ്പിക്കുന്നവയാണ്. ആദ്യ നോവലായ മുദ്രിതയിലെ പ്രധാന കഥാപാത്രങ്ങളുടെ പേരുകൾ സർവ രഞ്ജിനി, സഞ്ചാരിണി ദീപ്ത, ഉമാനാരായണി, ബേബി, വെണ്ണിലാ , ഹന്ന , ശാശ്വതി, മരിയ നളിനി, മധു മാലതി, വനിത, അനിരുദ്ധൻ എന്നിങ്ങനെയാണ്. ആനന്ദ ഭാരത്തിലെ പ്രധാന കഥാപാത്രങ്ങൾ രത്നമേഖല, വിപിനൻ , വിനോദിനി, മരതകം, ജ്ഞാനശേഖരം, പരിമളം, വിശാലത , നിത്യസഹായം, മേരി പ്രീത, പൂങ്കൊടി എന്നിങ്ങനെയും .

 

വിപിനം എന്നാൽ കാട് . വിപിനൻ എന്ന പേരിൽ തന്നെ ഒരു കാടത്തം നോവലിസ്റ്റ് ഒളിപ്പിച്ചു വെയ്ക്കുന്നുണ്ട്. കേന്ദ്ര കഥാപാത്രമായ അയാളുടെ ഭാര്യ രത്നമേഖല അയാൾക്കൊരിക്കലും കരഗതമാവാനിടയില്ലാത്ത, അർഹതയില്ലാത്ത ഒരു അമൂല്യ ഖനിയാണെന്ന് നമുക്ക് തോന്നുകയും ചെയ്യും. വിനോദിനിയമ്മയാകട്ടെ ഒരിക്കലും സ്വയം വിനോദിക്കാനോ മറ്റുള്ളവരെ വിനോദിപ്പിക്കാനോ കഴിയാത്ത ഒരു പാഴ് ജന്മമായിത്തീരുന്നു. 

 

കുടുംബ ജീവിതത്തിന്റെ സ്വാസ്ഥ്യത്തെക്കുറിച്ച് ഊറ്റം കൊള്ളുന്ന കൂട്ടു കുടുംബത്തിനുള്ളിൽ നിന്നും, തറവാടിത്ത പ്രഘോഷണങ്ങളിൽ നിന്നും നേരത്തേ കുതറി മാറിയ ആളാണ് അജയൻ . വിനോദിനിയമ്മയുടെ മൂത്ത സഹോദരിയായ വിശാലതയുടെ മകൻ. "  സ്വന്തം സ്വാതന്ത്ര്യത്തിലേക്കുള്ള ടിക്കറ്റ് സ്വയം എടുക്കൂ. മറ്റുള്ളവരുടെ കൈയിലെ ടിക്കറ്റുകളെ ആശ്രയിക്കരുത്. " എന്ന് രത്നമേഖലയെ ഉപദേശിക്കുന്ന അജയൻ മാത്രമാണ് പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങളെ നോക്കിക്കാണുന്ന ഒരാൾ .

 

രോഗികളെയും പ്രായമായവരെയും നോക്കുന്നത് ഒരു ബാദ്ധ്യതയായി കണക്കാക്കേണ്ടതുണ്ടോ എന്ന നീതി വക്താക്കളുടെ ചോദ്യത്തിനും അജയൻ തന്നെ മറുപടി നൽകുന്നുണ്ട്. വിനോദിനിയമ്മയുടെ മരണത്തിനു ശേഷം 'താൻ തന്റെ അനിയത്തിയെ നോക്കിയേനെ ' എന്ന് രത്നമേഖലയെ കുറ്റപ്പെടുത്തുന്ന വിശാലതയെക്കുറിച്ച് ഓർക്കുമ്പോഴാണത് . "മരണം ആളുകളെ കൂടുതൽ സ്വീകാര്യരാക്കുന്നതിലെ വൈരുദ്ധ്യം. മരിച്ചവൾ എഴുന്നേറ്റു വരില്ല, ഒരു തരത്തിലും ബാദ്ധ്യതയാവുകയുമില്ല എന്നുറപ്പുള്ളതു കൊണ്ട് ."

 

നഴ്സിങ് ബിരുദം പാസ്സായ രത്ന മേഖല തന്റെ 23ാം വയസ്സിലാണ് വിപിനന്റെ ഭാര്യയാകുന്നത്. ദരിദ്രമായ ഒരു ചുറ്റുപാടിൽ നിന്ന് ലാസ്റ്റ് ഗ്രേഡുകാരനാണെങ്കിലും സർക്കാർ ജോലിക്കാരന്റെ ഭാര്യയാകാൻ കഴിഞ്ഞതിന്റെ ആശ്വാസം അവൾക്കുണ്ടായിരിക്കണം. നന്നായി കാണുകയോ സംസാരിക്കുകയോ ചെയ്യാത്ത ഒരാളുടെ ഭാര്യയാവുക, ആദ്യരാത്രിയിൽ തന്നെ അയാളുടെ ശാരീരികമായ കടന്നുകയറ്റങ്ങൾക്ക് വിധേയയാവുക  ഇതൊന്നും ഇന്ത്യൻ സ്തീകൾക്ക് പുതുമയുള്ള കാര്യങ്ങളല്ല. എന്നാൽ വിവാഹപ്പിറ്റേന്ന് മുതൽ ശരീരം തളർന്ന അമ്മായിയമ്മയുടെ പരിചരണം ഏറ്റെടുത്ത് ഒരു തടവുകാരിയെപ്പോലെ ജീവിക്കേണ്ടി വന്ന രത്നമേഖലയുടെ മാത്രം കഥയല്ലിത്. മാസങ്ങൾ മാത്രം നീണ്ട ദാമ്പത്യത്തിന്റെ ഓർമ്മയിൽ ബാക്കി പത്രമായ മകനു വേണ്ടി ജീവിച്ച, സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ എന്താണെന്ന് അറിയാനോ മറ്റുള്ളവരെ അറിയിക്കാനോ സാധിക്കാതിരുന്ന വിനോദിനിയമ്മയുടെ , പ്രണയത്തിന്റെ പേരിൽ പതിനാറാം വയസ്സിൽ റെയിൽവേ ജീവനക്കാരനായ മുനിയപ്പനോടൊപ്പം വീടു വിട്ടിറങ്ങുകയും  മദ്യപനായ അയാളുടെ മർദ്ദനം കാലങ്ങളോളം ഏറ്റുവാങ്ങേണ്ടി വന്ന മരതകം എന്ന തമിഴ് നാട്ടുകാരിയുടെ , പത്തൊൻപതാമത്തെ വയസ്സിൽ വിവാഹിതയായതിനു ശേഷം മക്കളില്ലാത്തതിന്റെ പേരിൽ നിരന്തരം അമ്മായിയമ്മയുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വന്ന പരിമളത്തിന്റെ കൂടി കഥയാണിത്. പരിമളത്തിന്റെ ഭർത്താവ് ജ്ഞാനശേഖരൻ ഒരു ഗേ ആയിരുന്നുവെന്നത് നോവലിൽ തുടക്കം മുതൽ ഒളിച്ചു വെച്ച രഹസ്യം ആയിരുന്നു. മുല്ലപ്പൂ മാല കെട്ടുന്ന, വിവിധ തരം കൊണ്ടാട്ടങ്ങൾ വെയിലത്തു വെച്ച് ഉണക്കിയെടുക്കുന്ന മുല്ലപ്പൂവും കൊണ്ടാട്ടവും പോലെ മണക്കുന്ന പരിമളത്തിന്റ ജീവിതം നടുക്കമുണർത്തുന്നതാണ്...

 

പ്രണയം വിവാഹത്തോടെ അവസാനിച്ചുവെന്നും തങ്ങളെ ചേർത്തു നിർത്തിയിരുന്നത് കുട്ടികളായിരുന്നുവെന്നും ബോദ്ധ്യപ്പട്ട് മക്കളുടെ ആകസ്മിക മരണത്തിനു ശേഷം ഭർത്താവിൽ നിന്ന് അകന്ന് ദൂരെ ഒരാശ്രമത്തിൽ അഭയം പ്രാപിച്ചവളായിരുന്നു മേരി പ്രീത. സ്വന്തം താല്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഏക സ്ത്രീ അവർ മാത്രമാണ്. പക്ഷേ ഭർത്താവിന്റെ തിരികെയുള്ള വിളി അവരെന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷേ തങ്ങളുടെ പഴയ വീട്ടിലേക്ക് അവരെ ഒരിക്കലും തിരിച്ചു വിളിക്കാതെ നിത്യസഹായം ജീവിതം തന്നെ ഉപേക്ഷിച്ചു പോയി.

രത്ന മേഖലയെ കണ്ടപ്പോൾ വെള്ളത്തിൽ മുങ്ങിമരിച്ചു പോയ തന്റെ പ്രിയപ്പെട്ട മകളെ ഓർമ്മ വന്നു എന്ന് നിത്യസഹായം മേരി പ്രീതയ്ക്ക് എഴുതുന്നുണ്ട്. കിടപ്പു രോഗികളായ നിരവധി പേർക്ക് സഹായമെത്തിച്ചിരുന്ന  നിത്യസഹായത്തിന് അവരുടെ പരിചരണത്തിനായി നിൽക്കുന്ന പലരിൽ നിന്നും വ്യത്യസ്തയായി രത്ന മേഖലയെ തോന്നാൻ കാരണം പത്തു വർഷമായി കിടപ്പിലായിരുന്ന വിനോദിനിയമ്മയുടെ ഇപ്പോഴും മിനുങ്ങുന്ന തൊലിയും നീണ്ട് ഇടതൂർന്ന കേശഭാരവുമായിരുന്നു. 

 

വിവാഹിതയായതിന്റെ പിറ്റേ ദിവസം വിനോദിനി സ്ട്രോക്ക് വന്ന് കിടപ്പായതിനു ശേഷം രത്നമേഖല ഒരു മദർസിറ്ററായി മാറി. ഗർഭത്തിന്റെ യോ പ്രസവത്തിന്റെയോ കഷ്ടപ്പാടുകളില്ലാതെ അവൾക്കൊരു വലിയ കുട്ടിയെ കിട്ടി. "കിടന്നകിടപ്പിൽ മൂത്രമൊഴിക്കുകയും വിസർജ്ജിക്കുകയും ചെയ്യുന്ന, കൊഞ്ചലോടെ അവ്യക്തമായി ചില വാക്കുകൾ മാത്രം പറയുന്ന മുതിർന്നൊരു കുട്ടി . ഓരോ ദിവസവും അവർ എത്രത്തോളം പുതുമയോടും പ്രസരിപ്പോടും ഇരിക്കുന്നുവോ അത്രയ്ക്ക് തെളിയും വിപിനന്റെ മുഖം .അല്ലെങ്കിൽ അയാൾ മുഖം കറുപ്പിച്ച് അവളെ ഭൽസിക്കും. തരം കിട്ടിയാൽ പ്രത്യേകിച്ച് മദ്യപിക്കുന്ന ദിവസങ്ങളിൽ ചെറിയ തോതിലൊക്കെ അവളെ വേദനിപ്പിക്കുകയും ചെയ്യും. "

 

വല്ലപ്പോഴും ചിട്ടിക്കാശ് അടയ്ക്കാൻ വേണ്ടി മാത്രം പുറത്തേക്ക് പോകുന്ന അവൾ തിരിച്ചു വരരുതെന്ന് കരുതിയാലും വെപ്രാളപ്പെട്ട് തിരിച്ചു വരും. താനൊരു മെരുക്കപ്പട്ട വീട്ടുമൃഗമായി എന്നവൾ കരുതുന്നു.

വിപിനന്റെ സ്വാർത്ഥതയും രത്നമേഖലയ്ക്കു മേലുള്ള ആധിപത്യ മനോഭാവവും എതിർക്കാൻ കഴിവില്ലാത്തവളായി അവൾ മാറാൻ കാരണം അവളുടെ വീട്ടുകാരുടെ ഉപേക്ഷാ മനോഭാവവും കൂടിയാണ്. വിവാഹം കഴിഞ്ഞ് വർഷങ്ങളിത്രയായിട്ടും അവളുടെ വിവരങ്ങൾ അന്വേഷിച്ച് വീട്ടിൽ നിന്നും ആരും എത്തിയില്ല. തികച്ചും അനാഥയായ അവളെ ചവിട്ടി മെതിയ്ക്കാനുള്ള ഒരു കളിപ്പാട്ടമായാണ് വിപിനൻ കണ്ടിരുന്നത്. ഒരൽപം പോലും സ്നേഹം അവളോട് പ്രകടിപ്പിക്കരുതെന്ന് അയാൾ നിശ്ചയിച്ചതിന്റെ കാരണം അങ്ങനെ സ്നേഹത്തിന്റെ സാദ്ധ്യതകളുണ്ടെന്നറിഞ്ഞാൽ അവൾ മറ്റു നനവുകൾ തേടി പോയെങ്കിലോ എന്ന ഭയം കൊണ്ടാണ്. 

 

വിപിനന്റെ മനോഭാവവും പെരുമാറ്റവും നമ്മളിൽ ആശ്ചര്യമുണ്ടാക്കുമെങ്കിലും നനവു തീരെ കിട്ടാതെ വളർന്ന കരിമ്പാറ പോലെ ഉറച്ചു പോയ ഒരു മനസ്സുള്ളയാളിൽ നിന്ന് നമുക്കിതേ പ്രതീക്ഷിക്കാൻ കഴിയൂ. വിപിനൻ അമ്മയുടെ ഉദരത്തിൽ നാമ്പെടുത്തു തുടങ്ങിയപ്പോൾ നാടുവിട്ടു പോയ അച്ഛൻ അവന് നാലു വയസ്സുള്ളപ്പോഴാണ് മറ്റൊരു ഭാര്യയെയും കൂട്ടി വീട്ടിൽ വന്നു കയറുന്നത്. തന്റെ ഇടം നഷ്ടപ്പെട്ടു എന്നറിഞ്ഞ വിനോദിനി വിപിനന്റെ കൈപിടിച്ച് അന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയതാണ്. മരച്ചക്രങ്ങൾ പിടിപ്പിച്ച ഒരു കളിവണ്ടി അന്ന് നഷ്ടമായതിന്റെ ഓർമ്മയാണ് അവന് ആ ദിവസം . അമ്മയുടെ വീട്ടിൽ അവർ അഗതികളായിരുന്നു. ഭക്ഷണം കഴിക്കാനോ കളിക്കാനോ മറ്റു കുട്ടികളാരും അവനെ കൂടെ കൂട്ടിയില്ല. അജയൻ മാത്രമായിരുന്നു അല്പമെങ്കിലും അനുഭാവം അവനോട് പ്രകടിപ്പിച്ചിരുന്നത്. മുഷിഞ്ഞ വസ്ത്രവുമായി അടുക്കളപ്പണിയിൽ നിരന്തരം മുഴുകിയ ആ സ്ത്രീ തന്റെ ചെറിയമ്മയാണെന്ന് അജയൻ അറിയുന്നതു തന്നെ വളരെക്കാലത്തിനു ശേഷമാണ്.

 

വിപിനന് റെയിൽവേയിൽ ജോലി കിട്ടി അവർ ക്വാർട്ടേഴ്സിലേക്ക് താമസം മാറ്റിയ കുറച്ചു വർഷങ്ങൾ മാത്രമാണ് വിനോദിനി ഒരു മനുഷ്യ സ്ത്രീയെപ്പോലെ സ്വന്തം ഇഷ്ടത്തിന് ജീവിച്ചു തുടങ്ങിയത്. എന്നാൽ 27ാം വയസ്സിൽ വിപിനൻ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ തന്റെ സ്ഥാനം രണ്ടാമതായി പോകുമെന്ന ചിന്തയായിരിക്കണം അവർക്ക് പെട്ടെന്ന് സ്ട്രോക്ക് വരാനുണ്ടായ കാരണം. 

 

പത്തു വർഷത്തെ ദുരിത ജീവിതത്തിനിടയിൽ ശമ്പളമില്ലാത്ത ഹോം നഴ്സായി സ്വന്തം ഭാര്യയായ രത്നമേഖലയെ പരിചരിക്കാനായി ഏർപ്പാടാക്കി എന്നല്ലാതെ വിപിനൻ അമ്മയുടെ മരുന്നുകൾക്കായി കാര്യമായ പണമൊന്നും ചെലവാക്കിയിരുന്നില്ല. ആരോഗ്യം ക്ഷയിച്ച് അപസ്മാരബാധിതയായ അവരുടെ മരണം വാസ്തവത്തിൽ രത്നമേഖലയ്ക്ക് ഒരാശ്വാസമാകേണ്ടതാണ്. ' ജ്ഞാന സാഗരത്തേയും വിപിനനേയും പെറ്റ വയറുകൾ അഴന്തു പോട്ടെ ' എന്ന് പരിമളം ശപിക്കുന്നത് നെഞ്ചുരുകിത്തന്നെയാണ്. രത്ന മേഖലയ്ക്ക് കാപ്പി കുടിക്കാൻ വലിയ കൊതിയാണ്. പരിമളമുണ്ടാക്കുന്ന കാപ്പിയുടെ നനുത്ത ഗന്ധം അവളെ കൊതിപ്പിക്കാറുണ്ട്. എന്നാൽ വിപിനൻ ആ ചെറിയ ഇഷ്ടം സാധിക്കാനായി ഒരിക്കലും കാപ്പിപ്പൊടി വാങ്ങി അവൾക്ക് നൽകാറില്ല. സ്വാതന്ത്യം തേടിക്കണ്ടെത്താതെ ഒരിക്കലും തേടി വരികയില്ല എന്ന യാഥാർത്ഥ്യം രത്ന മേഖലയും പരിമളവും ഇടയ്ക്കിരുന്ന് ഊതിക്കുടിക്കാൻ ശ്രമിച്ച് അവസാനം കമഴ്ത്തിക്കളയുന്ന കട്ടൻ ചായ പോലെ നമ്മെ ഓർമ്മിപ്പിക്കുന്നു.

 

തന്റെ വിധിയെ സ്വയം മാറ്റാൻ കഴിയാതെ തളർന്നു വീണവളാണ് വിനോദിനി. തന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് തന്റെ മകനെ ചേർത്തു നിർത്തണമെന്ന് ആഗ്രഹിച്ച് അതിന് സാധിക്കാതെ പോയവൾ . നഴ്സായ രത്നമേഖലയുമായുള്ള വിപിനന്റെ വിവാഹം അവർക്ക് തീരെ ഇഷ്ടമായിരുന്നില്ല. പക്ഷേ തളർന്നു പോയ അവളെ പരിചരിക്കാനായി തന്റെ യൗവനത്തിന്റെ നല്ല നാളുകൾ മുഴുവൻ രത്നമേഖല മാറ്റി വെച്ചു. എന്നെങ്കിലും അവർ എഴുന്നേറ്റു വരുമെന്ന് പ്രതീക്ഷിച്ച് നിരന്തരം എണ്ണയിട്ടുഴിഞ്ഞ് മസ്സാജ് ചെയ്തും സ്നേഹിച്ചും പ്രകോപിപ്പിച്ചും ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. എന്നാൽ രത്നമേഖലയുടെ പ്രയത്നങ്ങളെല്ലാം വെറുതെയായി. വിനോദിനിയമ്മ ഒരിക്കലും എഴുന്നേറ്റില്ല. കാത്തിരുന്ന വിധിയ്ക്ക് കീഴടങ്ങുകയാണ് ചെയ്തത്. മരവിച്ചു പോയ മാറാനിഷ്ടപ്പെടാത്ത നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയേയും മനോഭാവത്തേയുമാണ് തളർന്നു കിടക്കുന്ന വിനോദിനിയമ്മയിൽ ദർശിക്കാനാവുക. അവരെയും അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന സ്വാർത്ഥരായ വിപിനന്മാരേയും ആശ്രയിക്കുന്ന രത്നമേഖലയെപ്പോലുള്ളവർ നഷ്ടദിനങ്ങളെ ഓർത്ത് ദുഃഖിക്കേണ്ടിവരും. പൂക്കാലം കാത്തു കാത്തിരുന്ന് ഒടുവിൽ അതെത്തിയപ്പോൾ ഉറങ്ങിപ്പോയ പൂമ്പാറ്റയാകരുതെന്ന് രത്ന മേഖല തീരുമാനിക്കുന്നിടത്ത് നോവൽ അവസാനിക്കുകയും പുതിയ ഒരു ജീവിതം തുടങ്ങുകയും ചെയ്യുന്നു.

 

Content Summary: Anandabharam book written by Jisa Jose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com