ADVERTISEMENT

ആ മനുഷ്യനെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല, നേരിട്ടുള്ള ബന്ധവുമുണ്ടായിട്ടില്ല, എന്നാൽ അദ്ദേഹത്തിന്റെ തിരോധാനത്തിൽ പൊടുന്നനെ ഞാൻ തിരിച്ചറിയുന്നു. എന്നോട് ഏറ്റവും ചേർന്നുനിന്നിരുന്നത് അയാളാണെന്ന്. 

സുഹൃത്തിനെഴുതിയ കത്തിൽ സമകാലികനെങ്കിലും വിരുദ്ധധ്രുവത്തിലായിരുന്ന ദസ്തയേവ്‌സ്‌കിയെക്കുറിച്ച് ഇങ്ങനെ എഴുതിയത് ടോൾസ്‌റ്റോയ് ആണ്. വിയോഗവ്യഥയിൽ വിളിച്ചുപറഞ്ഞ സത്യം മാത്രമല്ലായിരുന്നു അത്. സമകാലികരല്ലാത്ത വേറെ എത്രയോ പേർ സമാന ചിന്ത പങ്കുവച്ചിട്ടുണ്ട്. പല കാലത്ത്. പല ദേശത്ത്. ഇന്നും പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന്റെ കൃതികളും അവയെക്കുറിച്ചുള്ള കൃതികളും വായിക്കുന്നു. സിനിമകളും ഡോക്യുമെന്ററികളും ആസ്വദിക്കുന്നു. നോവലുകളും കഥകളും വരെ ആ ജീവിതത്തിൽ നിന്ന് സൃഷ്ടിക്കുന്നു. ജീവിച്ച്, എഴുതി, മരിച്ചുപോയ എഴുത്തുകാരുടെ ഗണത്തിലല്ല ദസ്തയേവസ്‌കി. മരണമില്ലാതെ ജീവിക്കുന്നവരുടെ അപൂർവ ഗണത്തിലാണ്. വ്യക്തിയിൽ നിന്ന് ഇതിഹാസത്തിന്റെ തലത്തിലേക്ക് ഉയർന്ന അപൂർവ വ്യക്തിത്വം തന്നെയാണ് മലയാളികൾക്കും അദ്ദേഹം. 

മലയാളിയായ ഏത് എഴുത്തുകാരനേക്കാളും ഈ ദേശക്കാർക്ക് ദസ്തയേവ്‌സ്‌കിയെ അറിയാം. എൻ.കെ.ദാമോദരനെപ്പോലുള്ളവർ സമ്മാനിച്ച മലയാള പരിഭാഷകളിലൂടെ. ഇംഗ്ലിഷിലും മലയാളത്തിലും വായിച്ചവരുമുണ്ട്. പഠിച്ചവരുണ്ട്. പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ ഒരു പടി കൂടി കടന്ന് ദസ്തയേവ്സ്‌കിയെ മലയാള നോവലിലെ നായകനുമാക്കി. അദ്ദേഹത്തിന്റെ ജീവിതവും കൃതികളെക്കുറിച്ചുള്ള പഠനവും മുമ്പുമുണ്ടായിട്ടുമുണ്ട്. ലേഖനങ്ങളായും പുസ്തകങ്ങളായുമൊക്കെ. എന്നാൽ, നല്ല വായനക്കാർക്ക് ഒരിക്കലും മടുക്കാത്ത ആ എഴുത്തുകാരൻ ഒരിക്കൽക്കൂടി പ്രധാന കഥാപാത്രമാവുകയാണ്, ഭൂതാവിഷ്ടന്റെ ഛായാപടം എന്ന നിരൂപണ കൃതിയിലൂടെ. സ്വർഗവും നരകവും ഒരുമിച്ചുപേറിയ എഴുത്തുകാരന്റെ കൃതികളിലൂടെ അദ്ദേഹത്തിലേക്ക് പുതിയൊരു വഴി തുറക്കുകയാണ് പി.കെ. രാജശേഖരൻ. ഇരട്ട, കുറ്റവും ശിക്ഷയും കാരമസൊവ് സഹോദരൻമാർ എന്നീ കൃതികളെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിലൂടെ. 

 

ഇന്നത്തേതിൽ നിന്നു തീർത്തും വ്യത്യസ്തമായ, അപരിചിതമായ ഭൂമികയാണ് ദസ്തയേവസ്‌കിയുടെ എഴുത്തിന്റെ പശ്ചാത്തലം. അന്നത്തേതിൽ നിന്ന് ലോകം എത്രയോ മാറിയിരിക്കുന്നു. എന്നാൽ മനസ്സ് എന്ന ഖനിയിലാണ് അദ്ദേഹം വാക്കുകളുമായി പണിയെടുത്തത്. രണ്ടും മൂന്നും ഭാഷകൾ കടന്നിട്ടും ആ കൃതികൾ ആസ്വദിക്കപ്പെട്ടതും അതുകൊണ്ടുതന്നെ. മനഃശാസ്ത്രജ്ഞൻ എന്ന വിശേഷണം ജീവിച്ചിരുന്ന കാലത്തുതന്നെ അദ്ദേഹം കേട്ടു. അതദ്ദേഹം തള്ളിക്കളയുകയും ചെയ്തു. കണ്ട കാര്യങ്ങൾ വിളിച്ചുപറയുകയാണ് താൻ ചെയ്തതെന്നും  പറഞ്ഞു. എന്നാൽ ആ നോട്ടം വ്യത്യസ്തമായിരുന്നു. മനസ്സിലേക്കാണ് നോക്കിയത്. കത്തുന്ന കണ്ണുകൾ കൊണ്ടല്ല. കരുണയൂറുന്ന മിഴികൾ കൊണ്ട്. അങ്ങനെയൊരാൾക്കു മാത്രമേ റാസ്‌കൾനിക്കോവിനെപ്പോലെയൊരു കഥാപാത്രത്തെ സൃഷ്ടിക്കാനാവൂ. സോന്യയെപ്പോലെയും. 

എത്രയാവർത്തി വായിച്ചാലും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങൾ ഉണ്ട് കുറ്റവും ശിക്ഷയും എന്ന നോവലിൽ. 20-ാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ നോവൽ എന്ന സിഗ്മണ്ട് ഫ്രോയിഡ് വിശേഷിപ്പിച്ച കാരമസൊവ് സഹോദരൻമാരിൽ. അത്രയൊന്നും പ്രശസ്തമല്ലാത്ത നോവലുകളിൽപ്പോലും. വ്യത്യസ്തമായ വഴികളിലൂടെ പി.കെ.രാജശേഖരൻ കുറ്റവും ശിക്ഷയും എന്ന നോവലിന്റെ ആത്മാവിലേക്കും ദസ്തയേവ്‌സ്‌കിയിലേക്കും എത്തുകയാണ് എന്ന് അവകാശപ്പെടാനാവില്ല. നിരൂപകരുടെ സ്ഥിരം വഴികളിലൂടെതന്നെയാണ് അദ്ദേഹം യാത്ര ചെയ്യുന്നത്. എന്നാൽ, എഴുത്തുകാരനെക്കുറിച്ചും കൃതികളെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കിയതിനാൽ 

ആധികാരികമായി വിഷയം അവതരിപ്പിക്കാനും അനായാസമായി നോവൽ നിരൂപണം ചെയ്യാനും കഴിയുന്നുണ്ട്. 

നിരൂപണം അന്നുമിന്നും ന്യൂനപക്ഷത്തിന്റേതു മാത്രമാണ്. ആവശ്യക്കാരായ വിദ്യാർഥികളുടേതും. അതിനു പ്രധാനപങ്കുവഹിച്ചത് സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകാത്ത ഭാഷ തന്നെയാണ്. സാധാരണ സംസാരത്തിലും എഴുത്തിലും ഉപയോഗിക്കാത്ത വാക്കുകൾ ആവർത്തിക്കുകയും വാചകങ്ങൾ നീണ്ടുപോകുകയും ചെയ്തതോടെ വായനക്കാർ നിരൂപണത്തിൽ നിന്നകന്ന് കൃതികളിലേക്കു തന്നെ തിരിച്ചുപോയി. ഇന്നും ഈ സ്ഥിതിക്ക് വലിയ മാറ്റമൊന്നുമില്ല. കെ.പി. അപ്പൻ 

പാരമ്പര്യ വഴികളിൽ നിന്നു മാറിയും അടിമുടി പുതിയൊരു ഭാഷ സൃഷ്ടിച്ചും നിരൂപണത്തെ സർഗാത്മകമാക്കിയത് വിസ്മരിക്കുന്നില്ല. ഇന്നും നിരൂപക നക്ഷത്രങ്ങളിലെ ഏകാന്ത തരകമായി അദ്ദേഹം തുടരുന്നു. ലളിതമായ ഭാഷയിൽ എഴുതി വിശ്വസാഹിത്യത്തിലേക്ക് വഴി തെളിച്ച എം.കൃഷ്ണൻ നായരും ഒറ്റപ്പെട്ട സാന്നിധ്യമായിരുന്നു. 

മികച്ച സാഹിത്യത്തിലേക്കുള്ള വഴികാട്ടി എന്ന നിലയിൽ ഇന്നും അദ്ദേഹത്തെ പിന്നിലാക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടുമില്ല. 

ഭൂതാവിഷ്ടന്റെ ഛായാപടം ആധികാരികതയും സമഗ്രതയും അവകാശപ്പെടുമ്പോൾ തന്നെ ഭാഷയിൽ പൊളിച്ചെഴുത്തിന് തയാറാകുന്നില്ല എന്ന പരിമിതിയുണ്ട്. സന്ദിഗ്ധതയും ഭ്രമാത്മകത്വവും സൂചകവും സൂചിതവും ചിഹ്നങ്ങളുമൊക്കെ നിരൂപണ ക്ലാസ്സുകളിലെ പരിചിത പദാവലികളാണെങ്കിലും വായനക്കാരെ അകറ്റും. കാലത്തിനും ദേശത്തിനും യോജിച്ച വാക്കുകൾ കൊണ്ടും സ്വാഭാവികമായി ഒഴുക്കുള്ള ഭാഷ കൊണ്ടും എല്ലാറ്റിലുമുപരി ആത്മാർഥത കൊണ്ടും മാത്രമേ ഏതു കൃതിക്കും പിടിച്ചുനിൽക്കാൻ കഴിയൂ. ദസ്തയേവ്‌സ്‌കി ഇന്നും വായനക്കാർക്കു പ്രിയപ്പെട്ട എഴുത്തുകാരനായി തുടരുന്നതും അതുകൊണ്ടുതന്നെയാണ്. ഒരു പുതിയ കഥയുടെ തുടക്കമാണ് അദ്ദേഹത്തിന്റെ കൃതികളെല്ലാം. ഒരു മനുഷ്യന്റെ സാവകാശത്തിലുള്ള ഉയിർത്തെഴുന്നേൽപിന്റെ കഥ. കുറ്റവും ശിക്ഷയും ഓരോ നിമിഷവും ആവർത്തിക്കുന്ന ജീവിതത്തിൽ ആരാണ് ഉയിർത്തെഴുന്നേൽപിന് കൊതിക്കാത്തത്. 

സോന്യ പറയുന്നു:

നിങ്ങൾ പങ്കിലമാക്കിയ ഭൂമിയെ സാഷ്ടാംഗം പ്രണമിക്കുക. പിന്നെ സർവലോകത്തെയും പ്രണമിച്ച് ഉറക്കെ വിളിച്ചുപറയുക തെറ്റ് ചെയ്തുവെന്ന്. 

ഏറ്റുപറച്ചിലിന്റെ കണ്ണുനീരാണ് പുതിയ കാലത്ത് ലോകം തേടുന്നത്. സ്‌നേഹത്തിന്റെ നനവ് നഷ്ടപ്പെട്ട ലോകത്തിന്റെ  അവസാനത്തെ പ്രതീക്ഷ കൂടിയാണത്. ഉയിർത്തെഴുന്നേൽപിന്റെ പൂക്കളും ആ മണ്ണിൽ നിന്നാണ് വിടരേണ്ടത്. ദസ്തയേവ്‌സ്‌കിയെക്കുറിച്ചുള്ള ചിന്തകൾ പുതുപ്പിറവിക്ക് കാരണമാകുന്നുമെങ്കിൽ അതിലും നല്ലതായി മറ്റൊന്നും സംഭവിക്കാനില്ല. 

ഛായയല്ല, കണ്ണുനീരിന്റെ തെളിനീരിൽ തെളിയുന്ന ഏറ്റവും വ്യക്തമായ ചിത്രമാണ് ദസ്തയേവ്സ്കിയുടേത്. അദ്ദേഹത്തിന്റെ കൃതികളിൽ അഭയം തേടുന്ന മനുഷ്യരാശിയുടേതും. 

 

Content Summary: Dostoevsky Bhoothavishtante Chayapadam by P K Rajasekharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com