ഓർമകളുടെ തത്ത പറയുന്ന കഥകൾ
റീഡേഴ്സ് ബുക്സ്
വില : വില: 150 രൂപ രൂപ
Mail This Article
ജീവിതത്തിന്റെ അടരുകളിൽനിന്ന് മുള പൊട്ടി വിരിയുന്ന ചില കഥകൾക്ക് മണ്ണിന്റെയും വിയർപ്പിന്റെയും കണ്ണീരിന്റെയും മണമുണ്ടാകും, തീവ്രമായ സത്യസന്ധതയുടെ വെളിച്ചവും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ അഞ്ചുകഥകളുടെ സമാഹാരമായ ‘തത്ത വരാതിരിക്കില്ല’ അത്തരത്തിൽ ജീവിതത്തിന്റെ പ്രകാശമുള്ള കഥകളാണ് പറയുന്നത്.
സ്മരണകളുടെ മഴവില്ലുകൾ കൗതുകത്തോടെ നെഞ്ചോടടുക്കിപ്പിടിക്കുന്ന ഒരു കുട്ടിയുണ്ടാവും ഏതു മനുഷ്യന്റെയുമുള്ളിൽ. ആ മഴവില്ലിന്റെ നിറഭേദങ്ങളോരോന്നും അവന് പോയ കാലത്തിന്റെ, പ്രിയപ്പെട്ടയാളുടെ, മധുരനിമിഷങ്ങളുടെ, ചില മുള്ളുകോറലുകളുടെയൊക്കെ ഓർമകളാണ്. അബോധത്തിലെ അത്തരം മഴവിൽനിമിഷങ്ങളിലേക്കു സഞ്ചരിക്കുന്ന കഥയാണ് ‘തത്ത വരാതിരിക്കില്ല.’ ഈ സമാഹാരത്തിന്റെ ആമുഖത്തിൽ ടി. പത്മനാഭൻ അതിനെ വിശേഷിപ്പിക്കുന്നത് ഹൃദയസ്പർശിയായ ഒരു ഫാന്റസി എന്നാണ്.
കടലിനു മേൽ വിരിഞ്ഞ മഴവില്ലിൽനിന്ന് ഒരു കഷണം അടർന്ന് ഒരു പഞ്ചവർണത്തത്തയായി പറന്നുവന്ന് കഥപറച്ചിൽകാരന്റെ വീട്ടിലെത്തുന്നു. അയാളുടെ അശാന്തിയെയും അസ്വസ്ഥ സ്വപ്നങ്ങളെയും ആ തത്ത ഒരു കൊക്കുരുമ്മലിൽ അകറ്റിക്കളയുന്നുണ്ട്. ഒരു സ്വപ്നത്തിൽ ആ തത്ത തന്റെ മുത്തശ്ശിയാകുന്നതും മുത്തശ്ശി തന്നെ തൊട്ടുവിളിക്കുന്നതും അയാളറിയുന്നു. ബാല്യത്തിന്റെ മനോഹരനിമിഷങ്ങളിലേക്കാണ് ആ സ്വപ്നവും തത്തയും അയാളെ എത്തിക്കുന്നത്. ജീവിതത്തിന്റെ വേവുകളാറ്റുന്ന ഓർമകളുടെ ആ തത്തയുടെ വരവിന് അയാൾ പിന്നെയും കാത്തിരിക്കുകയാണ്.
ഈ സമാഹാരത്തിലെ ഏറ്റവും ഹൃദയസ്പർശിയായ കഥയാണ് ‘സന്ധ്യ’. ജീവിതത്തിന്റെ സായംസന്ധ്യയിൽ തനിച്ചായിപ്പോയ കല്യാണിയുടെ കഥയാണത്. ഈ സമാഹാരത്തിലെ കഥകളിലെല്ലാം സാന്നിധ്യമാകുന്ന ഏകാന്തത ഏറ്റവും മൂർച്ചയോടെ പ്രത്യക്ഷപ്പെടുന്നത് ‘സന്ധ്യ’യിലാണ്. വാർധക്യത്തിൽ തനിച്ചാവുന്നവരുടെ കഥ പുതുമയല്ലെങ്കിലും കല്യാണിക്ക് തന്റെ വീടും ചുറ്റുപാടുകളുമായുള്ള ജൈവബന്ധവും അതു മുറിച്ചുമാറ്റപ്പെടുമ്പോഴുണ്ടാകുന്ന നീറ്റലും വായനക്കാരെ സ്പർശിക്കും. ദയാരഹിതമായ കാലത്ത് അത്തരം ജൈവബന്ധങ്ങളുടെ കണ്ണികളറ്റുപോകുന്നതിന്റെ വേദന പങ്കിടുന്ന കഥയാണിത്. ‘മീൻ എത്തുമ്പോൾ’ എന്ന കഥയും ഇതിനോടു ചേർത്തു വായിക്കാം. മണ്ണും ആകാശവും കാണാതെ വളരുന്ന പുതിയ തലമുറയെപ്പറ്റിയുള്ള ആശങ്ക ഈ കഥയിലുമുണ്ട്. എപ്പോഴും മൊബൈൽ സ്ക്രീനിൽ കണ്ണുനട്ടിരിക്കുന്ന ചെറുമകനെ പുതിയൊരു ജീവിതക്കാഴ്ചയിലേക്കു നയിക്കുകയാണ് ഈ കഥയിലെ ആഖ്യാതാവായ മുത്തച്ഛൻ.
കഥാകാരന്റെ ബാല്യാനുഭവത്തിന്റെ ഓർമയാണ് ‘ആത്മഛായ’ എന്ന കഥ. ‘സ്ത്രൈണ’മാകട്ടെ, ജീവിതത്തിന്റെ അരികുകളിലേക്കു മാറ്റപ്പെടുന്ന സ്ത്രീകളുടെ ജീവിതത്തെപ്പറ്റിയാണ് പറയുന്നത്. ആദിവാസിജീവിതമാണ് കഥാഭൂമികയെങ്കിലും അതിന്റെ പ്രമേയം അതിനു പുറത്തേക്കു വളർന്ന് സമകാല ഇന്ത്യൻ സ്ത്രീ ജീവിതത്തിന്റെ വേദനകളെക്കൂടി സ്പർശിക്കുന്നു.
ജീവിതത്തിലെ ലളിതവും സങ്കീർണവുമായ ചില നിമിഷങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട് ‘തത്ത വരാതിരിക്കില്ല’ എന്ന കഥാസമാഹാരത്തിലെ കഥകൾ. അപ്പോഴും അവയുടെ ഭാഷ ഋജുവും ലളിതവുമാണ്. കഥാപാത്രങ്ങളുടെ മാനസികസഞ്ചാരങ്ങളെയും കഥയുടെ ഭൂമിശാസ്ത്രത്തെയും കയ്യടക്കത്തോടെ എഴുത്തുകാരൻ വരഞ്ഞിടുന്നു. രാഷ്ട്രീയ ജീവിതത്തിന്റെയും ഔദ്യോഗിക കൃത്യങ്ങളുടെയും തിരക്കുകൾക്കിടയിലും ചുറ്റുമുള്ള ജീവിതങ്ങളെ കാണാനും പഠിക്കാനുമുള്ള എഴുത്തുകാരന്റെ താൽപര്യത്തിന്റെ ഫലമാണ് ഈ കഥകൾ. പി.എസ്. ശ്രീധരൻ പിള്ളയുടെ 150 ാം പുസ്തകം എന്ന പ്രത്യേകതയും ‘തത്ത വരാതിരിക്കില്ല’ എന്ന കഥാസമാഹാരത്തിനുണ്ട്.
English Summary: P.S Sreedharan Pillai's Thatha Varathirikilla-review