മാതൃഭൂമി ബുക്സ്
വില 210 രൂപ
കീവ് നഗരം കീഴടക്കിയ ജർമൻ പട്ടാള ടീം ബേക്കറിയിൽ ജോലി ചെയ്യുന്ന പട്ടിണിക്കോലങ്ങളായ പഴയ ഡൈനാമോ കീവ് താരങ്ങളുടെ ടീമിനെതിരെ മത്സരം സംഘടിപ്പിച്ചു. നാട്ടുകാരുടെ മുമ്പിൽ ആര്യൻ മേധാവിത്വത്തിന്റെ അഹങ്കാരം പ്രകടമാക്കണം. പട്ടാളം നഗരത്തിലെങ്ങും പോസ്റ്റർ പതിപ്പിച്ചു. ജർമൻ സൈനിക ടീമും ഡൈനാമോ കീവിന്റെയും ലോക്കോമോട്ടീവ് ക്ലബിന്റെയും കളിക്കാരുൾപ്പെട്ട കീവ് സിറ്റി സ്റ്റാർട്ട് ടീമും തമ്മിൽ കളി. മുൻനിര സീറ്റുകളിൽ പട്ടാള ജനറൽമാർ നിരന്നു. പിന്നിൽ ജർമൻ പട്ടാളവും. പൊട്ടിപ്പൊളിഞ്ഞ ഗ്യാലറിയിൽ ഏറ്റവും പിന്നിലായി കീറവസ്ത്രങ്ങളുമായി പട്ടിണിപ്പേക്കോലങ്ങളായ കീവിലെ ജനങ്ങൾ കളി കാണാനെത്തി.
കീവ് കളിക്കാർ ഇടയ്ക്കിടെ ചവിട്ടിവീഴ്ത്തപ്പെട്ടപ്പോൾ റഫറി മുഖം തിരിച്ചു. നീണ്ട കാലത്തെ പട്ടിണിയും പീഡനവും അവരുടെ കളിയിൽ പ്രകടമായിരുന്നു. എന്നാൽ ജർമനിയുടെ ആദ്യഗോൾ വീണപ്പോൾ അവരുടെ അഭിമാനം വ്രണപ്പെട്ടു. കടുത്ത വേദനയിലും അവർ കളിതന്ത്രങ്ങൾ ഓർത്തെടുത്തു. നേരേ നിൽക്കാൻപോലും ശേഷിയില്ലാതിരുന്ന കൊറോടിക് മിന്നൽവേഗത്തിൽ മധ്യനിരയിൽ നിന്നോടിക്കയറി ജർമൻ ഡിഫൻഡർമാരെ ഓട്ടത്തിൽ തോൽപിച്ച് ഗോൾ മടക്കി. സ്‌കോർ 1-1.
പകുതി സമയത്ത് ജർമൻ പട്ടാള ജനറൽ കീവ് കളിക്കാരുടെ മുറിയിലെത്തി ഭീഷണിപ്പെടുത്തി:ജർമൻ ടീം ജയിക്കാനാണു കളിക്കുന്നത്. നിങ്ങൾ തോൽക്കണം.എന്നാൽ രണ്ടാം പകുതി തുടങ്ങിയപ്പോൾ തന്നെ കീവ് ടീം മുന്നിലെത്തി. റഫറി കളി നിർത്തി. റിട്ടേൺ മാച്ചിനു മുമ്പും ജർമൻ കമാൻഡർ കീവ് കളിക്കാരെ ഭീഷണിപ്പെടുത്തി:നിങ്ങൾ തോൽക്കണം. വീണ്ടും കളി. കീവ് ടീം നാലു ഗോൾ അടിച്ചപ്പോൾ ജർമൻ കമാൻഡർ കളം വിട്ടു. കളിക്കാരായ കൊറോടിക്കിനെയും ട്രൂ സെവിച്ചിനെയും ബലാക്കിനെയുമെല്ലാം ജോലിസ്ഥലത്തു കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നു. ഒരിക്കലും തോറ്റിട്ടില്ലാത്ത ഫ്‌ളാക്കെൽഫ് ടീമുമായി പട്ടാളം വീണ്ടും വന്നു. കീവ് ടീമിന് പിന്തുണ കിട്ടാതിരിക്കാൻ കാണികളെ കുറച്ചു.എന്നാൽ പട്ടാള ടീം 5-1 ന് തോറ്റു. ജർമനിയുടെ അപരാജിത ടീം തോറ്റ വാർത്ത പിറ്റേന്നിറങ്ങിയ ഒരു പത്രവും കൊടുത്തില്ല. അവസാനം രൂക് ടീമുമായുള്ള മത്സരം വന്നു. മൈതാനത്തിറങ്ങും മുമ്പ് കളിക്കാർ പരസ്പരം പറഞ്ഞു:നമുക്ക് കളിക്കാം. കളി തുടങ്ങും മുമ്പ് കീവ് കളിക്കാർ കെട്ടിപ്പിടിച്ചു. ഇനി തമ്മിൽ കാണുക എന്നൊന്ന് ഉണ്ടാവില്ലെന്ന തിരിച്ചറിവോടെ. മൈതാനത്തേക്കു നടക്കുമ്പോൾ കൊറോടിക് അടുത്തുനിന്ന ബലാകിനോടു പറഞ്ഞു:ഇതവസാനത്തെ കളിയായിരിക്കും.
കീവ് ടീം ലീഡ് നേടിയ ഇടവേളയിൽ പുറത്ത് രണ്ടു പട്ടാളവണ്ടികൾ വന്നുനിന്നു. 8-0 ന് കീവ് ടീം ജയിക്കുമ്പോൾ കാണികൾ വാവിട്ടു കരഞ്ഞു. കളിക്കാർ കാണികൾക്കു നേരെ കൈ വീശി. കാത്തുകിടന്ന പട്ടാളവണ്ടികളിലേക്കു കയറി. ചില കളിക്കാരെ വെടിവച്ചു കൊന്നു. ക്രൂരപീഡനത്തിനൊടുവിൽ നട്ടെല്ല് തകർന്ന കൊറോടിക് മരിച്ചത് ലേബർ ക്യാംപിൽ.
മരണം കൊണ്ട് അമരൻമാരായ കളിക്കാർ. ഓരോ തവണ മൈതാനത്തെ പച്ചപ്പുല്ല് വിയർപ്പ് വീണു നനയുമ്പോഴും കീവ് കളിക്കാർ ഓർമിക്കപ്പെടുന്നു. നിറതോക്കിനു മുന്നിലും ആവേശം കൈവിടാതിരുന്ന, ഫുട്‌ബോളിനോട് നീതി കാണിച്ച വിശ്വാസവും. മരിക്കുന്നെങ്കിൽ മരിക്കട്ടെ. കളിക്കുന്നതു ജയിക്കാനാണ്. ജയിക്കാൻ മാത്രം.
ഫുട്‌ബോൾ വെറും കളിയില്ല. അതു മൈതാനത്തു മാത്രവുമല്ല നടക്കുന്നത്. ഹൃദയങ്ങളിലാണ്. ബന്ധങ്ങളിലാണ്. പ്രണയത്തിലും നന്ദികേടിലും പാപങ്ങളിലും ഉയിർത്തെഴുന്നേൽപിലുമാണ്. ഫുട്‌ബോളിന്റെ ചാരുതയും ആവേശവും നിറഞ്ഞ നിമിഷങ്ങളെ വാക്കുകളിൽ ആവാഹിക്കുന്ന നോവലാണ് ഷൂട്ടൗട്ട്. മലയാളത്തിലെ ആദ്യത്തെ സ്‌പോർട്‌സ് ത്രില്ലർ.
നാട്ടിൻപുറത്തെ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ നടക്കുന്ന ലോക്കൽ കളി മുതൽ സംസ്ഥാന, ദേശീയ മത്സരങ്ങളും, രാജ്യാന്തര മത്സരങ്ങളും നിറയുന്ന, അണിയറക്കഥകൾ മുന്നണിയിലേക്കു വരുന്ന അപൂർവ നോവൽ. എന്നാൽ ഈ കൃതിയെ ഏറ്റവും വ്യത്യസ്തമാക്കുന്നത് കഥയേക്കാൾ ഭാഷയാണ്. ഫുട്‌ബോൾ എന്ന കളിയുടെ എല്ലാ ആവേശവും വാക്കുകളിൽ നിറയ്ക്കാൻ കഴിയുന്നു എന്നിടത്താണ് രമേശൻ മുല്ലശ്ശേരി വിജയിക്കുന്നത്. ഇംഗ്ലിഷിൽ നേരത്തേതന്നെ വായിച്ചിട്ടുണ്ട് ഫുട്‌ബോൾ നിറഞ്ഞുനിൽക്കുന്ന ഭാഷ. എന്നാൽ മലയാളത്തിൽ ഇങ്ങനെയൊരു ശൈലി ഇതാദ്യമാണ്. ഓരോ വാക്കിലും വരിയിലും കാൽപന്തിനെ മുന്നോട്ടു നീക്കുന്ന അസാധാരണ പാടവം. ഓരോ കളിയിലെയും വിജയം ഒത്തിരി കണക്കുകൂട്ടലുകൾ കൂടിയാണ്. കളിക്കാർക്കും കോച്ചിനും കാണികൾക്കും മാത്രമല്ല, ടീമുകൾക്കു വേണ്ടി കാശെറിയുന്ന മാനേജ്‌മെന്റിനും. ഒരു നീക്കം പിഴച്ചാൽ നഷ്ടപ്പെടുന്നത് കോടികളായിരിക്കും. ഒരു ഗോൾ നേടുമ്പോൾ അക്കൗണ്ടിലെത്താം കോടികൾ. ഓരോ നിമിഷവും വിലപ്പെട്ടതാണ്. കോച്ചിനു പുറമേ, കളി ആസൂത്രണം ചെയ്തും കളിക്കാരുടെ നീക്കം നിയന്ത്രിച്ചും പുറത്തു ബുക്കികളുണ്ട്. അവരുടെ പന്തയങ്ങളുണ്ട്. ആ നീക്കങ്ങളുടെ ലാഭവും നഷ്ടവുമുണ്ട്.
കാൽപന്തുകളിയുടെ പശ്ചാത്തലത്തിൽ ജീവിതത്തെ അവതരിപ്പിക്കുന്നതല്ല ഷൂട്ടൗട്ട് എന്ന നോവൽ. കളിയും കാര്യവും ഇവിടെ കൂടിക്കുഴയുന്നു. ഇന്നലെകളിലെ ആവേശകരമായ മത്സരങ്ങൾ പുനർജനിക്കുന്നു. വാഴ്ത്തപ്പെട്ടവരും ശപിക്കപ്പെട്ടവരും നിറഞ്ഞാടുന്നു. പ്രതീക്ഷകൾ കാറ്റുപോയ ഫുട്‌ബോൾ പന്തുപോലെ ആർക്കും വേണ്ടാതാവുന്നു. ഏറ്റവും ശുദ്ധമായ കലാരൂപം എന്ന അവസ്ഥയിൽ നിന്ന് എന്റർടെയിൻമെന്റ് വ്യവസായമായി കളി മാറ്റപ്പെട്ടു. അഞ്ചു ദിന ടെസ്റ്റുകളിൽ നിന്ന് 20 ഓവറുകളിലേക്ക് ചുരുങ്ങിയ ക്രിക്കറ്റ് പോലെ. കബഡി ലീഗ് പോലെ.
ഫുട്‌ബോളിനെ, ഏതൊരു കായിക ഇനത്തെയും സ്‌നേഹിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത നോവലാണ് ഷൂട്ടൗട്ട്. കളിയേക്കാൾ കളിയുടെ ആവേശവും വികാരവും നിറയുന്ന ജീവിതമത്സരം. ഒരു ഗോൾ കൂടി വീണിരിക്കുന്നു. അതോ ഗോളെന്നുറപ്പിച്ച ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്കു പോയതോ. അതോ, ഗോളി മാത്രം മുന്നിൽ നിൽക്കെ പെനൽറ്റി നഷ്ടപ്പെടുത്തിയതോ. ആരവം നിലയ്ക്കുന്നില്ല. കയ്യടിയും ശാപവാക്കുകളും. ഇനി ഷൂട്ടൗട്ടാണ്. ഇപ്പോഴല്ലെങ്കിൽ മറ്റൊരിക്കലുമില്ല. ബൂട്ട് കെട്ടാം.... നമ്മുടെ നിമിഷം വരികയായി.
Content Summary: Malayalam Book ' Shootout ' by Ramesan Mullassery