ADVERTISEMENT

 

ഭാരതയുദ്ധത്തിനു മുമ്പ്, മഹാസേനകളുടെ മധ്യത്തിൽ നിർത്തിയ രഥത്തിലിരുന്ന് അർജുനൻ കൃഷ്ണനോടു ചോദിക്കുന്നുണ്ട്, ‘‘ഇച്ഛയില്ലാഞ്ഞിട്ടും പുരുഷന് ബലമായി നിയോഗിക്കപ്പെട്ടവനെപ്പോലെ പാപം ചെയ്യേണ്ടിവരുന്നത് ആരുടെ പ്രേരണയാലാണ്’’ എന്ന്. ‘‘കാമത്തിന്റെ’’ എന്നാണ് കൃഷ്ണന്റെ മറുപടി. ‘‘പുകയാൽ അഗ്നിയും അഴുക്കിനാൽ കണ്ണാടിയും എന്നപോലെ കാമത്താൽ ജ്ഞാനം മറയ്ക്കപ്പെടുന്നു, അതിനാൽ കാമത്തെ ജയിക്കുക.’’

 

പൗരസ്ത്യ തത്വചിന്തയുടെതന്നെ പ്രകാശസ്തംഭങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഭഗവദ്ഗീതയുടെ ‘കർമയോഗ’ത്തിൽ കൃഷ്ണൻ അർജുനനു കൊടുക്കുന്ന ഈ ഉത്തരത്തിനുള്ളിലേക്കാണ് ‘ഘടോൽക്കചൻ’ എന്ന നോവൽ അതിന്റെ യാത്ര തുടങ്ങുന്നത്; ഗീതാവാക്യത്തിന്റെ ഉജ്വലവിതാനങ്ങൾക്കും അവയുടെ അസംഖ്യം ജ്ഞാനവ്യാഖ്യാന സാധ്യതകൾക്കും അടിയിലൂടെ, നിഗൂഢമായൊരു തുരങ്കവഴിയിലൂടെന്നപോലെ. അപ്പോൾ കാമമെന്നത്, ജ്ഞാനത്താൽ ജയിക്കാവുന്ന കേവല പ്രലോഭനമെന്നതിനപ്പുറം ഒരു ഭൂഖണ്ഡത്തിന്റെ തന്നെ രാഷ്ട്രമീമാംസയെയും അധികാര സ്ഥാപനങ്ങളെയും മതബോധത്തെയും ജാതിശ്രേണികളെയുമൊക്കെ നിർണയിക്കുന്ന മഹാശക്തിയായി അതിന്റെ വിരാട്സ്വരൂപത്തിൽ പ്രത്യക്ഷമാകുന്നു. 

 

മനുഷ്യജീവിതത്തിന്റെ എക്കാലത്തെയും വലിയ ഇതിഹാസം എന്ന വിശേഷണമുള്ള വ്യാസഭാരതം പറയാതെ വിട്ട ചില കൈവഴികളിലൂടെയാണ് രാജേഷ് കെ.ആറിന്റെ ‘ഘടോൽക്കചൻ’ എന്ന നോവലിന്റെ സഞ്ചാരം. അധികാരത്തോടുള്ള അദമ്യമായ കാമത്താൽ നയിക്കപ്പെടുന്നവർ തങ്ങളുടെ സിംഹാസനങ്ങളുറപ്പിക്കാൻ നടത്തുന്ന ദയാരഹിതമായ യുദ്ധങ്ങളുടെയും അതിനിടയിൽ പെട്ടുപോകുന്ന ചിലർ അതിജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങളുടെയും കഥയാണിത്. പകയും ചതിയും പ്രതികാരവുമൊക്കെ ഇതിൽ ഇഴപിരിഞ്ഞു കിടക്കുന്നു. ധർമാധർമ ചിന്തകളുടെ കുരുക്കിൽപ്പെട്ടു നിസ്സഹായരാകുന്ന മനുഷ്യരിലൂടെ സഞ്ചരിക്കുന്ന ഈ നോവൽ, ദിവ്യത്വമുള്ളവരെന്നും ധർമിഷ്ഠരെന്നും നരഭുക്കുകളെന്നുമൊക്കെ നാം കേട്ടുപരിചയിച്ച പല കഥാപാത്രങ്ങളെയും പുനർവായന നടത്തുന്നുമുണ്ട്.

 

ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം മഹാഭാരതത്തെ ഉപജീവിച്ചു സാഹിത്യരചനകളുണ്ടായിട്ടുണ്ട്. ഭാസ നാടകങ്ങളായ ‘ഊരുഭംഗം’, ‘മധ്യമവ്യായോഗം’ (സംസ്കൃതം), വി.എസ്.ഖാണ്ഡേക്കറുടെ ‘യയാതി’, ശിവാജി സാവന്തിന്റെ ‘മൃത്യുഞ്ജയ’ (മറാത്തി), കെ.എം.മുൻഷിയുടെ ‘കൃഷ്ണാവതാര’ (നോവൽ‌ പരമ്പര – ഗുജറാത്തി), എം.ടി.വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’, പി.കെ. ബാലകൃഷ്ണന്റെ ‘ഇനി ഞാനുറങ്ങട്ടെ’ (മലയാളം), പ്രതിഭാ റായിയുടെ ‘യാജ്ഞസേനി’ (ഒഡിയ), ജയമോഹന്റെ ‘വെൺമുരശ്’ (തമിഴ്), ശശി തരൂരിന്റെ ‘ദ് ഗ്രേറ്റ് ഇന്ത്യൻ നോവൽ’ (ഇംഗ്ലിഷ്) തുടങ്ങിയവ അക്കൂട്ടത്തിലെ ചില ഗംഭീര പേരുകളാണ്. ഇവയിൽ മിക്കതും കഥാപാത്രങ്ങളുടെ ധാർമിക, വൈകാരിക പ്രതിസന്ധികളാണു പ്രമേയമാക്കുന്നത്. എന്നാൽ മഹാഭാരത കാലത്തെ സാമൂഹിക വ്യവസ്ഥയുടെ രാഷ്ട്രീയമാണ് ഘടോൽക്കചനിൽ രാജേഷ് അവതരിപ്പിക്കുന്ന പ്രധാന വിഷയം. സമാന്തരമായി, പച്ചമനുഷ്യരായ കഥാപാത്രങ്ങൾ അനുഭവിക്കുന്ന നിസ്സഹായതകളും വൈകാരികത്തകർച്ചകളും വീഴ്ചകളുമൊക്കെ നോവലിലുണ്ട്.

 

ഒരു നോവൽദ്വയത്തിന്റെ ആദ്യ ഭാഗമാണ് ഘടോൽക്കചൻ. വ്യാസൻ അധികമൊന്നും പറയാതെ പോയ ഘടോൽക്കച പുത്രൻ ബർബരീകനാണ് ഇതിലെ കേന്ദ്രകഥാപാത്രമെങ്കിലും ഒന്നാം ഭാഗം ഘടോൽക്കചനെയും ഭാര്യ മൗർവിയെയും കേന്ദ്രസ്ഥാനത്തു നിർത്തിയാണ് കഥ പറയുന്നത്. വ്യാസഭാരതത്തിലെ കഥാപാത്രങ്ങൾക്കൊപ്പം നോവലിസ്റ്റിന്റെ ഭാവനയിൽ ജനിച്ച കഥാപാത്രങ്ങളും നോവലിലുണ്ട്. 

 

ഒരു രാജവംശത്തിന്റെ രണ്ടു കൈവഴികൾ അധികാരത്തിനായി നടത്തുന്ന പോരാട്ടമാണല്ലോ മഹാഭാരതത്തിന്റെയും അതിന്റെ പൂർവരൂപമായ ജയത്തിന്റെയും പ്രമേയം. മനുഷ്യാവസ്ഥകളുടെ ഉജ്വലമായ അനുഭവപ്രപഞ്ചമാണ് വ്യാസൻ ഇതിഹാസത്തിൽ സൃഷ്ടിച്ചത്. പിൽ‌ക്കാലത്ത് ഭക്തിപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു പ്രാദേശിക ഭാഷകളിലടക്കം ഉണ്ടായ മഹാഭാരത പാഠഭേദങ്ങളിൽ കഥാപാത്രങ്ങളിൽ പലരും കേവല മനുഷ്യരിൽനിന്ന് ദേവന്മാരും ദിവ്യത്വമുള്ളവരുമൊക്കെയായി ഉയരുകയും അവരുടെ ചെയ്തികൾക്കെല്ലാം അമാനുഷമായ കാരണങ്ങളും ഫലങ്ങളുമുണ്ടാകുകയും ചെയ്തു. 

 

പക്ഷേ രണ്ടാമൂഴം അടക്കമുള്ള രചനകൾ വ്യാസനെ പിന്തുടർ‌ന്ന്, മഹാഭാരതത്തിലെ ‘മനുഷ്യരെ’പ്പറ്റിയാണു പറഞ്ഞത്. ‘ഘടോൽക്കച’ന്റെ യാത്രയും ആ വഴിയാണ്. അധികാരത്തിനു വേണ്ടി ജാതിശ്രേണികൾ സൃഷ്ടിച്ചു കർശനമായി നിലനിർത്തുന്നതിൽ ബദ്ധശ്രദ്ധരായ രാജവംശങ്ങളും പുരോഹിതന്മാരും അവരുടെ അനുയായികളും ചേർന്ന് സാധാരണ ജനങ്ങളെയും ഗോത്രവർഗക്കാരെയുമൊക്കെ അടിച്ചമർത്തി ഭരിക്കുന്നു. പ്രതിഷേധങ്ങളുയരാതിരിക്കാൻ അത്തരം അടിച്ചമർത്തലുകൾക്കു ‘ദൈവികമായ കാരണങ്ങളും’ അവർ നിരത്തുന്നു. എന്നിട്ടും പ്രതിരോധിക്കുന്നവരെ അധർമികളും ഭീകരരൂപികളും നരഭോജികളുമൊക്കെയായ രാക്ഷസരെന്നു മുദ്രകുത്തി ആക്രമിച്ചു കൊല്ലുന്നു. 

 

അധികാരവും അതിന്റെ ‘പ്രജ’കളും തമ്മിലുള്ള ബന്ധം എന്ന, എക്കാലത്തും പ്രസക്തമായ വിഷയമാണ് ‘ഘടോൽക്കച’നിലെ പ്രധാന പ്രമേയതലം. ഘടോൽക്കചൻ, ഹിഡുംബി, മൗർവി, ഏകലവ്യൻ, ബകൻ തുടങ്ങിയവരിലൂടെ ചർച്ച ചെയ്യപ്പെടുന്ന നിറത്തിന്റെയും കുലത്തിന്റെയും ജാതിയുടെയുമൊക്കെ രാഷ്ട്രീയം നോവലിനെ വർത്തമാനകാലവുമായി ബന്ധിപ്പിക്കുന്നുണ്ട്. ഇതിഹാസത്തെ ആസ്പദമാക്കി നടത്തിയ ഒരു രചന എന്നതിനപ്പുറം ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത് അതു ചർച്ച ചെയ്യുന്ന പ്രധാന വിഷയത്തിന്റെ സർവകാല പ്രസക്തിയാണ്. അധികാരം എക്കാലത്തും അതിന്റെ സിംഹഗോപുരങ്ങളുയർത്തുന്നത് സാധാരണ മനുഷ്യരുടെ ഭീതിയും വിധേയത്വവും അടിത്തറയാക്കിയാണ്. അതുകൊണ്ടുതന്നെ ആ ഭീതിയും വിധേയത്വവും നിലനിർത്തുന്നതിലാണ് അധികാര സ്ഥാപനങ്ങളുടെ ജാഗ്രത. അതിനെതിരെയുണ്ടാകുന്ന ചെറുചലനം പോലും ദാക്ഷിണ്യലേശമില്ലാതെ അടിച്ചമർത്തപ്പെടും. ഇന്ന് ലോകമെമ്പാടും അതിന് ഉദാഹരണങ്ങൾ ധാരാളമാണ്. അത്തരം കുടില രാഷ്ട്രീയത്തിന്റെ ചിത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട് ‘ഘടോൽക്കചൻ’.

 

കഥാപാത്രസൃഷ്ടിയിൽ നോവലിസ്റ്റിന്റെ കയ്യടക്കം മികച്ചതാണ്. ബകനും ഭീമനും ഘടോൽക്കചനുമൊക്കെ ഉദാഹരണം. ആനയുടെ കരുത്തുള്ളവരെങ്കിലും ജീവിതത്തിന്റെ ചില നിർണായക സന്ധികളിൽ നിസ്സഹായരും ദുർ‌ബലരുമാകുന്ന വെറും മനുഷ്യരാണ് അവരൊക്കെ. തന്റെ ജനതയോടുള്ള ഉത്തരവാദിത്തത്തിനും രക്തബന്ധത്തിന്റെ പേരിലുള്ള കടപ്പാടുകൾക്കുമിടയിൽ‌ കുരുങ്ങി ശ്വാസംമുട്ടുന്ന മനുഷ്യരും അന്ധമായ പ്രതികാരദാഹം കൊണ്ട് ഒരു വംശത്തെയാകെ മുച്ചൂടും മുടിക്കാനിറങ്ങിയവരുമൊക്കെ അതിലുണ്ട്. 

 

ഭാഷയും ആഖ്യാനമികവുമാണ് ഈ നോവലിനെ വേറിട്ടുനിർത്തുന്ന ഒരു പ്രധാന ഘടകം. മനുഷ്യരുടെയും പ്രകൃതിയുടെയും അകവും പുറവും ഒരുപോലെ തെളിയുന്നുണ്ട് എഴുത്തിൽ. മനുഷ്യമനസ്സിന്റെ വിചിത്രസഞ്ചാരങ്ങളെ സൂക്ഷ്മമായി പിന്തുടരുന്ന ആഖ്യാനത്തിന് യുദ്ധരംഗങ്ങളുടെയും മറ്റും വിശദമായ അവതരണത്തിൽ സിനിമാ ഫ്രെയ്മുകളെ വെല്ലുന്ന മിഴിവുണ്ട്. കാടിന്റെയും അതിന്റെ ഋതുഭേദങ്ങളുടെയുമൊക്കെ ഭംഗി ഹൃദയഹാരിയായി അവതരിപ്പിക്കുമ്പോൾത്തന്നെ, പോർക്കളത്തിലെ ചോരയും ചെളിയും കൂടിക്കുഴഞ്ഞ നിലത്തു ചിതറിക്കിടക്കുന്ന മനുഷ്യശരീരങ്ങളുടെ കാഴ്ച നടുക്കമുണ്ടാക്കും.ഭാഷയ്ക്കു മേൽ മികച്ച കയ്യടക്കം കാട്ടുന്നുണ്ട് രാജേഷ്. പുരാതന ഭാരതത്തിലെ കാടും നാടും ജനപദങ്ങളും നദികളുമൊക്കെ വർണിക്കുമ്പോൾ എഴുത്തുകാരൻ അതിനായി നടത്തിയ ഗവേഷണത്തിന്റെ മികവ് തെളിയുന്നു. ഇതിഹാസത്തിൽ‌നിന്നു കടംകൊണ്ട കഥയ്ക്കൊപ്പം നോവലിസ്റ്റിന്റെ ഭാവന കൂടിച്ചേരുമ്പോൾ ‘ഘടോൽക്കചൻ’ മികച്ച വായനാനുഭവമാണ് സമ്മാനിക്കുന്നത്.

 

Content Summary: Malayalam Book ' Khadolkachan ' written by Rajesh K R

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com