ADVERTISEMENT

വി.കെ.ഷാഹിനയുടെ കവിതാസമാഹാരം ‘പറക്കുമ്പോൾ മാത്രം മുളയ്ക്കുന്ന ചിറകുകൾ ' -  അടങ്ങാത്ത ഊർജത്താൽ ത്രസിക്കുന്നതായി അനുഭവപ്പെട്ടു. അന്ധകാരം കീറിമുറിച്ചു മുന്നേറുന്ന അഗ്നിച്ചിറകുകൾ തന്നെയാണ് ഇതിലെ കവിതകൾ. കവിതയ്ക്കിന്ന് ഇടനിലക്കാരില്ല ,വ്യവസ്ഥാപിത പ്രസിദ്ധീകരണങ്ങളുടെയോ സമാന്തര പ്രസിദ്ധീകരണങ്ങളുടെയോ പരിഗണനയ്ക്കായി അതിനു കാത്തുനിൽക്കേണ്ടതില്ല.നേരിട്ടു വായനക്കാരിലേക്കെത്തിച്ചേരുന്ന  ഏറ്റവും പുതിയ കാവ്യലോകത്തു നിന്നാണ് ഷാഹിനയുടെ കവിതകളും വരുന്നത്. അവ ധീരവും സത്യസന്ധവുമാണ് , തലയുയർത്തി നിൽക്കുകയും തനിച്ചു സഞ്ചരിക്കുകയും ചെയ്യുന്നു.

'ചുമരുകളില്ലാത്ത വീട് അതായിരുന്നു നമ്മുടെ സ്വപ്നം ' എന്ന് ഈ സമാഹാരത്തിലെ ഒരു കവിതയിൽ, അതിലെ പ്രണയികൾ ഏറ്റുപറയുന്നുണ്ട്. ഷാഹിനയുടെ  കാവ്യലോകത്തിനും ചുമരുകളില്ല. ഭൂപടങ്ങൾ പരിഗണിക്കാത്ത കവിതയാണിത്. കാലം മാറി, കാവ്യശൈലി മാറി, കവിതയുടെ രൂപഭാവങ്ങൾ മാറി, എന്നാൽ ഭൂമുഖത്തെ ദുരിതത്തിനു മാറ്റമില്ല,അതിനെ നേരിടുന്ന മാനവജാഗ്രതയ്ക്കും മാറ്റമില്ല. എന്നും എവിടെയും മനുഷ്യൻ മനുഷ്യനെതിരെ അക്രമാസക്തനാവുമ്പോൾ അനുതാപാർദ്രമനസ്സുകളിൽ നിന്ന്  ഉദാത്തകവിതകൾ പിറക്കാറുണ്ട്. അവ ശോകത്തിൽ നിന്നുദിക്കുന്നു, ശോകത്തെ ശമിപ്പിക്കുന്നു. ചെന്നുപെടുന്നിടത്ത്  പ്രിയം പിടിച്ചുപറ്റി ചിലപ്പോൾ ചിരായുസ്സുകളായിത്തീരുന്നു. അലിവു കൊടിയടയാളമായ,  കവികളുടെ ഈ പുരാതനഗോത്രത്തിൽ  ഷാഹിനയുമുണ്ടിപ്പോൾ. അക്ഷരങ്ങളിൽ മനസ്സർപ്പിച്ച്, അക്ഷരങ്ങളെ മാത്രം മോഹിച്ച്, പണ്ടേ അക്ഷരലോകത്തുണ്ടായിരുന്ന വ്യക്തിയാണ്.

ആനുകാലികങ്ങളുടെ പക്ഷപാതങ്ങളെ പിൻപറ്റാത്ത വിമോചിതകവിതയുടെ ലോകത്ത്, സ്വന്തമിടം കണ്ടെത്തിയ സമർപ്പിതചേതനയാണ് ഷാഹിനയുടേത്.സമകാലികമായ മാനവയാതനകളിൽ മനംനൊന്ത് അതിപ്പോൾ ഇങ്ങനെ കൈയൊപ്പു വയ്ക്കുന്നു :

 ' മരിച്ചു പോകുന്ന , 

 വീടു നഷ്ടപ്പെട്ട

കുഞ്ഞുങ്ങളുടെ മുറിവേറ്റ നെറ്റിയിൽ

വിതുമ്പലടക്കി ഞാനും ചുംബിക്കുന്നു ' 

അതിരുകൾ കടന്നും ആചരിക്കേണ്ട ആർദ്രസ്നേഹത്തിന്റെ പാഠമാണ് തികച്ചും സ്വാഭാവികമായി ഇവിടെ വെളിപ്പെടുന്നത്. ഹൃദ്യമാണ് ഈ തന്മയീഭാവം. വിശാലമായ ലോകത്തിലെ വിദൂരദൃശ്യങ്ങൾ മാത്രമല്ല ഈ സമാഹാരത്തിലുള്ളത്. നീയും ഞാനും എന്ന ദ്വന്ദ്വത്തെ ആലംബനമാക്കി സമീപദൃശ്യങ്ങളുടെ വേദനാഭരിതമായ വർണ്ണക്കുഴൽ കിലുക്കിക്കാണിച്ചു തരുന്നവയാണ് പല കവിതകളും. ഇണക്കം, പിണക്കം, വിരഹം, വേർപാട് , തുടങ്ങിയ പ്രത്യക്ഷാനുഭവങ്ങൾ  മാത്രമല്ല നിഷിദ്ധസങ്കൽപങ്ങളുടെയും നൈമിഷിക ചോദനകളുടെയും മായക്കാഴ്ചകളും ഇവയിലുൾച്ചേരുന്നു. ഭാഷയിൽ നിന്നു കരവിരുതോടെ കടഞ്ഞെടുത്തവ. ആദ്യസമാഹാരമാണെന്നു തോന്നിയതേയില്ല , അത്ര കയ്യടക്കത്തോടെയാണ് 'പ്ലാവിലക്കഞ്ഞി' യും 'അശ്വമേധ 'വുമൊക്കെ രചിച്ചിരിക്കുന്നത്.മതിലുകളും അതിരുകളുമില്ലാത്ത അനുതാപത്തിന്റെ മുദ്രയാണ് അവയെ വേറിട്ടതാക്കുന്നത്. അവതാരികയും അനുബന്ധപഠനവും, അവയുടെ സങ്കീർണങ്ങളായ അടരുകളിലേക്കു നമ്മെ കൈപിടിച്ചു നടത്തുന്നു. എഴുതിത്തെളിഞ്ഞ ഒരു കവിയുടെ സാന്നിധ്യം വിളിച്ചറിയിക്കുന്നവയാണ് ഈ സമാഹാരത്തിലെ കവിതകളെല്ലാം. ഇവയിലൂടെ കടന്നുപോകുമ്പോൾ ശ്രദ്ധയിൽപ്പെട്ട, ആദ്യമായി കേട്ട വാക്കാണ്  'അവളോളൊപ്പം.’ അഞ്ചക്ഷരങ്ങളിൽ അവ ഒതുക്കിവച്ച  വൈകാരികതയും സത്യസന്ധതയും ഹൃദയസ്പർശിയായി. വരുംകാലങ്ങളിലും വാക്കിന്റെ വെളിച്ചവുമായി കൂടെയുണ്ടാവുമെന്നതിന് ഒരുറപ്പ്, കരുത്ത്, കാതലുള്ള തുടിപ്പ്. ഈ ഒരൊറ്റ വാക്കുകൊണ്ട്  ഷാഹിനക്കവിതയെ നിർവചിക്കാമെന്നു പറയാനും കൂടിയാണ് ഈ കുറിപ്പ്.

ഇതുകൂടി പറയാതെ വയ്യ. സ്വപ്നശലഭങ്ങൾക്കൊപ്പം നൃത്തച്ചുവടുകളിൽ, മറ്റൊരു നീലശലഭമായി പറന്നുപോവുന്ന പെൺകുട്ടിയാണ് ഈ പുസ്തകത്തിന്റെ കവർച്ചിത്രം. ഹൃദ്യമായ ഈ ഡിജിറ്റൽ പെയിന്റിങ് തയാറാക്കിയത് പി.എ.സേബ എന്ന കലാകാരിയാണ്. നട്ടെല്ലിലെ നാഡീവ്യൂഹത്തിനു ഗുരുതരമായ രോഗം (എസ്എംഎ) ബാധിച്ച് അഞ്ചു വർഷമായി പൂർണമായി കിടപ്പിലായ സേബ വിരലുകളുടെ മന്ദഗതിയിലുള്ള ചലനത്തിലൂടെ ശ്രമകരമായി വരച്ചെടുത്തതാണ് ഈ മനോഹരചിത്രം. എന്നും സൂക്ഷിച്ചുവയ്ക്കാനുള്ള ഒന്നാണിത്. തളർച്ച തോന്നുമ്പോൾ കരുത്തു പകരാൻ പോന്ന എന്തോ ഒന്ന് ഇതിലുണ്ട്.ശുഭകരമായ ഇച്ഛാശക്തിയും സ്വപ്നങ്ങളുടെ അനന്തനീലവും കവിതകളായും ചിത്രങ്ങളായും ഇതുപോലെ ഇനിയും സഹൃദയരിലേക്ക് എത്തട്ടെയെന്നു സങ്കൽപിക്കുന്നു .

 

Content Summary: Malayalam Book ' Parakumpol Mathram Mulaykkunna Chirakukal ' written by V K Shahina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com