ADVERTISEMENT

സോക്രട്ടീസ് വാലത്തിന്റെ കഥകൾക്കും വായനക്കാർക്കുമിടയ്ക്ക് ഒരു പാലത്തിന്റെ ആവശ്യമില്ല. ലളിതവും ചടുലവുമായ തുടക്കത്തിലൂടെ വായനക്കാരെ നേരിട്ടുതന്നെ ആകർഷിക്കുകയും വൈകാതെ അവരെ അപ്രതീക്ഷിതമായി ഊരാക്കുടുക്കിൽപ്പെടുത്തുകയും ചെയ്യുന്ന മാന്ത്രികമായ കെണികളാണിവ. കഥയുടെ ആഖ്യാനമാണോ അതിലെ ജീവിതമാണോ തങ്ങളെ അകപ്പെടുത്തിയത് എന്ന് അവർക്കു തിരിച്ചറിയാനാവാതെവന്നേക്കാം. അപ്പോഴും തങ്ങളുടെ തന്നെ ചുറ്റുപാടുകളെയും ജീവിതത്തെയും നേരിൽക്കണ്ട് സ്വയം വെളിപ്പെട്ടുപോയതിന്റെ ലജ്ജയിൽ അവർ സംഭ്രമിച്ചെന്നു വരാം.

 

ഈ കഥാകാരന്റെ രചനകളെ സാമാന്യവത്കരിക്കാനാവില്ല എന്നതാണ് മറ്റൊരു പ്രധാനകാര്യം. ഓരോ കഥയും അതു പറയുന്ന രീതിയും ഒന്നിനൊന്നു വ്യത്യസ്തം. ചില കഥകൾ ഇവിടെ എടുത്തുപറയേണ്ടതുണ്ട്. താരതമ്യേന ലളിതമായി തുടങ്ങി ഒടുവിൽ സങ്കീർണ്ണമാകുന്ന കഥയാണ് ‘ഇരുതലമൂരി’. രതി എന്ന സ്വകാര്യാനുഭവം, അതിനോടുള്ള  മനോഭാവം എന്നിവയ്ക്കു സംഭവിക്കുന്ന കാലികപരിണാമങ്ങൾ രണ്ടു തലമുറകളെ ചേർത്തുനിർത്തി പറയുന്ന കഥയാണിത്. അതിൽ നിന്നു രൂപത്തിലും ഭാവത്തിലും പാടേ വ്യത്യസ്തമാകുന്നു, അടുത്ത കഥയായ ‘ന്യായവിധി’. പല്ലിയുടെയും പാറ്റയുടെയും ചിലന്തിയുടെയും ഈച്ചയുടെയും നിരീക്ഷണത്തിനും ഇടപെടലിനും വ്യാഖ്യാനത്തിനും വിധേയമാകുന്ന മനുഷ്യ ജീവിതങ്ങളാണ് അതിലുള്ളത്. ആഖ്യാന വൈചിത്ര്യം കൊണ്ടും കൈയടക്കം കൊണ്ടും ഉള്ളിൽപ്പേറുന്ന സങ്കീർണ്ണവും ക്രൂരവും ദാരണവുമായ മനുഷ്യാവസ്ഥകള്‍ കൊണ്ടും മലയാളത്തിലെതന്നെ ഏറ്റവും മികച്ച കഥകളിലൊന്നാണിതെന്നു പറയാൻ ഞാൻ ഒട്ടും സന്ദേഹിക്കുന്നില്ല.

 

പ്രസന്നതയും ചടുലതയും കാവ്യാത്മകതയും കളിമട്ടു വിടാതെ ഇടകലർത്തിയ ഭാഷയിൽ, സ്വകാര്യമായ ആനന്ദവും പൊതുയിടത്തിലെ അസൂയയും തമ്മിൽ ഉരസുന്നതിനെ ആവിഷ്കരിക്കുന്നു, ആനന്ദ് നഗറിലെ കാറ്റ്. യാഥാർഥ്യം തന്നെ ഫാന്റസിയാക്കുന്ന കഥാകൃത്തിന്റെ കരവിരുത് ഈ കഥയിൽ തെളിഞ്ഞു കാണാം. കണക്കിൽപ്പെടാത്തൊരു ദിവസം മറ്റൊരു ഫാന്റസി. ജീവിതമുണ്ടായിരുന്ന ഭൂതകാലത്തെ ബന്ധങ്ങൾ, ധനത്തിനും പദവികൾക്കും വേണ്ടി പായുന്ന സമകാലികമായ ജീവിതനഷ്ട സന്ദർഭത്തിൽ മായികമായി അവിടെ പുനരവതരിക്കുന്നു. വിവിധ ജീവിതസാഹചര്യങ്ങളിലുള്ളവർ താൽകാലികമായി സന്ധിക്കുന്നതും നാഗരികസങ്കീർണ്ണതകള്‍ക്കുള്ളിൽ രൂപപ്പെട്ടതുമായ ഒരു സ്വപ്നമാളിക സവിശേഷമായ ആഖ്യാനചാരുതയോടെ ഒരു കഥയിലൊരുക്കുന്നുണ്ട്, സോക്രട്ടീസ്. അതിനപ്പുറം ജീവിതത്തിന്റെ വളവു തിരിവുകളെ ആവാഹിച്ചുകൊണ്ടു സൃഷ്ടിക്കുന്ന ലാബിറിന്തുകളാണ് മിക്ക കഥകളും എന്നതാണ് എടുത്തുപറയേണ്ട കാര്യം.

 

ആധുനികാനന്തരനഗരജീവിതത്തിന്റെയും അതിന്റെ കൂടപ്പിറപ്പായ അന്യവത്കരണത്തിന്റെയും കാലത്ത് ഭൂതകാലത്തിന്റെ വീണ്ടെടുക്കലിലൂടെ ജീവിക്കാനുള്ള ശ്രമമാണ് ‘അർമാദിയാ സൊല്യൂഷൻസ്’ എന്ന കഥയിലുള്ളത്. എങ്കിലും അതിജീവനം അസാദ്ധ്യമാകുന്നു. അവിടെ ആഖ്യാനഘടനയും കഥാന്ത്യവും തികച്ചും വേറിട്ട രീതിയിലാണ്. ഇത്രയേറെ സങ്കീർണ്ണമായി മനുഷ്യബന്ധങ്ങളുടെ ആഴവും അവയുടെ വൈവിധ്യവും അടയാളപ്പെടുത്തുന്ന ഈ കഥാകാരൻ തീർച്ചയായും എന്നെ അദ്ഭുതപ്പെടുത്തുന്നു.

 

ജീവിതസാഹചര്യങ്ങൾകൊണ്ട് സ്വാർഥതയുടെയും ബാധ്യതയുടെയും ഇടയില്‍പ്പെട്ട രണ്ടു പെൺകുട്ടികളുടെ നിസ്സഹായത പേറുന്ന, ‘ചില്ലതിരാ’കട്ടെ, ആഖ്യനസൂക്ഷ്മതകൊണ്ടും വേറിട്ടു നിൽക്കുന്ന മികച്ച രചനയാകുന്നു. ഈ കഥയിൽക്കാണുന്ന ഒരൊറ്റത്തടിപ്പാലം മറ്റൊരു കഥയിൽ രണ്ട് ഇല്ലായ്മകളുടെ ഇടയിൽപ്പെട്ട പെൺജീവിതത്തെക്കുറിക്കുന്ന രൂപകംതന്നെയായി വന്നിട്ടുള്ളതുമോർക്കുന്നു. പശു ഒരു കഥാപാത്രമാകുന്ന ‘മെയ്ദിനി’യും നായയുടെ ജീവിതം പറയുന്ന ‘ശ്വാനനീതി’യും മൃഗകഥകളാകുന്നതിനൊപ്പം മനുഷ്യകഥകളുമാകുന്നു. മനുഷ്യരോടും അവരുടെ ജീവിതസാഹചര്യങ്ങളോടും കരുതലുള്ള മറ്റു ചരാചരങ്ങൾ; മനുഷ്യരുടെ ചിന്തയും ഉത്കണ്ഠകളുമുള്ളവർ; ചിലപ്പോൾ മൃഗങ്ങളിലൊന്നായി മാറുന്ന മനുഷ്യർ; അവരുടെ പ്രകൃതിസഹജമായ രതിവാസനയും പ്രണയവും പ്രയോഗികജീവിതത്തിലെ അവയുടെ കുരുക്കുകളും; സാമൂഹിക ജീവിതത്തിലെത്തുമ്പോഴുള്ള അതിന്റെ അപഹാസ്യതകൾ; പ്രകൃതിയും മനുഷ്യപ്രക‍ൃതിയും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ. ഇങ്ങനെയൊരു ജീവിതപരിസരത്തിന്റെ ആവർത്തനം ചില കഥകളിൽനിന്നു ക്ലേശിച്ചു കണ്ടെത്തിയാൽപ്പോലും ഈ കഥകളിൽ വെവ്വേറെയിടങ്ങളിൽ പല മട്ടിൽ പുലരുന്ന നാനാവിധമായ ആവിഷ്കാരത്തിന്റെ സവിശേഷതകൾ സാമാന്യവത്കരണത്തിന്റെ സാധ്യതയെ ദുർബലമാക്കുന്നു, ആത്യന്തികമായി കഥയുടെ കല അതു പറയുന്ന രീതിയിലാണല്ലോ കുടികൊള്ളുന്നത്.

 

‘ജയ ഹേ’ എന്ന കഥയിലാകട്ടെ, അധികാരരതിയും അതിന്റെ നഷ്ടവും ഉന്മാദത്തോളമെത്തിച്ച ഒരാളുടെ ദുരന്തമാണു പ്രമേയമെങ്കിലും തലക്കെട്ടു മുതൽ വരികൾക്കിടയിൽ വരെ കൊളുത്തിയിടുന്ന സൂചനകളിലൂടെ സമകാലികമായ ദേശീയാധികാരത്തെ വരെ ധ്വനിപ്പിക്കുന്ന രചനാകൗശലമുണ്ട്. ഈ ലോകത്തിൽ അവശേഷിക്കുന്ന നന്മയെക്കുറിച്ചുള്ള നേർത്ത പ്രതീക്ഷയിൽ കഥാകൃത്ത് വിശ്വാസമർപ്പിക്കുന്ന സന്ദർഭമുണ്ട്, ഒരു കഥയിൽ. എന്നാൽ ‘ഉത്തരം’ എന്ന ഭ്രമാത്മകരചന, മതത്തിനപ്പുറം അധോലോകങ്ങൾ സന്ധിക്കുന്ന മതതീവ്രവാദത്തിന്റെ ക്രൂരകൗശലങ്ങളും അതിനായി നിയോഗിക്കപ്പെടുന്നവരുടെ ബോധാബോധങ്ങളിലെ വന്യകാമനകളും നീതിന്യായവ്യവസ്ഥയിലെ അഴിമതിയും നിലതെറ്റിപ്പോയ ഗ്രാമീണജീവിതവുമെല്ലാം ചേർന്ന് അവശേഷിക്കുന്ന ആ നന്മയെക്കൂടി കാർന്നുതിന്നുന്നതിന്റെ ഭീഷണചിത്രമൊരുക്കുന്നു.

 

സോക്രട്ടീസ് വാലത്തിന്റെ കഥകളിലേക്ക് വായനക്കാര്‍ക്കു കയറാനുള്ള ഒരു പാലമല്ല, മറ്റൊരുപാധിയുമില്ലാതെ കഥയിലേക്കു കടന്നു വായിച്ച ഒരാളുടെ ആഹ്ലാദകരമായ അനുഭവസാക്ഷ്യം മാത്രമാണ് ഈ കുറിപ്പ്. ഈ ലോകത്തിലെ എണ്ണമറ്റ സംഭവങ്ങളില്‍ നിന്നു കരുക്കൾ കണ്ടെത്തുകയും അവയുടെ മുഴുവൻ കുഴഞ്ഞു മറിയലുകളെയും അസാധാരണമായ ആഖ്യാനവൈവിധ്യത്തോടെ അടയാളപ്പെടുത്തുകയും ചെയ്യുന്ന മികച്ച ചില കഥകൾ വായിച്ചതിന്റെ ബാക്കിപത്രം. ഏതു ദുരിതസന്ധിയിലും ഉള്ളിൽപ്പേറുന്ന ജീവിതരതിയോ‍ട് ഈ കഥകൾ സൂക്ഷിക്കുന്ന ആഭിമുഖ്യവും അതിന്റെ ആനന്ദതലത്തെ അസാധ്യമാക്കുന്ന സാഹചര്യങ്ങളോടുള്ള സർഗ്ഗാത്മകമായ കലഹവും സമാനഹൃദയനെന്ന നിലയിൽ ഞാനും ഏറ്റുവാങ്ങുന്നു.

 

Content Summary: Malayalam Book ' Katha ' written by Socretes K Valath

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com