ADVERTISEMENT

സി.എസ്. ചന്ദ്രിക

ഡിസി ബുക്‌സ്

വില 125 രൂപ 

 

പ്രിയനേ നിന്റെ ഓരോ വാക്കും അഴകു തികഞ്ഞ്, തേൻ നിറഞ്ഞ്, തീക്ഷ്ണസ്‌നേഹത്തിന്റെ പൂക്കൾ. 

നോക്കിയിരിക്കെ പെണ്ണു പൂക്കുന്നു, വിടരാൻ തുടങ്ങുന്നു.

എന്റെ ഹൃദയത്തിനുള്ളിലെ സ്‌നേഹമാണ് നിന്റെ ജീവൻ.

എന്റെ നെഞ്ചിലെ സ്‌നേഹത്തിൽ നീ ഏറ്റവും സുരക്ഷിതയാണ്.

കിളികളെപ്പോലെ ജീവനസംഗീതമാണുള്ളം നിറയെ.

നിന്നോടു സംസാരിക്കുമ്പോൾ വാക്കുകളിൽ വർണ്ണങ്ങൾ നിറയുന്നു പെണ്ണേ....

ജീവിതലഹരിയുടെ പുസ്തകമാണ് പ്രണയകാമസൂത്രം. ആയിരം ഉമ്മകൾക്ക് ഭാഷ കണ്ടെത്താനുള്ള ശ്രമം. പ്രണയമോഹികളായ സ്ത്രീപുരുഷൻമാർക്കും ഭൂമിയിൽ പിറക്കാനിരിക്കുന്ന, പ്രായപൂർത്തിയാവുന്ന പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സമർപ്പിച്ച കൃതി. പ്രത്യാശയുടെ പുസ്തകം എന്ന് സക്കറിയയുടെ വിശേഷണം.

വിവിധതരം ആഖ്യാന രീതികളിലൂടെയാണ് പ്രണയകാമസൂത്രം പുരോഗമിക്കുന്നത്. ഈ പുസ്തകം എഴുതാനുണ്ടായ കാരണങ്ങളെക്കുറിച്ച് എഴുത്തുകാരി വിശദമായി പറയുന്നുണ്ട്. തന്റെ തന്നെ അനുഭവങ്ങൾ. നാടക കലാകാരി, സാമൂഹിക പ്രവർത്തക എന്നീ നിലകളിൽ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സ്ത്രീകളുമായി നടന്ന ഒട്ടേറെ സംവാദങ്ങൾ. അവരിൽ നിന്നറിഞ്ഞ ലൈംഗിക ദാരിദ്ര്യത്തിന്റെയും പുരുഷാധിപത്യ സമൂഹത്തിന്റെയും ക്രൂരതകൾ. പരമാനന്ദത്തിന്റെ ലഹരിയും ആവേശവും അറിയാതെ നിസ്സഹായരായി ജീവിക്കുന്നവരോടുള്ള അനുതാപം. ഇവയിൽ നിന്നാണ് പ്രണയ സത്യാന്വേഷണം ജനിക്കുന്നത്. അനുഭൂതികൾ, ഉൻമാദ ലഹരികൾ, തിരിച്ചറിവുകൾ, രാഷ്ട്രീയ ജാഗ്രതകൾ എന്നിവയുടെ സൗന്ദര്യശാസ്ത്രം.

കാമസൂത്രം എന്ന പേരും ആയിരം ഉമ്മകൾ എന്നതും ഒട്ടേറെ വായനക്കാരെ ആകർഷിക്കാൻ സാധ്യതയുണ്ട്. എല്ലാവരുടെയും ജീവിതത്തെ ബാധിക്കുന്നതും അറിഞ്ഞിരിക്കേണ്ടതും എന്നാൽ പലർക്കും അറിയാത്തതുമായ ഉൻമാദലഹരി. യഥാർഥത്തിൽ എല്ലാ മനുഷ്യരുടെ മനസ്സിൽ പ്രണയത്തിന്റെയും കാമത്തിന്റെയും വിശുദ്ധ വിത്തുകളുണ്ട്. വ്യക്തികൾ വളരുന്നതനുസരിച്ച് ഈ വിത്തുകളും വളരുന്നു. ചെടിക്ക് സൂര്യപ്രകാശവും വെള്ളവുമെന്നതുപോലെ അനുകൂല സാഹചര്യങ്ങളും പ്രോത്സാഹജനകമായ അന്തരീക്ഷവും ലഭിച്ചാൽ വിത്തുകൾ കായ്ക്കും പൂക്കും. ദൃഡതയുള്ള മരങ്ങളായി വളരും. എന്നാൽ സാഹചര്യങ്ങളുടെ സമ്മർദവും സങ്കോചവും ആശങ്കകളും സംശയങ്ങളും സ്വാഭാവികമായ വളർച്ചയ്ക്ക് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നു. ഇവിടെയാണ് ബോധവൽകരണത്തിന്റെ പ്രാധാന്യം. പല സ്ത്രീകളുമായും സംസാരിക്കുകയും അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും ചെയ്തതാണ് ചന്ദ്രികയെ ഈ പുസ്തകത്തിലേക്കു നയിച്ചത്. വ്യക്തികേന്ദ്രീകൃതമായ അനുഭവങ്ങളും പ്രണയം എന്ന ശക്തി കൊണ്ടു മാത്രം വളർച്ച സാധ്യമാവുന്ന വ്യക്തിത്വവും കാരണങ്ങളിലുൾപ്പെടുന്നു. എന്നാൽ, ആർക്കാണ് പ്രണയം ആവശ്യമില്ലാത്തത്. സമ്മതിച്ചാലും ഇല്ലെങ്കിലും അറിഞ്ഞാലും ഇല്ലെങ്കിലും അനുഭവിച്ചാലും ഇല്ലെങ്കിലും പ്രണയം തന്നെയാണു മനുഷ്യർ തേടുന്നത്. സമ്പത്ത് ഉൾപ്പെടെ ഭൗതികമായ സകല സാഹചര്യങ്ങളും സമൃദ്ധിയും ലഭിച്ചാലും പ്രണയം ഇല്ലാതെ മനുഷ്യനു ജീവിക്കാൻ സാധ്യമല്ല. ചിലർ ഈ സത്യം അറിയുകയും പ്രണയത്തിലേക്കുള്ള വഴിയിൽ മുന്നേറുകയും ചെയ്യുന്നു. എന്നാൽ മറ്റു ചിലർക്കു വഴി തെറ്റുന്നു. തെറ്റായ വഴിയിലേക്കു പലരും നയിക്കപ്പെടുന്നു. ഇവിടെയാണ് പ്രണയ കാമസൂത്രത്തിന്റെ പ്രാധാന്യം.

എന്നാൽ ആമുഖത്തിൽ അവകാശപ്പെടുന്ന പ്രണയ പരീക്ഷണങ്ങളുടെയും കാമാന്വേഷണത്തിന്റെയും ഇതിഹാസമായി ചന്ദ്രികയുടെ പുസ്തകം മാറുന്നില്ല എന്നതാണ് യാഥാർഥ്യം. നല്ല ഉദ്ദേശ്യവും മികച്ച ലക്ഷ്യവും ഇങ്ങനെയൊരു പുസ്തകം എഴുതാൻ കാണിച്ച ധൈര്യവും പ്രശംസാർഹമാണെങ്കിലും പ്രണയത്തിന്റെയും കാമത്തിന്റെയും സർഗാത്മക ഭാഷ രചിക്കുന്നതിൽ പുസ്തകം വിജയിച്ചു എന്ന് അവകാശപ്പെടാനാവില്ല. കവിതകൾ കവിത്വത്തിന്റെ അഭാവം കൊണ്ട് മനസ്സിന്റെ ആകാശത്തു പറക്കുന്നതിനു പകരം വാക്കുകളായി മണ്ണിൽ ഇഴയുന്നു.

 

മുഖത്തോടു മുഖം നോക്കിയിരുന്നാൽ

തെളിയും മനസ്സ്  തെളിനീരിൽ പളുങ്കെന്നപോലെ

കാണാത്ത പ്രകാശസ്ഥലികൾ

പരസ്പരം ചേർന്നാണു കണ്ടെത്തൽ

അറിയുന്നത് പ്രണയ അദ്വൈതം.

 

ഗദ്യത്തിലെ സംഭാഷണങ്ങളാകട്ടെ സാമൂഹിക ബോധവൽകരണത്തിന്റെ അക്കാദമിക് ഭാഷയ്ക്കപ്പുറം സർഗാത്മക തലത്തിലേക്ക് ഉയരുന്നുമില്ല.

 

സൂര്യൻ : ആൺകുട്ടി ഏതു ചുറ്റുപാടിലും സ്വയം സ്‌നേഹിക്കാൻ അവനു വേണ്ടതായ ഇടം സ്വന്തമാക്കുന്നവൻ.

 

സ്വയം സ്‌നേഹം ഒരിക്കലും മാതൃകാപരമല്ലല്ലോ. കൗമാരത്തിന്റെ കുതൂഹലം എന്ന തലം വിട്ടാൽ സ്വയം സ്‌നേഹിച്ചു മാത്രം ആർക്കും ജീവിക്കാനാവില്ലല്ലോ. പെൺകുട്ടികൾ പുതിയ കാലത്തെങ്കിലും സ്വയം സ്‌നേഹിക്കാതെയാണ് ജീവിക്കുന്നതെന്നത് പഴയ കാലത്തിന്റെ പരാധീനതയല്ലേ. ഇന്ന് പെൺകുട്ടികൾ സ്വയം സ്‌നേഹിക്കുന്നുണ്ട്. സ്‌നേഹം തേടുന്നുണ്ട്. കിട്ടിയില്ലെങ്കിൽ അന്വേഷിച്ചു കണ്ടുപിടിക്കാൻ അവർക്കും പ്രാപ്തിയുമുണ്ട്.

 

നിലാവ്: വളർന്നു വലുതാവുമ്പോഴും വീടിനുള്ളിൽ സ്വന്തമായി ഇടം കിട്ടാത്തവരും കണ്ടെത്താത്തവരുമാണ് സ്ത്രീകൾ. ഒറ്റയ്ക്കിരിക്കുമ്പോൾ, കിടക്കുമ്പോൾ, ശ്രദ്ധയോടെ സ്‌നേഹത്തോടെ ആഴത്തിലുള്ള ശ്വാസോഛാസങ്ങളിൽ മുഴുകാൻ അവർക്കു കഴിയട്ടെ. അപ്പോൾ ശ്വാസം അവളുടെ ആനന്ദത്തിന്റെ ഉറവിടങ്ങളെ ഉണർത്തുന്നതും സ്വതന്ത്രമാക്കുന്നതും അറിയാം. ഉണരുന്ന ഉറവിടങ്ങൾ സ്‌നേഹിക്കാനായ് അവളെ ക്ഷണിക്കും. സന്താഷത്തോടെ ആ ക്ഷണം സ്വീകരിക്കാൻ സ്ത്രീകൾ പഠിക്കട്ടെ.

 

പുതിയ കാലം ആ പാഠത്തിന്റേതുകൂടിയാണ്. ഓരോ സ്ത്രീയും പുരുഷനും ലിംഗവ്യത്യാസങ്ങളില്ലാതെ, നിർഭയവും സ്വതന്ത്രവുമായി പ്രണയകാമസൂത്രം രചിക്കുന്ന കാലം. 

 

Content Summary: Malayalam Book ' Pranayakamasoothram Ayiram Ummakal ' written by C S Chandrika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com