വിയർപ്പു തുള്ളിയാൽ നനഞ്ഞു പോകുന്ന മരുഭൂമിയിലെ മരുപ്പച്ച

book-review-marubhoomiyile-maruppacha-portrait
SHARE
സോണി അഭിലാഷ്

മൂൺ ബുക്സ്

വില 100 രൂപ

സമീപകാലത്തു വായിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ വളരെയധികം ഇഷ്ടപ്പെട്ട പുസ്തകമാണ് മരുഭൂമിയിലെ മരുപ്പച്ച. കേവലം എഴുപതോളം പേജുകൾ ഉള്ള വളരെ ചെറിയ നോവൽ ആണെങ്കിൽകൂടി വായിച്ചു കഴിഞ്ഞപ്പോൾ പ്രവാസിയായ എനിക്ക് പരിപൂർണ മാനസിക സംതൃപ്തി ലഭിച്ച ഒരു പുസ്തകം. പ്രവാസ ജീവിതത്തിലെ സൗഹൃദങ്ങളുടെ ജീവിതാനുഭവങ്ങളൊക്കെയാവാം ഈ പുസ്തകത്തിലെ വാക്കുകളും, വാചകങ്ങളുമായത്. മടുപ്പിക്കുന്ന സാഹിത്യ പ്രയോഗങ്ങളൊന്നുമില്ലാതെ സാധാരണക്കാരന് മനസ്സിലാകുന്ന ആഖ്യാനശൈലിയിൽ ജീവിതം ജീവിതമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നതും ഈ പുസ്തകത്തെ സംബന്ധിച്ചടുത്തോളം എടുത്തുപറയേണ്ട സവിശേഷതയാണ്.

പ്രവാസ ജീവിതത്തെക്കുറിച്ചും അവർ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെയും ചൂഷണത്തെക്കുറിച്ചും ധാരാളം കഥകളും ലേഖനങ്ങളും നമ്മളൊക്കെ വായിച്ചിട്ടുണ്ടാവും. "മരുഭൂമിയിലെ മരുപ്പച്ച" എന്ന ഈ നോവലിലും അത്തരം ഒരു പ്രവാസിയുടെ കഥയാണ് സോണി അഭിലാഷ് പറയുന്നത്. തന്റെ പ്രവാസ ജീവിതത്തിൽ കണ്ടും കേട്ടും അനുഭവിച്ചറിഞ്ഞ നിരവധി ജീവിതങ്ങൾ മനസ്സിൽ ഉള്ളതു കൊണ്ടാവാം ഒരു പുതുമുഖ എഴുത്തുകാരിയുടെ ആദ്യ പുസ്തകമായിട്ടുകൂടി വായനക്കാരെ ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ പ്രേരിപ്പിക്കും വിധം ഈ നോവൽ എഴുതിവെയ്ക്കാൻ എഴുത്തുകാരിക്ക് സാധിച്ചിട്ടുള്ളത്.

കൊല്ലത്ത് ഒരു സാധാരണ കുടുംബത്തിലെ ദാമോദരന്റെയും ലീലയുടെയും മൂത്തമകനായ രാജീവൻ തന്റെ ഇരുപതാമത്തെ വയസ്സിൽ പ്രവാസ ലോകത്തേക്ക് കടന്നു ചെല്ലേണ്ടി വരുന്നു. രാജീവ് എന്ന ചെറുപ്പക്കാരനിലൂടെ നോവൽ മുന്നോട്ട് പോകുമ്പോൾ മരുഭൂമിയിലെ മണൽകാടുകളിലേയ്ക്ക് ആദ്യമായി ചെന്നിറങ്ങുന്ന ഒരുവനെപ്പോലെ മറുകരപറ്റിയ സന്തോഷത്തിലും അങ്ങേയറ്റം ഉദ്വേഗത്തോടും സങ്കടത്തോടും കൂടിയേ ഏതൊരാൾക്കും അത് വായിച്ചുതീർക്കുവാൻ കഴിയൂ.

ഞാനും ഒരു പ്രവാസിയായതുകൊണ്ടു തന്നെ ഗൾഫിലെ ചൂടിനെപ്പറ്റി നേരിട്ടറിഞ്ഞുകൊണ്ട് രാജീവിനൊപ്പം സഞ്ചരിക്കുകയായിരുന്നു. പ്രവാസിയായ ഏതൊരു വായനക്കാരനും തൻ്റെ ആദ്യ വിമാനയാത്രയും പ്രിയപ്പെട്ടവരെ വേർപിരിഞ്ഞതും ഒരു പരിചയവുമില്ലാത്ത പുതിയ ലോകത്ത് എത്തിപ്പെട്ടതുമൊക്കെ ഒന്ന് ഓർത്തെടുക്കും. രാജീവിന്റെ അച്ഛൻ ദാമോദരനും അമ്മ ലീലയും, കണ്ണനും അമ്മുവും, അവന്റെ പ്രിയപ്പെട്ട ദേവിയും, ആദ്യമായി പണി പഠിപ്പിച്ച വർക്കിച്ചേട്ടനും, ഗൾഫിൽ ജോലി തരപ്പെടുത്തി കൊടുക്കുന്ന ആന്റണിചേട്ടനും റഹീം ഇക്കയും ഒക്കെ ഓരോ പ്രവാസിയുടെയും മനസ്സിൽ അവരവർക്ക് പ്രിയപ്പെട്ടവരെയും, ഓരോ പാഠങ്ങൾ പഠിപ്പിച്ചവരെയും ഓർമ്മിപ്പിക്കും.

കണ്ണുനീർ സ്വപ്നങ്ങൾക്ക് നിറമേകുവാൻ, പ്രതീക്ഷകളുടെ ഭാണ്ഡവും പേറി മരുഭൂമിതൻ മണൽകാട് താണ്ടി പ്രവാസിയായ് എത്തി, തന്റെ തൊഴിലിടം ആയിരം സ്വപ്നങ്ങളുടെ നെയ്ത്തുശാലയായ് കണ്ട് ഓരോ പ്രവാസിയും രാപകൽ ഇല്ലാതെ അധ്വാനിക്കുമ്പോൾ ചുട്ടുപഴുത്ത മരുഭൂമി പോലും അവന്റെ വിയർപ്പു തുള്ളിയാൽ നനഞ്ഞു പോകുന്നു. അവന്റെ ആശകൾ കുഴിച്ചു മൂടുന്നിടത്തു നിന്നും തന്റെ ആശ്രിതരുടെ സ്വപ്നങ്ങൾ ചിറക് വിരിക്കും നേരം വിശ്രമിക്കുവാൻ അവൻ ഒരു പായ വിരിക്കുന്നു. അവസാനിക്കാത്ത ആഗ്രഹങ്ങളുടെ പട്ടിക ബന്ധുജനം ചുരുൾ നിവർത്തുമ്പോൾ ഉറക്കത്തിൻ പായ ചുരുട്ടി വെച്ച് അവൻ കഠിന പ്രയത്നത്തിനായി പുറപ്പെടുന്നു. 

ഉള്ളുലയ്ക്കുന്ന പ്രവാസത്തിന്റെ നൊമ്പരങ്ങൾക്കിടയിലും രാജീവിന്റെയും ദേവിയുടെയും പരസ്പരം പറയാത്ത, മനസ്സറിഞ്ഞ മൗനമായ പ്രണയത്തിന്റെ പച്ചത്തുരുത്തുകളും നോവലിന്റെ മനോഹാരിത വർധിപ്പിക്കുന്നു. ഇനി ഒന്നാവാൻ കഴിയില്ലയെന്ന തീർച്ചപ്പെടുത്തലുകൾക്കുമപ്പുറം അനശ്വരമായ ഒരു പ്രണത്തിന്റെ ശുഭപര്യവസായി നോവൽ അവസാനിക്കുമ്പോൾ രാജീവിനും ദേവിക്കും, ഹരിക്കും ആന്റോച്ചായനുമൊപ്പം വായനക്കാരനും ആനന്ദാശ്രുക്കൾ പൊഴിക്കുന്നുണ്ടാവും.

കുടുംബത്തിനു വേണ്ടി എല്ലാം കൊടുത്ത് സ്വന്തം ജീവിതം പോലും മറന്ന് അവസാനം ഒരു രോഗിയായി മാറുമ്പോൾ തനിക്ക് വേണ്ടി എന്തെങ്കിലുമൊക്കെ കരുതാമായിരുന്നു എന്ന് നഷ്ടബോധത്തോടെ ഓർക്കുന്നവരാണ് പ്രവാസികളിൽ ഭൂരിഭാഗവും. എന്നാൽ ജീവിതത്തിന്റെ നാൾവഴികളിൽ പഠിക്കുന്ന പാഠങ്ങളിൽ നിന്ന് ആർജ്ജവം ഉൾക്കൊണ്ട് എപ്പോഴെങ്കിലും ഒരു ഉറച്ച തീരുമാനമെടുത്ത് സ്വന്തമായി എന്തെങ്കിലും കരുതാൻ ഒരു പ്രവാസി മനസ്സ് വച്ചാൽ നടക്കുമെന്ന് രാജീവിന്റെ ജീവിതത്തിന്റെ നേർക്കാഴ്ചകളിലൂടെ വായനക്കാരെ മനസിലാക്കിത്തരാൻ എഴുത്തുകാരി ശ്രമിച്ചിട്ടുണ്ട്.

എന്റെ അഭിപ്രായത്തിൽ എല്ലാ പ്രവാസികളും അവരുടെ കുടുംബങ്ങളും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.  ഇത് കേവലം ഒരു നോവൽ അല്ല മറിച്ച് പ്രവാസികളായ അനേകം ആളുകളുടെ പ്രതിസന്ധികളും അവർ അഭിമുഖീക വരുന്ന ജീവിതത്തിലെ വ്യത്യസ്ത സന്ദർഭങ്ങളും വിളിച്ചോതുന്ന ജീവിതസ്പർശിയായ പുസ്തകമാണ്. ജീവിതത്തിന്റെ ഒരു വലിയ പാഠം നമ്മെ ഓർമ്മപ്പെടുത്തുന്ന ലളിതവും മനോഹരവുമായ മരുഭൂമിയിലെ മരുപ്പച്ച എന്ന നോവൽ ഏവരുടെയും പ്രിയപുസ്തകമായി മാറട്ടെ പ്രത്യേകിച്ചു വായനയിലേക്ക് പ്രവേശിക്കുന്നവർക്കുമെല്ലാം വളരെ എളുപ്പത്തിൽ ആസ്വദിച്ചു വായിക്കാൻ സാധിക്കുന്ന നല്ലൊരു പുസ്തകം. വായിക്കുക. നല്ലൊരു പുസ്തകം സമ്മാനിച്ച സോണി അഭിലാഷിന് ആശംസകൾ...

Content Summary: Malayalam Book ' Marubhoomiyile Maruppacha ' written by Sony Abhilash

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS