ADVERTISEMENT

പൊരുളെഴാത്തതാമൊരു നൂറായിരം 

പണികൾ തൻ കീഴിൽ ഞെരിഞ്ഞുപോകയാൽ

മരിച്ചെന്നോർത്തൊരെൻ കവിത പൊന്നിതൾ 

പതുക്കെ നീർത്തുന്നു. തെളിവു വാസന്തം ! 

മരിച്ചാലും പുനർജനിക്കുമെന്നതല്ല, മരണമില്ലാത്തതെന്ന നിർവചനമായിരിക്കും കവിതയ്ക്കു ചേരുക. ഏതു പ്രതികൂല കാലാവസ്ഥയിലും വറ്റുന്നില്ല ഉറവ്. എത്ര ഭയങ്കര ജീവിതാനുഭവങ്ങൾക്കും തളർത്താനും കഴിയില്ല. തല താഴ്ത്തി നിന്നാലും പെട്ടെന്നു തന്നെ തലയുയർത്തിപ്പിടിക്കും കവിത. ഇരുട്ടിനെ വകഞ്ഞുമാറ്റുന്ന പ്രകാശം പോലെ. പ്രകാശത്തെ ചേർത്തുപിടിച്ച് അപ്രസക്തമാക്കുന്ന ഇരുട്ട് പോലെ. 

മരുഭൂമിയിലും കവിതയുടെ വസന്തം ഇതൾ വിരിക്കുന്നതിന്റെ ആവേശവും ആഹ്ലാദവുമാണ് പ്രമീളാ ദേവിയുടെ കവിതകൾ. ആധുനിക, ഉത്തരാധുനിക ഭാവുകത്വത്തിന്റെ പരിസരത്തേക്കുപോലും പോകാതെ, കാൽപനികതയുടെ മഴവിൽ വഴിയിലൂടെയാണ് കവി സഞ്ചരിക്കുന്നത്. കൂട്ട് പ്രകൃതിയും. തനിക്കു ചുറ്റും വിരിയുന്ന ചൈതന്യത്തിൽ തന്റെ തന്നെ വികാരങ്ങൾക്ക് അർഥം കണ്ടെത്തി, ഇളംകാറ്റ് പോലെയും തെന്നൽ പോലെയും കവിതയുടെ മയിൽപ്പീലികൾ വിടർത്തുന്നു. 

പെട്ടെന്നൊരു ദിവസം ഉണരാൻ മറന്ന് ഉറങ്ങിപ്പോയ അച്ഛനെക്കുറിച്ചുള്ള കവിതയിലും ദുഃഖം പ്രകൃതിഭാവങ്ങളോട് ചേർന്നാണു പൂർണത കണ്ടെത്തുന്നത്. 

ഇതുപോലൊരു രാവിൽ ഉറങ്ങാൻ കിടന്നതാ- 

ണിതുപോൽ മഴച്ചാറ്റൽ താരാട്ടു പുതച്ചുംകൊ- 

ണ്ടിതുപോൽ നിലാവിതൾ പൊഴിയും കിടക്കമേ- 

ലിതുപോൽ പുലരിയിൽ പിന്നെയുമുണരാനായ് എന്നു തുടങ്ങുന്ന കവിതയുടെ അവസാന വരികളിലും പ്രകൃതി നിറസാന്നിധ്യമാകുന്നു. 

എങ്കിലുമൊരു വിളിപ്പാടകലത്തായ് നിറ- 

തിങ്കളായ് അച്ഛൻ ചിരിതൂവുകയല്ലീ ഇന്നും 

എങ്കിലുമിതുപോലെ നമ്മളും മണ്ണിൽ മുള - 

ച്ചബംരത്തോളം ചെന്നു വിലയിക്കേണ്ടോരല്ലീ. 

ദൈനംദിന ജീവിതത്തിലെ വികാര വിചാരങ്ങൾക്കൊപ്പം അടിസ്ഥാന ജീവിത വിഷാദങ്ങൾക്കും ഉത്തരം കാണാൻ പ്രകൃതിയിലേക്കു തന്നെയാണു കവി നോക്കുന്നത്. ചോദ്യങ്ങളും ഉത്തരങ്ങളും പോലും ഉരുവം കൊള്ളുന്നതും ഉറക്കെപ്പറയുന്നതും നിറഞ്ഞുനിൽക്കുന്ന പ്രപഞ്ചത്തെ സാക്ഷി നിർത്തിയാണ്. ഏതോ കടപ്പുറത്ത് രാവിന്റെ തന്ത്രിയിൽ കാറ്റ് നാദമുണർത്തുന്നു. ജലരാഗം ശോകാർദ്രമായ സംഗീതമാകുന്നു. ഉറങ്ങാത്ത കണ്ണുമായ് വിളക്കുമരം നിൽക്കുന്നു. ദൂരെ തിരമാലകൾക്കു മേലെ കപ്പലുകൾ എന്തോ തിരഞ്ഞലയുന്നു. മനുഷ്യരും ഇങ്ങനെതന്നെയല്ലേ എന്നാണ് ആത്മഗതം.

ചക്രവാളങ്ങളിലുറ്റുനോക്കി തൊട്ടു- 

തൊട്ടിരിക്കെ, കടൽ കാതോർന്നു നിൽക്കവെ, 

എല്ലാം വിഴുങ്ങുന്ന കാലമായ് നമ്മിലെ 

വൻകടലാർത്തലയ്ക്കുന്നു നിരന്തരം. 

ആർത്തലയ്ക്കുന്ന വൻകടൽ പ്രണയമാണ്. സാഹോദര്യമാണ്. സമഭാവമാണ്. ദുഃഖവും വിഷാദവും നിതാന്ത സങ്കടവുമാണ്. 

വ്യക്തി എന്ന നിലയിൽ ജീവിതത്തോടുള്ള പ്രതികരണവും കവിത തന്നെയാണ്. നിസ്സാര സംഭവങ്ങൾ മുതൽ ഉള്ളുപൊള്ളിക്കുന്ന വേദനകളും ആഹ്ലാദത്തിന്റെ ആകാശത്തേക്ക് എടുത്തുയർത്തുന്ന ഹർഷോൻമാദവും ജീവിതമേൽപിക്കുന്ന ആഘാതങ്ങളിലുള്ള തളർച്ചയുമെല്ലാം കവിതയിലൂടെ മാത്രമാണു പ്രകാശനം കാണുന്നു എന്നതാണ് പ്രമീളാ ദേവിയെ മറ്റു കവികളിൽ നിന്നു മാറ്റിനിർത്തുന്ന സവിശേഷത. 

സാമൂഹിക ജീവിതത്തിന്റെ അസമത്വങ്ങളും അനീതികളും കണ്ടുനിൽക്കാനാവാതെ പ്രതികരിക്കേണ്ടിവരുന്നുണ്ട്. ചിലപ്പോൾ നിസ്സഹായയാകുന്നു. മറ്റു ചിലപ്പോൾ പ്രതിഷേധ തീപ്പൊരി ചിതറുന്നു. ധാർമിക രോഷം വാക്കുകളെ മൂർച്ചയുള്ളതാക്കുന്നു. കവിതകൾ സ്വാഭാവികമായും ഈ ചൂട് ഏറ്റുവാങ്ങുന്നു. അവ മനസ്സിൽ കൊള്ളുന്ന തീവ്രതയിൽ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. ജീവിതത്തിന്റെ സമഗ്രതയുണ്ട് ഈ വലിയ സമാഹാരത്തിലെ കവിതകൾക്ക്. 

മുന്നിൽ നീളുന്ന വഴിയും വഴിവെളിച്ചവും സഹവഴിപ്പോക്കരുമായുള്ള വിനിമയവുമെല്ലാം എനിക്കു കവിതയാണ്. കവിതയുടെ നൂൽപ്പാലത്തിലൂടെയാണ് ഇരുളും വെളിച്ചവും മരുവും മലർവനിയുമെല്ലാം ചേർന്ന ഈ വിസ്തൃതിയിലെ സഞ്ചാരം ഞാൻ നിർവഹിക്കുന്നത്. നൂൽപ്പാലമാണെങ്കിലും ഇതു തൊട്ടാൽ പൊട്ടുന്നത്ര ദുർബലമല്ല. പരിമൃദുലമാണെങ്കിലും പാറക്കെട്ടിനേക്കാൾ കരുത്തുണ്ടിതിന്. കണ്ണും മനസ്സുമർപ്പിച്ചു നടന്നാൽ ഈ നൂൽപ്പാലത്തിലെ യാത്ര സുരക്ഷിതമാണ്. 

 

Content Summary: Malayalam Book ' Prameeladeviyude Kavithakal ' written by Prameela Devi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com