ADVERTISEMENT

"നർത്തകനെ  നൃത്തത്തിൽ നിന്ന് വേറിട്ട് തിരിച്ചറിയുന്നത് എങ്ങനെ?" വിശ്വവിഖ്യാതനായ ഐറിഷ് കവി ഡബ്ള്യു. ബി. ഏയ്റ്റസിന്റെ (W. B Yeats) എമങ്  സ്കൂൾ ചിൽഡ്രൻ (Among School Children) എന്ന കവിത അവസാനിക്കുന്നത് ഈ ചോദ്യത്തിലാണ്. ഒരു മാന്ത്രികവിദ്യ എന്നപോലെ നർത്തകനും നൃത്തവും പലപ്പോഴും വേർതിരിക്കപ്പെടാത്തവണ്ണം  ഇഴുകി ചേർന്നിരിക്കുന്നു. കഥകളി അരങ്ങിലെ കലാമണ്ഡലം കൃഷ്ണൻ നായർ ആശാൻ ഏയ്റ്റസിന്റെ കവിതയിലെ  കലാകാരനെ സാക്ഷാത്കരിക്കുന്ന ഒരു അതുല്യ നാട്യപ്രതിഭാശാലിയാണ്.  1914 – 1990 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഏറ്റവും പ്രശസ്തരിൽ അഗ്രഗണ്യനായ ഒരു കഥകളി നടനായി അദ്ദേഹം അരങ്ങിൽ ശോഭിച്ചു.

ഡോ. മോഹൻ ഗോപിനാഥിന്റെ കലാമണ്ഡലം കൃഷ്ണൻ നായർ, ദ് മൊസാർട്ട് ഓഫ് കഥകളി (Kalamandalam Krishnan Nair, the Mozart of Kathakali) എന്ന പുസ്തകം വെറും ഒരു ജീവചരിത്ര വിവരണമല്ല. കഥകളിയെ അതിന്റെ വിവിധ കാഴ്ചപ്പാടുകളിൽ നിന്നു കൊണ്ട് സൂക്ഷ്മമായി പരിശോധിക്കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. ഒരു തികഞ്ഞ കലാകാരനെ വാർത്തെടുക്കുന്ന പ്രക്രിയയിലെ  വെല്ലുവിളികൾ എന്തെല്ലാമെന്ന് വായനക്കാരന്റെ മുന്നിൽ എഴുത്തുകാരൻ അനാവരണംചെയ്യുന്നു. കഥകളിയെന്ന കലയിൽ ആശാൻ വരുത്തിയ മാറ്റങ്ങളും വ്യാഖ്യാനങ്ങളും ഇന്നും പ്രസക്തമാണ്. കലയുടെ അന്തസ്സ് നിലനിർത്തിക്കൊണ്ടു മാന്യമായി ജീവിക്കാനുള്ള ഒരു പ്രതിഫലം നടന്മാർക്ക് ലഭിക്കണമെന്ന അദ്ദേഹത്തിന്റെ വാദം ഈ പുസ്തകത്തിൽ എഴുത്തുകാരൻ പ്രാധാന്യത്തോടെ ചൂണ്ടിക്കാണിക്കുന്നു.

നളൻ, ഭീമൻ, അർജ്ജുനൻ, പ്രതിനായകസ്വഭാവമുള്ള കഥാപാത്രങ്ങളായ കീചകൻ, രുഗ്മാംഗദൻ-- കഥാപാത്രങ്ങൾ ആരുമാകട്ടെ, അവരെ അനായാസേന കൃഷ്ണൻ നായർ ആശാൻ വികാരഭരിതമായി അരങ്ങിൽ അവതരിപ്പിച്ചു. നളചരിതത്തിലെ നളന്റെ പച്ചവേഷവും കീചകവധത്തിലെ കീചകന്റെ കത്തിവേഷവും പ്രത്യേകിച്ച് എടുത്തുപറയേണ്ട രണ്ടു കഥാപാത്രങ്ങളാണ്. സങ്കീർണമായ ഒരു പാത്രസൃഷ്ടിയാണ് നളന്റേത്. സാഹചര്യങ്ങളുടെ ഇരയായിത്തീർന്ന നളന്റെ കുറ്റബോധത്തെ അത്യന്തം ഹൃദയസ്പർശിയായി അവതരിപ്പിക്കാൻ കൃഷ്ണൻ നായർ ആശാന് കഴിഞ്ഞു. കീചകന്റെ വില്ലൻ വേഷത്തിലെ അന്തർലീനമായ ദുഷ്പ്രചോദനങ്ങൾ കാഴ്ചക്കാർക്ക് പകർന്നു കൊടുക്കുന്നതിൽ ആശാൻ വിജയിച്ചു. പുസ്തകത്തിലെ മേൽപ്പറഞ്ഞ ഭാഗങ്ങളിലെ വിശദമായ അപഗ്രഥനം അവിസ്മരണീയമാണ്.

കഥകളിയോട് ബന്ധപ്പെട്ട എല്ലാവർക്കും- വിദ്യാഭ്യാസ പ്രവർത്തകർ, നാടകകലാപ്രവർത്തകർ, പ്രകടനാത്മക നാട്യകലാവിദ്യാർത്ഥികൾ, കഥകളിപ്രേമികൾ, നാടകപരിശീലകർ എന്നിവർക്കെല്ലാം ഇത് ഒരു പാഠ്യപുസ്തകമായി കരുതാം. ഒരു ആഗോളാസ്വാദകന് ഈ പുസ്തകം പൗരസ്ത്യ കലകൾ മനസ്സിലാക്കാൻ ഒരു വഴിവിളക്കായിരിക്കും. മൊസാർട്ടിനെയും കലാമണ്ഡലം കൃഷ്ണൻനായരെയും പുസ്തകത്തിന്റെ തലക്കെട്ടിൽ ഒരുമിപ്പിക്കുമ്പോൾ കിഴക്കും പടിഞ്ഞാറും സംസ്കാരങ്ങളുടെ അപൂർവ്വമായ ഒരു സംഗമം ദർശനീയമാണ്. ഇരുവരും രണ്ടു ദിക്കുകളിൽ കലയെ ജനകീയമാക്കിയ അസുലഭവ്യക്തിത്വങ്ങളാണ്. അവർ കാലത്തെ അതിജീവിക്കും, തീർച്ച.

കേംബ്രിഡ്ജ് സ്കോളേഴ്സ് പബ്ലിഷിംഗ്, യു. കെ (Cambridge Scholars Publishing, UK) പ്രസിദ്ധീകരിച്ച ഡോ. മോഹൻ ഗോപിനാഥിന്റെ ഇംഗ്ലീഷിലുള്ള ഈ പുസ്‌തകം മറ്റു കഥകളി പുസ്തകങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു. ഇതിൽ കൃഷ്ണൻ നായർ ആശാൻ എന്ന കഥകളി നടനെക്കുറിച്ചു മാത്രമാണ് പ്രതിപാദിക്കുന്നത്. എന്നാൽ  പാശ്ചാത്യ നാടകങ്ങളുമായി ഒരു തരതമ്യപഠനം ഇതിൽ ദർശിക്കാം. ഒരു അസാധാരണസമന്വയത്തിൽ രചയിതാവ് ഷേക്‌സ്പിയർനാടകങ്ങളിലെ ഇതിഹാസമായിത്തീർന്ന സർ ലോറെൻസ് ഒലിവിയർ എന്ന നടനെ അത്യന്തം അഭിനന്ദനാർഹമായി അവതരിപ്പിക്കുന്നു. ഇരുവരരുടെയും അഭിനയ സവിശേഷതകൾ, കഥകളിയുടെയും ഷേക്‌സ്‌പിയർനാടകങ്ങളുടെയും ഇതിവൃത്തങ്ങൾ, കഥാപാത്രസൃഷ്ടികൾ എന്നിവയുടെ ഒരു സമാന്തരപഠനം ഈ പുസ്തകത്തിനു  മിഴിവേകുന്നു. ലണ്ടനിൽ സർ ലോറെൻസ് ഒലീവിയർ ഷൈലോക്കിന്റെ ഭാഗം അഭിനയിച്ചത് നേരിൽ കാണുവാനുള്ള ഭാഗ്യം എഴുത്തുകാരന് ലഭിക്കുകയുണ്ടായി. എണ്ണ വിളക്കിന്റെ പശ്ചാത്തലവെളിച്ചത്തിൽ കഥകളിയുടെ അരങ്ങിൽ കൃഷ്ണൻ നായർ ആശാന്റെ അഭിനയ പാടവം കാണുവാനുള്ള  അനുഗ്രഹം സിദ്ധിച്ചത് അതേ വികാരത്തിൽ ഗ്രന്ഥകർത്താവ് രേഖപ്പെടുത്തിയിരിക്കുന്നു. 

ഭൂമിശാസ്ത്രപരമായും ഭാഷാപരമായും തികച്ചും വ്യത്യസ്തങ്ങളായ രാജ്യങ്ങളിലെ കലാരൂപങ്ങൾ തമ്മിൽ രസകരങ്ങളായ സാമ്യങ്ങളുണ്ടെന്ന് ഈ പുസ്തകം തെളിയിക്കുന്നു. ഒരു കലാസ്വാദകന് അപൂർവ്വസന്തോഷം നൽകുന്ന ഒന്നാണ് ഇത്. ദ് മർച്ചന്റ് ഓഫ് വെനീസും ബാലി വിജയവും, ഒഥെല്ലോയും ദുര്യോധനവധവും ഈ സമാനതകൾ വിളിച്ചോതുന്ന താരതമ്യ ജോഡികളിൽ ചിലതാണ്. ജാപ്പനീസ് നാടകശൈലിയായ കബുക്കിയും ഈ പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

ഡോ. മോഹൻ ഗോപിനാഥിന്റെ കഥകളിയുമായുള്ള ചിരകാലപരിചയം പുസ്തകത്തിനു മാറ്റുകൂട്ടുന്നു. ചെർപ്പുളശ്ശേരിയിലെ ചെറുപ്പകാലം മുതൽ ആരംഭിച്ചതാണ് കഥകളിയിലുള്ള അദ്ദേഹത്തിന്റെ അഭിനിവേശം. അച്ഛനോടൊപ്പം അരങ്ങിൽ കഥകളി കാണുകയും പിന്നീട്അ ണിയറയിൽ പോയി നടന്മാരോട് സംസാരിക്കുകയും ചെയ്തിരുന്നു. പിൽക്കാലത്തു അദ്ദേഹം കഥകളി സംഗീതം അഭ്യസിക്കുകയും വിവിധ അരങ്ങുകളിൽ ആലപിക്കുകയും ചെയ്തിട്ടുണ്ട്. ഷേക്‌സ്‌പിയർനാടകങ്ങളിലുള്ള താല്പര്യം വേരുറച്ചതു ഡെൽഹി സെയിന്റ് സ്റ്റീഫൻസ് കോളേജിലെ പ്രഗത്ഭരായ അദ്ധ്യാപകരുടെ കീഴിലുള്ള പഠനകാലത്താണ്. അദ്ദേഹത്തിന്റെ ഭാര്യ ചിന്നം അദ്ദേഹത്തോടൊപ്പം കഥകളിയരങ്ങുകളിൽ സജീവസാന്നിധ്യം ആയിരുന്നു. 

ഈ പുസ്തകത്തിന്റെ മുഖവുര എഴുതിയിരിക്കുന്നത് കലാമണ്ഡലം കൃഷ്ണൻ നായരുടെ മകളും പ്രശസ്ത മോഹിനിയാട്ടം ഗുരുവും നർത്തകിയുമായ ശ്രീദേവിരാജനും ആമുഖം എഴുതിയിരിക്കുന്നത് പ്രശസ്ത മോഹിനിയാട്ടം നർത്തകിയും കലാമണ്ഡലം കൃഷ്ണൻനായരുടെ  കൊച്ചുമകളുമായ സ്മിതരാജനും ആണെന്നത് പ്രത്യേക ഭാഗ്യമായി ഗ്രന്ഥകർത്താവ് കരുതുന്നു. ഈ പുസ്തകം കഥകളിയെ ആസ്പദമാക്കിയുള്ള ഒരു കാവ്യത്രയത്തിന്റെ രണ്ടാം ഭാഗമാണെന്ന് സൂചിപ്പിച്ചു കൊള്ളട്ടെ. ഇതിന്റെ ഒന്നാം ഭാഗം ‘വിന്യേറ്റ്സ് റിലേറ്റിങ് ടു കഥകളി ആൻഡ് ഷേക്‌സ്‌പിയർ: ദ് തിരശ്ശീല വെർസെസ് ദ് കർട്ടൻ’ (Vignettes Relating to Kathakali and Shakespeare: The thirasheela versus the Curtain)  എന്ന പുസ്തകം  ജനുവരി 2022 ൽ ഇതേ പ്രസാധകർ പ്രസിദ്ധികരിച്ചിരുന്നു.

കലാമണ്ഡലം കൃഷ്ണൻ നായർ, ദ് മൊസാർട്ട് ഓഫ് കഥകളി (Kalamandalam Krishnan Nair, the Mozart of Kathakali) എന്ന ഈ പുസ്തകം പ്രതിഭാശാലിയായ ഒരു കലാകാരന്  അർപ്പിക്കുന്ന ഒരു എളിയ ആദരാഞ്ജലിയാണ്. അദേഹത്തിന്റെ സ്മരണ നിലനിർത്താൻ ഈ പുസ്‌തകം ഇടയാക്കുമെന്ന് നമുക്കു  പ്രത്യാശിക്കാം.

 

Content Summary: Review of the Book ' Kalamandalam Krishnan Nair, the Mozart of Kathakali ' written by Dr. Mohan Gopinath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com